"മഴ മോഹങ്ങള്‍..."

Friday, October 29, 2010

ഈ മഴ തോരുകയെ ഇല്ല.....

എന്‍റെ മനസ്സിനകത്തേക്ക്-
നീ ചുഴിഞ്ഞിറങ്ങരുത്
ഇരുട്ടും... പുകവലയങ്ങളും...
പിന്നെ ഇരുട്ട് പിളര്‍ന്നു വരുന്ന
കടവാവലുകളും....മാത്രമുള്ള-
ചുക്കിലി പിടിച്ച; കറുത്ത മതിലുകള്‍-
ഉയര്‍ത്തിക്കെട്ടിയ
കറുത്ത ആകാശ ചീള് പോലും-
എത്തി നോക്കാത്ത-
എന്‍റെ മനസ്സിനകത്തേക്ക്...
നീ ചുഴിഞ്ഞിറങ്ങരുത്

പ്രണയം നീ ചോദിക്കുമ്പോള്‍-
എടുത്തു നീട്ടാന്‍ ചുവന്ന പനീര്‍പൂക്കളോ,
നിനക്കു നനയാനുള്ള മഴയാകാനുള്ള-
സ്നേഹമോ, എന്‍റെ മനസ്സിലില്ല...

ഒരു ചുണ്ടില്‍ എരിഞ്ഞു തീരുന്ന അഗ്നി കണക്കെ-
നീറ്റി നീറ്റി എന്‍റെ മനസ്സ് എനിക്ക് പോലും-
വേണ്ടാതായിരിക്കുന്നു.

ഒച്ചുകളെപ്പോലെ ഇഴഞ്ഞു കൊണ്ട്-
നഷ്ട്ട സ്വപ്‌നങ്ങള്‍ കറുത്ത ചുവരില്‍-
കണ്ണീരിന്റെ നനവുള്ള പടം വരയ്ക്കുന്നു.

കാറ്റ് പിടിച്ചുലക്കുന്ന ചിന്തകളില്‍-
തൂവി തെറിച്ചു പോയ സിന്ദൂരത്തെ ഓര്‍ത്തു-
പിന്നെയും പിന്നെയും ആരോ കരഞ്ഞു..
കരഞ്ഞു കരഞ്ഞു ഒടുവില്‍ ആ കരച്ചില്‍-
മഴയുടെ തുടക്കങ്ങളായി.

മഴയെന്നാല്‍....
നിന്നെ കുളിരു കൊണ്ട് പൊതിയുന്ന-
സൂചി മഴയല്ല...
നനയാതെ നനയിക്കുന്ന-
ചാറ്റല്‍ മഴയല്ല...
എല്ലാം ഒഴുക്കി കളയുന്ന-
പാപനാശിനി കണക്കെ-
കൂലം കുത്തിയൊഴുകി മനസിന്റെ-
പടിക്കെട്ടുകള്‍ക്കും അപ്പുറത്തേക്ക്-
എന്നെ കൊണ്ട് ചെന്നെത്തിക്കുന്ന മഴ...
ഈ മഴ തോരുകയെ ഇല്ല-
കാരണം എന്നെ ഒഴുക്കി കൊണ്ട് പോകാന്‍-
ഇനിയും ഉറക്കെ പെയ്തെ മതിയാകൂ...