"മഴ മോഹങ്ങള്‍..."

Wednesday, October 19, 2011

പ്രണയാതുരം ..

എനിക്ക് കേള്‍ക്കാം


നീ ചിരിക്കുകയാണ്

നിന്റെ നീണ്ട ദംഷ്ട്രകള്‍

ചിരിയുടെ ഉയര്‍ച്ച താഴ്ചകള്‍ക്ക-

നുസരിച്ചു കൂട്ടിയുരയുന്ന ശബ്ദം

എന്റെ അവസാന തുള്ളി-

രുധിരം രുചിക്കാന്‍ വെമ്പുന്ന-

നിന്റെ ചുണ്ടുകള്‍ ..

നിനക്ക് എന്നില്‍ ഇത്രയും പ്രണയമാണോ ?

നിന്നെ പുല്‍കാന്‍ ഞാന്‍ കണ്ണുമടച്ചു-

കാത്തുനിന്നപ്പോഴെല്ലാം-

നീ എന്നെ തിരിഞ്ഞു നോക്കാതെ പോയി..

ഇപ്പോള്‍ ഞാന്‍ എന്റെ കിളിവീടിനു-

ചായമടിക്കാന്‍ സ്നേഹപ്പച്ച-

ചാലിച്ച് കൊണ്ടിരിക്കുമ്പോള്‍-

നീ എന്നെ മാടി വിളിക്കുന്നു..

നിന്റെ ചിരിയാല്‍ ഭ്രമിപ്പിച്ചു കൊണ്ട്..

നിന്നിലെക്കെത്തുവാന്‍ ദൂരം-

കുറഞ്ഞു കുറഞ്ഞു വരുന്നു..

പക്ഷെ ഞാന്‍ ഒരു നിമിഷം എങ്കിലും-

നിന്റെ കൈക്കുള്ളില്‍ നിന്നും-

ഓടിയൊളിക്കാന്‍ വെമ്പുന്നു...

കാരണം നീ തിരിച്ചു വരവിനു-

അവസരം നിഷേധിക്കുന്ന-

മരണം ആണെന്ന് ആരൊക്കെയോ -

എന്നെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു..

ഞാന്‍ കരയാനും,സ്വപ്നം കാണാനും,

നൊമ്പരപ്പെടാനും പഠിച്ചിരിക്കുന്നു..

നിന്നോടുള്ള എന്റെ പ്രണയം -

ഭീതിയുടെ ഞൊറിവുകളില്‍ -

അഭയം തേടിയപ്പോള്‍-

നീ വന്നു... എന്റെ മുന്നില്‍ വന്നു-

എന്റെ കരം ഗ്രഹിക്കാന്‍ -

നിന്റെ മഞ്ഞു പോലെ തണുത്ത-

കൈകള്‍ നീട്ടിക്കൊണ്ട്..

എനിക്കിപ്പോള്‍ നിന്നോട്-

പ്രണയം തോന്നുന്നില്ല

പിന്നെയും നീ എന്തിനു -

എന്റെ നീല ഞെരമ്പുകള്‍-

തുടിക്കുന്നത് നോക്കി ചാരെ നില്‍ക്കുന്നു..

നിന്റെ നാവുകള്‍ നൊട്ടി നുണയുന്നത്-

കേട്ടെന്റെ കാതുകള്‍ നടുങ്ങുന്നു

നിന്നോട് പുറം തിരിഞ്ഞു നില്‍ക്കാന്‍-

ഞാന്‍ കൊതിച്ചു പോകുമ്പോഴേക്കും-

നിന്റെ നിശ്വാസം എന്നെ വന്നു-

പൊതിയുകയാണല്ലോ...

നീ പ്രണയാതുരനാകുന്നു..

നിറയുന്ന എന്റെ കണ്ണുകള്‍ കാണാതെ...

13 comments:

  1. നിന്നോട് പുറം തിരിഞ്ഞു നില്‍ക്കാന്‍-
    ഞാന്‍ കൊതിച്ചു പോകുമ്പോഴേക്കും-
    നിന്റെ നിശ്വാസം എന്നെ വന്നു-
    പൊതിയുകയാണല്ലോ...

    :):):)

    ReplyDelete
    Replies
    1. നന്ദി കുമാരൻ ജി

      Delete
  2. കവിത ഇഷ്ടപ്പെടുന്ന കുട്ടിക്കു കഥകളും ഇഷ്ടപ്പെടുമോ? എന്നാല്‍ ഈ ബ്ലോഗ്‌ സന്ദര്‍ശിക്കു!

    ReplyDelete
    Replies
    1. സന്തോഷം.. തീർച്ചയായും

      Delete
  3. നീ പ്രണയാതുരനാകുന്നു, നിറയുന്ന എന്റെ കണ്ണുകള്‍ കാണാതെ.......!
    ഈ പ്രനയമാഴയില അളിയന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു........
    -സ്നേഹപൂര്‍വ്വം അവന്തിക

    ReplyDelete
    Replies
    1. മരണത്തിനോട്‌ ഒരുപാട് പ്രണയം തോന്നിയ നാളുകളിൽ കുറിച്ചിട്ടതാണ് ഈ വരികൾ... നന്ദി അവന്തിക ഭാസ്ക്കര്‍.... ഇപ്പോൾ മരണത്തിനോട്‌ എനിക്ക് പ്രണയം ഇല്ല ട്ടോ... അതുകൊണ്ട് ആ മഴയിൽ അലിയാനും നിക്കുന്നില്ല

      Delete
  4. കാലം കാത്ത് വച്ച പ്രണയം ..
    അന്നു എവിടെയൊ നഷ്ടമായതും
    പിന്നീടെവിടെയൊക്കെയോ തിരഞ്ഞതും .
    ഉള്ളിള്‍ തന്നെയെന്ന് പിന്നീടറിഞ്ഞതും ..
    ഒരിക്കല്‍ കാത്ത് വയ്ക്കുകയും
    പിന്നീട് സ്വയമിറങ്ങി പൊകുകയും
    മുറുവുകളൂടെ മുകളില്‍ മഴപെയ്ത്ത്
    നല്‍കിയ നീറ്റലിനൊടുവില്‍ കുളിര്‍മയിലേക്ക്
    ചേക്കേറും നിമിഷങ്ങളില്‍ .. വീണ്ടും
    വന്നെന്റേ നെറുകില്‍ തലോടുന്ന നീയോ .. പ്രണയം ..
    മരവിച്ച മനസ്സുകളില്‍ ഇനിയൊരു
    പുതുമഴക്ക് പൊലും സാധ്യത ഉണ്ടോ ?
    പകര്‍ന്ന് പൊയ പ്രണയ മഴയുടെ
    ബാക്കി ശേഷിപ്പുകള്‍ ഹൃത്തില്‍ തീര്‍ക്കുന്ന
    മൗന സഞ്ചാരങ്ങളീ വരികള്‍ ..

    ReplyDelete
    Replies
    1. കാരണം നീ തിരിച്ചു വരവിനു-
      അവസരം നിഷേധിക്കുന്ന-
      മരണം ആണെന്ന് ആരൊക്കെയോ -
      എന്നെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു....

      ഈ വരികളിലൂടെ ഞാൻ പ്രണയിക്കുന്നത്‌ മരണത്തെയാണ്‌ എന്ന് ഞാൻ സൂചിപ്പിച്ചാരുന്നു... പക്ഷെ ഇപ്പൊ എല്ലാരുടെം അഭിപ്രായത്തിൽ ഇതൊരു നിരാശാ പ്രണയ കവിത ആയിപ്പോയോ എന്നൊരു സംശയം ഇല്ലാതില്ല...
      റിനി ശബരി നന്ദി

      Delete
  5. ഒരു മനസിന്ടെ വിങ്ങലാനിതെങ്ങിലും..ആ വരികള്‍ ഹൃദയ സ്പര്‍ശികളാണ് ...........

    ReplyDelete
  6. മരണമെന്ന കാമുകന്‍റെ വരവില്‍ നിറഞ്ഞ മിഴിയില്‍ കാണുന്നു കവിതയുടെ ഭാവം

    നന്നായിരിക്കുന്നു നിച്ചു

    ReplyDelete
    Replies
    1. നന്ദി ദീപൂസേ എന്റെ വരികൾ ഞാൻ എഴുതിയ പോലെത്തന്നെ അറിഞ്ഞതിന്

      Delete