"മഴ മോഹങ്ങള്‍..."

Thursday, April 29, 2010

സഖാവ്

നിനക്കു ഞാന്‍ മാറ്റി വച്ചിരിക്കുന്നു... 
എന്‍റെ ഹൃദയത്തിന്‍ ഉള്ളറകളില്‍ ഒന്നും... 
രക്തമിറ്റുന്ന ചുവന്ന പനിനീര്‍ പൂവും.... 
കാരണം നീ എന്‍ പ്രിയ സഖാവാകുന്നു... 
നിന്‍റെ പാദങ്ങള്‍ക്ക് മേലെ എന്‍റെ പാദങ്ങള്‍ പതിപ്പിച്ചു....  
എന്‍റെ യാത്രയില്‍ കൂട്ടായി വന്ന പുണ്യം... 

നൊന്തു പോകുന്ന വാക്കുകള്‍ക്ക്...
അവധി കൊടുത്തു നീ....
വെന്തു പോകുന്ന സൂര്യന്നുകീഴെ 
ഇരുന്നു കൊണ്ട് എനിക്കെഴുതി... 
നീ എന്‍റെ പ്രിയ സഖി ആണെന്ന്.... 

പറഞ്ഞും പറയാതെയും നീ പഠിപ്പിച്ച സൌഹൃദം.... 
പുലര്‍ കാലങ്ങളില്‍ എന്‍റെ പുനര്‍ജനിയാകുന്നു.. 

നിന്നെ പകര്‍ത്തുവാന്‍ ഞാന്‍ കീറിയെടുത്ത....
ഈ ആകാശത്തിന്റെ കീറില്‍ 
മഴവില്ലുകൊണ്ട് ഞാന്‍ പോറിയിടട്ടെ...  
എന്‍റെ സ്നേഹം.... 

നീ മഴയാകുന്നുവെങ്കില്‍....
ഞാന്‍ ഈ മണ്ണില്‍ ഒട്ടിക്കിടക്കുന്ന കരിയിലക്കൂട്ടമാകാം... 
നിന്‍റെ സൌഹൃദം മുഴുവന്‍ പെയ്തു തീരും വരെ 
മണ്ണിനോട് മുഖമമര്‍ത്തി ഞാന്‍ കാത്തു കിടക്കാം... 
മണ്ണില്‍ അലിഞ്ഞ  നിന്‍റെ സൌഹൃദത്തിന്റെ 
തണുപ്പ്‌ മണ്ണിനോട് ചേര്‍ന്ന് ഒപ്പിയെടുക്കാന്‍.... 

വിരിച്ചിട്ട ചുവന്ന പനിനീര്‍ ദലങ്ങളില്‍ 
ഞാന്‍ മരിച്ചു കിടക്കാം.... 
എനിക്കറിയാം ഒരു മഞ്ഞു തുള്ളിയുടെ കുളിരായി...
വന്നു നീ എന്നെ  ഉണര്‍ത്തുമെന്ന്....  

പുലരും വരെ ഞാന്‍ മുനിഞ്ഞു കത്താം 
കരിന്തിരികത്താത്ത എണ്ണ വിളക്കായി... 
എനിക്കറിയാം പ്രഭാതം പൊന്‍ സൂര്യനായ്-
നിന്നെ കൊണ്ട്തരും എന്ന് ....

ഒടുവില്‍ ഒരു വാക്ക് മാത്രമായി 
ഞാന്‍ കാത്തു നില്‍ക്കാം... 
എനിക്കറിയാം നീ എന്നെ കവിതയായി 
നിന്‍റെ ചിന്തകളില്‍ വിടര്‍ത്തി യിടുമെന്നു... 

പിന്നെ പെയ്തൊഴിയാ മേഘങ്ങളായി 
നമുക്ക്  ആകാശ കോണിലേക്ക്  യാത്രയാവാം...
മഴയും... മഴവില്ലുമായി 
പുനര്‍ ജനിക്കാന്‍...........