"മഴ മോഹങ്ങള്‍..."

Thursday, November 25, 2010

എനിക്ക് സ്നേഹം തോന്നാറുണ്ട് ..

എനിക്ക് സ്നേഹം തോന്നാറുണ്ട് ...
ചിലപ്പോള്‍ എന്‍റെ മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകള്‍...
നിന്‍റെ വിരലുകള്‍ ഒതുക്കി വക്കുന്നു എന്ന് തോന്നുമ്പോള്‍...
മറ്റു ചിലപ്പോള്‍.... 
നീ പിന്നിട്ട മണല്തിട്ടിലെ കാല്‍പാടുകളില്‍ കാലമര്‍ത്തി  
ഞാന്‍ പുറകെ നടക്കുമ്പോള്‍...
പിന്നെയും ചിലപ്പോള്‍ ...
ഈറന്‍  മാറാത്ത  നെറ്റിയില്‍  നീ  
അധരത്തിനാല്‍ പൊട്ടു വക്കുന്നു എന്ന് തോന്നുമ്പോള്‍ ....
പിന്നെയും ചിലപ്പോള്‍... 
നീ കടിച്ച നെല്ലിക്കാ ഒന്നിനെ-
പതിയെ ഞാന്‍ ചുണ്ടോടു ചേര്‍ക്കുമ്പോള്‍
ഇതളടര്‍ന്നു പോകാതെ ഒരു മന്ദാര പുഷ്പത്തെ -
നീ എന്‍റെ മുടിയില്‍ തിരുകുന്നു എന്ന് തോന്നുമ്പോള്‍ ...
വെള്ളം ഇറ്റുന്ന മുടിയിഴകളെ വകഞ്ഞു മാറ്റി-
കാറ്റ് തഴുകുന്ന പോലെ-
എന്‍റെ കവിളില്‍ നീ മുഖം അമര്‍ത്തുമ്പോള്‍..
സ്വയം  മറന്നു  ചിരിച്ച  പാദസരങ്ങളെ -
നീ ചുംബിച്ചു  നിശ്ശബ്ദമാക്കുന്നു എന്നറിയുമ്പോള്‍...
പിന്നെ 
ഒരു സ്വപ്നത്തില്‍ നിന്നെന്നപോലെ ഞാന്‍ ഉണരുമ്പോള്‍-
നീ കണ്ട സ്വപ്‌നങ്ങള്‍ എല്ലാം നമുക്ക്-
അടുത്ത ജന്മത്തിലേക്കു മാറ്റി വക്കാം എന്ന്-
പതിയെ പതിയെ നീ പറയുമ്പോള്‍...
അപ്പോഴെല്ലാം... കഴിഞ്ഞു പോയ ഓരോ നിമിഷങ്ങളിലും-
എനിക്ക് സ്നേഹം തോന്നാറുണ്ട്.
എന്തിനെന്നറിയാതെ എന്നെ ഒരുപാട് സ്നേഹിക്കുന്ന നിന്നോട്-
പിന്നെ നീ ഒരുപാട് സ്നേഹിക്കുന്ന എന്നോട്-
നമ്മള്‍ കണ്ട സ്വപ്നങ്ങളോട്‌-
ഇനിയും വരാന്‍ പോകുന്ന ജന്മങ്ങളോട്... 

Tuesday, November 23, 2010

പൊയ്മുഖം. .

പകല്‍ കഴിയുവോളം അവള്‍-
ഉലയിലൂതി പഴുപ്പിച്ചു കൊണ്ടിരുന്നു.
അവനരികെ വരുമ്പോള്‍ മുഖം തിരിക്കാന്‍-
അവന്റെത്‌ മാത്രമാകണമെന്നു-
അവളാഗ്രഹിച്ച മനസ്സ്.

അസ്തമന സൂര്യന്റെ ചിറകുകള്‍ക്ക് താഴെ
ഇരുട്ടിന്റെ മറവില്‍ സ്നേഹം പുരട്ടിയ-
ചിരിയുടെ കോണില്‍ ഒളിപ്പിച്ചു വെച്ച-
ദാഹത്തിന്റെ ദംഷ്ട്രകളുമായി
അവന്‍ അന്നും വന്നു.

അഴിഞ്ഞുലഞ്ഞ മുടിയില്‍-
അവന്‍ ചൂടിച്ച മുല്ലപ്പൂക്കള്‍ക്ക്-
കരിഞ്ഞ ശവങ്ങളുടെ മടുപ്പിക്കുന്ന-
ഗന്ധമാണ് എന്നത് പലപ്പോഴായി-
അവള്‍ അറിഞ്ഞു കൊണ്ടേ ഇരുന്നു.
മറുത്തൊന്നും പറയാതെ-
അവന്റെ ശ്വാസതാളങ്ങളില്‍-
വാടിപ്പോയ മുഷിഞ്ഞ നിശാഗന്ധികളായി-
മയങ്ങിക്കിടന്നു അവളുടെ കണ്ണുകള്‍.

അവളുടെ കണ്ണുകളില്‍
പഴയപോലെ സൂര്യനുദിക്കുന്നില്ല എന്ന്-
അവന്‍ പഴിച്ചു കൊണ്ടിരുന്നു.
അവന്‍ കെടുത്തിയിട്ട സൂര്യ വെളിച്ചത്തിനെ-
ഓര്‍ത്തിട്ട്  ഒരിക്കലും അവള്‍-
ഉള്ളു പൊള്ളിച്ചില്ല.

വെറുപ്പിന്റെ അവസാന കണം-
ചുണ്ടില്‍ ഒളിപ്പിച്ചു വച്ചിട്ട്-
അവന്‍ അവളില്‍ ഇനിയും ഉദിക്കാത്ത സൂര്യന്റെ-
കനലുകള്‍ തിരഞ്ഞു കൊണ്ടിരുന്നു.
ഇളം ചൂടുള്ള മേനിക്കൊഴുപ്പിന്റെ ഉള്ളില്‍-
തുടിക്കുന്ന ഹൃദയമുണ്ടെന്നത്-
അവന്‍ സൌകര്യ പൂര്‍വ്വം മറന്നു.

കടല്‍ പലപ്പോഴായി കടമെടുത്ത-
തന്റെ കണ്ണുനീരിനെ അവള്‍ ശപിച്ചു.
ഒരിക്കലെങ്കിലും ഒന്ന് കരയാന്‍-
മടുപ്പിക്കുന്ന ശവം നാറിപ്പൂക്കളെക്കാള്‍
ഒരു മഞ്ഞു തുള്ളിയുടെ വിശുദ്ധി മതി-
തനിക്കെന്നു ഉറക്കെ പറയാന്‍-

പതിവ് പോലെ കൈക്കുള്ളില്‍ ഒതുക്കിയ -
മുല്ലപ്പൂക്കളുമായി  അവന്‍ പടികേറി വന്നപ്പോള്‍-
ഒറ്റവാതിലുള്ള വീടിന്റെ കഴുക്കോലില്‍-
വാടിയ മുല്ലമാല പോലെ അവള്‍ തൂങ്ങിക്കിടന്നു.

തിരിച്ചിറങ്ങുമ്പോള്‍ അവന്റെ കണ്ണുകളില്‍-
കനല്‍ തേടുന്ന ദുരയുണ്ടായിരുന്നു.
കരിവളകള്‍ ചിരിച്ചു കൊണ്ടേ ഇരിക്കുന്ന-
കൈക്കുള്ളിലേക്ക് മുല്ലപ്പൂക്കളെ വച്ച് കൊടുക്കുമ്പോള്‍-
അവന്റെ കണ്ണില്‍ കനലുകള്‍ കത്തി-
ഇരയെ കാണുന്ന ചിലന്തിയെപ്പോലെ
അവന്‍ നേര്‍ത്ത വലക്കണ്ണികള്‍ കൊണ്ടു-
കുട്ടിത്തം മാറാത്ത കണ്ണുകളില്‍-
പുതിയ സൂര്യോടയങ്ങള്‍ക്ക്
ഇടം തേടിക്കൊണ്ടേ  ഇരുന്നു..

Sunday, November 21, 2010

കുപ്പി വളകള്‍..


കുപ്പി വളകള്‍...
പല നിറങ്ങളില്‍ ചിരിക്കുന്നു, കരയുന്നു-
കുപ്പിവളകള്‍...
പച്ചയും, നീലയും, ചോപ്പും-
പിന്നെയും നൂറായിരം വര്‍ണ്ണങ്ങളില്‍..

കുപ്പി വളകള്‍ സദാ ചിലച്ചു കൊണ്ടിരുന്നു-
പറഞ്ഞും പറഞ്ഞും തീരാത്ത വിശേഷങ്ങള്‍...
പറഞ്ഞ്‌ തീര്‍ക്കുന്ന സുഹൃത്തുക്കളെ പോലെ..

പിന്നെ പിന്നെ.പറഞ്ഞ്‌ തീരാതൊരുനാള്‍
ഒരു ചിരിയുടെ..അല്ലെങ്കില്‍ പൊട്ടിക്കരച്ചിലിന്റെ
മൂര്‍ ധന്ന്യത്തില്‍ ഉടഞ്ഞു പോയ കുപ്പിവളകള്‍...
തകര്‍ന്നു പോയ സൌഹൃദങ്ങളെ-
അനുസ്മരിച്ചു കൊണ്ടിരുന്നു..

ഉടഞ്ഞതെങ്കിലും  കുപ്പിവളകള്‍-
മോഹിപ്പിച്ചു കൊണ്ടിരുന്നു-
നേര്‍ത്ത വെള്ളി വെയിലേറ്റു തിളങ്ങുന്ന-
വളപ്പൊട്ടുകളായി..
സൌഹൃദത്തിന്റെ മറക്കാത്ത ഓര്‍മ്മകളെപ്പോലെ..

Thursday, November 18, 2010

കള്ളന്‍

ഇരുട്ടിന്റെ മറവില്‍ പതുങ്ങിയെത്തുമത്രേ കള്ളന്‍...
മുഖത്തും ദേഹത്തും കരിവാരി പൂശി-
എണ്ണ മിനുപ്പില്‍ തിളങ്ങുന്ന ദേഹത്ത്-
ഉണങ്ങി തുടങ്ങിയ മുറിപ്പാടുകളും-
കറുത്ത് വീതിയേറിയ നെറ്റിയിലും, മുഖത്തും-
വസൂരിക്കലകളും ...
മുത്തശ്ശി കഥകളില്‍ പറഞ്ഞ്‌ കേട്ട
കള്ളന്‍ അങ്ങനെ ആയിരുന്നു.


പക്ഷെ-
ആള്‍ തിരക്കില്‍ അപഹരിക്കപ്പെട്ട
പേഴ്സ് തിരഞ്ഞ യാത്രികന്റെ കണ്‍ വെട്ടത്ത്-
അങ്ങനെ ഒരാള്‍ ഇല്ലായിരുന്നു.


പിന്നെ ഒരു പുലര്‍വേളയില്‍-
അഭിഷേക ജലം നിറച്ച പാത്രം-
അന്ധാളിപ്പില്‍ താഴെയിട്ട് അലറിക്കരഞ്ഞ പോറ്റിയുടെ-
കണ്മുന്നില്‍ തെളിഞ്ഞ ഇരുട്ടില്‍-
കരുണാമയന്റെ തങ്ക വിഗ്രഹം ഇല്ലായിരുന്നു.
അന്വേഷണങ്ങള്‍ക്കൊടുവില്‍ കുനിഞ്ഞ ശിരസ്സുമായി-
നിന്ന അഭ്യസ്ഥവിദ്യനായ ചെറുപ്പക്കാരനും-
കള്ളന്റെ അലങ്കാരങ്ങള്‍ ഒന്നും ഇല്ലായിരുന്നു.


കല്യാണ രാത്രിയില്‍ ഉറങ്ങിക്കിടക്കുന്ന പ്രിയതമയെ-
ഉണര്‍ത്താതെ  നടന്നു മറഞ്ഞ പുതുമണവാളന്‍-
കയ്യിലെടുക്കാന്‍ മറന്നില്ല പൊന്നും, പണവും.
അയാള്‍ക്ക്‌ ചിരിക്കുന്ന ഓമനത്തമുള്ള  മുഖമായിരുന്നെന്നു-
പിറ്റേന്ന് അലമുറയിട്ടു പുതുപെണ്ണ് 
കള്ളന്‍ അവിടെയും പഴയ വേഷം മറന്നു..


മറവി വേഷത്തിനു മാത്രമാണെന്ന്-
ആശ്വസിക്കാം..(ആശ്വാസമോ..?
ഉം.. കള്ളനെ കണ്ട് പേടിക്കണ്ടല്ലോ)
കള്ളന്‍ ജോലി മറന്നില്ല-
അതും ഒരു ആശ്വാസം (കള്ളനു മാത്രം...) 

Friday, November 12, 2010

സ്വന്തം....


നിഴലും, നിലാവുമായിട്ടാണ് നമ്മള്‍ നടന്നത്-
സന്ധ്യ വീണുറങ്ങിയ നാട്ടു വഴികളില്‍..
മഞ്ഞു തണുപ്പിച്ച കൈകള്‍കൊണ്ട്
നീ എന്‍റെ കൈകള്‍ ഇറുക്കി പിടിച്ചിരുന്നു...

വിട്ടുകളഞ്ഞാല്‍ പോയ്പ്പോകുമെന്ന ഭയം പോലെ..
നിന്‍റെ കണ്ണുകളില്‍ കാമമായിരുന്നില്ല...
ഇരുളില്‍ പൊതിഞ്ഞു പിടിച്ച
കുഞ്ഞു മെഴുകുതിരി നാളം പോലെ
നീ എന്നെ പൊതിഞ്ഞു പിടിച്ചു..

എന്‍റെ നെറ്റിയില്‍ പതിഞ്ഞ നിന്‍റെ ചുണ്ടുകള്‍ക്ക്..
ഇളം ചൂടായിരുന്നു..
"ഒത്തിരി ഇഷ്ട്ടമാ നിന്നെ.." എന്ന് പറയുമ്പോള്‍-
നിന്‍റെ കണ്ണില്‍ കണ്ട അതേ സ്നേഹത്തിന്റെ ഊഷ്മളത..

എപ്പോഴൊക്കെയോ എവിടെവച്ചോ..,
എനിക്കും നിനക്കും കളഞ്ഞു കിട്ടിയ-
മാണിക്യം പോലെ ഒരു പ്രണയം..

നീ എന്‍റെ പ്രാണന്‍ ആണെന്ന്-
ഞാന്‍ പറയാതെ നീ അറിഞ്ഞതും..
"നീ എന്‍റെ പുണ്യം ആണെന്ന്..."
നീ എന്‍റെ കാതില്‍ പലവുരു പറഞ്ഞതും..;
ഞാന്‍ അറിയുകയായിരുന്നു നിന്‍റെ പ്രണയം..

ഇനി എങ്ങും പോകരുത്...
ഈ ജന്മവും, ഇനി വരും ജന്മങ്ങളും...
എന്‍റെ കൈകള്‍ക്ക് വിശ്രമിക്കാന്‍-
നിന്‍റെ ബലമേറിയ കൈത്തലം വേണം..
ഒരു ചെറു ചിരി കൊണ്ടു എന്‍റെ കണ്ണീരു തുടക്കുന്ന-
നിന്‍റെ മാന്ത്രികത വേണം...
പിന്നെ കരഞ്ഞു തളര്‍ന്നാല്‍ തല്പമാവാന്‍-
നിന്‍റെ ഹൃത്തടം എനിക്ക് സ്വന്തമാവണം

പിന്നെ നീ ഭയക്കുന്ന മരണം നമ്മെ-
വേര്‍പിരിക്കാതിരിക്കാന്‍..
ഒരേ തോണിയിലെ യാത്രികരായി നമ്മള്‍ക്ക്-
തുഴഞ്ഞു തുഴഞ്ഞു പോകണം..
എപ്പോഴും, എവിടെയും നിന്‍റെ കൂടെയില്ലേ ഞാന്‍..?
നിന്‍റെ നിഴലായി...
നിന്‍റെ ജീവശ്വാസമായി...
പിന്നെന്തിന് മരണം എന്ന കടംകഥ പറഞ്ഞു-
നീ എന്നെ പിന്തിരിപ്പിക്കുന്നു,,,?

ഒരു ചിപ്പിക്കുള്ളില്‍ ഒളിപ്പിച്ചു വെച്ച-
മുത്തു പോലെ നിന്‍റെ പ്രണയം എന്നെ ഭ്രമിപ്പിച്ചിരുന്നു..
ഇപ്പോള്‍ നീ എന്‍റെ സ്വന്തമല്ലേ...
മരണത്തിനു പോലും നിന്നെ അടര്‍ത്തിക്കളയാന്‍  ആവില്ല..
നിന്‍റെ പ്രണയം എന്‍റെ പ്രാണനില്‍ വിലയിച്ചിരിക്കുന്നു..
ഇനി എങ്ങും പോകരുത്...എങ്ങും...

Wednesday, November 10, 2010

നിലാവ്..

ഈറന്‍ നിലാവേ...നീ മാഞ്ഞതെന്തേ...
മഞ്ഞു പെയ്തൊരെന്‍  വീഥിയില്‍ നിന്നും...
മഞ്ഞ മന്ദാരങ്ങളെ തഴുകി ഉണര്‍ത്താതെ...
മഞ്ഞു തുള്ളികളില്‍ മധുരം വിളമ്പാതെ ...
പുലരും വരെ കാത്തു നില്‍ക്കാതെ...

കൈവിരല്‍ കൊണ്ടു ഞാന്‍ തൊട്ടുണര്‍ത്താം നിന്നെ.
എന്നുമെന്‍ കൂടെയുണ്ടാകുമെങ്കില്‍
എന്‍ പ്രിയ രാവുകള്‍  പൌര്‍ണമിയായെങ്കില്‍  
എന്നുമെന്‍ സ്വന്തമായ് മാറിയെങ്കില്‍...
നീ എന്നുമെന്‍ സ്വന്തമായ് മാറിയെങ്കില്‍... 

നിന്‍ നീലമേനിയില്‍ അടര്‍ന്നു വീഴാം ഞാന്‍
പൊന്‍ പാല പൂക്കും സൌരഭമായി...
കവിളില്‍ തൊട്ടു നീ കവിതകള്‍ പാടുമ്പോള്‍
കൈക്കുള്ളില്‍ കോരി എടുത്തേനെ
നിന്നെ കനവിലെടുത്തു വച്ചേനെ....

ഈറന്‍ നിലാവേ...നീ മാഞ്ഞതെന്തേ...
മഞ്ഞു പെയ്തൊരെന്‍ വീഥിയില്‍ നിന്നും...
മഞ്ഞ മന്ദാരങ്ങളെ തഴുകി ഉണര്‍ത്താതെ...
മഞ്ഞു തുള്ളികളില്‍ മധുരം വിളമ്പാതെ ...
പുലരും വരെ കാത്തു നില്‍ക്കാതെ...

Friday, October 29, 2010

ഈ മഴ തോരുകയെ ഇല്ല.....

എന്‍റെ മനസ്സിനകത്തേക്ക്-
നീ ചുഴിഞ്ഞിറങ്ങരുത്
ഇരുട്ടും... പുകവലയങ്ങളും...
പിന്നെ ഇരുട്ട് പിളര്‍ന്നു വരുന്ന
കടവാവലുകളും....മാത്രമുള്ള-
ചുക്കിലി പിടിച്ച; കറുത്ത മതിലുകള്‍-
ഉയര്‍ത്തിക്കെട്ടിയ
കറുത്ത ആകാശ ചീള് പോലും-
എത്തി നോക്കാത്ത-
എന്‍റെ മനസ്സിനകത്തേക്ക്...
നീ ചുഴിഞ്ഞിറങ്ങരുത്

പ്രണയം നീ ചോദിക്കുമ്പോള്‍-
എടുത്തു നീട്ടാന്‍ ചുവന്ന പനീര്‍പൂക്കളോ,
നിനക്കു നനയാനുള്ള മഴയാകാനുള്ള-
സ്നേഹമോ, എന്‍റെ മനസ്സിലില്ല...

ഒരു ചുണ്ടില്‍ എരിഞ്ഞു തീരുന്ന അഗ്നി കണക്കെ-
നീറ്റി നീറ്റി എന്‍റെ മനസ്സ് എനിക്ക് പോലും-
വേണ്ടാതായിരിക്കുന്നു.

ഒച്ചുകളെപ്പോലെ ഇഴഞ്ഞു കൊണ്ട്-
നഷ്ട്ട സ്വപ്‌നങ്ങള്‍ കറുത്ത ചുവരില്‍-
കണ്ണീരിന്റെ നനവുള്ള പടം വരയ്ക്കുന്നു.

കാറ്റ് പിടിച്ചുലക്കുന്ന ചിന്തകളില്‍-
തൂവി തെറിച്ചു പോയ സിന്ദൂരത്തെ ഓര്‍ത്തു-
പിന്നെയും പിന്നെയും ആരോ കരഞ്ഞു..
കരഞ്ഞു കരഞ്ഞു ഒടുവില്‍ ആ കരച്ചില്‍-
മഴയുടെ തുടക്കങ്ങളായി.

മഴയെന്നാല്‍....
നിന്നെ കുളിരു കൊണ്ട് പൊതിയുന്ന-
സൂചി മഴയല്ല...
നനയാതെ നനയിക്കുന്ന-
ചാറ്റല്‍ മഴയല്ല...
എല്ലാം ഒഴുക്കി കളയുന്ന-
പാപനാശിനി കണക്കെ-
കൂലം കുത്തിയൊഴുകി മനസിന്റെ-
പടിക്കെട്ടുകള്‍ക്കും അപ്പുറത്തേക്ക്-
എന്നെ കൊണ്ട് ചെന്നെത്തിക്കുന്ന മഴ...
ഈ മഴ തോരുകയെ ഇല്ല-
കാരണം എന്നെ ഒഴുക്കി കൊണ്ട് പോകാന്‍-
ഇനിയും ഉറക്കെ പെയ്തെ മതിയാകൂ...

Sunday, October 24, 2010

"പൂ വിരിയുന്നത് പോലെ ഒരു പ്രണയം.."

നിന്‍റെ നനുത്ത ചുണ്ടുകള്‍..
എന്‍റെ കണ്‍പോളകളെ  തഴുകുമ്പോള്‍..
കൂമ്പിയടഞ്ഞു പോകുന്നത്...
താമരപ്പൂക്കള്‍ ആണെന്ന് നീ കളിപറഞ്ഞു...

ആ നിമിഷത്തില്‍ ഒക്കെയും..
ഒരു കടലോളം ചുവന്ന പനിനീര്‍ പൂക്കള്‍..
എന്‍റെ പ്രാണനില്‍ വിരിയുകയായിരുന്നു..
എന്‍റെ ഹൃദയ രക്തത്താല്‍...
നിന്‍റെ പേര്‌ ഓരോ ഇതളിലും കുറിച്ചിട്ട-
പ്രണയം മണക്കുന്ന പനിനീര്‍ പൂക്കള്‍...

നിന്‍റെ പ്രണയം ഓരോ പൂമൊട്ടിലും വിരുന്നു വന്നതും..
ഓരോ ദലങ്ങളും നിന്നെ മാത്രം നിനച്ചിരുന്നതും..
അറിഞ്ഞും അറിയാതെയും നീ എന്നെ കരയിക്കുന്നു..
പിന്നെ കളിയായി കവിളില്‍ തലോടുന്നു...

"നീ എന്റേത് മാത്രമാണ്.. "
പനിച്ചൂടില്‍ വിറയാര്‍ന്ന ചുണ്ടുകള്‍ കാതില്‍ പകര്‍ന്നത്..
എനിക്ക് പ്രിയമായ വാക്കുകള്‍..
ഒരിക്കലും വിട്ടുപിരിയില്ലെന്നു ഒരു രാത്രിയില്‍-
എന്‍റെ വിരലുകളില്‍ ഉമ്മവച്ചു കൊണ്ട് നീ മെല്ലെ പറഞ്ഞു...
പെയ്തൊഴിയാതെ പ്രണയം ഓരോ പനീര്‍പൂവിലും-
വസന്തമായി വിരുന്നു വന്നു..

ഒടുവില്‍ എന്‍റെ പ്രണയം എന്റേത് മാത്രമായിരിക്കുന്നു..
നീ എന്നെ പ്രണയിക്കുന്നു എന്നത്-
ഈ പകല്‍ പോലെ സത്യം...
ഇനിയത്തെ പകലുകള്‍ എനിക്ക് മാത്രമാണ്...
നിന്നെ പ്രണയിച്ചു തീര്‍ക്കുവാന്‍ മാത്രം..

"പൂ വിരിയുന്നത് പോലെ ഒരു പ്രണയം.."
എന്‍റെ പ്രാണനാണ്‌ നീ എന്ന സത്യം..
നീ അറിയാന്‍ തുടങ്ങിയത് മുതല്‍..
ഒരു നീലാകാശം മുഴുവന്‍ പൂത്തിറങ്ങുകയാണ്..
നിനക്കു വേണ്ടി മാത്രം...
നീ എന്റേതാകുന്ന നാളെകള്‍ക്കു വേണ്ടി മാത്രം...

Monday, October 18, 2010

മറയുകയാണോ നീ...

മറയുകയാണോ നീ....
അകലുകയാണോ നീ.....
ഇരുളില്‍ മുങ്ങിയ സന്ധ്യതന്‍-
സിന്ദൂരപ്പൊട്ടിന്റെ  കഥയിതു കേള്‍ക്കാതെ-
മറയുകയാണോ നീ....

ഈറന്‍ മേഘമായ് നിറുകില്‍ തഴുകി-
ശോകം; മൂകം നീ നില്‍ക്കെ........
പറയാന്‍ കൊതിച്ചതും, പറയാതെ പോയതും-
മറക്കുവാനാവില്ലയെന്നോ...?
എന്നും മറക്കുവാനാവില്ല എന്നോ...?

 മറയുകയാണോ നീ...
അകലുകയാണോ നീ...

ഇന്നെന്‍ വീഥിയില്‍ ഉറയുന്നു മഞ്ഞായ്‌-
പ്രണയം.. പതിയെ..പതിയെ...
അകലുവാനാവാതെ അകലുന്നു നാമിന്നു-
അടുക്കുവാനാവില്ലയെന്നോ...?
എന്നും... അടുക്കുവാനാവില്ലയെന്നോ...?

മറയുകയാണോ നീ...
അകലുകയാണോ നീ...
ഇരുളില്‍ മുങ്ങിയ സന്ധ്യതന്‍-
സിന്ദൂരപ്പൊട്ടിന്റെ കഥയിതു കേള്‍ക്കാതെ-
മറയുകയാണോ നീ....?

nisha's.amr  (ഈ കവിത കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

Friday, September 10, 2010

ഏഴിലം പാല-2

തുടരുന്നു...

           അകന്നു പോകുന്ന കൊലുസ്സിന്റെ ശബ്ദം... യക്ഷിക്കാവില്‍ നിന്നും വീശിയടിച്ച ഇളം കാറ്റില്‍ മെല്ലെ പറന്ന നേരിയതിന്റെ തുമ്പ്... അത്രയുമേ നന്ദുവിനു കാണാന്‍ ആയുള്ളൂ...  ഓടി അടുത്ത് വന്നപ്പോഴേക്കും  അകന്നു പോയിക്കഴിഞ്ഞിരുന്നു അവള്‍...  പാലച്ചുവട്ടില്‍ നിന്നും ഇടത്തോട്ട് തിരിയുന്ന വഴിയില്‍ അവളെ കാണാം എന്ന വ്യാമോഹം കൊണ്ട് അവന്‍ പാലയെ ഒന്ന് ചുറ്റി വന്നു... " എവിടെ.. അവള്‍ പോയിക്കളഞ്ഞല്ലോ... "  
        പാലപ്പൂവിന്റെ മണം  മാത്രം അവിടെ തങ്ങി നിന്നു... വല്ലാത്ത ഒരു നിരാശ തോന്നി നന്ദുവിന്. അവള്‍ ആരായിരിക്കും..? ഈ രാത്രി ഈ പരിസരത്ത്...? നിലാവെട്ടം കൂടിയിരിക്കുന്നു..യക്ഷിക്കാവിലെ പ്രതിമകള്‍ക്കൊക്കെ ജീവന്‍ വെച്ച പോലെ. പാതിക്കു വച്ചു നിര്‍ത്തിയ ഒരു പ്രതിമക്കു മുന്നില്‍ അവന്‍ നിന്നു.. മറ്റുള്ളവയെക്കാള്‍ മനോഹാരിത അതിനായിരുന്നു. അപൂര്‍ണം എങ്കിലും അതി മനോഹരം.നോക്കി നോക്കി നിന്നപ്പോള്‍ പരിസരം മറന്നുപോയി.
          പതിയെ തിരിച്ചു നടക്കാന്‍ ഒരുങ്ങുമ്പോള്‍ അറിയാതെ കണ്ണില്‍ തടഞ്ഞതാണ് തിളങ്ങുന്ന ആ കല്ല്.... പൊടി തുടച്ചു എടുത്തപ്പോള്‍ കുറച്ചു പഴക്കം ചെന്ന ഒരു മോതിരം.. പക്ഷെ വളരെ ചെറുതാണ്.കൊച്ചു കുട്ടികളുടെ മോതിര വിരലിന്റെ  വലിപ്പമേ കാണൂ.. പക്ഷെ കൊച്ചു കുട്ടികള്‍ക്ക് ആരാ ഡയമണ്ട് മോതിരം കൊടുക്കുന്നെ..? വെറുതെ വിരലിനോടടുപ്പിച്ചപ്പോള്‍ ഇടം കയ്യിലെ ആറാം വിരല്‍ തുടിച്ചു.
    "ഒഹ്..കൃത്യം പറഞ്ഞു പണിയിച്ച പോലെ... ആറാം വിരലിനു ഇതുവരെ ഒരു ഗമ ഉണ്ടായിരുന്നില്ല..ഇരിക്കട്ടെ...." പാലച്ചുവട്ടില്‍ എത്തിയപ്പോള്‍  നന്ദു അമ്പരന്നു പോയി.പാലയാകെ പൂത്തുലഞ്ഞു നില്‍ക്കുന്നു.. ഒരു കുട്ടപ്പൂ മുകളില്‍ കമഴ്ത്തിയ പോലെ... നാസിക തുളച്ചു കയറി മത്ത്  പിടിപ്പിക്കുന്ന  ഗന്ധം.. പതിയെ പാലച്ചുവട്ടില്‍ അവന്‍  ഇരുന്നു ആദ്യമായി പൂക്കാലം കാണുന്ന കുട്ടിയെ പോലെ...
        പിന്നെ ഉണരുന്നത് ഇപ്പോഴാണ്.. പാല പൂക്കള്‍ പൊഴിച്ച് കൊണ്ടേ ഇരിക്കുന്നു.. ദേഹത്തും തലയിലും വീണ പൂക്കളെ തട്ടിക്കളഞ്ഞു കൊണ്ട് അവന്‍ എണീറ്റ്‌ നിന്നു.. നന്നായി ഉറങ്ങി. പേരമ്മ അറിയുന്നതിന് മുന്നേ അറയ്ക്ക്  അകത്തേക്ക് കയറണം. താക്കോല്‍ തപ്പി എടുത്തു പിന്‍ വാതില്‍ തുറന്നു ശബ്ദമുണ്ടാക്കാതെ കയറി. കിടന്നതും ഉറങ്ങിപ്പോയി..
           "ഈ കുട്ടി ഉണര്‍ന്നില്ല്യെ...?... ഒന്ന് വിളിച്ചോളൂ  സാവിത്ര്യെ ..." മുത്തശിയുടെ ആജ്ഞ കേട്ടിട്ടാണ് കണ്ണ് തുറന്നത്. മടിച്ചു മടിച്ച് എണീറ്റു.. പേസ്റ്റും, തോര്‍ത്തും എടുത്ത് കുളക്കടവിലേക്ക്... കണ്ണീരു പോലെ തെളിഞ്ഞു കിടക്കുന്ന വെള്ളം. മുഖം കഴുകാന്‍ കൈ കുമ്പിളില്‍ വെള്ളം  കോരിയെടുത്തപ്പോള്‍ മാത്രമാണ്  ആറാം  വിരല്‍  അവന്‍  ശ്രദ്ധിച്ചത്. വിരലോടൊട്ടി ചേര്‍ന്ന് കിടക്കുന്ന മോതിരവും. മോതിരത്തിലെ കല്ല് വല്ലാതെ തിളങ്ങുന്നു..
                                                                                   ..................(തുടരും...)

Thursday, September 9, 2010

ഭ്രാന്തി

          
    "എന്‍റെ മരണത്തിനു മറ്റാരും ഉത്തരവാദി അല്ല.. എനിക്ക് ജീവിക്കണം എന്ന് തോന്നാത്തത് കൊണ്ട് ഞാന്‍ പോകുന്നു.." എന്ന് ഒരു വാചകം എഴുതി വച്ചിട്ട്  മരിക്കാന്‍ എനിക്ക് ഒരു മടിയും തോന്നുന്നില്ല. പക്ഷെ എന്നെ തള്ളി പറയുന്നവര്‍ ആണെങ്കിലും  എന്നെ ആശ്രയിച്ചു ജീവിക്കുന്ന ജീവിതങ്ങളെ ഓര്‍ക്കുമ്പോള്‍ ഞാന്‍ ജീവിക്കുകയാണ്.. എന്തിനെന്നറിയാതെ..
        ആദ്യമായി മനസ്സ് തുറന്ന ആശ്വാസം ഒട്ടും മുഖത്ത് കാണിക്കാതെ പിന്നെയും എന്തൊക്കെയോ പറഞ്ഞ്‌ കൊണ്ടിരുന്ന എന്നെ കടന്നു നീ  മുന്നോട്ടു പോയപ്പോള്‍ ഞാന്‍ കരഞ്ഞില്ല. കണ്ണുനീര്‍ ഒരു തുള്ളി പോലും ഒഴുക്കി കളയാന്‍ എനിക്കില്ല എന്ന് പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ ഞാന്‍ കരയില്ല. എന്നെ തോല്‍പ്പിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് മുന്നില്‍ ചിരിച്ചു നില്‍ക്കണം...
          ചിരിച്ചു ഉറക്കെ...ഉറക്കെ...പിന്നെയും ഉറക്കെ... കണ്ട് നിന്നവര്‍ ചിലരൊക്കെ ഭ്രാന്തി എന്ന് അടക്കം പറഞ്ഞു. ഇന്നലെ വരെ അസൂയ കണ്ണുകള്‍  തുറന്നു വച്ചിരുന്നവര്‍ ആശ്വസിച്ചു.. "ഹോ അങ്ങനെ  അവളും ഒരു കഥയായി..."
          ഞാന്‍ കരയുന്നത് എന്തിനെന്നു ആരും ചോദിച്ചില്ല. ഞാന്‍ ചിരിച്ചപ്പോള്‍ കാകന്‍ കണ്ണുകള്‍ പറന്നു വന്നു കാരണം തേടി.. പിന്നെയും ഞാന്‍ ചിരിച്ചു.. തളര്‍ന്നു പോയ അമ്മയുടെ കൈ തലോടിക്കൊണ്ട് കുഞ്ഞ്‌ അനുജനെയും തന്നെയും വലിച്ചെറിഞ്ഞ് പോയ അച്ഛനെ ഓര്‍ത്തപ്പോഴും ഞാന്‍ ചിരിച്ചു.. പക്ഷെ ഉള്ളില്‍ ഞാന്‍ കരഞ്ഞിരുന്നു പലപ്പോഴും..
          പലപ്പോഴും തന്റെ ജീവിതം മറന്നു കൂടപിറപ്പിനും, അമ്മയ്ക്കും വേണ്ടി ജീവിച്ചവള്‍  എന്ന് സുഹൃത്തുക്കള്‍ അഭിമാനം കൊണ്ടപ്പോഴും ഞാന്‍ ചിരിച്ചു... അമ്മയുടെ കരയാത്ത കണ്ണുകള്‍ ഇനിയെങ്കിലും കാണും എന്ന ആശ്വാസം കൊണ്ട് മാത്രം..
      ഇപ്പോള്‍ ഈ  ഇരുട്ടില്‍ തപ്പുമ്പോള്‍ ഒരു കൈകളും നീട്ടാത്ത നിഴലുകള്‍ എന്‍റെ ചുറ്റും വളര്‍ന്നു നില്‍ക്കുന്നു.. അമ്മ കരഞ്ഞു കൊണ്ടേ ഇരിക്കുന്നു...  അമ്മക്ക് കരച്ചില്‍ കൂടപ്പിറപ്പാണ്. അമ്മ കരയുന്നതിനു ഞാന്‍ ഇനി വേദനിക്കില്ല. അതു എന്‍റെ പുതിയ തീരുമാനമായിരുന്നു. അനിയന്റെ ജീവിതത്തിനു പുതിയ അര്‍ഥങ്ങള്‍ വന്നപ്പോള്‍ അമ്മ ചിരിച്ചു. അവനൊരു ജീവിതമായി.. ഒപ്പം ഞാന്‍ പിന്നെയും ചിരിച്ചു.
    നാത്തൂന്‍ എന്‍റെ സ്വന്തം അനിയത്തിയാ ... പുതു മോടി കഴിഞ്ഞപ്പോഴും ഞാന്‍ പഴയ പല്ലവി ആവര്‍ത്തിച്ചു. ഒടുവില്‍ നാട്ടുകാരും, സുഹൃത്തുക്കളും അതു തിരുത്തിയപ്പോള്‍  ഞാന്‍ ചിരിച്ചു....വളിച്ച ചിരി..
     പലപ്പോഴും അനിയന് വേണ്ടി അമ്മ കരഞ്ഞു കൊണ്ടിരുന്നു.. ഞാന്‍ ചിരിക്കാന്‍ മറക്കാതിരിക്കാനും കഷ്ട്ടപ്പെട്ടു.
      "നിന്‍റെ നാത്തൂന്‍ ഇപ്പോള്‍ നിന്‍റെ അച്ഛന്റെ വീട്ടിലാ താമസം അല്ലേ..?"  സുഹൃത്തിന്റെ അപ്രതീക്ഷിതമായ ചോദ്യം കേട്ടു ഞാന്‍ ചിരിച്ചു.... വിഡ്ഢിച്ചിരി.
കൂടുതല്‍ അറിഞ്ഞു തുടങ്ങുമ്പോഴേക്കും കുടുംബ ബന്ധത്തിന്റെ ഒരു കണ്ണി അവിടെ വിളക്കി ചേര്‍ക്ക  പെട്ടിരിക്കുന്നു...
           ഒടുവില്‍ ഞാനും എന്‍റെ വാശിയും മാത്രം ബാക്കിയായി..
  എപ്പോഴൊക്കെയോ..ആരൊക്കെയോ എന്നെ തോല്‍പ്പിച്ചിരിക്കുന്നു.. ഇവിടെ ആരാണ് തെറ്റ് ചെയ്തത്..? ഞാനോ..? അതാണോ ഈ ബന്ധങ്ങള്‍ക്കിടയില്‍  ഞാന്‍ അന്ന്യയായി പോയത്..?
ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത അച്ഛന്‍ എന്ന വ്യക്തിത്വത്തിന് നേരെ മുഖം കൊടുക്കാതെ ഞാന്‍ തിരിച്ചു നടന്നത് ചിരിച്ചു കൊണ്ട് തന്നെയാണ്.. അമ്മ അപ്പോഴും കരഞ്ഞു കൊണ്ടിരുന്നു.. കരയുന്നത് മനസ്സിന്റെ കാഠിന്യം അലിയിച്ചുകളയും.. ഞാന്‍ കരഞ്ഞില്ല.. ചിരിച്ചു ...പിന്നെയും പിന്നെയും ...കണ്ണു നിറയുന്ന വരെ ചിരിച്ചു...
    എന്‍റെ ചിരിക്കൊടുവില്‍ ഈ ഏറ്റുപറച്ചില്‍  നീ എന്നെ ഭ്രാന്തി എന്ന് വിളിക്കാതിരിക്കാന്‍ ആണ്.. നീ മാത്രം...

Thursday, August 19, 2010

ഏഴിലംപാല .

 
       നനുത്ത മഞ്ഞു തുള്ളികള്‍ കണ്ണുകളെ ചുംബിച്ചു ഉണര്‍ ത്തുവോളം   നന്ദു മയങ്ങിക്കിടക്കുകയായിരുന്നു....
ഏഴിലംപാലപ്പൂവിന്റെ മാദക ഗന്ധം അവിടമെല്ലാം ചൂഴ്ന്നു  നില്‍ക്കുന്നു... ഒരു സ്വപ്നത്തില്‍ നിന്നെന്ന പോലെ അവന്‍ കണ്ണു തുറന്നു... മാറിലും ദേഹത്തും വീണുകിടന്ന പാലപ്പൂക്കളെ വാരിയെടുത്ത് മണപ്പിച്ചു കൊണ്ട് അവന്‍ ചുറ്റിലും നോക്കി....

       ആ പാലമരച്ചുവട് മുഴുവന്‍ പരവതാനി പോലെ ഉതിര്‍ന്നു കിടക്കുന്നു പാലപ്പൂക്കള്‍... പാലമരത്തില്‍ ഒരു പൂ പോലും ബാക്കിയില്ല ഒരു വസന്തം മുഴുവന്‍ മരച്ചുവട്ടിലാണ്... പിന്നെ പേരറിയാകിളിയുടെ പാട്ടും... നന്ദു തലേ ദിവസത്തെ ഓര്‍ത്തു...
      
             * * *                    * * *                              * * *                       * * *
         നാട്ടിന്‍ പുറത്തിന്റെ നന്മ മുഴുവന്‍ ആസ്വദിക്കാനാണ് അച്ഛനെയും അമ്മയെയും കൂട്ടാന്‍ നില്‍ക്കാതെ അനന്ത വര്‍മ എന്ന നന്ദു നാട്ടിലേക്ക് പുറപ്പെട്ടത്‌... "നന്ദു എല്ലാവര്‍ക്കും ഒരുമിച്ചു പോകാം മോനെ..." എന്ന അമ്മയുടെ നിര്‍ബന്ധത്തെ സ്നേഹപൂര്‍വ്വം നിരസിച്ചു നാട്ടിലെക്കെത്തിയപ്പോള്‍ എന്തൊക്കെയോ പിടിച്ചടക്കിയ സന്തോഷമായിരുന്നു... കൂട് തുറന്നു വിട്ട പക്ഷിക്കുഞ്ഞിനെ പോലെ മനസ്സ് അമ്പല മുറ്റത്തും... പായല്‍ പിടിച്ച കുളപ്പടവിലും... കണ്ണിമാങ്ങകള്‍ വീണു കിടക്കുന്ന തറവാട്ടു മുറ്റത്തും ഓടിക്കളിച്ചു...
          
     സതീശനെ വിളിച് നേരത്തെ ഏര്‍പ്പാടാക്കിയ പോലെ കൂട്ടുകാരുടെ ഒരു സംഘം തന്നെ ഉണ്ടായിരുന്നു.. ചീട്ടു കളിയും, വെടിവട്ടവും... അന്തിക്കള്ളിന്റെ ലഹരിയില്‍ "അന്ത്യാളന്‍" എന്ന് എല്ലാവരും വിളിക്കുന്ന "അന്തി മഹാ കാളന്‍" എന്ന പണിക്കാരന്‍ ചേട്ടന്റെ പാട്ടും... " ആനത്തലയോളം ... വെണ്ണ തരാമെടീ... പങ്കജലോചനേ.. .... ഒരു ഉറുപ്പ്യ തരൂ..."  ഷാപ്പിലെ കാര്‍ത്തി ചേച്ചിയെ നോക്കി എന്നും പാടുന്ന പാട്ടാണ്.. കൈ നീട്ടി ചോദിക്കുന്ന ചോദീര് കണ്ടാല്‍ ഒന്നല്ല പത്തുറുപ്പ്യ കൊടുക്കാന്‍ തോന്നും എന്നാ സേതൂന്റെ പറച്ചില്‍...എന്തായാലും കാലം എത്ര കഴിഞ്ഞിട്ടും ഒരു ഉറുപ്പ്യയില്‍ നിന്നും കേറ്റിപിടിച്ചിട്ടില്‍ല്യ അന്ത്യാളന്‍ ചേട്ടന്‍.. എന്തായാലും ഈ രസം ഇവിടയേ കിട്ടൂ.. അതും അച്ഛനും അമ്മയും നാടെത്തുന്ന വരെ..  "നേരം പന്ത്രണ്ടാവുന്നു തമ്പ്രാന്‍ പൊയ്ക്കോട്ടേ ചെക്കന്മാരെ.. " കാര്‍ത്തി ചേച്ചി മുറുക്കാന്‍ കറ പിടിച്ച പല്ലുകാട്ടി ചിരിച്ചോണ്ട് പറഞ്ഞു.. അയ്യേ... നന്ദു നാണിച്ചു പോയി... തമ്പ്രാനോ...? എത്ര പറഞ്ഞാലും ആരൊക്കെ വിളിക്കാതിരുന്നാലും കാര്‍ത്തു ചേച്ചി അങ്ങനെ വിളിക്കൂ..
           
      ചൂട്ടിന്റെ അരണ്ട വെട്ടത്തില്‍ പാടവരമ്പിലൂടെ  സതീശന്റെ പിന്നിലായി നന്ദു നടന്നു... അന്ത്യാളന്‍ ചേട്ടന്‍ പാട്ടു നിര്‍ത്തിയിരിക്കുന്നു... ചൂട്ടില്‍ നിന്നും പറന്നു വീഴുന്ന തീപൊരികള്‍ക്ക് പോലുമുണ്ട് ചന്തം.. താളത്തില്‍ ചൂട്ടും വീശി നടക്കുന്ന സതീശന്റെ നടത്ത നന്ദു നോക്കി നിന്നു... "ആഹാ അവിടെ നിക്കാണോ... ഇങ്ങോട്ട് പോര് ചങ്ങാതീ... " സതീശന്‍ വിളിച്ചു...
                 അടുത്ത വളവു തിരഞ്ഞാല്‍ സതീശന്റെ വീടാവും... "തറവാട് വരെ ഞാനും വരണോ..?" സതീശന്റെ ചോദ്യം.. "അയ്യോ വേണ്ടാ..." കുരുത്തു വന്നതില്‍ പിന്നെ ആദ്യമായി ആകൃതിയൊപ്പിച്ചു  വെട്ടിയ മീശമേല്‍ തലോടിയപ്പോള്‍ നന്ദുവി നു അങ്ങനെയേ പറയാന്‍ കഴിഞ്ഞുള്ളൂ... നാട്ടില്‍ പേടി കാണിച്ചു നടന്നിട്ട്  അഭിമാനം കളയാന്‍ എന്തായാലും വയ്യ...  " എന്തായാലും യക്ഷിക്കാവ് വരെ ഞാന്‍ വരാം..അവിടന്ന് കുറച്ചല്ലേ ഉള്ളു... " പിന്നെ നന്ദു എതിര്‍ത്തില്ല... എതിര്‍ത്തിട്ടു കാര്യവുമില്ല.. സതീശന്‍ പറഞ്ഞാല്‍ പിന്നെ എതിര്‍ വാക്കില്ല...
                    
           യക്ഷിക്കാവിന്റെ പിന്‍വശം ചുറ്റി അണിമുറ്റം വക ക്ഷേത്രക്കുളത്തിന്റെ അരികിലൂടെ ആണ് രാത്രി യാത്ര പതിവ്..മുത്തച്ഛന്റെ കൂര്‍ത്ത നോട്ടം സഹിക്കണ്ടാ, മുത്തശ്ശിയെ ഉണര്‍ത്തണ്ട... പേരമ്മയെ ഒന്ന്  സോപ്പിട്ടു നിര്‍ത്തിയാല്‍ മതി..അമ്പല മുറ്റത്ത്‌നിന്നു  പത്തടി നടന്നാല്‍ അണിമുറ്റംതറവാട് എത്തും .. പിന്‍ വാതിലിന്‍  മുകളിലായി പേരമ്മ താക്കൊലോളിപ്പിച്ചു വച്ചിട്ടുണ്ടാകും.. പതിയെ അകത്തു കടന്നു വിളമ്പി വച്ച അത്താഴം വേണമെങ്കില്‍ കഴിക്കാം ഇല്ലേല്‍ പതിയെ അറക്കകത്തെക്കു  ഊളിയിടാം... അറയിലെ സാമ്പ്രാണിപ്പുകമണം മാറാത്ത ഇരുട്ടില്‍ തപ്പി തടഞ്ഞ് കട്ടിലില്‍ ശരണം പ്രാപിക്കാം...  സതീശന്റെ ചൂട്ടിന്റെ വെട്ടം അകന്നു പോയിക്കഴിഞ്ഞു..
             
             യക്ഷിക്കാവിനെന്തോ ഭംഗി കൂടുതലുണ്ടോ ഇന്ന്...? നേരിയ നിലാവെട്ടത്തില്‍ യക്ഷിക്കാവിലെ കല്‍വിളക്കുകള്‍ മയങ്ങുന്നു... പലപ്പോഴും പകല്‍ സമയം താന്‍ കൂടുതലും യക്ഷിക്കാവിലല്ലേ കഴിച്ചു കൂട്ടിയിരിക്കുന്നത്..? അത്രയും മനോഹരമാണ് അവിടത്തെ ശില്പങ്ങള്‍.. പണ്ടേതോ ശില്പി പണിതത്... ഇന്നത്തെ പെണ്ണുങ്ങള്‍ നാണിച്ചു പോകും അത്രയും സൌന്ദര്യം..കണ്ണിമക്കാതെ നോക്കി നിന്നിട്ടുണ്ട് പലപ്പോഴും.. തന്നോളം പൊക്കത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന സൌന്ദര്യ ധാമങ്ങള്‍.. കല്‍തൂണുകളിലെ കവിത എന്നൊക്കെ പറയില്ലേ അതു തന്നെ... കാവ് ചുറ്റി പിന്‍ വശത്തെ ഏഴിലംപാല ചുവട്ടിലെത്തിയപ്പോള്‍ അറിയാതെ കാലുകള്‍ നിശ്ചലമായി... പാലപ്പൂവിന്റെ വശ്യ ഗന്ധം...
പാല പൂക്കാറായോ..?? ഏയ്‌ ഇല്ല ഒരു പൂ പോലും വിരിഞ്ഞിട്ടില്ല തനിക്കു തോന്നിയതാവും... ചുറ്റും ഒന്ന് കൂടെ നോക്കിയിട്ട്  കാലുകള്‍ വലിച്ചു വച്ചു നടന്നു..
         
  കുളക്കടവിലേക്ക് തിരിയുന്ന ഇടവഴിക്കടുത്തു വച്ച്  എന്തോ അനക്കം കണ്ട പോലെ... നന്ദു തിരിഞ്ഞു നിന്നു..
                                                                                                                                              (തുടരും... )

Sunday, August 8, 2010

നാലു മണി പൂക്കള്‍...


നിനക്കും എനിക്കും കാണാനായി പൂക്കുന്ന 
വെളുത്ത നാലു മണി പൂക്കള്‍...
നിലാവിന്റെ വെള്ളി വെളിച്ചത്തില്‍..
കഥ പറയുന്ന പൂക്കള്‍... 

നേര്‍ത്ത സുഗന്ധമുള്ള പൂക്കളെ
വാരി അണച്ച് മുഖത്തോടടുപ്പിച്ച  രാവുകള്‍... 
ഒന്നിനെയും സ്വപ്നം കാണാനില്ലാതെ 
ഞാന്‍ പാഴാക്കി കളഞ്ഞ രാവുകള്‍... 
ഒരു വിരല്‍തുമ്പകലത്തില്‍ നീയുണ്ടാകുമെന്ന
നിശ്ശബ്ദമായ ആശ്വാസം... 

എന്‍റെ പ്രിയപ്പെട്ട തോഴി.... 
നന്ദി... 
ആ പൂക്കാലത്തിന്റെ ഓര്‍മ്മ 
എന്നിലേക്ക്‌ തിരിച്ചു തന്നതിന്... 

ആ നാലുമണി പൂക്കളില്‍ കൊരുത്തിട്ടത് 
എന്‍റെ ഹൃദയവും, സ്വപ്നങ്ങളുമാണ്... 
മേഘരാഗങ്ങളുടെ സാന്ത്വനം 
നീ വച്ചു നീട്ടിയെന്നാലും...എനിക്ക് പ്രിയതരം 
അവന്റെ നിശ്വാസത്തിന്റെ ചൂട് തട്ടി മയങ്ങാനാണ്...
പറഞ്ഞാല്‍ തീരാത്ത  കഥകള്‍ പറഞ്ഞു-
അടുത്ത പുലരിയെ വിരിയിക്കുന്ന രാത്രികളെയാണ്... 

അതിനു വേണ്ടി ഞാന്‍ കരഞ്ഞോട്ടെ... 
എന്നിലെ പുണ്യം എല്ലാം  ചേര്‍ത്ത് വച്ചു
ഞാന്‍ കാത്തിരുന്നോട്ടെ........
ഈ രാവും ഇനിയത്തെ രാവുകളും...??

നിന്‍റെ സാന്ത്വനം എന്‍റെ സൌഭാഗ്യമാകുന്നു... 

അതിനൊപ്പം എന്‍റെ  സ്വപ്നങ്ങളെ  ഞാന്‍ 
പതിയെ വിരല്‍ പിടിച്ച്‌ നടത്തട്ടെ... 

ഒരു നാലുമണിപ്പാടം മുഴുവന്‍ 
പൂത്തിറങ്ങുന്ന രാവിലേക്കെത്തുവാന്‍-
ഇനിയും കാതങ്ങള്‍ കാത്തു കിടക്കുന്നു... 
അവന്റെ മനസ്സിലേക്കും.......

Saturday, August 7, 2010

വിന്‍സെന്റ് വാന്‍ഗോഗ്...



പ്രിയപ്പെട്ട വാന്‍ഗോഗ്
നിന്‍റെ സൂര്യകാന്തി പൂക്കള്‍...
എന്നത്തേയും പോലെ പ്രകാശം പരത്തുന്നു..
ജീവസ്സുറ്റ പൂക്കള്‍...
മഞ്ഞയും പച്ചയും കലര്‍ന്ന
ഇതിഹാസത്തിന്റെ കയ്യൊപ്പ്...
കണ്ണുകള്‍ അറിയാതെ
മറ്റൊരു സൂര്യകാന്തി യാവുന്നു...
കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ...

മുറിച്ചു മാറ്റപ്പെട്ട നിന്‍റെ ഒറ്റക്കാതിനെ..
ഓര്‍ത്തു ഞാന്‍ വേദനിക്കുന്നു...
നിന്‍റെ പ്രേയസിക്ക് പ്രിയം...
ചോരയിറ്റുന്ന ആ ഒറ്റക്കാതായിരുന്നെന്നോ...?


മുപ്പത്തി ഏഴു വര്‍ഷങ്ങളില്‍ ..
അസ്തമയത്തിലേക്ക് നടന്നു മറഞ്ഞത് .....
മാന്ത്രികത കാന്‍വാസില്‍ പടര്‍ത്തുന്ന..
മായാവിരലുകളാണ്...
നിന്‍റെ ഭ്രാന്തന്‍ ചിന്തകളില്‍ എവിടെയൊക്കെയോ 
ദൈവത്തിന്റെ കൈപ്പാടുകള്‍ പതിഞ്ഞതാകുന്നു.. 
നീ പലപ്പോഴായി  കോറിയിട്ട ചിത്രങ്ങള്‍.. 


നിന്‍റെ സ്മരണകള്‍ എന്നില്‍ ഓരോ-
സൂര്യകാന്തി  പൂക്കളെയും
ഇതള്‍ അടര്‍ത്തി കടന്നു പോകുന്നു...
ഒരു സൂര്യകാന്തി  വസന്തം മുഴുവന്‍
പെയ്തോഴിയിച് നീ എവിടെയോ മറഞ്ഞിരിക്കുന്നു.. 


മറവിയുടെയും, വിഭ്രാന്തിയുടേയും 
ഭ്രമണ പഥത്തില്‍ നിന്നു കൊണ്ട്...
നീ വരച്ചു തീര്‍ത്ത "നക്ഷത്ര രാത്രിയും... "
നിരാശയും, പരാജയങ്ങളും.. 
നിരന്തരമായി കൂട്ടായ ദിനങ്ങളില്‍.. 
നീ നിന്നെ നഷ്ട്ടപ്പെടുത്താന്‍ ഒരുങ്ങിയ  നിമിഷവും... 
നെഞ്ചില്‍ ചേര്‍ത്ത് വച്ച തോക്കിന്‍ കുഴല്‍
നിന്നെ നിര്‍ദാക്ഷിന്ന്യം  കയ്യൊഴിഞ്ഞു... 
വെറും രണ്ടു ദിവസത്തേക്ക് മാത്രം.. 


ഒരേ ഒരു ചിത്രം മാത്രം വിറ്റു തീര്‍ത്തിട്ട്
ഒടുവില്‍ നീ ഇല്ലാതെയായപ്പോള്‍...
നിന്നെ പ്രശംസിച്ച നാക്കുകളില്‍... 
ഇപ്പോള്‍ ഞാനും... 
പ്രിയപ്പെട്ട വാന്‍ഗോഗ്..
നിന്‍റെ ചിത്രങ്ങളെ ഞാന്‍ പ്രണയിക്കുന്നു.. 
ദൈവം തൊട്ട നിന്‍റെ കൈ വിരലുകളെ... 
ഞാന്‍ പൂജിക്കുന്നു...
നീ ഒടുങ്ങരുതായിരുന്നു
നക്ഷത്രങ്ങള്‍  പെയ്തിറങ്ങിയ ഈ രാത്രി 
നിന്നെ പ്രകീര്‍ത്തിക്കുന്നത് കേള്‍ക്കാതെ... 
മേഘമാലകള്‍ക്കുള്ളില്‍ 
ഒളിക്കരുതായിരുന്നു...










Wednesday, June 30, 2010

ആത്മമിത്രം










ഇല്ല അവര്‍ എന്നെ ശ്രദ്ധിക്കുന്നു പോലുമില്ല... 
ഞാന്‍ ഇരുന്ന ഇരുപ്പില്‍ ഒന്ന് ദീര്‍ഘമായി നിശ്വസിച്ചു... പണ്ടൊക്കെ എന്തായിരുന്നു സ്ഥിതി... 
എന്നും വീടിന്റെ ഉമ്മറത്തെ സ്ഥാനം എനിക്കായിരുന്നല്ലോ.... 
കാരണവരുടെ ഉറ്റമിത്രം ആയതു  കൊണ്ട് ആരും ഭയ ഭക്തിയോടെ അല്ലാതെ തന്നെ   കണ്ടിട്ടില്ല.... 
വാസുദേവക്കൈമളുടെ  സ്ഥാനം.... ബഹു കേമം തന്നെ ആയിരുന്നേ.... പിന്നെ അയാളുടെ ഉറ്റ മിത്രത്തെ  പേടിക്കാതിരിക്ക്യെ....  ആനയെ  മാത്രല്ല തോട്ടിയേം പേടിച്ചിരുന്നു എന്ന് തന്നെ.... 


കസവ് കരയുള്ള മുണ്ടും സദാ മുറുക്കി ചുവപ്പിച്ച വായും... കണിശക്കാരന്‍ ആയിരുന്നെങ്കിലും ... പാവമായിരുന്നു  കൈമള്‍ ...  കൂട്ടുപുരികതിന്റെ  മുകളിലൂടെ  ചാട്ടുളി  പോലത്തെ  ദൃഷ്ട്ടിയുമായി  ഇളമുറക്കാരെ വിറപ്പിച്ചു   നിര്‍ത്തിയിരുന്ന  കൈമള്‍ ... കൈമള്‍ ഇല്ലാത്തപ്പോള്‍ വെറുതെ പൂമുഖത്ത്   അലസമായി സമയം കൊല്ലുന്ന എന്നെയും വണങ്ങിയിരുന്ന കൈമളുടെ പേരമക്കള്‍...  ഓര്‍മ്മകളില്‍ നിന്നും തിരിച്ചു വരാനേ തോന്നുന്നില്ല.... 

ഇപ്പോള്‍ ഈ ഇരുട്ടിലെക്കെന്നെ എറിഞ്ഞു കളഞ്ഞവരെ മനസ്സില്‍ ശപിച്ചു.... കൈമളെ വെള്ള പുതപ്പിച്ചു എന്‍റെ മുന്നില്‍ നീട്ടിക്കിടത്തിയപ്പോള്‍ എന്‍റെ ദേഹത്തോട്ട് ആദ്യം പാഞ്ഞു കയറിയത് ഇളയ മകളുടെ അരുമ സന്തതി... നിസ്സഹായനായി ഞാന്‍ നിന്നപ്പോഴും അവര്‍ എന്നെ കണ്ടതായി ഭാവിച്ചില്ല... കാരണവര്‍ പോയില്ലേ ഇനി നിനക്കെന്തിവിടെ കാര്യം എന്ന മട്ടായി കാര്യങ്ങള്‍.. പതിയെ പതിയെ ആരുമാരും ശ്രദ്ധിക്കാതെ ആയിത്തുടങ്ങി...  അടിച്ചു തളിക്കാരി ഒന്ന് മിണ്ടാനും പറയാനും വന്നാലായി അതും ഉമ്മറം അടിച്ചു വാരുന്ന നേരത്ത്.... 

അന്നും പതിവുപോലെ മുറ്റത്ത്‌ വീണു കിടന്ന മാമ്പൂക്കളെ പ്രാകി പറഞ്ഞിട്ട്  അടിച്ചു വാരുകയായിരുന്നു  ദമയന്തി.. നല്ല തടിച്ച ശരീരപ്രകൃതിയാണ് അവള്‍ക്കു... അടിച്ചു തളികാരി ആയതു കൊണ്ട് അവള്‍ക്കു തടി ഉണ്ടാവാന്‍ പാടില്ലേ..? ഇത് നല്ല കഥ... എന്നാലും എന്‍റെ ദമയന്തിയേ, .... എന്‍റെ കൈമള്‍ അദേഹത്തിനെ  കൊണ്ട് നീ കുറേ വായ്‌ നോക്കിപ്പിച്ചു... അറുപതിന്റെ നിറവിലും എന്‍റെ മേല്‍ ചാരിക്കിടന്നു ദമയന്തിയെ നോക്കിയിരുന്നില്ലെങ്കില്‍ അന്നത്തെ ദിവസം ശെരിയല്ല എന്നാ കൈമളുടെ പക്ഷം.... അതൊക്കെ ഒരു കാലം... ഇപ്പൊ ദമയന്തി മക്കളും പേരമക്കളും ഓക്കേ ആയി... "വയ്യാതായി അല്ലേ...? " ചോദിക്കണം എന്നുണ്ടായിരുന്നു ശബ്ദം തൊണ്ടയില്‍ കുരുങ്ങിപ്പോയി.... 

അടിച്ചു വാരിക്കഴിഞ്ഞു എന്‍റെ ചാരത്ത് വന്നവള്‍ കയ്യില്‍ മെല്ലെ തലോടി കണ്ണു നിറഞ്ഞു പോകുമോ എന്ന് ഞാന്‍ പേടിച്ചു...ഇല്ല അവള്‍ അപ്പോഴേക്കും പോയിക്കഴിഞ്ഞു....  

വെകേഷന്‍ ആയെന്നു കുട്ടിപ്പട്ടാളത്തിന്റെ വരവ് കണ്ടപ്പോഴേ മനസ്സിലായുള്ളൂ.. മുന്‍പൊക്കെ കൈമള്‍ അദേഹത്തിന്റെ വായില്‍ നിന്നു കേട്ടിരുന്ന കാര്യങ്ങള്‍.... ഇപ്പൊ കാലം എല്ലാം മാറിയില്ലേ.....  ഒഹ്...  വാനരപ്പട തന്നെ ഒരുത്തന്‍ ഇന്നലെ എന്നെ ഉരുട്ടിയിട്ടു വലതു കൈ ചെറുതായി ഒടിഞ്ഞു.... പരാതി പറഞ്ഞില്ല ആരോടും... മിണ്ടാതിരുന്നു.. ഇളയ മോളുടെ കൂര്‍ത്ത നോട്ടം കണ്ടില്ലാത്ത പോലെ നിന്നു.... "ഇങ്ങനെ മുടക്കാ ചരക്കായി ഇവിടെ കിടക്കണോ..?" എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ത്ഥം... അന്നത്തെ ചര്‍ച്ചാ വിഷയം ഞാന്‍ മാത്രമായിരുന്നല്ലോ അവര്‍ക്ക്... 


പിന്നെ മൂത്തപുത്രന്‍ ആദി എന്ന ആദിത്യന്റെ തീരുമാനം...അതാണിപ്പൊ എന്നെ ഈ ഇരുട്ടിലെക്കെത്തിച്ചത് ... മുറിഞ്ഞ വലതു കൈ മടിയില്‍ ചേര്‍ത്ത് വച് ഞാന്‍ കണ്ണുകളടച്ചു കിടന്നു.... ഇത്തിരി വെളിച്ചം കണ്ടിട്ട്   എത്രയോ നാളുകളായി.... പൊടിയുടെയും മാറാലക്കൂടുകളുടെയും  മടുപ്പിക്കുന്ന ഗന്ധം...  മുഷിഞ്ഞ ഉടുവസ്ത്രം... ഒരിക്കലും കൈമള്‍ എന്‍റെ വസ്ത്രം മുഷിയാന്‍ സമ്മതിച്ചിട്ടില്ല....അത്രക്കായിരുന്നു ആ ബന്ധം... ഇപ്പൊ കണ്ണു നിറഞ്ഞു.... ഓര്‍ക്കണ്ടായിരുന്നു ഒന്നും.... 


ഓര്‍മ്മകളിലെ വസന്തകാലം മനസ്സിനെ മുറിപ്പെടുത്തുന്നു... കൈമള്‍ ഇപ്പോഴും എന്‍റെ ദേഹത്തോട് ചാരി മയങ്ങുന്നു എന്ന് തോന്നുന്നു.... ഒരു ചാരുകസേരക്ക് ഇതില്‍ കൂടുതല്‍ എന്താ സന്തോഷം....? അല്ലേ..? 



Thursday, June 24, 2010

മഞ്ഞുരുകുവോളം...


എന്‍റെ ഹൃദയമാണ് ഞാന്‍
നിന്‍റെ മുന്നിലേക്കിട്ടു തന്നത്...
ഒരു ചിത്ര ശലഭത്തിന്റെ
ചിറകിനേക്കാള്‍ നനുത്ത
നിന്‍റെ വിരലുകളാല്‍ തൊടുവാന്‍...
എന്‍റെ ഹൃദയം കാത്ത്‌ കിടക്കുന്നു....


മരീചിക മാത്രമെന്ന് നീ എന്‍റെ സ്വപ്നങ്ങളെ-
തള്ളിക്കളയുമെന്നു ഞാന്‍ ഭയക്കുന്നു....
നീ കാണാതെ പോകുന്ന എന്‍റെ സ്വപ്ന വഴികള്‍
എനിക്ക് മാത്രം തീര്‍ക്കുന്നു തടവറകള്‍...
നിന്‍റെ ഓര്‍മ്മകള്‍ സൌരഭമായ് നിറയുന്ന
സ്നേഹം മണക്കുന്ന തടവറകള്‍...


എന്നിട്ടും നീ എന്നെ തനിച്ചാക്കുന്നു...
ഒരു മഴത്തുള്ളി പോലെ
നിന്‍റെ മാറില്‍ പറ്റിക്കിടക്കാന്‍ മാത്രമാണ്
മഴ പെയ്തു തോര്‍ന്ന വഴികളില്‍...
ഞാന്‍ കാത്തു നിന്നത്....


നീ മറന്നു പോയേക്കാവുന്ന വഴികളിലൊക്കെ...
നിന്‍റെ വിരല്‍ത്തുമ്പു പിടിച്ച്‌-
മാനസ സഞ്ചാരം നടത്തുമ്പോള്‍...
നീ ഒരിക്കലെങ്കിലും മുഖമുയര്‍ത്തി-
എന്നെ ഒന്ന് നോക്കിയിരുന്നെങ്കില്‍-
എന്ന് ഞാന്‍ ആശിച്ചു പോയി...


നിന്‍റെ അസാന്നിധ്യത്തില്‍...
ഉറഞ്ഞു കൂടുന്ന മൌനമാകുന്നു ഞാന്‍...
പറഞ്ഞിട്ടും പറഞ്ഞിട്ടും ഞാന്‍ എന്തൊക്കെയോ...
ബാക്കി വെക്കുന്നു....
നിനക്കു വായിചെടുക്കാമായിരുന്നു...
എന്‍റെ മൌനത്തിനിടയില്‍ വിങ്ങി നില്‍ക്കുന്നത്...
നിന്‍റെ ഹൃദയത്തോട് ചേരുവാനുള്ള കൊതിയാണെന്ന്...


പലതും കണ്ടില്ലെന്നു നടിച്ച്...നീ-
ഏതോ അകലത്തിലെക്കെന്നെ എറിഞ്ഞു കളയുമെന്ന്...
ഞാന്‍ ഓരോ ഇടവേളകളിലും
ഭയന്ന് കൊണ്ടേ ഇരിക്കുന്നു...


നിന്നെ നഷ്ട്ടമാകാതിരിക്കാന്‍...
എന്‍റെ പ്രണയത്തെ ഞാന്‍ മറന്നു കളയണമെന്ന്
ഏതെങ്കിലും നിമിഷത്തില്‍ നീ പറയുമോ എന്ന്...
ഞാന്‍ പിടഞ്ഞു കൊണ്ടേ ഇരിക്കുന്നു...


ഞാന്‍ തിരികെ ചോദിക്കുന്നത്...
എന്‍റെ ഹൃദയമാണ്...
നിന്‍റെ സ്നേഹമുദ്ര പതിപ്പിച്...
അതെനിക്ക് തിരികെ തന്നാലും...
ഞാന്‍ കാത്തു വച്ചോളാം
എനിക്കും നിനക്കും ഇടയിലെ മഞ്ഞുരുകുന്നത് വരെ...
നീ എന്‍റെ പ്രണയം തിരിച്ചറിയുന്നത്‌ വരെ....

Wednesday, June 16, 2010

എന്‍റെ സുഹൃത്തേ....



നിന്നെ ഞാന്‍ ഓര്‍ത്തു നോക്കുകയാണ്....
പാതിരാവു  കഴിഞ്ഞു..എല്ലാവരും ഉറങ്ങി.... 
എന്നിട്ടും ഞാന്‍ നിന്നെ ഓര്‍ത്തു കൊണ്ടേ ഇരിക്കുന്നു.... 
ക്ഷമിക്കണം എന്ന വാക്കുകൊണ്ട്.... 
എന്‍റെ മറവിയെ ഞാന്‍ മറച്ചു പിടിച്ചെങ്കിലും.... 
മൂന്നു വര്‍ഷത്തിനിടയില്‍ നീ മറന്നു കളയാത്ത-
എന്നോടെനിക്ക് ദേഷ്യം തോന്നുന്നു ഇപ്പോള്‍.... 
ഞാന്‍ എന്താ ഇങ്ങനെ....?

എന്നാലും നിന്നെ ഞാന്‍ അറിയാതെ പോകുന്നല്ലോ.... 
ഈ രാത്രി മുഴുവന്‍ വിഷാദം നിറയ്ക്കുകയാണ് എന്നില്‍... 
സൌഹൃദത്തിന്റെ മയില്‍പ്പീലികൊണ്ട്... 
നീ തൊട്ട് ഉണര്‍ത്തി വിട്ട ഓര്‍മ്മയുടെ ശീലുകളില്‍... 
എപ്പോഴെങ്കിലും... നിന്‍റെ മുഖം 
തെളിവാര്‍ന്നു വരുമെന്ന കനവ്... 
എന്നെ ഉറങ്ങാന്‍ സമ്മതിക്കുന്നില്ല.... 

എന്നാലും എപ്പോഴായിരുന്നു ....
കൂടെ ചരിച്ച നിന്നെ വിട്ട്‌-
ഞാന്‍ ഒറ്റയ്ക്ക് നടക്കാന്‍ തുടങ്ങിയത്.....?
ഇപ്പോള്‍ ഞാന്‍ വെറുക്കാന്‍ തുടങ്ങുകയാണ്...
എന്‍റെ സൌഹൃദം എന്നില്‍ നിന്നും അടര്‍ത്തി കളഞ്ഞ 
കാലത്തിനെ... 
ഓര്‍ക്കാന്‍ അനുവദിക്കാത്ത മറവിയെ.... 

ഓര്‍മ്മകളുടെ കുന്നിക്കുരുമണികള്‍... 
മുഴുവനും എണ്ണിത്തീര്‍ക്കുവാന്‍...
ഇന്നീ രാവ് മുഴുവന്‍ ഞാന്‍ മാറ്റിവക്കുന്നു... 
ഒടുവിലൊടുവില്‍... 
മഴവില്ല് തുന്നി ചേര്‍ത്ത ഒരു കുഞ്ഞ്‌ കുന്നിക്കുരുമണിയായി... 
നിന്നെ തിരിച്ചു കിട്ടാന്‍.... 
പിന്നെ മൂന്നല്ല... ഒരു മുന്നൂറു വര്‍ഷങ്ങള്‍... 
നിന്‍റെ സൌഹൃദ തണലില്‍ ഒരുമിച്ചു നടക്കാന്‍... 


Sunday, June 13, 2010

വെള്ളാരം കല്ലുകള്‍....


നീ എന്തിനാനെന്റെ രാത്രികളെ 
ഉറക്കമില്ലാത്തതാക്കുന്നത്...?
ഞാന്‍ ഒരിക്കല്‍ പോലും....
നീ മറന്നു വെച്ച പുസ്തക താളില്‍....
എന്‍റെ ഹൃദയം കുറിച്ചിട്ടില്ല..... 
പിന്നെ നീ പോറി വരച്ചിട്ട നിന്‍റെ പേരിനു താഴെ 
എന്‍റെ പേര്‌ ഞാന്‍ ചേര്‍ത്ത് എഴുതിയില്ല.... 


പിന്നെയും തുടര്‍ന്ന യാത്രയില്‍.... 
ഒരു കയ്യകലത്ത് നിന്നും.... 
നിന്നെ എനിക്കന്ന്യമാകുന്നത് കണ്ട്... 
നീ പ്രതീക്ഷിച്ച പോലെ ഞാന്‍ കരഞ്ഞില്ല... 
പിന്തിരിഞ്ഞു നോക്കാതെ നീ പോകുമെന്ന് കരുതി ...
പലവട്ടം തിരിഞ്ഞു നിന്ന നിന്നെ ഞാന്‍ കാണാതെ പോയി.... 


ഒടുവില്‍ ഒരു തണുത്ത രാത്രിയില്‍... 
നീ പെറുക്കിവച്ച വെള്ളാരം കല്ലുകള്‍ 
എന്‍റെ കയ്യിലെക്കിട്ടു തന്ന് 
അത്രമാത്രം ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു എന്ന് നീ 
മുഖമുയര്‍ത്താതെ പറഞ്ഞപ്പോള്‍.... 
എണ്ണിത്തീരാത്ത  ആ വെള്ളാരം കല്ലുകളില്‍...
വീണു ചിതറിയ കണ്ണുനീര്‍ മുത്തുകള്‍ക്ക്.... 
നിന്‍റെ പ്രാണന്റെ വിലയായിരുന്നു എന്നും.... 
നിനക്കതു ഞാനായിരുന്നു എന്നും... 
ഞാനറിയാതെ പോയി..... 


ഇന്നീ തണുത്ത രാത്രിയില്‍.....
ഞാന്‍ ഒറ്റക്കിരിക്കുമ്പോള്‍..... 
നീ മഴക്കൈകള്‍ കൊണ്ട്....
എന്‍റെ കവിളില്‍ തലോടുമ്പോള്‍...... 
ആശിച്ചുപോകുന്നു ഞാന്‍.....
നീ ഏല്‍പ്പിച്ചു പോയ വെള്ളാരം കല്ലുകളില്‍... 
ഒന്നായി തീരാന്‍..... 
നിന്‍റെ പ്രണയം ഉള്ളിലൊളിപ്പിച്ചു.... 
തിളങ്ങുന്ന വെള്ളാരംകല്ലായി മാറാന്‍.... 

Tuesday, June 8, 2010

നിന്‍റെ മാത്രം ചകോരപ്പക്ഷി.....



നിന്‍റെ കണ്ണുകളിലേക്കു നോക്കുവാന്‍..
ഞാന്‍ അശക്തയാണ് 
അകന്നു പോകാന്‍ തുടങ്ങുമ്പോഴൊക്കെ....
എന്തോ ഒന്ന് നിന്നിലെക്കെന്നെ വലിച്ചടുപ്പിക്കുന്നു..... 


കേട്ടറിഞ്ഞ വിരഹത്തെ.... 
നീ തൊട്ടറിയാന്‍ ശ്രമിക്കുമ്പോഴൊക്കെ...
നിന്‍റെ നോക്കിന്റെ നഖമുന...
എന്‍റെ ഹൃദയത്തെ കീറി മുറിക്കുന്നു.... 


ഞാന്‍ ഉറങ്ങട്ടെ....
നിന്‍റെ ഹൃദയത്തുടിപ്പുകള്‍...
എനിക്ക് മാത്രം താരാട്ടാകുന്ന...
ഈ രാത്രി എനിക്കാകുമേറെ സ്വപ്നം കാണുവാന്‍..
നിന്‍റെ നെഞ്ചോടു ചേര്‍ന്ന് മയങ്ങുവാന്‍....
നിന്‍റെ ഹൃദയത്തില്‍ ചേര്‍ത്തുവച്ച
എന്‍റെ ചുണ്ടുകള്‍ പതിയെ പതിയെ...
നിന്നോട് മന്ത്രിച്ചില്ലേ...? 
ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്ന്...?


പറഞ്ഞും...പറയാതെയും...
നീയും ഞാനും ബാക്കിവെച്ച...
ഈ മൊഴികള്‍ ഒക്കെയും.... 
ഇനിയുമൊരു കാറ്റായി പുനര്‍ജനിക്കും....
നിന്റെയും എന്റെയും...മറന്ന് തുടങ്ങിയ ഓര്‍മ്മകളില്‍... 
ഇനി ഒരു കൊടുങ്കാറ്റിനും ഉലക്കാനാവാതെ....
കാത്ത്‌ വക്കാനാശിച്ച സ്വപ്ന ധൂളികള്‍.....
പറത്തിയെടുക്കാന്‍ ഒരു കാറ്റ്....


പിന്നീടൊടുവില്‍....
മറന്നു കളയാം എന്നൊരു വാക്കിന്റെ ബലത്തില്‍...
നീ മുറുകെ പിടിച്ച എന്‍റെ വിരലുകള്‍ 
പതിയെ കാറ്റിനു വിട്ടുകൊടുത്ത്‌... 
പിന്‍ തിരിഞ്ഞു നോക്കാതെ നീ പോയേക്കാം... 


അപ്പോഴും നഷ്ട്ടങ്ങളുടെ ആകെത്തുകയില്‍...
ഒന്നുകൂടെ കൂട്ടിച്ചേര്‍ത്തു....
വരാനിരിക്കുന്ന കാറ്റില്‍ അലിയാന്‍...ഞാനുമുണ്ടാകും...
നിന്‍റെ മാത്രം ചകോരപ്പക്ഷി..... 



Friday, June 4, 2010

എനിക്ക് വിശക്കുന്നു.....



എനിക്ക് വിശക്കുന്നു.....
ലോകത്തിന്റെ മുഴുവന്‍ വിശപ്പും 
ഇന്നെന്റെ കണ്ണിലുണ്ട്....

വിശപ്പ്‌ അഗ്നിയായൊരു നാള്‍.... 
തിന്നു തീര്‍ത്തത് ഒരു വനം മുഴുവനും  ആണ്... 
അതൊരു പഴം കഥ... 

മഴ പെയ്യിചെന്റെ വിശപ്പ്‌ കെടുത്താന്‍..
ഇന്നൊരു ദേവലോകത്ത്‌ നിന്നും..
വജ്രായുധം വീശുന്നില്ല...

അത് കൊണ്ട് മാത്രം എന്‍റെ വിശപ്പ്‌..
അജയ്യമാണ്.... 

പക്ഷെ....
ഇന്ന് എന്‍റെ വിശപ്പ്‌ കാര്‍ന്നു തിന്നുന്നത്.... 
മരണത്തിന്റെ മണമുള്ള നോട്ടു കെട്ടുകളെ ആണ്  ... 

സ്വന്തം തലക്കുമുകളില്‍..തൂക്കിയിട്ട വാളിനോട്‌ 
കഥ പറഞ്ഞു തീര്‍ത്ത മടുപ്പിക്കുന്ന രാവുകളെ ആണ്... 

ഞാന്‍.. ഊറ്റിയെടുത്ത്
പണമാക്കി വിറ്റ് വറ്റിച്ചു കളഞ്ഞ 
മാതൃ ഹൃദയത്തിന്റെ ...സ്നേഹാമൃത്.. 
നിളയെന്നു സ്നേഹം കലര്‍ത്തി വിളിക്കുമ്പോഴും... 
എന്‍റെ വിശപ്പ്‌ നിളയെ ഭക്ഷിച്ചു കൊണ്ടിരുന്നു... 
നിള പറഞ്ഞു.... 
മകനെ... 
നിന്‍റെ വിശപ്പ്‌ എന്‍റെ മരണമാണ്... 
ഞാന്‍ ചിരിച്ചു....
കാരണം എനിക്ക് വിശക്കുന്നു.... 

നിന്‍റെ ശുഷ്കമാകുന്ന മേനിയെ..
ഞാന്‍ പ്രണയിക്കുന്നു എന്ന് 
ഞാന്‍ കളി പറഞ്ഞു.... 
കാരണം എനിക്ക് വിശക്കുന്നു... 

നിന്‍റെ നഗ്നമാക്കപ്പെട്ട....
മാറിടം തുരന്നെടുത്തിട്ടു... 
എനിക്ക് വേണ്ടി അമൃത് ചുരത്തണം   എന്ന് 
ഞാന്‍ വാശി പിടിക്കുന്നു.... 
കാരണം എനിക്ക് വിശക്കുന്നു.... 

ഒടുവില്‍ ഒരുനാള്‍ സര്‍വ്വ ദുഖവും..
നീ പ്രളയമായി ഒഴുക്കിയപ്പോള്‍...
നിന്‍റെ കരകളെ നിന്‍റെ  തന്നെ വിശപ്പിന്റെ 
നാക്ക് നക്കിയെടുത്ത്തപ്പോള്‍... 
അപ്പോഴും...ഞാന്‍ വേദനിച്ചു.... 
കാരണം.....
എനിക്കിനിയും വിശക്കുമല്ലോ.....!!!!