"മഴ മോഹങ്ങള്‍..."

Friday, September 10, 2010

ഏഴിലം പാല-2

തുടരുന്നു...

           അകന്നു പോകുന്ന കൊലുസ്സിന്റെ ശബ്ദം... യക്ഷിക്കാവില്‍ നിന്നും വീശിയടിച്ച ഇളം കാറ്റില്‍ മെല്ലെ പറന്ന നേരിയതിന്റെ തുമ്പ്... അത്രയുമേ നന്ദുവിനു കാണാന്‍ ആയുള്ളൂ...  ഓടി അടുത്ത് വന്നപ്പോഴേക്കും  അകന്നു പോയിക്കഴിഞ്ഞിരുന്നു അവള്‍...  പാലച്ചുവട്ടില്‍ നിന്നും ഇടത്തോട്ട് തിരിയുന്ന വഴിയില്‍ അവളെ കാണാം എന്ന വ്യാമോഹം കൊണ്ട് അവന്‍ പാലയെ ഒന്ന് ചുറ്റി വന്നു... " എവിടെ.. അവള്‍ പോയിക്കളഞ്ഞല്ലോ... "  
        പാലപ്പൂവിന്റെ മണം  മാത്രം അവിടെ തങ്ങി നിന്നു... വല്ലാത്ത ഒരു നിരാശ തോന്നി നന്ദുവിന്. അവള്‍ ആരായിരിക്കും..? ഈ രാത്രി ഈ പരിസരത്ത്...? നിലാവെട്ടം കൂടിയിരിക്കുന്നു..യക്ഷിക്കാവിലെ പ്രതിമകള്‍ക്കൊക്കെ ജീവന്‍ വെച്ച പോലെ. പാതിക്കു വച്ചു നിര്‍ത്തിയ ഒരു പ്രതിമക്കു മുന്നില്‍ അവന്‍ നിന്നു.. മറ്റുള്ളവയെക്കാള്‍ മനോഹാരിത അതിനായിരുന്നു. അപൂര്‍ണം എങ്കിലും അതി മനോഹരം.നോക്കി നോക്കി നിന്നപ്പോള്‍ പരിസരം മറന്നുപോയി.
          പതിയെ തിരിച്ചു നടക്കാന്‍ ഒരുങ്ങുമ്പോള്‍ അറിയാതെ കണ്ണില്‍ തടഞ്ഞതാണ് തിളങ്ങുന്ന ആ കല്ല്.... പൊടി തുടച്ചു എടുത്തപ്പോള്‍ കുറച്ചു പഴക്കം ചെന്ന ഒരു മോതിരം.. പക്ഷെ വളരെ ചെറുതാണ്.കൊച്ചു കുട്ടികളുടെ മോതിര വിരലിന്റെ  വലിപ്പമേ കാണൂ.. പക്ഷെ കൊച്ചു കുട്ടികള്‍ക്ക് ആരാ ഡയമണ്ട് മോതിരം കൊടുക്കുന്നെ..? വെറുതെ വിരലിനോടടുപ്പിച്ചപ്പോള്‍ ഇടം കയ്യിലെ ആറാം വിരല്‍ തുടിച്ചു.
    "ഒഹ്..കൃത്യം പറഞ്ഞു പണിയിച്ച പോലെ... ആറാം വിരലിനു ഇതുവരെ ഒരു ഗമ ഉണ്ടായിരുന്നില്ല..ഇരിക്കട്ടെ...." പാലച്ചുവട്ടില്‍ എത്തിയപ്പോള്‍  നന്ദു അമ്പരന്നു പോയി.പാലയാകെ പൂത്തുലഞ്ഞു നില്‍ക്കുന്നു.. ഒരു കുട്ടപ്പൂ മുകളില്‍ കമഴ്ത്തിയ പോലെ... നാസിക തുളച്ചു കയറി മത്ത്  പിടിപ്പിക്കുന്ന  ഗന്ധം.. പതിയെ പാലച്ചുവട്ടില്‍ അവന്‍  ഇരുന്നു ആദ്യമായി പൂക്കാലം കാണുന്ന കുട്ടിയെ പോലെ...
        പിന്നെ ഉണരുന്നത് ഇപ്പോഴാണ്.. പാല പൂക്കള്‍ പൊഴിച്ച് കൊണ്ടേ ഇരിക്കുന്നു.. ദേഹത്തും തലയിലും വീണ പൂക്കളെ തട്ടിക്കളഞ്ഞു കൊണ്ട് അവന്‍ എണീറ്റ്‌ നിന്നു.. നന്നായി ഉറങ്ങി. പേരമ്മ അറിയുന്നതിന് മുന്നേ അറയ്ക്ക്  അകത്തേക്ക് കയറണം. താക്കോല്‍ തപ്പി എടുത്തു പിന്‍ വാതില്‍ തുറന്നു ശബ്ദമുണ്ടാക്കാതെ കയറി. കിടന്നതും ഉറങ്ങിപ്പോയി..
           "ഈ കുട്ടി ഉണര്‍ന്നില്ല്യെ...?... ഒന്ന് വിളിച്ചോളൂ  സാവിത്ര്യെ ..." മുത്തശിയുടെ ആജ്ഞ കേട്ടിട്ടാണ് കണ്ണ് തുറന്നത്. മടിച്ചു മടിച്ച് എണീറ്റു.. പേസ്റ്റും, തോര്‍ത്തും എടുത്ത് കുളക്കടവിലേക്ക്... കണ്ണീരു പോലെ തെളിഞ്ഞു കിടക്കുന്ന വെള്ളം. മുഖം കഴുകാന്‍ കൈ കുമ്പിളില്‍ വെള്ളം  കോരിയെടുത്തപ്പോള്‍ മാത്രമാണ്  ആറാം  വിരല്‍  അവന്‍  ശ്രദ്ധിച്ചത്. വിരലോടൊട്ടി ചേര്‍ന്ന് കിടക്കുന്ന മോതിരവും. മോതിരത്തിലെ കല്ല് വല്ലാതെ തിളങ്ങുന്നു..
                                                                                   ..................(തുടരും...)