"മഴ മോഹങ്ങള്‍..."

Sunday, May 15, 2011

ഭാഗ്യദേവത...


ചൂട്ടുകറ്റ പടിക്ക് പുറത്ത് കുത്തിക്കെടുത്തി വാസു മുറ്റത്തേക്ക് കാലെടുത്തു വച്ചു. കാലു മുറ്റത്ത് കുത്തി കുത്തിയില്ല എന്നായതും അയാള്‍ ഒന്ന് ആഞ്ഞു. മുന്നിലോട്ടു മുഖം കുനിഞ്ഞു പോയ വാസു വല്ല വിധേനയും ഞെളിഞ്ഞൊന്ന് നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിച്ചു.. ദേ കിടക്കുന്നു.. തലയും കുത്തി താഴെ.. "പ്ധിം.." ചക്ക വെട്ടിയിട്ട പോലെ ശബ്ദം കേട്ടിടാവും ശാന്ത ഓടി വന്നു നോക്കി. ഒരു കൈ നിലത്തൂന്നി മറുകൈകൊണ്ട്‌ ഉടുമുണ്ടും വാരിപ്പിടിച്ചു എണീക്കാന്‍ പാടുപെടുന്നു വാസു...

"ഹെന്റെ മനുഷ്യാ... വല്ല കാര്യോമുണ്ടോ... പകലന്തിയാവോളം പണിയെടുത്തു കിട്ടണ കാശു ഷാപ്പില്‍ കൊടുക്കാനേ ഇങ്ങേര്‍ക്ക് നേരമുള്ളൂ... ന്റെ ഭഗവതീ ന്റെ വിധി..." 

പലതും പറഞ്ഞു കൊണ്ട് അയാളെ എണീപ്പിച്ചു നേരെ കിണറ്റിന്‍ കരയിലെത്തിച്ചു രണ്ടു തൊട്ടി വെള്ളം തലയിലൂടെ ഒഴിച്ച് അയാളെ കുളിപ്പിച്ചെടുത്തു കോലായില്‍ കൊണ്ടിരുത്തി... 
            പഠിച്ചു കൊണ്ടിരുന്ന പുസ്തകം മാറ്റി വച്ച് സൂരജ് എന്ന മൂത്ത പുത്രന്‍ വാതില്‍ക്കല്‍ തല കാണിച്ചു.. കൂടെ ഇളയവള്‍ സൂര്യയും ആര്യയും..കൂട്ടത്തില്‍ കറുമ്പി ആണെങ്കിലും ഐശ്വര്യമുള്ള വട്ടമുഖവും ചിരിക്കുമ്പോള്‍ നുണക്കുഴികള്‍ തെളിഞ്ഞു കാണുന്ന കുഞ്ഞു കവിളുകളും, മുന്തിരിപ്പഴം പോലെ തിളങ്ങുന്ന കുഞ്ഞു കറുത്ത കണ്ണുകളും ഉള്ള സൂര്യക്കുട്ടി.

"അച്ഛന്റെ പൊന്നു ഇങ്ങു വാടാ.." 
കോലായില്‍ കാലുകള്‍ നീട്ടിയിരുന്നു വാസു വിളിച്ചു.വിളിക്ക് കാതോര്‍ത്തു നിന്നതെന്ന പോലെ സൂരജ് ഓടിച്ചെന്നു.അച്ഛന്റെ അടുത്ത് ചേര്‍ന്നിരിക്കുമ്പോഴും അവന്‍ വലതു കയ്യുടെ തള്ള വിരല്‍ നൊട്ടി നുണച്ചു  കൊണ്ടിരുന്നു. 

"അഞ്ചു വയസ്സ് കഴിഞ്ഞു എന്നിട്ടും ചെക്കന് ഇള്ളക്കുട്ടി ആണെന്ന വിചാരം... തൊള്ളേല്‍ന്നു  കയ്യെടുക്കെടാ.." 
ശാന്തയുടെ ശകാരം കൂടി ആയപ്പോള്‍ അവന്‍ ഒന്ന് കൂടെ അച്ഛനോട് ചേര്‍ന്നിരുന്നു.  

"ഇയ്യ് ന്റെ കുട്ട്യോളെ പഠിപ്പിക്കണ്ട ഡീ... അവന്‍ എന്റെ മോനാ..നീ നോക്കിക്കോ ഇനി എന്റെ മക്കള് ഒരു വെലസു വെലസും." പാതി കുഴഞ്ഞതെങ്കിലും വാക്കുകള്‍ ഉറച്ചു തന്നെ പറയുന്നുണ്ടാരുന്നു വാസു.  

"ഓ പിന്നെ വെലസും... ഒരു നേരം കഞ്ഞി കുടിക്കാന്‍ പെടണ പാട് കണ്ടാലറിയാം വെലസും ന്നു.." ശാന്ത കൊള്ളിച്ചു പറഞ്ഞു..  

"അച്ഛന്റെ മക്കളിങ്ങു വാടാ.." മക്കളെ രണ്ടു കൈ കൊണ്ടും അരികില്‍ ചേര്‍ത്ത് പിടിച്ചിരുത്തി അയാള്‍ പറഞ്ഞു തുടങ്ങി... 
"അച്ഛന്റെ മക്കള്‍ക്ക്‌ എന്തൊക്കെയാടാ  അച്ഛന്‍ വാങ്ങി തരണ്ടേ..? മക്കള് പറ.." ..

"അച്ഛാ അച്ഛാ തിങ്കലായ്ച്ച ഇസ്ക്കൊളിലേക്ക് ഫീസ് കൊടുക്കാതെ കയറ്റില്ലെന്ന് പറഞ്ഞു ടീച്ചറ്.. " സൂരജ് അവന്റെ പ്രഥമ ആവശ്യം പറഞ്ഞു.  
"ആഹാ ഏതു ടീച്ചറാ ഡാ  ന്റെ പൊന്നുനോട് അങ്ങനെ പറഞ്ഞെ..? "

"എഡ് ടീച്ചറാ അച്ഛാ കണ്ണട വെച്ച വാസന്തി ടീച്ചറ്.." സൂരജ് പറഞ്ഞൊപ്പിച്ചു.  

"നാളെ മക്കള്‍ക്ക്‌ ഫീസ്‌ ഈ അച്ഛന്‍ തരുമെടാ..."  

"ഉം...ഉം... തരും തരും...കള്ളിന്റെ പൊറത്തുള്ള  ഉറപ്പല്ലേ "
ശാന്ത  കൌണ്ടെര്‍  ഡയലോഗ്സ് മുറയ്ക്ക് പറയുന്നുണ്ട്...  

"അച്ഛാ ഈ അമ്മയെ നമ്മക്ക് വേണ്ട ഈ അമ്മക്ക് പുളിക്കൂട്ടാന്‍ മാത്രേ ഉണ്ടാക്കാന്‍ അറിയൂ.." 
ചോറ് കഴിക്കാതെ തട്ടി മാറ്റിക്കൊണ്ട് സൂര്യക്കുട്ടി ചിണുങ്ങി... 

"പെണ്ണെ കിണ്‌ങ്ങാതെ വല്ലോം വാരിത്തിന്നു കെടക്കാന്‍ നോക്കെടീ.." ശാന്തയുടെ വെരട്ടല്‍ ഏറ്റില്ല എന്ന് മാത്രല്ല.. മുളംതണ്ട് ചീന്തും പോലെ കുഞ്ഞ്‌ കാറിത്തുടങ്ങി.. കുഞ്ഞി കണ്ണുകളില്‍ നിന്നും  മഴപ്പെയ്ത്ത്  പോലെ വെള്ളം ചാടിത്തുടങ്ങി. വാസു അവളെ വാരിയെടുത്ത്‌ മടിയിലിരുത്തി.  

"മോള് നോക്കിക്കോ ഈ അമ്മയെ നമുക്ക് കളയണം... അച്ഛന് നിറയെ കാശു കിട്ടട്ടെ നമുക്ക് എന്നും പായസോം, പപ്പടോം ഒക്കെ ഉണ്ടാക്കാം ട്ടോ.." വിതുമ്പുന്നതിനിടയിലൂടെ  കുഞ്ഞുരുളകള്‍ നുണഞ്ഞു ഇറക്കി കൊണ്ട് സൂര്യക്കുട്ടി തലയാട്ടുന്നുണ്ടാരുന്നു...
           
 "അല്ല എന്താ വിചാരം..? മക്കള്‍ക്ക്‌ നല്ല ഒരു ഉടുപ്പ് പോലും ഇല്ല. കാവിലെ ഉത്സവത്തിന്‌ പോകണം...പോരാത്തേന്  വിഷു ആയില്ലേ എന്തെങ്കിലും വേണ്ടേ..? അപ്പുറത്തെയും   ഇപ്പുറത്തെയും വീട്ടിലെ കുട്ട്യോളൊക്കെ ഇപ്പോഴേ ആഘോഷം തുടങ്ങി... " 

ഒന്നും മിണ്ടാതെ കിടക്കുകയായിരുന്ന വാസു ഒന്ന് തിരിഞ്ഞു കിടന്നു.  

"നീ പേടിക്കണ്ട ഡീ ഇത്തവണ എനിക്ക് നല്ല ഉറപ്പാ.. എല്ലാം നമ്മള്‍ വിചാരിച്ച പോലെ നടക്കും... ഈ വീടിന്റെ മേല്‍ക്കൂര ഒന്ന് പൊളിച്ചു മേയണം... ഹെയ്  എന്തിനാ അങ്ങനെ ആക്കുന്നെ... നമുക്ക് അങ്ങ് വാര്‍ത്തു കളയാം.പിന്നെ വര്‍ഷാവര്‍ഷം മേയുക എന്ന തലവേദന ഇല്ലാലോ... "
അയാളുടെ മുഖത്തേക്ക് അത്ഭുതത്തോടെ   നോക്കി കിടക്കുകയായിരുന്ന ശാന്തയോട്  അയാള്‍ തുടര്‍ന്നു.. 
"നിന്റെ കഴുത്തിലെ ഈ കറുത്ത ചരട് ആദ്യം ഒന്ന് മാറ്റണം. നിനക്കും വേണ്ടെടീ അപ്പുറത്തെ സരസൂന്റെ പോലെ ഒരു താലിമാല നീ പണ്ട് പറഞ്ഞിരുന്നതല്ലേ...? "

"ഒന്ന് പോ മനുഷ്യാ... പാതിരായ്ക്ക് പിച്ചും പേയും പറയാ..? " ശാന്ത കെറുവിച്ചു തിരിഞ്ഞു കിടന്നു.. 

"കുഞ്ഞുട്ട്യെ.." സ്നേഹം കൂടുമ്പോള്‍ വാസു വിളിക്കാറുള്ള വിളി... ശാന്തയ്ക്ക് മനസ് കുളിര്‍ത്തു.  സന്തോഷിക്കാനുള്ള എന്തോ വക ഉണ്ട് അല്ലാതെ മൂപ്പരിങ്ങനെ വിളിക്കേം, പറയേം ഇല്ല. 

"എടി ശാന്തേ... നീ നോക്കിക്കോ ഈ വാസു കുടുംബത്തിനു വേണ്ടി ഒന്നും ചെയ്യണില്ലാന്നു  പരാതി അല്ലെ നിന്റെ ആങ്ങളക്ക്...? എടി എടി..എന്റെ മക്കളുടെ ഭാവി ഓര്‍ത്തിട്ടാടീ..  നിന്റേം നമ്മുടെ മക്കളുടെം നല്ലതിനാടീ ഞാന്‍....." 
പറഞ്ഞത് മുഴുവനാക്കാതെ അയാള്‍ ഉറങ്ങിപ്പോയി... ഒരു കുഞ്ഞിനെ പോലെ ചെരിഞ്ഞു കിടന്നുറങ്ങുന്ന അയാളെ പുതപ്പിച്ചിട്ടു ശാന്ത വിളക്കണച്ചു.. 

 കാലത്തെ എണീറ്റ്‌ പല്ല് തേച്ചു കൊണ്ടിരിക്കുന്ന വാസുവിന്റെ അടുത്ത് ചെന്ന് ശാന്ത ശബ്ദം താഴ്ത്തി പറഞ്ഞു. 
"അതേയ് .. മിനിയാന്ന് ബാബു വന്നപ്പോ തന്നതാ ഒരു 100 രൂപ ഉണ്ട് എന്റേല്‍. വെക്കാന്‍ ഒരു മണി അരി ഇല്ല. ഇന്നത്തേക്ക് എങ്ങനെ എങ്കിലും കഴിച്ചു കൂട്ടാം. നാളെ കുട്ട്യോള്‍ക്ക് സ്കൂളില്‍ പോകണ്ടേ..? കൊണ്ടോവാന്‍ ഒന്നും ഇല്ല.മോന് ഫീസും കൊടുക്കണം. അരി വാങ്ങിയിട്ട് ബാക്കി ഫീസ് കൊടുക്കാല്ലോ.." 

അളിയന്റെ സഹായം വാങ്ങിയതില്‍ അവളെ തറപ്പിച്ചൊന്നു നോക്കി എങ്കിലും കാശുവാങ്ങി പോക്കറ്റിലിട്ടു പണി ആയുധങ്ങളുമായി വാസു ഇറങ്ങി. 

"അച്ഛാ മുട്ടായി..." ആര്യ പടിക്കല്‍ വരെ ചിനുങ്ങിക്കൊണ്ട് അനുഗമിച്ചു. 

ചായക്കടയില്‍ പത്രം നോക്കി കൊണ്ടിരിക്കുന്ന ദേവസിയുടെ കയ്യില്‍ നിന്നും തട്ടിപ്പറിച്ചാണ് വാസു അന്നത്തെ ഭാഗ്യക്കുറിയുടെ കോളത്തിലൂടെ കണ്ണോടിച്ചത്. 

"എന്താടാ വാസു അടിച്ചോ..?" പേപ്പര്‍ തിരിച്ചു കൊടുക്കുമ്പോള്‍ ദേവസി കളിയായി ചോദിച്ചു.  

"എന്റെ മാവും പൂക്കും അച്ചായാ... " പറഞ്ഞു കൊണ്ട് വാസു ഇറങ്ങി നടന്നു.. 
                                            *                 *                 *
അരി വാങ്ങി നേരത്തെ വീടെത്തണം. വാസു കാലുകള്‍ വലിച്ചു വെച്ച് നടന്നു. കള്ളുഷാപ്പിന്റെ അരികിലൂടെ നടന്നപ്പോള്‍ അറിയാതെ കാലുകള്‍ക്ക് ഭാരം വെച്ച പോലെ... മുന്നോട്ടു നടന്നെങ്കിലും ഏതോ ഉള്‍വിളി കൊണ്ടെന്ന പോലെ വാസു നേരെ ഷാപ്പിനകത്തേക്ക്...  

"ആ വന്നല്ലോ ഭാഗ്യവാന്‍ " ബെഞ്ചിന്റെ അറ്റത്തു ചാരിയിരുന്നു മോന്തുന്ന കേളു വളിച്ച ചിരി ചിരിച്ചു വാസുവിനെ സ്വാഗതം ചെയ്തു. 

"അല്ലെങ്കിലും നമ്മക്കൊക്കെ എങ്ങനെ ഭാഗ്യം വരാനാ അളിയാ.. എല്ലാം മായയല്ലേ...? " രാവിലത്തെ ഭാഗ്യക്കുറിയുടെ ഫലം ഉണ്ടാക്കിയ നിരാശ വാസൂനെ കൊണ്ട് കൂടുതല്‍ കുടിപ്പിച്ചു.  പതിവിലും വിപരീതമായി കിട്ടിയ കൂലിക്ക് മുഴുവന്‍ കുടിച്ചു. ചാഞ്ചാടിക്കൊണ്ട് കേശവേട്ടന്റെ പല ചരക്കുകടയിലേക്ക്. 
                    
"എന്താ വാസ്വേട്ടാ ഇപ്രാവശ്യത്തെ വിഷു ബമ്പര്‍ വേണ്ടേ..? " ട്യൂബ് ലെയിറ്റു പോലെ ചിരിച്ചുകൊണ്ട് രാജു. 

"ഓ എന്തോന്ന് വിഷു ബമ്പര്‍.. കുറെ കാലായില്ലെടാ എനിക്ക് ഫാഗ്യം ഇല്ല.." മുന്നോട്ടാഞ്ഞു കടയുടെ മുന്നിലെ മേശയില്‍ പിടിച്ചു നിന്ന് വാസു പറഞ്ഞു. 

"ഇങ്ങളെ പോലെ ഉള്ളവരൊക്കെ ഇങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ വാസ്വേട്ടാ.. ഇങ്ങള്‍ക്ക്‌ നല്ലൊരു വീട് വെക്കണ്ടേ..? ഇങ്ങളെ കുട്ട്യോളെ വല്യ നെലേല്‍ പഠിപ്പിക്കണ്ടേ..? " 

അതില്‍ വാസു വീണു... അവന്‍ തന്റെ മക്കളെ കുറിച്ച ഓര്‍ത്തു. ഇന്ന് തീപുകഞ്ഞിട്ടുണ്ടാവില്ല തന്റെ വീട്ടില്‍. വിശന്നു തളര്‍ന്നു ഉറങ്ങീട്ടുണ്ടാവും കുട്ടികള്‍.. തന്നെ കാത്തു ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ കാത്തിരിക്കുന്നുണ്ടാവും ശാന്ത. അവളൊരു പാവാ... കെട്ടി കൊണ്ട് വന്ന അന്ന് മുതല്‍ കഷ്ട്ടപ്പെടാന്‍ തുടങ്ങിയതാ. പിന്നെ തന്റെ ഒടുക്കത്തെ കുടിയും... കുടി തുടങ്ങിയത് മനപൂര്‍വം അല്ല. ഒരു ഓപ്പറേഷന്‍ നടത്തി ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ തന്നെ കൊണ്ട് കഴിയില്ല എന്ന് മനസിലാക്കിയപ്പോഴാണ് കുടിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു വിട്ടത്. ഒരുമിച്ച് ഒരു അന്‍പതിനായിരം രൂപ എവിടന്നുണ്ടാവാന്‍...  

"ഇങ്ങളെന്താണ്  ആലോചിക്കുന്നെ..? " രാജുവിന്റെ ചോദ്യം വാസുവിനെ ഉണര്‍ത്തി. വാസു പോക്കറ്റില്‍ പരതി. രാവിലെ ശാന്ത ഏല്‍പ്പിച്ച 100 രൂപ.അപ്പോള്‍ അരി വാങ്ങിക്കാന്‍...? വാസു ഒന്ന് ശങ്കിച്ചു... ഹെയ്..ഒരു ദിവസത്തെ കാര്യമല്ല എനിക്കെന്റെ മക്കളുടെ ഭാവിയാണ് പ്രധാനം... ഒന്നും മിണ്ടാതെ ആ രൂപ രാജുവിന്റെ കയ്യിലെക്കിട്ടുകൊടുത്ത്‌ വിഷു ബമ്പര്‍ ടിക്കറ്റുമായി  അയാള്‍ മടങ്ങി. 

       ഇല്ല ഈ പ്രാവശ്യം എനിക്ക് തെറ്റില്ല. ഒന്നാം സമ്മാനം എനിക്ക് തന്നെ. അത് കൊണ്ടൊരു വീട് വെക്കണം ആദ്യം. പിന്നെ ന്റെ മക്കളുടെ പേരില്‍ കുറച്ചു കാശു ബാങ്കില്‍ ഇടണം. ശാന്തക്കൊരു പട്ടു സാരി വാങ്ങിക്കൊടുക്കണം. കല്യാണത്തിനു ശേഷം നിറമുള്ള ഒരു തുണി ഉടുത്തു അവളെ താന്‍ കണ്ടിട്ടില്ല. കാതിലും കഴുത്തിലും നിറയെ പൊന്നിട്ട് അവളെ കൊണ്ട് അവളുടെ വീട്ടിലേക്കൊരു പോക്ക് പോകണം. തന്നെ ഇന്ന് പരിഹസിക്കുന്ന അളിയന്റെയും, അമ്മായിയച്ചന്റെയും മുന്‍പില്‍ തലയുയര്‍ത്തി ഒന്ന് നില്‍ക്കണം...

സ്വപ്നങ്ങളില്‍ അയാള്‍ പണിത സ്വര്‍ഗത്തിനെ കണ്ടു ദൈവം പോലും നാണിച്ചിരിക്കും..ഇടറുന്ന പാദങ്ങളില്‍ വേച്ചു വേച്ചു കൊണ്ടാണെങ്കിലും അയാള്‍ നടന്നു തല ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് തന്നെ... 

(ഈ കഥ അഷ്ട്ടിക്കു വകയില്ലാത്ത സമയത്ത് പോലും ലോട്ടറി ടിക്കറ്റ്‌ എന്ന ഭ്രമത്തില്‍ കുടുങ്ങി കുടുംബത്തെ പട്ടിണിയാക്കുന്ന (ഹത)ഭാഗ്യവാന്മാര്‍ക്ക് വേണ്ടി...ഭാഗ്യദേവത കടാക്ഷിക്കുന്ന  നാളെകളെ സ്വപ്നം കണ്ട് ജീവിക്കാന്‍ മറന്നുപോയ ഇന്നുകളെ ഓര്‍ക്കുക പോലും ചെയ്യാത്ത നിര്‍ഗുണപരബ്രഹ്മങ്ങള്‍ക്ക് വേണ്ടി...)