"മഴ മോഹങ്ങള്‍..."

Saturday, May 22, 2010

അടയാളങ്ങള്‍....

നിനക്കു വേണ്ടി മാത്രം.... 
എന്‍റെ കണ്ണിമ പൂട്ടി വക്കാതെ... 
ഈ രാത്രി കഴിച്ചു കൂട്ടാം ഞാന്‍... 
പൂവിന്റെ സുഗന്ധമായി... 
നീ വരുന്നതിനു കാത്ത്... 

പിന്നെ... എന്‍റെ കണ്ണില്‍...
കണ്മഷിയായി നിന്‍റെ സ്നേഹം.... 
അലിഞ്ഞു ചേരുന്നത് കാത്ത്‌..... 
അന്തി ചോപ്പ് മായാത്ത 
ആകാശത്തിനു കീഴെ.... 
നിന്‍റെ കാല്‍ പാദത്തിനടിയില്‍....
ഞെരിഞ്ഞു തീര്‍ന്ന മണല്‍തരികളെ 
എണ്ണിത്തീര്‍ത്തു ... ഞാന്‍ കാത്തിരിക്കാം....

കിഴക്കുണരും വരെ....
എന്‍റെ കണ്ണുകള്‍ നിനക്കു വെളിച്ചമാകാന്‍...
കണ്ണ് തുറന്നിരിക്കുന്നു ഞാന്‍....
നരച്ച പകലിനു കീഴെ...
നിന്‍റെ തിരക്കിട്ട വഴികളില്‍.... 
നിശ്ശബ്ദ സഹയാത്രികയായി... 

കത്തി തീര്‍ന്ന പകലുകള്‍....
ചെതുമ്പിച്ച സന്ധ്യകള്‍ക്ക് വഴിമാറിയിട്ടും...
നീ വരാതെ ഇരിക്കുന്നു.....

തുറന്നു പിടിച്ച്‌ കൊണ്ടുതന്നെ...  
എന്‍റെ കണ്ണുകള്‍.... 
മൃതിയില്‍ വിലയിക്കുന്നുവെങ്കില്‍.... 
പ്രിയനേ.....
അത് വരും ജന്മങ്ങളിലും.... 
നിനക്കായുള്ള കാത്തിരിപ്പാണ്..... 
എന്‍റെ പ്രണയത്തിന്‍റെ......
നിന്നോടുള്ള അദമ്യമായ  
സ്നേഹത്തിന്റെ.... 
അടയാളമാണ്..... 

Thursday, May 13, 2010

സ്വയംവരം...













സുഹൃത്തേ, ഞാനും ഓര്‍ത്തു പോയി..
അറിയാതെ കയ്യില്‍ തടഞ്ഞ മുറിപ്പാട്
എന്നെ എന്തൊക്കെയോ ഓര്‍മ്മിപ്പിക്കുന്നു...
മരണത്തിന്റെ തണുത്ത കൈകള്‍ ...
എന്നെ തലോടിയെങ്കില്‍ എന്ന് കാത്ത
നരച്ച പകലുകള്‍ ....
വെറുങ്ങലിച്ച രാവുകള്‍ ...
എന്നിട്ടും ....
കണ്ണ് മിഴിച് കാത്തിരുന്നിട്ടും ..
എന്നെ മുട്ടിക്കടന്നു പോകാത്ത ..
മരണത്തിന്റെ കുളിരലകള്‍ ...
മടുപ്പെന്ന മാന്ത്രികത ...
മരണത്തെ വലിച്ചടുപ്പിക്കാന്‍ ...
തോന്നിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു....
മനസ്സിനുള്ളിലെ എല്ലാ പാട്ടുകളും..
നിലച്ചിരിക്കുന്നു...
അറിയാത്ത വാക്കുകള്‍ തിക്കിത്തിരക്കി വരുന്നു..
നീ ശപിക്കപ്പെട്ടവള്‍ എന്ന് വിധിക്കുന്നു...
പെയ്തൊഴിയാ മഴയായി...
ഒരു ജന്മം വിലപിക്കുന്നു...
മരണത്തിനോട്‌.... അപേക്ഷിക്കുന്നു...
വരൂ.....എന്നെ ചേര്‍ത്ത് പിടിക്കു...
നിന്‍റെ കൈകളുടെ തണുപ്പിനെ ഞാന്‍
പ്രണയിക്കുന്നു...
നിന്‍റെ മടിയിലെനിക്ക്....
സുഖ ശീതളമായ ശയ്യ ഒരുക്കിയിട്ട്...
എന്നെ ക്ഷണിക്കു....
എന്‍റെ ശ്വാസം ഉറങ്ങിപ്പോയ
നിന്‍റെ നെഞ്ചിലേക്ക് ചാഞ്ഞു മയങ്ങാന്‍...
നിന്‍റെ വധുവാകാന്‍...
നിന്‍ മധുരത്തിലലിഞ്ഞു തീരാന്‍...

Sunday, May 9, 2010

എന്‍റെ അമ്മക്ക്

അമ്മ...

ഒരു നെരിപ്പോടായി എരിഞ്ഞു കൊണ്ട്
എനിക്ക് ചൂടുപകര്‍ന്ന  നന്മ 

നിറയുന്ന  മിഴികള്‍ 
മറച്ചുപിടിച് എന്റെമുന്നില്‍ 
ചിരിച്ചു നിന്ന പുണ്യം...

ചുട്ടുപൊള്ളുന്ന മനസ്സിലേക്കായി 
അമൃത്‌ ഇറ്റിച്ചു   തന്ന്...
മൃതസന്ജീവനിയാകുന്ന സ്നേഹം.. 

ഇടറുന്ന വഴിയ്ക്ളില്‍ 
കൈപിടിച്ച് കൂടെ നടന്ന 
കനിവാര്‍ന്ന കാവല്‍... 

ഇരുട്ടുവീഴുന്ന ജീവിത വഴികളില്‍
വഴികാണിച്ചു തന്ന 
മിന്നാമിനുങ്ങിന്റെ ദയ...

അഴുക്കിന്റെ വക്കിലേക്ക് 
വഴുതി മാറാതെ 
പൊതിഞ്ഞു പിടിച്ച കരുതല്‍....

എന്‍റെ ജന്മം മുഴുവന്‍...
എന്തു  ചെയ്തു വീട്ടും ഞാന്‍ 
ഈ സ്നേഹത്തിന്റെ കടം..?

നിറയുന്ന മിഴികളിലും...
നനുത്ത നെറ്റിത്തടത്തിലും... 
നിനക്കീ  സ്നേഹ ചുംബനത്താല്‍ 
മുദ്രവക്കട്ടെ ഞാന്‍... 

കൂടെയുണ്ടാവും  എന്ന ഉറപ്പും 
പരിഭവിക്കാത്ത സ്നേഹവും... 
നിന്‍റെ പര്യായമാകുന്നു... 

നിനക്കെന്റെ നന്ദി 
ഹൃദയം ചേര്‍ത്ത് വച്ച 
ഈ പനിനീര്‍ പൂക്കളാല്‍ .........

Thursday, May 6, 2010

യമുന

കണ്ണാ...
         നവനീതമായി ഉരുകുകയാണ് ഞാന്‍ 
         നിന്‍റെ കൈകളില്‍... നിന്‍റെ സ്നേഹത്തിന്റെ ചൂടുതട്ടി... 
         നിന്നോട് പരിഭവിക്കാത്ത എന്‍റെ മിഴികളില്‍... 
         നിന്‍റെ  നീല മേനിയുടെ പ്രഭയും..... 
     വറ്റാത്ത പ്രേമ യമുനയും.... 
     
        പീലിക്കണ്ണില്‍  നീ ഒളിപ്പിച്ചു വച്ചത് 
         നമ്മുടെ മാത്രം സ്വപ്നങ്ങളുടെ സുവര്‍ണ്ണ നൂലുകളാണ്... 
         പറഞ്ഞിട്ടും പറഞ്ഞു തീരാത്ത പ്രണയത്തിനെ....
         നീ മുളംതണ്ടില്‍ പാട്ടായൊഴുകി....

          നീ മേഘ വര്‍ണമായതിനാല്‍   മാത്രം 
         ഞാന്‍ മിന്നലായി മാറിയത്.... 
          നിന്നെ പുണര്‍ന്നു കിടക്കാനാണ്.... 

         നിന്‍റെ മാറില്‍ ചേര്‍ന്ന് കിടക്കാന്‍ മാത്രം.... 
         ഞാന്‍ ഒരു കൃഷ്ണ തുളസിയായി....
      
      എന്നിട്ടും... എന്നിട്ടും.. പൊഴിഞ്ഞ്‌ തീരുന്ന യാമങ്ങളില്‍....
       നിന്റേതു മാത്രമെന്ന് പറഞ്ഞ്‌ നിര്‍ത്തിയ നിമിഷങ്ങളില്‍... 
       നീ ഒരു കാനാക്കിനവുപോലെ... മറഞ്ഞു നിന്ന്....  
       എന്നെ കൊതിപ്പിക്കുന്നു.... 
      
 എന്തെ കണ്ണാ....., 
             നീ പലപ്പോഴും എന്നെ മറക്കുന്നു.... 
            പക്ഷെ... ഓരോ ശ്വാസത്തിലും നിന്നെ ഞാന്‍ 
            ഓര്‍ത്തു കൊണ്ടേ ഇരിക്കുന്നു...... 
            കാരണം നീ പഠിപ്പിച്ചത് ഒന്നും  ഞാന്‍ മറക്കുന്നില്ല.... 
            നിന്നെ ഞാന്‍ ഓര്‍മിപ്പിക്കുന്നില്ല ഒന്നും..... 
         പക്ഷെ......
          ഒരു വാക്കിന്റെ നൂലുകൊണ്ട്.... 
          നീ കെട്ടിയിട്ട എന്‍റെ മനസ്സ്.... 
          നിനക്കു ചുറ്റും പ്രദക്ഷിണംവച്ച് കൊണ്ടേഇരിക്കും
             
              പ്രണയം......; 
              എന്റെയും നിന്റെയും പ്രണയം.....
               അത് ചെര്‍ന്നോഴുകുന്നത് വരെ....... 
            
         

Thursday, April 29, 2010

സഖാവ്

നിനക്കു ഞാന്‍ മാറ്റി വച്ചിരിക്കുന്നു... 
എന്‍റെ ഹൃദയത്തിന്‍ ഉള്ളറകളില്‍ ഒന്നും... 
രക്തമിറ്റുന്ന ചുവന്ന പനിനീര്‍ പൂവും.... 
കാരണം നീ എന്‍ പ്രിയ സഖാവാകുന്നു... 
നിന്‍റെ പാദങ്ങള്‍ക്ക് മേലെ എന്‍റെ പാദങ്ങള്‍ പതിപ്പിച്ചു....  
എന്‍റെ യാത്രയില്‍ കൂട്ടായി വന്ന പുണ്യം... 

നൊന്തു പോകുന്ന വാക്കുകള്‍ക്ക്...
അവധി കൊടുത്തു നീ....
വെന്തു പോകുന്ന സൂര്യന്നുകീഴെ 
ഇരുന്നു കൊണ്ട് എനിക്കെഴുതി... 
നീ എന്‍റെ പ്രിയ സഖി ആണെന്ന്.... 

പറഞ്ഞും പറയാതെയും നീ പഠിപ്പിച്ച സൌഹൃദം.... 
പുലര്‍ കാലങ്ങളില്‍ എന്‍റെ പുനര്‍ജനിയാകുന്നു.. 

നിന്നെ പകര്‍ത്തുവാന്‍ ഞാന്‍ കീറിയെടുത്ത....
ഈ ആകാശത്തിന്റെ കീറില്‍ 
മഴവില്ലുകൊണ്ട് ഞാന്‍ പോറിയിടട്ടെ...  
എന്‍റെ സ്നേഹം.... 

നീ മഴയാകുന്നുവെങ്കില്‍....
ഞാന്‍ ഈ മണ്ണില്‍ ഒട്ടിക്കിടക്കുന്ന കരിയിലക്കൂട്ടമാകാം... 
നിന്‍റെ സൌഹൃദം മുഴുവന്‍ പെയ്തു തീരും വരെ 
മണ്ണിനോട് മുഖമമര്‍ത്തി ഞാന്‍ കാത്തു കിടക്കാം... 
മണ്ണില്‍ അലിഞ്ഞ  നിന്‍റെ സൌഹൃദത്തിന്റെ 
തണുപ്പ്‌ മണ്ണിനോട് ചേര്‍ന്ന് ഒപ്പിയെടുക്കാന്‍.... 

വിരിച്ചിട്ട ചുവന്ന പനിനീര്‍ ദലങ്ങളില്‍ 
ഞാന്‍ മരിച്ചു കിടക്കാം.... 
എനിക്കറിയാം ഒരു മഞ്ഞു തുള്ളിയുടെ കുളിരായി...
വന്നു നീ എന്നെ  ഉണര്‍ത്തുമെന്ന്....  

പുലരും വരെ ഞാന്‍ മുനിഞ്ഞു കത്താം 
കരിന്തിരികത്താത്ത എണ്ണ വിളക്കായി... 
എനിക്കറിയാം പ്രഭാതം പൊന്‍ സൂര്യനായ്-
നിന്നെ കൊണ്ട്തരും എന്ന് ....

ഒടുവില്‍ ഒരു വാക്ക് മാത്രമായി 
ഞാന്‍ കാത്തു നില്‍ക്കാം... 
എനിക്കറിയാം നീ എന്നെ കവിതയായി 
നിന്‍റെ ചിന്തകളില്‍ വിടര്‍ത്തി യിടുമെന്നു... 

പിന്നെ പെയ്തൊഴിയാ മേഘങ്ങളായി 
നമുക്ക്  ആകാശ കോണിലേക്ക്  യാത്രയാവാം...
മഴയും... മഴവില്ലുമായി 
പുനര്‍ ജനിക്കാന്‍...........



Friday, April 23, 2010

കത്തിക്കപ്പെടാത്ത വിളക്ക്....

രാജലക്ഷ്മി...
എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരി...
"ഒരു വഴിയും കുറേ നിഴലുകളും" ....
പ്രിയപ്പെട്ട കൃതി....
(ക്ഷമിക്കണം എന്‍റെ ഇഷ്ട്ടത്തില്‍ ഒന്നാം സ്ഥാനം സാറാ തോമസ്‌ന്റെ
"നീലക്കുറിഞ്ഞികള്‍ ചുവക്കും നേരം" എന്ന കൃതിക്ക് തന്നെയാണ്)
ഇപ്പൊ എന്താ ഇങ്ങനെ പറയുന്നേ എന്നല്ലേ?
പറയാം....
ഒരു വഴിയും കുറേ നിഴലുകളും...
എന്‍റെ മനസ്സില്‍ മായാതെ നില്‍ക്കുന്ന
ഒരു കവിതാ ശകലം ഉണ്ട് അതില്‍...

കത്തിക്കപ്പെടാത്ത വിളക്കിനെ ചൊല്ലി
വിലപിക്കുന്ന ഹൃദയ ഹാരിയായ വരികള്‍....
മിന്നലുകള്‍ വന്നു തിരിത്തലപ്പു കരിച്ചിട്ടും..
കത്തിക്കപ്പെടാത്ത വിളക്ക്....
മനസ്സ് നീറുന്നു.... അറിയാതെ എന്തൊക്കെയോ...
ഓര്‍ത്ത്‌ പോകുന്നു....
ഞാനും കത്തിക്കപ്പെടാത്ത വിളക്കിനെ...
പൊതിഞ്ഞു പിടിച്ചിരിക്കുന്നു നനഞ്ഞ സ്വപ്നങ്ങളാല്‍...
പക്ഷെ.... ഒരിക്കല്‍ പോലും... കണ്ണ് നനയാതെ...
കാത്തിരുന്നിരുന്നു....
പിന്നിപ്പോള്‍.... ഏകാന്തത വല്ലാതെ
ആലോസരപ്പെടുത്തുമ്പോള്‍.....
മഞ്ഞു നിറച്ച വിളക്കുകള്‍
നിറഞ്ഞു കത്തുമ്പോള്‍.....
ഞാന്‍ മാത്രമെന്തേ...?
ഞാന്‍ ചന്ച്ചലപ്പെട്ടു പോകുന്നോ...?
ഇല്ല....
എന്‍റെ വിളക്ക് കത്തിക്കപ്പെടെന്ട....

ഞാന്‍ ഉരുകുന്നത് ഒരു മെഴുകുതിരിയായാണ്...
എന്നെ പ്രദക്ഷിണം ചെയ്യുന്ന
മൂന്നു ജീവിതങ്ങള്‍ക്ക് വെട്ടമായി...
സ്വയം ഉരുകിത്തീരുകയാണ്...
ഉരുകിയൊടുങ്ങുമ്പോള്‍ ...
ഒന്നും ബാക്കി വയ്ക്കാതെ...
ഒരു പവിഴത്തെക്കാള്‍ തിളക്കമുള്ള
കണ്ണുനീര്‍ തുള്ളിയായി മാത്രം
പൊഴിഞ്ഞ്‌ ഒടുങ്ങാന്‍....
അതിനു വേണ്ടി മാത്രം...
എന്‍റെ വിളക്ക് ഞാന്‍....
സ്പടികക്കൂട്ടില്‍ അടച്ചു വക്കട്ടെ....
ഒരിക്കലും കത്തിക്കപ്പെടാതിരിക്കാന്‍..

Saturday, April 17, 2010

സുഹൃത്ത്...

നീ ശുഭ്രമായ  ഒരു മേഘതുണ്ട് പോലെ.... 
എന്‍റെ ആകാശ വീഥിയില്‍ പ്രദക്ഷിണം വക്കുന്നു..
പറഞ്ഞിട്ടും തീരാത്ത കഥ പോലെ.... 
പാടിത്തീരാത്ത കവിത പോലെ.... 
പിന്നെ ഇടക്കെപ്പോഴൊക്കെയോ..... 
കടംകഥ പോല്‍ ഭ്രമിപ്പിക്കുന്നു....

മഴയും മഴവില്ലും ഒഴിഞ്ഞു തുടങ്ങിയ...
എന്‍റെ നീലാകാശത്തിനെ.....
നീ മഞ്ഞിന്റെ പുതപ്പുപോലെ.....
സൌഹൃദം കൊണ്ട് പൊതിയുന്നു....

കണ്ണുകളില്‍ ഒളിപ്പിച്ച   നക്ഷത്രവിളക്കുകളില്‍....
സ്നേഹത്തിന്റെ നെയ്‌ പകര്‍ന്നു-
വെളിച്ചമാകുന്നു നീ എന്‍റെ സൌഹൃദ വഴികളില്‍....

പലപ്പോഴും....പാടാന്‍ കൊതിക്കുന്ന പാട്ടാകുന്നു...
ഇടക്കെപ്പോഴോ...മൂളി നിര്‍ത്തിയ പ്രിയ ഗാനം...


നീ നിന്‍റെ സൌഹൃദം കാണിച്ചു തന്നിട്ട്.....
ശൂന്യതയില്‍ നിനും അദ്ഭുതങ്ങള്‍ എടുത്തു തന്ന...

മാന്ത്രികനാകുന്നു...

എനിക്ക് നിന്‍റെ സൌഹൃദം 
മയില്‍ പീലി പോലെ മനോഹരമാണ്... 
എന്‍റെ ഹൃദയത്തുടിപ്പ്‌ പോലെ പ്രിയമുള്ളതാണ്....
ഒരു ചുവന്ന റോസാ പുഷ്പമെന്നപോലെ.... 
മോഹിപ്പിക്കുന്നതാണ്....
മഞ്ഞു തുള്ളിയുടെ തലോടല്‍ പോലെ.... 
നനുത്തതാണ്... 
പ്രാണനും... പ്രിയവും ആണ്...
പരിഭവിക്കാന്‍ ഏറെ ഇഷ്ട്ടവുമാണ്.... 
കാരണം.....
നിന്‍റെ സൌഹൃദം എന്‍റെ മാത്രം സ്വന്തമാണ്.... 

Monday, April 5, 2010

എന്‍റെ മഴ

ചില്ലുജാലകത്തിനപ്പുറത്തെ..... 


കൊതിപ്പിക്കുന്ന മഴയാണ് പ്രണയം....
മഴയില്‍ ചാലിച്ച  പ്രണയത്തിന്‍റെ  തുള്ളികളില്‍....
മഴവില്‍ ചന്തവുമായി  വരുന്നത് ആരായിരിക്കും... 

ഹൃദയത്തിലെ പ്രണയം ഉരുകി.... 
കണ്ണുനീരായി...
മഴയോട് കൈ കോര്‍ക്കുമ്പോള്‍.... 
മഴ കാതില്‍ പറഞ്ഞില്ലയോ? 
അവന്‍ വരും എന്ന്?

മഴയുടെ നിശബ്ദമായ പിന്‍വാങ്ങല്‍ പോലെ... 
മെല്ലെ വിളിപ്പാടകലേക്ക്  മാറി ഒതുങ്ങുന്ന 
സ്വപനങ്ങളെ ... വാരിയെടുക്കുവാന്‍ ....
വരില്ലേ അവന്‍?

എന്‍റെ മാത്രം..... നക്ഷത്രകണ്ണുള്ള രാജകുമാരന്‍....
എന്‍റെ മഴത്തുള്ളികളില്‍....
പ്രണയത്തിന്‍റെ മഴവില്ല് വിരിയിക്കാന്‍....

കണ്പീലികളില്‍ ഉരുകിയിറങ്ങുന്ന 
പ്രണയത്തിനെ ചുണ്ടിനാല്‍ ഒപ്പിയെടുക്കാന്‍..
വിരല്‍തുംബുകളിലും മധുരം 
കിനിയുന്നു എന്ന് കളി പറയാന്‍.....

പിന്നെ പരിഭവിച് ഒതുങ്ങി മാറുമ്പോള്‍... 
പൂച്ചക്കുഞ്ഞിനെ പോലെ കുറുങ്ങാന്‍...
എന്റേതെന്നു കാതില്‍ പറഞ്ഞു...
ചേര്‍ത്ത് പിടിക്കാന്‍.....

വരുമായിരിക്കും....
അവന്‍....
ഈ മഴ പെയ്തു തീരും മുന്നേ.....
വരുമായിരിക്കും....
എന്‍റെ മഴ ഒരിക്കലും കള്ളം പറയില്ല.....

Wednesday, March 17, 2010

എന്‍റെ ശ്രേയാ....


എന്‍റെ ശ്രേയാ....
     
      നീ എന്തിനു നിന്‍റെ സ്വപ്നങ്ങളോട്‌ പരിഭവിക്കുന്നു? 
      നിന്‍റെ സ്വപ്‌നങ്ങള്‍ എല്ലാം 
      എന്‍റെ കുസൃതികളല്ലേ....?

പക്ഷെ... 
       
       ആദ്യമായി... ഞാന്‍ നിന്നോട് ഒന്ന് പരിഭവിചോട്ടെ..?
       നീ എന്തിനു....
       ഈന്തപനക്ക് മുകളില്‍ ചക്കയുണ്ടായതും
       മണല്‍ കൂനയിലൂടെ നീള ഒഴുകി വന്നതും
       സ്വപ്നം കാണുന്നു? 
       എന്തിനാണ്.....
       ഇന്നലെ രാത്രി നിന്നെ  കടിക്കാന്‍ വന്ന ചോളന്‍ ഉറുമ്പിനെ
       തെങ്ങില്‍ കെട്ടിയിട്ടു  പേപട്ടിയെ പോല്‍ തച്ചതും -
       കുഞ്ഞു പൂവില്‍ ഏറി വന്ന ആലിസിനെ വണ്ടെര്‍ലാന്റിലേക്       
       തിരിച്ചു വിട്ടതും.... സ്വപനം കാണുന്നെ?

 നിനക്കു കാണാനായി മാത്രം.....
 ഞാന്‍ ചൂടുന്ന മയില്‍പ്പീലിയും..... 
 നീ കൊരുത് തന്ന മലര്‍ മാലയും 
 നിന്‍റെ സ്വപ്നങ്ങളില്‍ നിന്നും അന്ന്യമാകുന്നോ....? 

നിന്‍റെ നരന്‍ സ്വാര്‍ഥനാകുന്നു...പ്രിയേ... 
നിന്‍റെ ചെമ്പക ചുവട്ടില്‍ ഞാനുണ്ടാവും..... 
നമുക്ക് ഒരിക്കല്‍ കൂടി കുന്നിക്കുരു മണികള്‍ 
വാരിക്കളിക്കാം....

നമ്മള്‍ ഓടിക്കളിച്ച തേന്മാവിന്‍ ചുവടും.... 
കളി വീടുണ്ടാക്കിയ മുറ്റവും.... 
എന്നെപ്പോലെ..... നിന്‍റെ വിരഹത്തില്‍ 
പിടയുകയാണ്..............

വരൂ  സഖി.....
എന്‍റെ പീലി കണ്ണില്‍ 
നിന്‍റെ സ്വപ്നങ്ങളെ ഇറക്കി വക്കു.............
ഇനി നിന്‍റെ കൃഷ്ണമണികളില്‍.... 
നിന്‍റെ നരന്‍ മാത്രമാവട്ടെ.......... 

Monday, March 15, 2010

പിന്നെയും.............

പ്രണയം അനുഭൂതിയാനെന്നു.....
ഓരോ നിമിഷവും ഓര്‍മിപ്പിച്ചു കൊണ്ടേ ഇരിക്കുന്ന വാക്കുകള്‍............
പ്രണയം ചിലപ്പോള്‍ ഒരു നീര്‍ക്കുമിള പോല്‍ ഭ്രമിപ്പിക്കുന്നു......
ഒരു നിമിഷത്തേക്ക് സ്വപ്‌നങ്ങള്‍ എല്ലാം പ്രതിഫലിപ്പിച്
നൊടിയിടകൊണ്ടു..... ഉടഞ്ഞു പോകും......
മറ്റു ചിലപ്പോള്‍....
നീറിപ്പിടക്കുന്ന ഹൃദയമിടിപ്പിനും
കാത്തിരിപ്പിന്റെ അലോസരതക്കും...
ഇടയില്‍ പിടഞ്ഞു തീരുന്ന ഒരു പറഞ്ഞു തീരാത്ത കഥ....
അല്ലേ?
പറയപ്പെടാത്ത മോഴികള്‍ക്കിടയില്‍
നഷ്ട്ടമാകുന്നതും....
പറഞ്ഞു തീര്‍ന്നിട്ടും കാണാതെ പോകുന്നതും....
ഒരേ പ്രണയത്തിന്‍റെ മഴനൂലുകലാണ്............

നൂല്‍ അറ്റത് കെട്ടിയിട്ട വര്‍ണപ്പട്ടം പോലെ......
കെട്ടു പൊട്ടിചോടാന്‍ കുതിക്കുന്നു ......
പിന്നെ പിന്നെ മറവിക്കും ഓര്‍മക്കും ഇടയില്‍...... 
ഒരു കണ്ണുകള്‍ക്കും ഇടം കൊടുക്കാത്ത.....
മാറാല കെട്ടുകള്‍ക്ക് ഇടയിലേക്ക് വലിച്ചെറിഞ്ഞ്.........

ഉടഞ്ഞു പോകുന്ന വിഗ്രഹങ്ങള്‍ ഒന്നും കൂടിചേരാത്തപ്പോള്‍............. 
നിറയാതിരിക്കാന്‍ പാടുപെട്ട കണ്ണുകളില്‍... 
തിളക്കം അവശേഷിപ്പിച്..... 
പ്രണയം..... പിന്നെയും............. 
മഞ്ഞു തുള്ളികള്‍ പറ്റിചെര്‍ന്ന റോസാ ദലങ്ങളില്‍ 
വിരുന്നു വന്നു കൊണ്ടേ ഇരുന്നു............... 

നിന്‍റെ നരന്‍.......

പ്രിയ സഖി.......

നിന്‍റെ നരന്‍....... നിന്‍റെ വാക്കുകളിലെ മനോഹാരിതയില്‍ മയങ്ങിയപ്പോഴും..........
നീ എന്‍റെ വേണുഗാനം കേട്ടു സ്വയം മറന്നപ്പോഴും......
നിന്നെ എനിക്കും, എന്നെ നിനക്കും അറിയാന്‍ ....
പ്രണയത്തിന്‍റെ പരാഗ രേണുക്കളിലായി...
പതിപ്പിച്ചു വച്ച മുന്‍ജന്മ സ്മ്രിതികള്‍ ഉണ്ടായിരുന്നു....

ഒരു കുഴല്‍ നാദത്തില്‍ സ്വയം മറന്ന രാജകുമാരിക്ക് പക്ഷെ.....
രാജകുമാരന്റെ ഓര്‍മകളില്‍ എവിടെയും....
ഒരു കാട്ടുപൂവിന്റെ ഗന്ധം പകര്‍ത്താന്‍ ആയില്ല...

അത് ഏതു ജന്മത്തിന്റെ തെറ്റോ......
പറയപ്പെടാത്ത പ്രണയത്തിന്‍റെ നഷ്ട്ടമോ അല്ലേ..... പ്രിയേ?

രാജകുമാരന്‍ ലയിച്ചത്‌ തന്റെ തന്നെ ഗാനത്തിലാണ്....
ഞാന്‍ നിന്‍റെ മിഴികളില്‍ ഉരുകിയ പ്രണയത്തില്‍
തളക്കപ്പെട്ടതുപോലെ അല്ല പ്രിയേ....

മത്സ്യ കന്യക അതേ ഗാനത്തിന്റെ ഈരടികളില്‍
ഇഹലോകം മറന്നതാണ്.....
നിന്നെപ്പോലെ എന്‍റെ മയില്‍‌പ്പീലി ചന്തത്തില്‍
ഇഹം മറന്നതല്ല......

അവള്‍ പ്രണയിച്ചത്.......
കാതുകളില്‍ അമൃതായ കുഴല്‍വിളി നാദത്തെ ആണ്...
നീ പ്രണയിച്ച പോല്‍ എന്‍റെ സ്വത്വത്തെ അല്ല..........

നൈമിഷിക വികാരങ്ങള്‍......
ഇരുട്ടിന്റെ... വിഷാദത്തിന്റെ ഇരുള്‍ അറകള്‍ തീര്‍ക്കും എന്ന്
എന്‍റെ പ്രിയേ..... എത്ര വട്ടം നിന്‍റെ കാതില്‍....
പ്രണയ യമുനാ തീരത്ത് വച്ച് ഞാന്‍ പറഞ്ഞു തീര്‍ത്തത് ആണ്

എന്നിട്ടും നീ ഒരു ആമ്പല്‍ പൂവിനുള്ളില്‍ കുരുങ്ങിപ്പോയ
കുമാരിയെ ഓര്‍ത്ത്‌ കേഴുന്നു......
നിന്‍റെ മനസ്സാം പദ്മതില്‍ കുരുങ്ങിയ ......
മധുപമായി പറക്കുന്ന എന്‍റെ പ്രണയം
കണ്ടില്ലെന്നു നടിക്കുന്നുവോ നീ?

Sunday, March 14, 2010

എനിക്ക് വേണ്ടത്‌

എന്താണ് നിനക്കു വേണ്ടത്‌?
നിന്‍റെ സൌഹൃദത്തിനു പകരമായി? 

ഞാന്‍ ചിരിച്ചു തള്ളി....
എനിക്കൊന്നും വേണ്ട  കണ്ണാ.....
അന്ന് പക്ഷെ അവന്‍ ഒന്നും മറുത്തു പറഞ്ഞില്ല....

പിന്നെ എപ്പോഴോ......
മരം പെയ്യുന്നത് നനഞു ഇരുന്നപ്പോള്‍.... 
അവന്‍ വീണ്ടും ചോദിച്ചു.....
നിന്‍റെ ചാര കണ്ണുകളില്‍ നീ എനിക്കായി ഒളിച്ചു വെച്ച 
സ്നേഹത്തിനത്രയും............
ഞാന്‍ എന്തു പകരം തരണം? 

പിന്നെയും ഞാന്‍ ചിരിച്ചു.....
അവന്‍ പിണങ്ങി.....
പിന്നെയും ഇണങ്ങി....... 

ഒടുവില്‍ എപ്പോഴോ......
ഒരു രാത്രി വര്‍ത്തമാനത്തിനിടക്ക് 
അവന്‍ ചോദിച്ചു...........
നിനക്കു ഞാന്‍ ആരാണ് ?
ഞാന്‍ അപ്പോഴും ചിരിച്ചു.............

എന്താ ഞാന്‍ ചിരിക്കുന്നെ 
എന്ന് നിങ്ങള്‍ ചോദിച്ചാല്‍ ഞാന്‍ എന്താ പറയുക.....

എനിക്ക് എന്തെങ്കിലും ഒന്ന് വേണം എന്ന്
ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു എങ്കില്‍.....
അത് ഒരു പിതാവിന്റെ സ്നേഹമാണ്............

ആര്‍ക്കാ അത് തരാന്‍ പറ്റുക ? അല്ലേ? 
ഞാന്‍ ആഗ്രഹിച്ചു തുടങ്ങിയപ്പോഴേക്കും
എനിക്ക് നഷ്ട്ടപ്പെട്ടത്‌ ഒരു തണല്‍ മരത്തിന്റെ തണുപ്പാണ്.....
ഞാന്‍ കരഞ്ഞു കേണിട്ടും എനിക്ക് കിട്ടാതെ പോയത്.....
വീണു പോയേക്കാവുന്ന നിമിഷങ്ങളിലെ ഒരു താങ്ങാണ്...........

പിന്നെ ഇരുട്ടിനെ പേടിയെന്ന് പൊളി പറഞ്ഞു....
പതുങ്ങിയിരിക്കാന്‍....ഒരു അഭയമാണ്......
വഴിതെറ്റുക ഇല്ലെന്ന്‌ അറിയുമ്പോഴും......
മുറുകെ പിടിച്ചു നടക്കാന്‍ 
സ്നേഹത്തിന്റെ ചൂടുള്ള കൈത്തലമാണ്.......

പിന്നെ ഉള്ളിലെ കടം കഥകള്‍ക്ക് 
ഉത്തരം തേടിതരുന്ന ഒരു അദ്ധ്യാപകന്‍.....
പിന്നെ പിന്നെ......
ചെറിയ പിനക്കങ്ങളെ.........
ഐസ് ക്രീം പോലെ..... അലിയിചിരുന്ന  സ്നേഹം .......... 

ഇത്രയും എനിക്ക് തിരിച്ചു കിട്ടാത്ത ഒരു കിനാവ്‌ 
മാത്രമാകുമ്പോള്‍.................
എങ്ങിനെയാണ് പ്രിയപ്പെട്ട കൂട്ടുകാരാ....
എനിക്ക് എന്തു വേണമെന്ന് പറയുന്നത്? 

നീ ഇനി ഒരിക്കല്‍ പോലും എന്നോട് ചോദിക്കില്ലെന്ന് 
പറഞ്ഞു വിഴുങ്ങിക്കളഞ്ഞ..........
ചോദ്യങ്ങള്‍ക്കൊക്കെയും ഉത്തരമാവില്ല.........
എന്നാലും......
നീ അറിയണം..................
ജീവിതത്തില്‍ ഒന്നും അമിതമായി ആഗ്രഹിക്കാതെ ഇരുന്നിട്ടും.....
എല്ലാ സന്തോഷങ്ങളും......
ഒരു കൈ അകലത്ത്‌ നഷ്ട്ടമായ....എന്നോട് 
നീ സഹതാപം കാണിക്കരുത്.....
നിന്‍റെ സൌഹൃദം സഹതാപത്തിന്റെ മുഖം മൂടി
അണിഞ്ഞു വന്നാല്‍.......നിന്നെ കൂടി എനിക്ക് നഷ്ട്ടമാകും.....
അങ്ങനെ നഷ്ട്ടമാകാതിരിക്കട്ടെ........