"മഴ മോഹങ്ങള്‍..."

Friday, January 11, 2013

കടിഞ്ഞൂല്‍


തൊണ്ടയറ്റം വന്നൊരു കിതപ്പ്..
കഴുത്തിനെ ഇറുക്കി ശ്വാസംമുട്ടിക്കുംപോലെ..
പിന്നെ ഉദരത്തില്‍ നിന്നുമൊരു തീനാളം-
നെഞ്ചിന്‍ കൂടോളം വന്ന് ഒരു ആളല്‍..
ബോധാബോധങ്ങളില്‍ സദാപിന്‍തുടരുന്ന-
ഉറക്കം തുലയ്ക്കുന്ന അസ്വസ്ഥത.
തിരിഞ്ഞും, മറിഞ്ഞും,തലയിണ പിച്ചിക്കീറിയും-
ഉള്ളുരുക്കത്തിന്റെ  ചുടുനിശ്വാസങ്ങള്‍...
ഉറക്കം പടിവാതിലില്‍ പോലും വന്നുനോക്കാത്ത-
സുദീര്‍ഘരാത്രികളിലെ  കരള്‍കലക്കങ്ങള്‍...
പേര്‍ത്തും , പേര്‍ത്തും ദിനരാത്രങ്ങളില്‍-
ഉള്ളിലിട്ട് ഊതിക്കാച്ചിയെടുത്ത പൊന്ന്..
നേര്‍ത്ത ഹൃദയമിടിപ്പിന്‍ അകമ്പടിയോടെ-
വെളുത്ത പ്രതലത്തിലേക്ക്  ഛര്‍ദ്ദിച്ചിട്ടപ്പോള്‍...
ഒരു പേറ്റുനോവിന്റെ സുഖദ നിര്‍വൃതിയില്‍-
മനസ്സ് പിടഞ്ഞുണര്‍ന്ന നിമിഷങ്ങള്‍...
ഇതെന്റെ കടിഞ്ഞൂല്‍ കവിത....!!!
മനസ്സാം ഗര്‍ഭപാത്രത്തിന്റെ ലോലഭിത്തികളില്‍-
പറ്റിപ്പിടിച്ചു പതിയെ വളര്‍ന്ന ഭ്രൂണം...
ചിന്തകളും, പ്രതീക്ഷകളും, സ്വപ്നങ്ങളും, പ്രതിഷേധവും-
പിന്നെ ചിലപ്പോള്‍ കണ്ണുനീരിന്റെ തിരിച്ചറിവുകളും ഊട്ടി-
മനസ്സിന്റെ പേറ്റുനോവില്‍ പിടഞ്ഞ വിരലുകള്‍ പെറ്റിട്ട കവിത..
ഒരു പിടിയക്ഷരങ്ങള്‍ ആദ്യമൊരു വാക്കായ് -
പിന്നെപ്പിന്നെ വരികളായ് ; നാനാ അര്‍ത്ഥങ്ങളായ് 
എന്റെ കടിഞ്ഞൂല്‍ കവിത..............

( ഓരോ സൃഷ്ട്ടിക്കു പിന്നിലും ഉള്ള  പേറ്റുനോവ് അനുഭവിച്ചറിഞ്ഞ എല്ലാ എഴുത്തുകാര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു..)