"മഴ മോഹങ്ങള്‍..."

Wednesday, July 2, 2014

ഇനിയെന്തു പാടും ഞാൻ....

ഇനിയെന്തു പാടും ഞാൻ പ്രിയ സഖീ
വക്കൊടിഞ്ഞ വാക്കുകൾ കൊണ്ടു തീർത്ത
നഷ്ട പ്രണയ പ്രകീർത്തനമാകിലോ
നിന്നിൽ ചേരാതെ പോയൊരെൻ
നഷ്ട സ്വപ്നത്തിൻ സ്മൃതികളാകിലോ

ഓർമ്മകൾ..
വിരൽ തുമ്പുകൾ ചുംബിക്കും
പരൽ മീൻ കൂട്ടങ്ങളെ പോലെ
ക്ഷണികമായെങ്കിലും എൻ ദേഹവും ദേഹിയും
നിന്നുടെ സുഖദമാമോർമ്മതൻ ചുംബന-
ലഹരിയിലലിഞ്ഞു പാടുന്നു..

ഇന്നു ഞാൻ..
പടിഞ്ഞാറേ മാനത്തുദിച്ച
ഒറ്റ നക്ഷത്രം പോലെ
നിൻ മടിത്തട്ടിലെക്കടർന്നു വീഴുവാൻ
നിൻ അംഗുലീ സ്പർശമേറ്റു തളർന്നുറങ്ങാൻ
ഓർമ്മകളെ കൂട്ടിരുത്തി പാടുന്നു..

ഇനിയെന്തു പാടും ഞാൻ പ്രിയ സഖീ
വക്കൊടിഞ്ഞ വാക്കുകൾ കൊണ്ടു തീർത്ത
നഷ്ട പ്രണയ പ്രകീർത്തനമാകിലോ
നിന്നിൽ ചേരാതെ പോയൊരെൻ
നഷ്ട സ്വപ്നത്തിൻ സ്മൃതികളാകിലോ

Sunday, August 18, 2013

മഴ-മോഹങ്ങൾ മറന്നുറങ്ങുന്നു.


ഇലത്തുമ്പിലിരുന്നപ്പോൾ
വൈഡൂര്യമായിരുന്നു അവൾ
കാറ്റതറിയാതെ തട്ടിത്തൂവിയപ്പോൾ
മണ്ണോടുചേർന്നു വെറുമൊരു മഴത്തുള്ളിയായ്
ഉള്ളിലൊളിപ്പിച്ച മഴവിൽ ചന്തം പൊലിഞ്ഞതും
പളുങ്കുമേനി പൊട്ടിച്ചിതറി തെറിച്ചതും
കാറ്ററിഞ്ഞില്ല, കാട്ടുചെടികളുമറിഞ്ഞില്ല
മേഘങ്ങൾ തമ്മിൽ പുണർന്നപ്പോൾ  
ചരടറ്റുപോയ മുക്താവലിയിൽ നിന്നും
മണ്ണിലേക്കു വന്ന മുത്തിന്..
മണ്ണിന്റെ ഹൃദയത്തിലാണ് സാന്ത്വനം
മഴ ; മോഹങ്ങൾ മറന്നുറങ്ങുന്നു........
മഴമോഹങ്ങൾ മറന്നുറങ്ങുന്നു. 

Photo Courtesy: Iris Photography (www.facebook.com/pages/Iris-Photography/137702179736093)

Friday, January 11, 2013

കടിഞ്ഞൂല്‍


തൊണ്ടയറ്റം വന്നൊരു കിതപ്പ്..
കഴുത്തിനെ ഇറുക്കി ശ്വാസംമുട്ടിക്കുംപോലെ..
പിന്നെ ഉദരത്തില്‍ നിന്നുമൊരു തീനാളം-
നെഞ്ചിന്‍ കൂടോളം വന്ന് ഒരു ആളല്‍..
ബോധാബോധങ്ങളില്‍ സദാപിന്‍തുടരുന്ന-
ഉറക്കം തുലയ്ക്കുന്ന അസ്വസ്ഥത.
തിരിഞ്ഞും, മറിഞ്ഞും,തലയിണ പിച്ചിക്കീറിയും-
ഉള്ളുരുക്കത്തിന്റെ  ചുടുനിശ്വാസങ്ങള്‍...
ഉറക്കം പടിവാതിലില്‍ പോലും വന്നുനോക്കാത്ത-
സുദീര്‍ഘരാത്രികളിലെ  കരള്‍കലക്കങ്ങള്‍...
പേര്‍ത്തും , പേര്‍ത്തും ദിനരാത്രങ്ങളില്‍-
ഉള്ളിലിട്ട് ഊതിക്കാച്ചിയെടുത്ത പൊന്ന്..
നേര്‍ത്ത ഹൃദയമിടിപ്പിന്‍ അകമ്പടിയോടെ-
വെളുത്ത പ്രതലത്തിലേക്ക്  ഛര്‍ദ്ദിച്ചിട്ടപ്പോള്‍...
ഒരു പേറ്റുനോവിന്റെ സുഖദ നിര്‍വൃതിയില്‍-
മനസ്സ് പിടഞ്ഞുണര്‍ന്ന നിമിഷങ്ങള്‍...
ഇതെന്റെ കടിഞ്ഞൂല്‍ കവിത....!!!
മനസ്സാം ഗര്‍ഭപാത്രത്തിന്റെ ലോലഭിത്തികളില്‍-
പറ്റിപ്പിടിച്ചു പതിയെ വളര്‍ന്ന ഭ്രൂണം...
ചിന്തകളും, പ്രതീക്ഷകളും, സ്വപ്നങ്ങളും, പ്രതിഷേധവും-
പിന്നെ ചിലപ്പോള്‍ കണ്ണുനീരിന്റെ തിരിച്ചറിവുകളും ഊട്ടി-
മനസ്സിന്റെ പേറ്റുനോവില്‍ പിടഞ്ഞ വിരലുകള്‍ പെറ്റിട്ട കവിത..
ഒരു പിടിയക്ഷരങ്ങള്‍ ആദ്യമൊരു വാക്കായ് -
പിന്നെപ്പിന്നെ വരികളായ് ; നാനാ അര്‍ത്ഥങ്ങളായ് 
എന്റെ കടിഞ്ഞൂല്‍ കവിത..............

( ഓരോ സൃഷ്ട്ടിക്കു പിന്നിലും ഉള്ള  പേറ്റുനോവ് അനുഭവിച്ചറിഞ്ഞ എല്ലാ എഴുത്തുകാര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു..)

Thursday, December 13, 2012

എന്റെ മാനസപുത്രിക്ക്...



നീയെനിക്കൊരാണ്‍  കുഞ്ഞിനെ തരിക.
എന്റെ ചിതയിലൊരു കൊള്ളി വെക്കാന്‍-
എനിക്ക് വായ്ക്കരിയിടാന്‍-
പിന്നെ എന്റെ തലമുറയെ ജനിപ്പിക്കാന്‍.
ഒട്ടിക്കിടന്ന വയറില്‍ തെല്ലൊന്നുമ്മവെച്ചും-
കണ്ണില്‍ പ്രണയത്തിന്റെ തീ നിറച്ചും-
അവനെന്റെ കണ്ണുകളിലേക്ക്-
അവന്റെ ആശയറിയിച്ചു.
എപ്പോഴോ മനസ്സില്‍ കാത്തുവെച്ച-
കുഞ്ഞു പാദസരത്തിന്റെ കൊഞ്ചല്‍-
പിന്നെ വന്നെന്റെ ഓര്‍മ്മയെ പൊള്ളിക്കവേ-
ഒരു പെണ്‍കുഞ്ഞിനായി ഞാന്‍ കൈ നീട്ടി..
കത്തുന്ന കണ്ണോടെ നീ എന്തിനെന്റെ-
കുഞ്ഞു സ്വപ്നത്തിന്റെ കഴുത്തു ഞെരിക്കുന്നു..?
അരുതരുത്‌ നീ ആശിക്ക വേണ്ടതെന്ന് 
സ്വരമിന്നുയര്‍ത്തി കയര്‍ക്കുന്നു ?
ഓര്‍മ്മയില്‍ ഒരു കുഞ്ഞുടുപ്പിന്റെ ഞൊറികളില്‍-
വെറുതെ തെരുപ്പിടിച്ചിരുന്നു ഞാനും.
കനവില്‍ ഞാനാശിച്ച കനക ചിലമ്പുകള്‍-
കെട്ടിയാടാന്‍ വരാത്ത കുഞ്ഞു പാദങ്ങളും.
കുഞ്ഞു കണ്‍കോണില്‍ വാലിട്ടെഴുതുവാന്‍-
സ്നേഹക്കണ്മഷി ചാലിച്ചിരുന്നെന്നാലും-
എന്തിനെന്‍ കുഞ്ഞേ എന്റെ ഓര്‍മ്മയില്‍-
മാത്രമെന്‍ മകളായി നീ...
നിന്റെ നോട്ടവും , പരിഭവവും, ചിണുക്കങ്ങളും-
കാണാതെ അറിയുന്നീ അമ്മ 
എന്റെ മനസ്സിന്റെ ഗര്‍ഭപാത്രത്തില്‍-
പിറക്കുവാന്‍ അനുമതിയില്ലാതെ നീയും...
മടിയിലിരുത്തി ഊട്ടുവാന്‍-
കുഞ്ഞിക്കൈ പിടിച്ചു നടത്തുവാന്‍-
ആട്ടവും, പാട്ടും പഠിപ്പിക്കുവാന്‍-
എന്നേ നിനച്ചതാണമ്മ..
നീളന്‍ ചുരുള്‍ മുടി രണ്ടായ് മെടഞ്ഞിട്ടു-
നീണ്ട നെറ്റിയിലൊരു പൊട്ടുകുത്തിത്തരാന്‍..
ചന്തം തികഞ്ഞോരെന്‍ പോന്നോമനയ്ക്ക്-
കണ്ണുപെടാതിരിപ്പാനൊരു കവിള്‍ പൊട്ടും 
ഓര്‍മ്മയിലൂട്ടി എന്‍ മകളെ നിനക്കു ഞാന്‍ 
കണ്ണീര്‍ നിറഞ്ഞോരെന്‍ സ്നേഹം 
ദീര്‍ഘ ചുംബനം കൊണ്ടു പൊട്ടുവച്ചെന്റെ-
ഇനിയും പിറക്കാ പെണ്മണിയ്ക്കായ് 
ജീവിതവഴികളില്‍ ജയിച്ചു വന്നെന്നാലും-
ഭീതിയാണിന്നെനിക്കെന്‍  മകളെ-
നീയീ മണ്ണില്‍ പിറന്നു വീഴും മുന്നെ-
നിന്റെ ജീവന്‍ പറിച്ചെറിയേണ്ടി വന്നാലോ 
ഉള്ളിളിരുന്നായിരം വട്ടം നീ-
എന്തമ്മേ കരയുന്നു എന്ന് ചോദിപ്പുവോ ?
 നിന്നെയോര്‍ത്തമ്മ കരഞ്ഞോട്ടെ-
എങ്കിലും നിന്നച്ഛന്നു സന്താപമേകാ..
പെണ്ണായ് പിറന്നു ഞാനെന്തിന് 
ഒരു പെണ്‍കുഞ്ഞിനു ജന്മംകൊടുക്കാനാവാതെ..?
ആ ഇളം പുഞ്ചിരി കാണാനാവാതെ -
അറിയുന്നു ഇതെന്റെ  നിരര്‍ഥകമായ ജന്മം...

Wednesday, February 22, 2012

പാഥേയം




മെല്ലെ തുറന്ന കുഞ്ഞു വായിലേക്ക്-
അമൃതമിറ്റിച്ചു തന്ന-
അമ്മ എന്ന മുഖത്തിന്
അവന്‍ ആദ്യമായി കൊടുത്തു ഒരു ഭാഗം...
വെയില്‍  പൊള്ളിച്ച  നടവഴിയില്‍ നിന്നും-
തോളിലെടുത്തു നടന്ന
അച്ഛന്‍ എന്ന കരുതലിന് അവന്‍ കൊടുത്തു-
പിന്നേയുമൊരുഭാഗം
മഴപ്പെയ്ത്തില്‍  ചാലുകള്‍ വീണ-
നാട്ടുവഴിയില്‍ ഇടം കയ്യില്‍-
ഇറുകെ പിടിച്ച സ്നേഹിതന്‍ എന്ന-
ഇളം ചൂടിനും അവന്‍ കൊടുത്തു ഒരു ഭാഗം
തുറന്നു പിടിച്ച പുസ്തക താളിലേക്ക്  -
ആകാശക്കീറുകാണിക്കാതെ  -
പീലിത്തുണ്ട്  ഒളിപ്പിച്ചു തന്ന-
കൂട്ടുകാരിക്കും കൊടുത്തു ഒരു ഭാഗം..
വളരുന്ന വര്‍ഷങ്ങളോടൊപ്പം
ചിന്തകളും ആശയങ്ങളും വളര്‍ന്നതോടൊപ്പം-
വളരുന്ന സ്വപ്നങ്ങള്‍ക്കും കൊടുത്തു-
മോഹങ്ങള്‍ക്ക് വിളനിലമാകാന്‍ ഒരു ഭാഗം.
അഗ്നി സാക്ഷിയായി
വലതു കരം പിടിച്ചു കൂടെ വന്ന പെണ്ണിന്-
 നിറുകില്‍ മുകര്‍ന്നു കൊണ്ട് നല്‍കി-
 ഒരു വലിയ ഭാഗം.

ജീവാംശമായി പിറന്നു വീണ  -
മക്കളെന്ന  പ്രതീക്ഷയ്ക്കും  -
ശിഷ്ട്ട  ഭാഗം മുഴുവനായി -
പിതൃത്വത്തിന്റെ  അഹങ്കാരമായി കൊടുത്തു.. 

പിന്നെയും വളര്‍ന്ന വര്‍ഷങ്ങളില്‍ -
വളര്‍ന്ന മക്കളോടായി 
തനിക്കുള്ള ഭാഗത്തിനായി-
അവന്‍ കൈനീട്ടി..

കഥയറിയാത്ത പോല്‍  മക്കള്‍-
കൈ മലര്‍ത്തി..
പിന്നെ പിന്നെ 
തിരക്കുകളിലേക്കവര്‍  ഊളിയിട്ടു 

പിന്നീടെപ്പോഴോ 
മകന്റെ കൈത്താങ്ങില്‍-
വിരുന്നുകാരനായെത്തിയീ- 
വഴിയമ്പലത്തില്‍-

കണ്ടു പണ്ടെങ്ങോ കണ്ടു മറന്ന മുഖം പോല്‍-
പണ്ടു കേട്ടു മറന്ന സ്വരം പോല്‍-
ഇടതു കൈത്തണ്ടയില്‍ ഇളം ചൂടായി-
തിരിച്ചേല്‍പ്പിച്ചു സ്നേഹിതന്‍-
പണ്ടെന്നോ താന്‍ കൊടുത്ത ഭാഗം..

ഭാഗിച്ചു  കൊടുത്ത തും-
ബാക്കി വന്നതും-
തിരിച്ചു കിട്ടിയതും കുറിച്ചിടാത്ത-
തന്റെ  കണക്കു പുസ്തകത്തില്‍-

വീതിച്ചു  കൊടുത്ത പാഥേയമെന്നപോല്‍       -
പലര്‍ക്കായി ഭാഗിച്ചു  കൊടുത്ത മനസ്സിനെ-
കൂട്ടിയും കുറച്ചും നോക്കുവാന്‍-
പിന്നെയും-
വര്‍ഷങ്ങള്‍ വളര്‍ന്നു കൊണ്ടേ ഇരിക്കുന്നു...