"മഴ മോഹങ്ങള്‍..."

Sunday, June 13, 2010

വെള്ളാരം കല്ലുകള്‍....


നീ എന്തിനാനെന്റെ രാത്രികളെ 
ഉറക്കമില്ലാത്തതാക്കുന്നത്...?
ഞാന്‍ ഒരിക്കല്‍ പോലും....
നീ മറന്നു വെച്ച പുസ്തക താളില്‍....
എന്‍റെ ഹൃദയം കുറിച്ചിട്ടില്ല..... 
പിന്നെ നീ പോറി വരച്ചിട്ട നിന്‍റെ പേരിനു താഴെ 
എന്‍റെ പേര്‌ ഞാന്‍ ചേര്‍ത്ത് എഴുതിയില്ല.... 


പിന്നെയും തുടര്‍ന്ന യാത്രയില്‍.... 
ഒരു കയ്യകലത്ത് നിന്നും.... 
നിന്നെ എനിക്കന്ന്യമാകുന്നത് കണ്ട്... 
നീ പ്രതീക്ഷിച്ച പോലെ ഞാന്‍ കരഞ്ഞില്ല... 
പിന്തിരിഞ്ഞു നോക്കാതെ നീ പോകുമെന്ന് കരുതി ...
പലവട്ടം തിരിഞ്ഞു നിന്ന നിന്നെ ഞാന്‍ കാണാതെ പോയി.... 


ഒടുവില്‍ ഒരു തണുത്ത രാത്രിയില്‍... 
നീ പെറുക്കിവച്ച വെള്ളാരം കല്ലുകള്‍ 
എന്‍റെ കയ്യിലെക്കിട്ടു തന്ന് 
അത്രമാത്രം ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു എന്ന് നീ 
മുഖമുയര്‍ത്താതെ പറഞ്ഞപ്പോള്‍.... 
എണ്ണിത്തീരാത്ത  ആ വെള്ളാരം കല്ലുകളില്‍...
വീണു ചിതറിയ കണ്ണുനീര്‍ മുത്തുകള്‍ക്ക്.... 
നിന്‍റെ പ്രാണന്റെ വിലയായിരുന്നു എന്നും.... 
നിനക്കതു ഞാനായിരുന്നു എന്നും... 
ഞാനറിയാതെ പോയി..... 


ഇന്നീ തണുത്ത രാത്രിയില്‍.....
ഞാന്‍ ഒറ്റക്കിരിക്കുമ്പോള്‍..... 
നീ മഴക്കൈകള്‍ കൊണ്ട്....
എന്‍റെ കവിളില്‍ തലോടുമ്പോള്‍...... 
ആശിച്ചുപോകുന്നു ഞാന്‍.....
നീ ഏല്‍പ്പിച്ചു പോയ വെള്ളാരം കല്ലുകളില്‍... 
ഒന്നായി തീരാന്‍..... 
നിന്‍റെ പ്രണയം ഉള്ളിലൊളിപ്പിച്ചു.... 
തിളങ്ങുന്ന വെള്ളാരംകല്ലായി മാറാന്‍.... 

Tuesday, June 8, 2010

നിന്‍റെ മാത്രം ചകോരപ്പക്ഷി.....



നിന്‍റെ കണ്ണുകളിലേക്കു നോക്കുവാന്‍..
ഞാന്‍ അശക്തയാണ് 
അകന്നു പോകാന്‍ തുടങ്ങുമ്പോഴൊക്കെ....
എന്തോ ഒന്ന് നിന്നിലെക്കെന്നെ വലിച്ചടുപ്പിക്കുന്നു..... 


കേട്ടറിഞ്ഞ വിരഹത്തെ.... 
നീ തൊട്ടറിയാന്‍ ശ്രമിക്കുമ്പോഴൊക്കെ...
നിന്‍റെ നോക്കിന്റെ നഖമുന...
എന്‍റെ ഹൃദയത്തെ കീറി മുറിക്കുന്നു.... 


ഞാന്‍ ഉറങ്ങട്ടെ....
നിന്‍റെ ഹൃദയത്തുടിപ്പുകള്‍...
എനിക്ക് മാത്രം താരാട്ടാകുന്ന...
ഈ രാത്രി എനിക്കാകുമേറെ സ്വപ്നം കാണുവാന്‍..
നിന്‍റെ നെഞ്ചോടു ചേര്‍ന്ന് മയങ്ങുവാന്‍....
നിന്‍റെ ഹൃദയത്തില്‍ ചേര്‍ത്തുവച്ച
എന്‍റെ ചുണ്ടുകള്‍ പതിയെ പതിയെ...
നിന്നോട് മന്ത്രിച്ചില്ലേ...? 
ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്ന്...?


പറഞ്ഞും...പറയാതെയും...
നീയും ഞാനും ബാക്കിവെച്ച...
ഈ മൊഴികള്‍ ഒക്കെയും.... 
ഇനിയുമൊരു കാറ്റായി പുനര്‍ജനിക്കും....
നിന്റെയും എന്റെയും...മറന്ന് തുടങ്ങിയ ഓര്‍മ്മകളില്‍... 
ഇനി ഒരു കൊടുങ്കാറ്റിനും ഉലക്കാനാവാതെ....
കാത്ത്‌ വക്കാനാശിച്ച സ്വപ്ന ധൂളികള്‍.....
പറത്തിയെടുക്കാന്‍ ഒരു കാറ്റ്....


പിന്നീടൊടുവില്‍....
മറന്നു കളയാം എന്നൊരു വാക്കിന്റെ ബലത്തില്‍...
നീ മുറുകെ പിടിച്ച എന്‍റെ വിരലുകള്‍ 
പതിയെ കാറ്റിനു വിട്ടുകൊടുത്ത്‌... 
പിന്‍ തിരിഞ്ഞു നോക്കാതെ നീ പോയേക്കാം... 


അപ്പോഴും നഷ്ട്ടങ്ങളുടെ ആകെത്തുകയില്‍...
ഒന്നുകൂടെ കൂട്ടിച്ചേര്‍ത്തു....
വരാനിരിക്കുന്ന കാറ്റില്‍ അലിയാന്‍...ഞാനുമുണ്ടാകും...
നിന്‍റെ മാത്രം ചകോരപ്പക്ഷി..... 



Friday, June 4, 2010

എനിക്ക് വിശക്കുന്നു.....



എനിക്ക് വിശക്കുന്നു.....
ലോകത്തിന്റെ മുഴുവന്‍ വിശപ്പും 
ഇന്നെന്റെ കണ്ണിലുണ്ട്....

വിശപ്പ്‌ അഗ്നിയായൊരു നാള്‍.... 
തിന്നു തീര്‍ത്തത് ഒരു വനം മുഴുവനും  ആണ്... 
അതൊരു പഴം കഥ... 

മഴ പെയ്യിചെന്റെ വിശപ്പ്‌ കെടുത്താന്‍..
ഇന്നൊരു ദേവലോകത്ത്‌ നിന്നും..
വജ്രായുധം വീശുന്നില്ല...

അത് കൊണ്ട് മാത്രം എന്‍റെ വിശപ്പ്‌..
അജയ്യമാണ്.... 

പക്ഷെ....
ഇന്ന് എന്‍റെ വിശപ്പ്‌ കാര്‍ന്നു തിന്നുന്നത്.... 
മരണത്തിന്റെ മണമുള്ള നോട്ടു കെട്ടുകളെ ആണ്  ... 

സ്വന്തം തലക്കുമുകളില്‍..തൂക്കിയിട്ട വാളിനോട്‌ 
കഥ പറഞ്ഞു തീര്‍ത്ത മടുപ്പിക്കുന്ന രാവുകളെ ആണ്... 

ഞാന്‍.. ഊറ്റിയെടുത്ത്
പണമാക്കി വിറ്റ് വറ്റിച്ചു കളഞ്ഞ 
മാതൃ ഹൃദയത്തിന്റെ ...സ്നേഹാമൃത്.. 
നിളയെന്നു സ്നേഹം കലര്‍ത്തി വിളിക്കുമ്പോഴും... 
എന്‍റെ വിശപ്പ്‌ നിളയെ ഭക്ഷിച്ചു കൊണ്ടിരുന്നു... 
നിള പറഞ്ഞു.... 
മകനെ... 
നിന്‍റെ വിശപ്പ്‌ എന്‍റെ മരണമാണ്... 
ഞാന്‍ ചിരിച്ചു....
കാരണം എനിക്ക് വിശക്കുന്നു.... 

നിന്‍റെ ശുഷ്കമാകുന്ന മേനിയെ..
ഞാന്‍ പ്രണയിക്കുന്നു എന്ന് 
ഞാന്‍ കളി പറഞ്ഞു.... 
കാരണം എനിക്ക് വിശക്കുന്നു... 

നിന്‍റെ നഗ്നമാക്കപ്പെട്ട....
മാറിടം തുരന്നെടുത്തിട്ടു... 
എനിക്ക് വേണ്ടി അമൃത് ചുരത്തണം   എന്ന് 
ഞാന്‍ വാശി പിടിക്കുന്നു.... 
കാരണം എനിക്ക് വിശക്കുന്നു.... 

ഒടുവില്‍ ഒരുനാള്‍ സര്‍വ്വ ദുഖവും..
നീ പ്രളയമായി ഒഴുക്കിയപ്പോള്‍...
നിന്‍റെ കരകളെ നിന്‍റെ  തന്നെ വിശപ്പിന്റെ 
നാക്ക് നക്കിയെടുത്ത്തപ്പോള്‍... 
അപ്പോഴും...ഞാന്‍ വേദനിച്ചു.... 
കാരണം.....
എനിക്കിനിയും വിശക്കുമല്ലോ.....!!!!

Thursday, June 3, 2010

സാത്താനും... മനുഷ്യനും...





 പകലത്തെ  അലച്ചില്‍ കൊണ്ട് നന്നേ ക്ഷീണിച്ചിരുന്നു സാത്താന്‍.. എഴാം ക്ലാസ് കാരന്റെ കയ്യിലേക്ക് പെത്തഡിന്‍ നിറച്ച സിറിഞ്ച്  വച്ച് കൊടുക്കുന്ന കൂട്ടുകാരന്റെ ചിരി സാത്താന്‍ പിന്നെയും പിന്നെയും ഓര്‍ത്തു....  വെയിലും, പുകയും, പൊടിയും ഏറ്റു കരുവാളിച്ച മുഖം അമര്‍ത്തി തുടച്ച് സാത്താന്‍ റോഡിന്റെ വശം ചേര്‍ന്ന് നടന്നു.... കിതപ്പ് വറ്റിയ കണ്ണുകള്‍ പകലിന്റെ ചൂടില്‍ കൂടുതല്‍ തീക്ഷ്ണമായി തോന്നി...  ഒരു നോര്‍മല്‍ മനുഷ്യനെ പേടിപ്പിക്കാന്‍ ഇത്രേം മതി...സാത്താന്‍ മനസ്സില്‍ ചിരിച്ചു... 
              ഇരുട്ട് വീണു തുടങ്ങിയിട്ടേ ഉള്ളൂ.. വഴിയോരത്തെ കുറ്റി ചെടികളുടെ ഇടയിലൂടെ സാത്താന്‍ പതുക്കെ നടന്നു... അറിയാതെ കണ്ണുകള്‍ ചെന്ന് നിന്നത് ഒരു കിലുക്കം പെട്ടിയിലാണ്... സാത്താന്‍ കണ്ണുകള്‍ അമര്‍ത്തി തുടച്ചു.ആ പൂമ്പാറ്റയെ പേടിപ്പിക്കണം എന്ന് അവനു തോന്നിയില്ല.... 
         നാണയത്തുട്ടുകള്‍ നാളുകളായി കൂട്ടി വച്ച ഉണ്ടിക പാത്രം പൊട്ടിച്ചു കയ്യില്‍ ഇറുക്കിപ്പിടിച്ച ചില്ലറത്തുട്ടുകളും കൊണ്ട് തൊട്ടടുത്ത കളിപ്പാട്ട കടയിലേക്ക് അച്ഛന്റെയും അമ്മയുടെയും കണ്ണു വെട്ടിച് പാറി വന്ന ആ  പൂമ്പാറ്റക്ക്   ഒരു ആറ്‌ വയസ്സ്  പ്രായം കാണും.... 
   പൂമ്പാറ്റ ചിറകു പോലെ നനുത്ത കണ്‍ പീലികള്‍..... 
   മുത്തു പോലത്തെ കിന്നരി പല്ലുകള്‍..... 
സാത്താന് കവിത വരാന്‍ തുടങ്ങി.... നല്ല ഓമനത്തമുള്ള കുഞ്ഞ്‌....  
കയ്യിലെ നാണയത്തുട്ടുകള്‍ കടക്കാരനു നീട്ടി നീല കണ്ണുകളും , സ്വര്‍ണ തലമുടിയുമുള്ള പാവയ്ക്ക്  നേരെ വിരല്‍ ചൂണ്ടുമ്പോള്‍... ആ കുഞ്ഞുകണ്ണുകളില്‍  നിലാവുദിച്ചിരുന്നു..... 
        സാത്താന്‍ പെട്ടെന്ന് ആര്‍ദ്രനായിപ്പോയി... വികൃതമായ തന്റെ മുഖത്തെ അവന്‍ ആദ്യമായി ശപിച്ചു... കാരുണ്യത്തിന്റെ ഉറവ..., സ്നേഹത്തിന്റെ  വളപ്പൊട്ടുകള്‍ ... എല്ലാം  ഉള്ളില്‍ ഉണ്ടെങ്കിലും വികൃതമായ മുഖം സാത്താനെ നിരാശനാക്കി... തന്റെ കടമ മറന്ന് സാത്താന്‍ ആ കുഞ്ഞു കാലടികള്‍ക്ക് പിന്നിലായി നീങ്ങി.....  
        ഉല്‍സാഹതിമിര്‍പ്പില്‍  ഒരു നിമിഷം പാത മുറിച്ചു കടക്കുന്നിടത്ത് പൂ പോലത്തെ ആ മേനിയില്‍ പാഞ്ഞു വന്ന ഒരു വാഹനം ഇടിച്ചു നിര്‍ത്തി.. തെറിച്ചു വീണ ആ കുരുന്നിനെ തിരിഞ്ഞു നോക്കാതെ ആ വാഹനം മുന്നോട്ടു പോയപ്പോള്‍ സാത്താന്‍ ദൈവത്തെ ശപിക്കാന്‍ തുടങ്ങി.... 
        അവന്‍ ഓടിച്ചെന്നു കുഞ്ഞിനെ വാരിയെടുക്കാന്‍ നോക്കി. തന്റെ കടമകള്‍ മറന്ന് കരുണ കാണിക്കുന്നു എന്ന് പറഞ്ഞു സാത്താന്റെ നിയമങ്ങള്‍ അവനെ നോക്കി പല്ലിളിച്ചു.... വിഷമിക്കും തോറും വികൃതമാകുന്ന തന്റെ മുഖത്തെയും.., മാറ്റാന്‍ ആവാത്ത പ്രകൃതി നിയമങ്ങളെയും അവന്‍ വെറുത്തു..... നിസ്സഹായനായി നിന്നു... 
          അലക് ഷ്യം   ആയി  വന്ന ഒരു കാര്‍ കുഞ്ഞിനടുത്തെതി ബ്രേക്ക് ഇട്ടു നിന്നു... ജീവന്റെ തുടിപ്പ് അവളില്‍ അവശേഷിച്ചിരുന്നു.. നേര്‍ത്ത ശബ്ദത്തില്‍ "അമ്മേ.. അമ്മേ..." എന്ന് അവള്‍ വിളിച്ചിരുന്നു.... 
        കാറിലെത്തിയ ചെറുപ്പകാര്‍ കുഞ്ഞിനെ വാരിയെടുത്ത് കാറിലിട്ടു... വന്നതിലേറെ സ്പീഡില്‍ ഓടിച്ചു പോയി... കരുണ വറ്റാത്ത ഹൃദയം ഉള്ളവരാണ് മനുഷ്യര്‍ എന്ന് സാത്താന്‍ ആശ്വസിച്ചു. 
         മനസ്സില്‍ സന്തോഷം തികട്ടി വന്നു... പിന്നെ  വെറുതെ അവരുടെ കാറിനെ അവന്‍ പിന്തുടര്‍ന്നു...... ഇരുട്ട് കനത്ത വഴികള്‍ പിന്നിട്ട കാടിന്റെ ഉച്ചിയിലേക്ക് പായുന്ന കാറിനെ ചോദ്യഭാവത്തില്‍ സാത്താന്‍ നോക്കി.... 
     പിന്നെ ചവച്ച്‌ എറിയപ്പെട്ട   ആ കുഞ്ഞു പൂമ്പാറ്റയെ കണ്ടു  സാത്താന്‍ കണ്ണു പൊത്തി... ഇളം നിണം മണക്കുന്ന കാറ്റിനെ ഭയന്ന് സാത്താന്‍ തിരിച്ചു നടന്നു....  അപ്പോള്‍   ആത്മാര്‍ഥമായി  ദൈവത്തെ വിളിച്ചു.... തന്നെ സാത്താന്‍ ആക്കിയതില്‍   നന്ദി പറഞ്ഞു.... ഒരിക്കലും മനുഷ്യനായി സൃഷ്ട്ടിക്കാതെ ഇരുന്നതിനും.... 

Monday, May 31, 2010

ഒറ്റക്കൊലുസ്



ഈ ഒറ്റക്കൊലുസ്
എന്നെ അലോസരപ്പെടുത്തുന്നു...
ചിലപ്പോഴൊക്കെ....
എന്തിനെന്നറിയാതെ പേടിപ്പെടുത്തുന്നു...

കുറച്ചു മുന്നേ വരെ..എന്റെ കാലില്‍
ചിരിച്ചു കുഴഞ്ഞതാണ്...
അറ്റ് വീണ മറ്റേ കൊലുസ്...

പെട്ടെന്ന്...
പറയാതെ പോയ കൂട്ടുകാരനെ പോലെ...
ഇപ്പോള്‍ അതെന്നെ വിഷമിപ്പിക്കുന്നു....

കളിചിരിക്ക് കൂട്ടില്ലാഞ്ഞിട്ടോ...
ഈ ഒറ്റക്കൊലുസ് ..
ഇങ്ങനെ മൌനമായി ഇരിക്കുന്നെ..?

പണ്ടെന്നോ അയല്‍ വീട്ടിലെ ചേച്ചി...
വായിച്ചു മടക്കി വെച്ച
ആഴ്ച പതിപ്പിലെ വരികള്‍ കണ്ണില്‍ തെളിഞ്ഞു

"നിന്റെ ഒരു കൊലുസ് എവിടെ.." എന്ന്...
അവളുടെ താമരപ്പൂ പോലത്തെ...
പാദങ്ങളില്‍ തൊട്ടു കൊണ്ട് ഹരി ചോദിച്ചു...
പെട്ടെന്ന് അവള്‍ അവന്‍ നീട്ടിയ താമര മൊട്ടുകള്‍...
തട്ടിയെറിഞ്ഞു...കലിതുള്ളി.... ഭ്രാന്തിയെപ്പോലെ...
എന്നിട്ട് അതുവരെ കാണാത്ത ക്രുദ്ധ ഭാവത്തില്‍.
അവള്‍ അവനെ വേറെ ഏതോ ഭാഷയില്‍ ചീത്ത വിളിച്ചു...

അതെന്താന്നു ചോദിച്ചാല്‍...
എനിക്കറിയില്ല...
എന്നാലും ഈ ഒറ്റക്കൊലുസ്
എന്താ ഇങ്ങനെ...?

ഇപ്പൊ എന്റെ ചലനങ്ങള്‍ക്ക്
താളം നഷ്ട്ടമായ പോലെ....
എന്നെ പോലെ ഈ കൊലുസും...
ഒറ്റക്കായിപ്പോയി...

എത്ര ഉച്ചത്തില്‍ ശബ്ദിച്ചാലും...
നിന്നുപോയ താളം തിരിച്ചു വരുന്നില്ല...
എന്നെ സന്തോഷിപ്പിക്കാന്‍
എന്റെ കൊലുസ് വീര്‍പ്പുമുട്ടുകയാണ്...

കാലനക്കങ്ങള്‍ക്ക്...
കാതു കൊടുക്കാതിരിക്കാം അല്ലെ...?
ചില കാര്യങ്ങള്‍ നിന്നിടത്ത്...
അവസാനിപ്പിക്കുന്നതാണ് ഭംഗി...

Sunday, May 30, 2010

യാത്രയിലെ മഴ..........



" അനൂ... നീ കേള്‍ക്കുന്നുണ്ടോ ഡാ ഞാന്‍ പറയുന്നത്? അതോ ചുമ്മാ മൂളിക്കൊണ്ടിരിക്ക്യാണോ? എനിക്കെന്തോ കഥകള്‍ ഒന്നും കിട്ടുന്നില്ല. ഇന്ന് എന്‍റെ ഊഴമല്ലേ കഥ പറയാന്‍... ഞാന്‍ എന്താ ഡാ പറയുക? ഒരു കഥയും വരണില്ല.... എല്ലാം നീ പറഞ്ഞു തീര്ത്തില്ലേ...? കണ്ണന്‍ വെണ്ണ കട്ടതും...ഗജേന്ദ്ര മോക്ഷവും എല്ലാം...
പിന്നിപ്പോ... മ് മ് ഒരു കാര്യം ചെയ്യാം.... ഞാന്‍ എന്‍റെ യാത്രയിലെ മഴയെക്കുറിച്ച് പറയാം ഇരുപത്തേഴു വര്‍ഷത്തെ മഴയെക്കുറിച്..
ഇന്ന് എന്‍റെ വര്‍ക്ക് പാലക്കാടായിരുന്നു. നല്ല രസമാ ഒന്നര മണിക്കൂര്‍ യാത്ര... ഒന്നും ശ്രദ്ധിക്കാതെ ഒരുപാട് ഓര്‍ത്ത്‌ കൊണ്ട്... മെല്ലെ കണ്ണടച് പുറകിലോട്ടു ചാരിക്കിടന്നു...തണുത്ത കാറ്റിന്റെ തലോടലില്‍ തെന്നിത്തെന്നി ഓര്‍മ്മകളുടെ കൂട്ടിലേക്ക്....

* * * * * * * * * * * *

" ഇങ്ങനെ ഒരു മഴപ്രാന്തി " അമ്മയുടെ ചീത്ത വിളിയാണ് . ശാസിച്ചിട്ടു കാര്യമില്ലെന്ന് അറിയും അമ്മക്ക്.. എനിക്ക് ചിരി വന്നു ഞാന്‍ പ്രാന്തി തന്നെയാ എന്നാലും എന്‍റെ പ്രാന്ത് മഴയോടല്ലേ?
പണ്ട് മുതലേ ഓര്‍ക്കാന്‍ ഒരുപാടുണ്ട്.... എന്‍റെ ഇഷ്ട്ടങ്ങള്‍.... മഴയോടുള്ള പ്രണയം... മഴയ്ക്ക് എന്നോടും...
കുഞ്ഞുന്നാളില്‍ ഒഴുക്കി കളഞ്ഞ കടലാസു വഞ്ചികള്‍ ഓര്‍മ്മയുടെ തിരയിളക്കത്തില്‍ ചാഞ്ചാടി ക്കൊണ്ടിരുന്നു......
മഴ തീര്‍ത്ത ചാലുകളില്‍ നിന്നും കയ്യെത്തിച് മഴത്തുള്ളിയെ പിടിച്ച്‌ വലിക്കുന്ന നീര്‍ കുമിളകള്‍... വാ നമുക്ക് ഒരുമിച്ച് ഒഴുകി നടക്കാം എന്ന് പറയുന്ന പോലെ.....

മഴ മുറ്റത്ത്‌ വിതറിയിട്ട മാമ്പൂക്കളും, ചെമ്പകപ്പൂക്കളും പിന്നെ മണ്ണിന്റെ ഗന്ധവും ......
പിറ്റേന്ന് മുറ്റമടിക്കാന്‍ അമ്മ കാണിക്കുന്ന ദേഷ്യം കാണുമ്പോള്‍ മഴയ്ക്ക് മുഖം കറുക്കും... നനുത്ത കുഞ്ഞു വിരലുകള്‍ കൊണ്ട് ഞാന്‍ തഴുകി ആശ്വസിപ്പിച്ചിരുന്നോ അന്ന് മഴയെ..?
ചെറിയ ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് നിറയെ പുള്ളികളുള്ള കുടയുമായി സ്കൂളിലെക്കൊരു പോക്കുണ്ട്... ഹോ എന്തായിരുന്നു അഹങ്കാരം... " നോക്കണ്ട.. എനിക്ക് തന്നെ ആയിരുന്നു അഹങ്കാരം " വൈകീട്ട് എന്‍റെ നെഞ്ചൊപ്പം വെള്ളമുള്ള പാടം കടന്നു പോരാന്‍ സുബ്രു ഏട്ടന്റെ കൈ പിടിച്ച്‌ പേടിച്ചു പേടിച്ചു വന്നിരുന്ന ഞാന്‍.... " അപ്പൊ അഹങ്കാരം ഇല്ലാരുന്നു ട്ടോ " വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നത്തക്കകള്‍ ദേഹത്ത് മുട്ടി കടന്നു പോകുമ്പോള്‍ ഞാന്‍ കാറി വിളിക്കും....
അമ്മയുടെ നാട്ടിലായിരുന്നു മഴ ഞാന്‍ അധികവും അറിഞ്ഞത്‌. അത് പക്ഷെ കുഞ്ഞുന്നാളിലായിരുന്നു. ഇപ്പൊ ഓര്‍ക്കാനേ പറ്റുന്നുള്ളൂ... നുറുങ്ങിപ്പോയ വളപ്പൊട്ടുകള്‍ പോലെ മുറിഞ്ഞു പോകുന്ന ഓര്‍മ്മകള്‍....

സന്ധ്യക്ക്‌ കുടുംബ ക്ഷേത്രത്തില്‍ വിളക്ക് വെക്കാന്‍ അമ്മച്ചന്റെ കൂടെപ്പോകാന്‍ എനിക്കായിരുന്നു ഏറ്റവും ഉത്സാഹം. കുളിച്ചു ഈറന്‍ ഉടുത്തുവേണം പോകാന്‍ .. കുഞ്ഞല്ലേ രാത്രി തണുപ്പത്ത് കുളിക്കണ്ടാ എന്ന് പറഞ്ഞാല്‍ ഞാന്‍ വാശി പിടിക്കുമായിരുന്നത്രേ .... എണ്ണയും കരിയും പിടിച്ച കല്‍ വിളക്കിലെ വെള്ളം തെറ്റിക്കളഞ്ഞു എണ്ണയും തിരിയും വച്ച് കഴിയുമ്പോഴേക്കും അമ്മച്ചന്‍ അമ്പലത്തിനകത്തെ വിളക്കൊക്കെ തെളിയിക്കുമായിരുന്നു. ചാറ്റല്‍ മഴയില്‍ കെടാതെ പൊതിഞ്ഞു പിടിച്ച്‌ പോയ എണ്ണത്തിരികള്‍ എത്ര തവണ എന്‍റെ വിരലുകള്‍ പൊള്ളിച്ചിരിക്കുന്നു..
പിന്നെ മഴക്കാലം വരുന്നതിനു മുന്നേ തെങ്ങെല്ലാം വൃത്തിയാക്കുമായിരുന്നു. തെങ്ങിന്റെ മണ്ടയിലെ അഴുക്കും , കോച്ചാടയും എല്ലാം മാറ്റി തടിയൊക്കെ ഉരച്ചു വൃത്തിയാക്കും. ആദ്യത്തെ മഴയ്ക്ക് ശേഷം വാഴപ്പോള കൊണ്ട് തെങ്ങിന്റെ തടിയില്‍ കുറച്ചു മേലേക്കായി ഒരു കേട്ടു കെട്ടും. നീട്ടിയിട്ട തുമ്പിലൂടെ മഴ പെയ്യുമ്പോള്‍ വെള്ളം ടാപ്പിലൂടെ എന്ന പോലെ വരും അത് നല്ല വെള്ളം ആണത്രേ...
അമ്മയുടെ നാട്ടില്‍ നിറയെ കുടപ്പനകള്‍ ഉണ്ടായിരുന്നു. പനയോല കൊണ്ടുണ്ടാക്കുന്ന തൊപ്പിക്കുട വച്ചിട്ടായിരുന്നു അവിടത്തെ ആളുകളൊക്കെ മഴയത്ത് നടക്കുക. തോപ്പിക്കുടക്ക് മേലെ ചരല്‍ വീഴുന്ന പോലെ മഴത്തുള്ളികള്‍ വീഴുന്നത് അമ്മച്ചന്റെ ഒക്കത്തിരുന്നു ഞാന്‍ കേള്‍ക്കുമായിരുന്നു..
പിന്നെ അച്ഛന്റെ നാട്ടിലേക്കുള്ള പറിച്ചു നടീല്‍... ഇവിടത്തെ മഴയും കാതില്‍ കഥ പറയുന്നത് ആയിരുന്നു... കവിളില്‍ ഉമ്മ വെച്ച് കളിയാക്കി ചിരിക്കുന്ന മഴ...
" അനൂ ഒരു കാര്യം പറയാം ഞാന്‍ നീ ചിരിക്കല്ലേ... ഞാന്‍ ഒന്നാം ക്ലാസ്സില്‍ രണ്ടു വര്ഷം പഠിച്ചിട്ടുണ്ട്. അതോണ്ടാവും സ്കോളര്‍ഷിപ്പും കിട്ടിയിട്ടുണ്ട്... മ് ഹും.... വേണ്ടാ കളിയാക്കി ചിരിക്കല്ലേ ഡാ... "
സ്കൂളിലേക്കുള്ള യാത്രകള്‍ ഇപ്പോഴും ഓര്‍ക്കാന്‍ രസമാണ്... ആദ്യമൊക്കെ കൂട്ടുകാരുടെ ഇടയില്‍ വച്ച് മുകളിലോട്ടു കാറ്റടിച്ചു മടങ്ങുന്ന കുട നാണക്കേടായിരുന്നു.. പിന്നെപ്പിന്നെ എതിര്‍ ദിശയിലേക്കു വീശി കുട മുകളിലേക്ക് മടക്കുന്നത് ഒരു രസമായി..ഒടിഞ്ഞ കുടക്കമ്പികള്‍ കാറ്റുകൊണ്ടു മുറിഞ്ഞതാണെന്നു കള്ളം പറഞ്ഞു... "കണ്ടോ.. ഞാന്‍ അന്നേ കള്ളിയാ..."
ഞങ്ങടെ അന്നത്തെ വാടക വീടിന്റെ ഒരു വശം മുഴുവന്‍ പാടമാണ്. അരികിലൂടെ ഒഴുകുന്ന തോട്. മുന്നില്‍ത്തന്നെ തോട്ടുപാലം. മുന്നിലുള്ള റോഡിന്റെ എതിര്‍വശത്ത് നാരായണന്‍ കുട്ട്യച്ചന്റെ വാഴത്തോട്ടം..
" വാഴത്തോട്ടത്തില്‍ മഴയത്ത് നില്ക്കാന്‍ നല്ല രസമാണ്. നിനക്കു അറിയോ? " മമ്മയുടെ വീട്ടിനടുത്ത് ശിവേട്ടന്റെ വാഴത്തോട്ടമുണ്ട്. ഞാനും ദാസേട്ടനും കുഞ്ഞായിരിക്കുമ്പോള്‍ അവിടെപ്പോയിട്ടാ കുളിച്ചിരുന്നത്. വാഴയ്ക്ക് മോട്ടോര്‍ വച്ച് വെള്ളമടിക്കുമ്പോള്‍ അതിലായിരുന്നു കുളി. അവിടെ വാഴത്തോട്ടത്തിനരികെ നിറയെ ഉമ്മത്തിന്‍ കായകള്‍ ഉള്ള ചെടികള്‍...
പിന്നെ വാഴത്തോട്ടത്തില്‍ മഴ പെയ്യുന്ന കാര്യം.... വാഴയിലക്ക്‌ കീഴെ പെരുമഴയത്ത് പോലും നനയാതെ നില്‍ക്കാം. പട പടാന്ന് ഇലയ്ക്ക് മീതെ മഴ പെയ്യുന്നത് കേട്ട്‌....
മഴതോര്‍ന്നു തുടങ്ങുമ്പോള്‍ മുറ്റത്തുള്ള ആര്യ വേപ്പിന്റെ ചോട്ടിലേക്ക് വിളിച്ച്‌ മഴയത്ത്‌ മുളച്ച പുതിയ കൂണ്‍ കാണണോ.. ഓറഞ്ച് നിറത്തില്‍ പുള്ളികളുള്ള ......എന്നൊക്കെ പറഞ്ഞ്‌ മരക്കൊമ്പുലച്ച്ച് എന്നെ നനക്കുന്ന ദാസേട്ടനും... മഴക്കാലങ്ങള്‍ കടന്നു പോകുന്നത്തിനൊപ്പം വലുതായി ഒപ്പം ഞാനും..ഇപ്പൊ മുതിര്‍ന്നവര്‍ക്ക് കളി ചിരി പാടില്ലാലോ..
മ് ഹും....
മഴ പെയ്ത നാട്ടു വഴികളിലെ പുല്ത്തലപ്പില്‍ ഒക്കെ തങ്ങി നില്‍ക്കുന്ന മഴത്തുള്ളികളെ തട്ടിത്തൂത്ത് തളം കെട്ടിക്കിടക്കുന്ന വെള്ളം തെറ്റി തെറുപ്പിച് സ്കൂള്‍ വിട്ടു വരുന്ന യാത്രകള്‍....
പിന്നെ കാമ്പസ് ദിനങ്ങളില്‍ കവിതകളില്‍ നിറഞ്ഞു നിന്ന മഴ... പട്ടാമ്പി സംസ്കൃത കോളേജില്‍ ക്യാമ്പസ്‌ മുറ്റം നിറയെ വലിയ മരങ്ങള്‍ ഉണ്ട്... മഴ മരങ്ങള്‍... മഴപെയ്തു തോര്‍ന്നാല്‍ പെയ്ത്ത് തുടങ്ങുന്ന മഴമരങ്ങള്‍... അവിടെയായിരുന്നു ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒത്തുകൂടാറുള്ളത്...ചാറ്റല്‍ മഴയും, മരം പെയ്യുന്ന മഴയും കൊണ്ടങ്ങനെ മൂന്നു വര്‍ഷം.....
" പിന്നിപ്പോ ജോലിത്തിരക്കായപ്പോഴും മഴ ഞാന്‍ അറിയുന്നുണ്ട്... പക്ഷെ... ഇന്ന് ചെയ്തതിനു ആരും കുറ്റം പറയണ്ടാ.... നല്ല മഴക്കോള് കണ്ടപ്പോള്‍ വര്‍ക്ക് നിര്‍ത്തി വേഗം വീട്ടിലേക്കു തിരിച്ചു... അതൊരു കുറ്റമല്ലല്ലോ..? എന്‍റെ ബാഗ് നനയില്ലേ? കമ്പനി വല്യ വെല കൊടുത്തു വാങ്ങിയ ബാഗാ...എന്തായാലും നനക്കാന്‍ വയ്യ..
സീറ്റില്‍ ഇങ്ങനെ ചാരിക്കിടന്നു ചെര്‍പ്പുളശ്ശേരി എത്താം ....ഒന്നര മണിക്കൂര്‍... മഴ കണ്ടു കൊണ്ട് പോകാം... മഴ ചാറ്റല്‍ തുടങ്ങി.... മഴത്തുള്ളികള്‍ കാറ്റിനൊപ്പം മുഖത്തേക്ക് പാറി വീണു....കണ്ണടച്ച് തന്നെ ചാരിക്കിടക്കാന്‍ നല്ല സുഖം.... സുഖമുള്ള ഓര്‍മ്മകള്‍...മഴ തണുത്ത വിരലുകള്‍ കൊണ്ട് മുഖം തലോടിക്കൊണ്ടിരുന്നു....
ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങുമ്പോഴേക്കും മഴ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങി... ഇടിയും...മിന്നലും.... ബസ് ഇറങ്ങി ഓടുന്നവരുടെ ഇടയില്‍ ഞാന്‍ മാത്രം പതിയെ നടന്നു.... മഴ നനഞ്ഞു അങ്ങനെ
അങ്ങനെ.................

Saturday, May 29, 2010

ഞാന്‍ പ്രണയിക്കുകയാണോ..?


നിന്‍റെ ക്രമം തെറ്റി മിടിക്കുന്ന ഹൃദയം.... 
എന്നെ നൊമ്പരപ്പെടുത്തുന്നുണ്ട്...
പക്ഷെ... 
എന്‍റെ നൊമ്പരം ഞാന്‍ മനസ്സില്‍ 
കുഴിച്ചു മൂടുകയാണ്.. 
കാരണം... 
അതിനെക്കാളേറെ നിന്നെ ഞാന്‍ 
പ്രണയിക്കുന്നു.... 
നിന്‍റെ ഹൃദയ രക്തത്തില്‍ 
എന്‍റെ പ്രണയം കലര്‍ന്നെങ്കില്‍.... 
കണ്ണടച്ച് നിന്നു കവിളില്‍ മുകരുമ്പോള്‍... 
നിന്‍റെ മുടിയിഴകളെ തലോടുവാന്‍..
അതിനെക്കാളേറെ നിന്‍റെ നിശ്വാസം ഏറ്റു...
നിന്‍ ചാരെ മയങ്ങുവാന്‍..... 
എല്ലാം ഒരു സ്വപ്നത്തിന്റെ 
ബലത്തില്‍ കൂട്ടി വായിക്കാന്‍... 

നീ ചുംബിക്കുമ്പോള്‍....
താനേ കൂമ്പിയടയാന്‍ കൊതിക്കുന്ന 
മിഴികളില്‍.... 
നിന്നോടുള്ള പ്രണയവും...
പരിഭവവും മാത്രമാണ് 
നിന്നെ നോക്കിയിരിക്കാന്‍... 
ആശിക്കുന്ന മിഴിയിണകള്‍...
നിന്നെ പ്രണയിക്കുകയാണ്... 
അല്ലാതെ ഒരിക്കലും 
ഞാന്‍ ഭയപ്പെടുന്നില്ല 
നിന്‍റെ നേരിനെ...... 
ഞാന്‍ ഭയപ്പെടുന്നത് അത്രയും.... 
നിന്നെ എനിക്ക് നഷ്ട്ടമാകുന്ന 
നിമിഷത്തെയാണ്... 
പറയാതെ എന്നെ അറിയിക്കാതെ... 
നീ അകന്നു പോയേക്കാവുന്ന 
നശിച്ച നിമിഷത്തെയാണ്... 

പലപ്പോഴും നീ 
മൌനമായിരിക്കുമ്പോള്‍... 
എന്‍റെ മനസ്സ് തപിക്കുകയാണ്... 
പിന്നീടൊരു വാക്ക് മിണ്ടിതുടങ്ങുമ്പോള്‍.. 
പെരുമഴയായി പെയ്യുന്നത് എന്‍റെ പ്രണയമാണ്... 
അത് പലപ്പോഴും പെയ്യുന്ന എന്‍റെ മിഴികളെ... 
തോല്‍പ്പിക്കുന്നു... 

പലതും പറഞ്ഞു രാവ് വെളുപ്പിച് 
നീ പിടി തരാതെ പോയ രാവുകള്‍...
പിന്നെ.. വിളിച്ചിട്ടും വിളിച്ചിട്ടും..
എന്‍റെ വിളിക്കു ചെവി കൊടുക്കാതെ... 
നീ അകന്നു മാറി നിന്ന പകലുകള്‍... 
ഒരു നീറ്റലിന്റെ കൂട്ടില്ലാതെ 
നിന്നെ ഓര്‍ക്കാന്‍ പറ്റുന്നില്ല... 

ഇതെല്ലാം എന്താണെന്ന് 
നീ ചോദിക്കുമായിരിക്കും... 
ഞാന്‍ പ്രണയിക്കുകയാണോ..? 
മഴ പോലെ നീ പെയ്തില്ല എന്‍റെ വീഥിയില്‍... 
മരണത്തെ പോലെ തണുത്ത കരങ്ങള്‍...
നീട്ടി കൊതിപ്പിച്ചില്ല... 
എന്നിട്ടും.. എന്നിട്ടും..
തിരിച്ചറിയാനാവാത്ത വാക്കുകള്‍ക്കിടയില്‍... 
നിന്നെ ഞാന്‍ പരതി നോക്കുന്നു... 

എന്‍റെ കണ്ണുകള്‍ നിന്നെ കാണാന്‍ 
കാത്തിരിക്കുന്നു എന്ന് 
എന്നെപ്പോലെ നിനക്കും അറിയാം.... 
ഒരിക്കലും കാണാത്ത നിന്നെ... 
എങ്ങനെ വാക്കുകള്‍ കൊണ്ട് 
ഞാന്‍ അറിയിക്കും....?
എന്‍റെ പ്രണയം.... 
നീ ഒരിക്കല്‍ പോലും കാണാത്ത
എന്‍റെ കണ്ണുകള്‍ എങ്ങനെ പറയും... 
ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്ന്..? 

എന്നാലും.... 
ചിന്തകള്‍ക്കും...ഓര്‍മ്മകള്‍ക്കും...
അവസാനമായി കൂട്ടിച്ചേര്‍ക്കാന്‍ ഉള്ളത് 
നീ തന്ന ഒരു വാക്ക് മാത്രമാണ്... 
കൂടെ ഉണ്ടാകും എന്ന വാക്ക്... 

നിഴലായാലും... 
നിലാവായാലും...
അത് നീയാണെന്ന് 
കരുതാനാണ്‌ എനിക്കിഷ്ട്ടം... 
എനിക്ക് വയ്യ....
നീ പൊളി പറയും എന്ന് കരുതാന്‍... 

നീ ഇപ്പോള്‍ എന്നെ തഴുകി 
കടന്നു പോയതേ ഉള്ളൂ... 
എന്‍റെ ചെവിയില്‍ നുള്ളി..
കവിളില്‍ ഇക്കിളി കൂട്ടി....
ഒരു കുളിര്‍ കാറ്റായി.... 

അത് തന്നെയല്ലേ നീ...
എന്നും എന്‍റെ കൂടെ തന്നെ ഇല്ലേ..? 
കണ്ണാ...
ഞാന്‍ അറിയുന്നു നിന്നെ... 
എന്നിട്ടും ഞാന്‍ ആഗ്രഹിക്കുന്നു...
നിന്നെ കണ്ണു നിറച്ചു  ഒന്ന്   കാണാന്‍... 
മനസ്സുകൊണ്ട് ഒന്ന് പുല്‍കാന്‍... 
പിന്നെ...
മെല്ലെ ആ കാതില്‍ പറയാന്‍...
നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്ന്...

Wednesday, May 26, 2010

സമാധാനമായി ഉറങ്ങൂ...


മാംഗലൂരിന്റെ   നെഞ്ചില്‍ നിന്നും...
ഉയര്‍ന്നു പൊങ്ങിയ കട്ടിപ്പുക....
അതിലൊതുങ്ങിയത്.....
നൂറു നൂറു മനസ്സുകളുടെ....
മോഹങ്ങളും...നൊമ്പരങ്ങളും... 
അതോ  അറിയാതെ നിലച്ചു  പോയ
സ്വപ്നങ്ങളുടെ കൂട്ടക്കരചിലോ....
നൊടിയിടകൊണ്ടു മായ്ച്ചു കളയേണ്ടി വന്ന...
നിറമുള്ള സ്വപ്‌നങ്ങള്‍.... 
കരിഞ്ഞു പോയ മാംസ തുണ്ടുകളില്‍....
അച്ഛന്റെ... മകന്റെ.... സഹോദരന്റെ.....
പതിയുടെ.... എല്ലാമെല്ലാമായവരുടെ...
മുഖങ്ങള്‍  തേടുന്ന ജന്മങ്ങള്‍....
വാവിട്ടു കരയുന്ന മക്കളെ...
തലോടി അണക്കുവാനാകാതെ... 
മരവിച്ചു കിടന്ന കൈകളിലും.... 
സ്നേഹം തുടിച്ചിരിക്കാം.... 
തീ നാളങ്ങള്‍ നക്കിതുടച്ച്.... 
മുഖമില്ലാതെയാക്കിയ.... 
ദേഹങ്ങളെ നോക്കി...
വിലാപങ്ങള്‍ തൊണ്ടയില്‍ കുരുങ്ങിപ്പോയ 
ദേഹികള്‍ നെടുവീര്‍പ്പ് ഉതിര്‍ത്തിരിക്കാം... 
നിറവും....നിയമങ്ങളും...
ഇല്ലാത്തിടത്തേക്ക്... 
ഒന്നിച്ചു പോയവര്‍ക്കൊക്കെ.... 
ഒരേ നിറമായിരുന്നു.... 
പാതിയില്‍ മരവിച്ചു പോയ 
സ്വപ്നങ്ങളുടെ..... 
മോഹങ്ങളുടെ....
മടുപ്പിക്കുന്ന കറുപ്പ് നിറം..... 
ജീര്‍ണിച്ച ആചാരങ്ങളും... 
തമ്മില്‍ തല്ലിക്കുന്ന അനുഷ്ട്ടാനങ്ങളും... 
ഇല്ലാത്തിടത്തേക്ക്...
ഒരു യാത്രാമൊഴി പോലും ബാക്കി  വക്കാതെ....
കണ്ണിമ പൂട്ടി തുറക്കുമ്പോഴേക്കും.... 
യാത്രയായവര്‍ക്ക്.... 
നോവുന്ന എന്‍റെ നെഞ്ചിന്റെ നൊമ്പര പൂവുകള്‍.. 
കണ്ണു നീര്‍ പൂക്കള്‍ കൊണ്ട് അര്‍ച്ചനകള്‍... . 
സമാധാനമായി ഉറങ്ങൂ... 
ഒരുപാടു ഹൃദയങ്ങള്‍ തപിക്കുന്നു....
പൊലിഞ്ഞു പോയ ഈ ജീവിതങ്ങള്‍ക്കായി....

Saturday, May 22, 2010

അടയാളങ്ങള്‍....

നിനക്കു വേണ്ടി മാത്രം.... 
എന്‍റെ കണ്ണിമ പൂട്ടി വക്കാതെ... 
ഈ രാത്രി കഴിച്ചു കൂട്ടാം ഞാന്‍... 
പൂവിന്റെ സുഗന്ധമായി... 
നീ വരുന്നതിനു കാത്ത്... 

പിന്നെ... എന്‍റെ കണ്ണില്‍...
കണ്മഷിയായി നിന്‍റെ സ്നേഹം.... 
അലിഞ്ഞു ചേരുന്നത് കാത്ത്‌..... 
അന്തി ചോപ്പ് മായാത്ത 
ആകാശത്തിനു കീഴെ.... 
നിന്‍റെ കാല്‍ പാദത്തിനടിയില്‍....
ഞെരിഞ്ഞു തീര്‍ന്ന മണല്‍തരികളെ 
എണ്ണിത്തീര്‍ത്തു ... ഞാന്‍ കാത്തിരിക്കാം....

കിഴക്കുണരും വരെ....
എന്‍റെ കണ്ണുകള്‍ നിനക്കു വെളിച്ചമാകാന്‍...
കണ്ണ് തുറന്നിരിക്കുന്നു ഞാന്‍....
നരച്ച പകലിനു കീഴെ...
നിന്‍റെ തിരക്കിട്ട വഴികളില്‍.... 
നിശ്ശബ്ദ സഹയാത്രികയായി... 

കത്തി തീര്‍ന്ന പകലുകള്‍....
ചെതുമ്പിച്ച സന്ധ്യകള്‍ക്ക് വഴിമാറിയിട്ടും...
നീ വരാതെ ഇരിക്കുന്നു.....

തുറന്നു പിടിച്ച്‌ കൊണ്ടുതന്നെ...  
എന്‍റെ കണ്ണുകള്‍.... 
മൃതിയില്‍ വിലയിക്കുന്നുവെങ്കില്‍.... 
പ്രിയനേ.....
അത് വരും ജന്മങ്ങളിലും.... 
നിനക്കായുള്ള കാത്തിരിപ്പാണ്..... 
എന്‍റെ പ്രണയത്തിന്‍റെ......
നിന്നോടുള്ള അദമ്യമായ  
സ്നേഹത്തിന്റെ.... 
അടയാളമാണ്..... 

Thursday, May 13, 2010

സ്വയംവരം...













സുഹൃത്തേ, ഞാനും ഓര്‍ത്തു പോയി..
അറിയാതെ കയ്യില്‍ തടഞ്ഞ മുറിപ്പാട്
എന്നെ എന്തൊക്കെയോ ഓര്‍മ്മിപ്പിക്കുന്നു...
മരണത്തിന്റെ തണുത്ത കൈകള്‍ ...
എന്നെ തലോടിയെങ്കില്‍ എന്ന് കാത്ത
നരച്ച പകലുകള്‍ ....
വെറുങ്ങലിച്ച രാവുകള്‍ ...
എന്നിട്ടും ....
കണ്ണ് മിഴിച് കാത്തിരുന്നിട്ടും ..
എന്നെ മുട്ടിക്കടന്നു പോകാത്ത ..
മരണത്തിന്റെ കുളിരലകള്‍ ...
മടുപ്പെന്ന മാന്ത്രികത ...
മരണത്തെ വലിച്ചടുപ്പിക്കാന്‍ ...
തോന്നിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു....
മനസ്സിനുള്ളിലെ എല്ലാ പാട്ടുകളും..
നിലച്ചിരിക്കുന്നു...
അറിയാത്ത വാക്കുകള്‍ തിക്കിത്തിരക്കി വരുന്നു..
നീ ശപിക്കപ്പെട്ടവള്‍ എന്ന് വിധിക്കുന്നു...
പെയ്തൊഴിയാ മഴയായി...
ഒരു ജന്മം വിലപിക്കുന്നു...
മരണത്തിനോട്‌.... അപേക്ഷിക്കുന്നു...
വരൂ.....എന്നെ ചേര്‍ത്ത് പിടിക്കു...
നിന്‍റെ കൈകളുടെ തണുപ്പിനെ ഞാന്‍
പ്രണയിക്കുന്നു...
നിന്‍റെ മടിയിലെനിക്ക്....
സുഖ ശീതളമായ ശയ്യ ഒരുക്കിയിട്ട്...
എന്നെ ക്ഷണിക്കു....
എന്‍റെ ശ്വാസം ഉറങ്ങിപ്പോയ
നിന്‍റെ നെഞ്ചിലേക്ക് ചാഞ്ഞു മയങ്ങാന്‍...
നിന്‍റെ വധുവാകാന്‍...
നിന്‍ മധുരത്തിലലിഞ്ഞു തീരാന്‍...