"മഴ മോഹങ്ങള്‍..."

Tuesday, November 23, 2010

പൊയ്മുഖം. .

പകല്‍ കഴിയുവോളം അവള്‍-
ഉലയിലൂതി പഴുപ്പിച്ചു കൊണ്ടിരുന്നു.
അവനരികെ വരുമ്പോള്‍ മുഖം തിരിക്കാന്‍-
അവന്റെത്‌ മാത്രമാകണമെന്നു-
അവളാഗ്രഹിച്ച മനസ്സ്.

അസ്തമന സൂര്യന്റെ ചിറകുകള്‍ക്ക് താഴെ
ഇരുട്ടിന്റെ മറവില്‍ സ്നേഹം പുരട്ടിയ-
ചിരിയുടെ കോണില്‍ ഒളിപ്പിച്ചു വെച്ച-
ദാഹത്തിന്റെ ദംഷ്ട്രകളുമായി
അവന്‍ അന്നും വന്നു.

അഴിഞ്ഞുലഞ്ഞ മുടിയില്‍-
അവന്‍ ചൂടിച്ച മുല്ലപ്പൂക്കള്‍ക്ക്-
കരിഞ്ഞ ശവങ്ങളുടെ മടുപ്പിക്കുന്ന-
ഗന്ധമാണ് എന്നത് പലപ്പോഴായി-
അവള്‍ അറിഞ്ഞു കൊണ്ടേ ഇരുന്നു.
മറുത്തൊന്നും പറയാതെ-
അവന്റെ ശ്വാസതാളങ്ങളില്‍-
വാടിപ്പോയ മുഷിഞ്ഞ നിശാഗന്ധികളായി-
മയങ്ങിക്കിടന്നു അവളുടെ കണ്ണുകള്‍.

അവളുടെ കണ്ണുകളില്‍
പഴയപോലെ സൂര്യനുദിക്കുന്നില്ല എന്ന്-
അവന്‍ പഴിച്ചു കൊണ്ടിരുന്നു.
അവന്‍ കെടുത്തിയിട്ട സൂര്യ വെളിച്ചത്തിനെ-
ഓര്‍ത്തിട്ട്  ഒരിക്കലും അവള്‍-
ഉള്ളു പൊള്ളിച്ചില്ല.

വെറുപ്പിന്റെ അവസാന കണം-
ചുണ്ടില്‍ ഒളിപ്പിച്ചു വച്ചിട്ട്-
അവന്‍ അവളില്‍ ഇനിയും ഉദിക്കാത്ത സൂര്യന്റെ-
കനലുകള്‍ തിരഞ്ഞു കൊണ്ടിരുന്നു.
ഇളം ചൂടുള്ള മേനിക്കൊഴുപ്പിന്റെ ഉള്ളില്‍-
തുടിക്കുന്ന ഹൃദയമുണ്ടെന്നത്-
അവന്‍ സൌകര്യ പൂര്‍വ്വം മറന്നു.

കടല്‍ പലപ്പോഴായി കടമെടുത്ത-
തന്റെ കണ്ണുനീരിനെ അവള്‍ ശപിച്ചു.
ഒരിക്കലെങ്കിലും ഒന്ന് കരയാന്‍-
മടുപ്പിക്കുന്ന ശവം നാറിപ്പൂക്കളെക്കാള്‍
ഒരു മഞ്ഞു തുള്ളിയുടെ വിശുദ്ധി മതി-
തനിക്കെന്നു ഉറക്കെ പറയാന്‍-

പതിവ് പോലെ കൈക്കുള്ളില്‍ ഒതുക്കിയ -
മുല്ലപ്പൂക്കളുമായി  അവന്‍ പടികേറി വന്നപ്പോള്‍-
ഒറ്റവാതിലുള്ള വീടിന്റെ കഴുക്കോലില്‍-
വാടിയ മുല്ലമാല പോലെ അവള്‍ തൂങ്ങിക്കിടന്നു.

തിരിച്ചിറങ്ങുമ്പോള്‍ അവന്റെ കണ്ണുകളില്‍-
കനല്‍ തേടുന്ന ദുരയുണ്ടായിരുന്നു.
കരിവളകള്‍ ചിരിച്ചു കൊണ്ടേ ഇരിക്കുന്ന-
കൈക്കുള്ളിലേക്ക് മുല്ലപ്പൂക്കളെ വച്ച് കൊടുക്കുമ്പോള്‍-
അവന്റെ കണ്ണില്‍ കനലുകള്‍ കത്തി-
ഇരയെ കാണുന്ന ചിലന്തിയെപ്പോലെ
അവന്‍ നേര്‍ത്ത വലക്കണ്ണികള്‍ കൊണ്ടു-
കുട്ടിത്തം മാറാത്ത കണ്ണുകളില്‍-
പുതിയ സൂര്യോടയങ്ങള്‍ക്ക്
ഇടം തേടിക്കൊണ്ടേ  ഇരുന്നു..