"മഴ മോഹങ്ങള്‍..."

Wednesday, April 13, 2011

നീലിമയുടെ വിഷുക്കണി..

    കണ്ണുകള്‍ ഇറുക്കിയടച്ചു തുടരെത്തുടരെ വെട്ടി വിറച്ചു കൊണ്ടിരുന്നു നീലിമ. കഴുത്തിലെ ഞെരമ്പുകള്‍ വലിഞ്ഞു മുറുകി അവള്‍ ശ്വാസമെടുക്കാന്‍ നന്നേ വിഷമിക്കുന്നുണ്ടായിരുന്നു. കയ്യിലിരുന്ന പൊതിക്കെട്ടു ബെഡ്ഡിലേക്കിട്ടു  അവളെ കോരിയെടുത്ത് നന്ദന്‍ കോണിപ്പടികള്‍ ഓടിയിറങ്ങി. 

"എന്തു പറ്റി മോനെ..? " ദാക്ഷായണി അമ്മയുടെ ചോദ്യത്തിനു മറുപടി പറയാതെ നന്ദന്‍ നീലിമയെ കാറില്‍ കയറ്റി ഓടിച്ചു പോയി. വെല്‍ കെയര്‍ ഹോസ്പിറ്റലിലെ വാര്‍ഡില്‍ ഇളം നീല വിരിപ്പിട്ട ബെഡ്ഡില്‍ നീലിമ വാടിയ താമരത്തണ്ട് പോലെ വിളര്‍ത്തു വാടി കിടന്നു. 

  "എന്തു പറ്റി നന്ദാ..എങ്ങോട്ടാ നീ പോയത് ഒന്നും പറയാതെ..?" ഫോണിന്റെ അങ്ങേ തലക്കല്‍ ദാക്ഷായണിഅമ്മ കരയുകയായിരുന്നു. "ഒന്നുമില്ല നീലിമയ്ക്ക് ഒരു തലകറക്കം പോലെ..ഞങ്ങള്‍ ഹോസ്പിറ്റലില്‍ ഉണ്ട് ഉടനെ വരാം.." നന്ദന്‍ ഫോണ്‍ കട്ട് ചെയ്തിട്ട് ഡോക്ടറുടെ കാബിനിലേക്ക്‌ കയറിച്ചെന്നു. ഡ്യൂട്ടി ഡോക്ടര്‍ വിശ്വനാഥന്‍ നന്ദന്റെ അടുത്ത സുഹൃത്ത്‌ കൂടി ആണ്. 

"ഇരിക്ക് നന്ദന്‍..  നീലിമക്ക് ഇതാദ്യമാണോ ഇങ്ങനെ ഒരു മാറ്റം..? മുപേ എപ്പോഴെങ്കിലും ഇങ്ങനെ എന്തെങ്കിലും...?" 
"ഹേയ്... ഇല്ല ഡോക്ടര്‍.. ആദ്യമായിട്ടാ അവള്‍ വല്ലാതെ എന്തൊക്കെയോ കാണിച്ചു കൂട്ടി... അപസ്മാരം ബാധിച്ചവളെ പോലെ..."

"നന്ദന്‍.. നീലിമയ്ക്ക് അപസ്മാരത്തിന്റെ ഒരു ലക്ഷണങ്ങളും ഇല്ല.. ഇത് മറ്റെന്തോ ആണ്... നിങ്ങള്‍ തമ്മില്‍ വഴക്കോ മറ്റോ ഉണ്ടായോ...? ഐ മീന്‍ ചെറിയ സൌന്ദര്യപ്പിണക്കങ്ങള്‍   എന്തെങ്കിലും.... "

"ഇല്ല ഡോക്ടര്‍... വിവാഹം കഴിഞ്ഞു ആറുമാസം കഴിയുന്നെ ഉള്ളൂ.. ആദ്യത്തെ വിഷുവാണ് ഞങ്ങള്‍  അതിന്റെ ഒരുക്കങ്ങളില്‍ ആയിരുന്നു... അവള്‍ സന്തോഷവതിയും ആയിരുന്നു.. "

"പിന്നെ ഇപ്പോള്‍...." ഡോക്ടര്‍ ചിന്താധീനനായി.. " നീലിമക്ക് ചെറിയ ഒരു ഷോക്ക്‌ കൊണ്ടുണ്ടായ മെന്റല്‍ ടെന്‍ഷന്‍ മാത്രമേ ഉള്ളൂ...ആ ഒരു കാര്യം ചെയ്യാം നന്ദന്‍ ഡോക്ടര്‍ മാധവനെ ഒന്ന് കാണിച്ചേക്കൂ "

"ശെരി ഡോക്ടര്‍...." നന്ദന്‍ എണീറ്റു. നീലിമ ആലസ്യം വിട്ട് ഉണര്‍ന്നിരുന്നു. നന്ദന്‍ ചെല്ലുമ്പോള്‍ അവള്‍ ജനല്‍ കമ്പിയില്‍ പിടിച്ചു  വെളിയിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു.അവന്‍ കടന്നു ചെല്ലുന്നത് കണ്ടിട്ടാവും അവള്‍ അവന്റെ അടുത്തേക്ക് വന്നു..
"ഇപ്പൊ എങ്ങനെ ഉണ്ട്...?" അവന്‍ അവളുടെ നെറ്റിയില്‍ കൈ വച്ച് നോക്കി..."ഏയ്‌ പനിയൊന്നും  ഇല്ല. ടെന്‍ഷന്‍ കയറിയിട്ടാണെന്നാ  ഡോക്ടര്‍ പറഞ്ഞെ.. എന്താടോ എന്തു പറ്റി..?" 

നന്ദന്‍ പറയുന്നതൊക്കെ അവിശ്വസനീയമായ എന്തോ കേള്‍ക്കുന്ന പോലെ അവള്‍ കേട്ട് നിന്നു... "എന്താ നന്ദേട്ടാ, എനിക്കെന്താ പറ്റിയത്..? "

"ആഹാ...അപ്പോള്‍ തനിക്കൊന്നും ഓര്‍മ്മയില്ലേ..? " നന്ദന്‍ പാതി കളിയായിട്ട് എന്ന പോലെ പറഞ്ഞു. "എന്തൊക്കെയാ കാണിച്ചു കൂട്ടിയെ...വെറുതെ ആളെ പേടിപ്പിച്ചു..." 

നീലിമയുടെ മുഖം വാടി. 

"ഞാന്‍ ചുമ്മാ പറഞ്ഞതാ...താനൊന്നു ചിരിക്കടോ... നാളെ നല്ലൊരു ദിവസായിട്ട് താന്‍ ഇങ്ങനെ മൂഡ്‌ ഓഫ്‌ ആയാലോ..?"നന്ദന്‍ മെല്ലെ അവളുടെ കവിളില്‍ തലോടി. ഒരു മണിക്കൂര്‍ കൊണ്ട് അവള്‍ ഒരുപാട് പരിക്ഷീണയായ പോലെ തോന്നി അവന്.

മാധവന്‍ ഡോക്ടറെ വെയ്റ്റ് ചെയ്യുമ്പോള്‍ നന്ദന്‍ എന്തൊക്കെയോ ആലോചിച്ചു കൂട്ടി. പലതും ചോദിച്ചു കൊണ്ടിരുന്ന നീലിമയ്ക്ക് മൂളലുകളില്‍ ഉത്തരം ഒതുക്കി അവന്‍ തന്റെ ടോക്കണ്‍ നമ്പര്‍ കാത്തു നിന്നു. ടോക്കണ്‍ നമ്പര്‍ 24 നീലിമ നന്ദന്‍. പ്രസന്നമായ മുഖത്തോടു കൂടി നീലിമ കാബിനകത്തേക്ക്  കയറി പുറകെ ചിന്താധീനവും, ആശങ്കാകുലവും ആയ മുഖത്തോടെ നന്ദനും... 

"എന്താ നന്ദന്‍ താന്‍ ഈ നീലിമയെ ടെന്‍ഷന്‍ ആക്കുന്നുണ്ടോ..?" തമാശയിലാണ് ഡോക്ടര്‍ തുടങ്ങിയത്. അന്തരീക്ഷത്തിനു ഒരല്പം അയവ് വരട്ടെ എന്ന് കരുതിക്കാണും. പക്ഷെ നന്ദന്‍ യാതൊരു ഭാവമാറ്റവും ഇല്ലാതെ ഇരുന്നു.അയാളുടെ മനസ്സ് വളരെ കലുഷമാണെന്ന് മുഖം വിളിച്ചു പറയുന്നുണ്ടാരുന്നു 

"എന്താടോ ടെന്‍ഷന്‍ തനിക്കാണെന്ന് തോന്നുന്നല്ലോ കണ്ടിട്ട് ...? താന്‍ ഒന്ന് പുറത്തിരിക്ക് ഞാന്‍ വിളിക്കാം." ഒന്നും പറയാതെ നന്ദന്‍ വെളിയിലേക്ക് ഇറങ്ങി നിന്നു...

"ഹും കണ്ടില്ലേ... ഒരു അസുഖക്കാരി പെണ്ണിനെയാ തലേല്‍ വെച്ച് തന്നിരിക്കുന്നത്. സ്ത്രീധനം ചോദിക്കാഞ്ഞിട്ടും 101 പവന്‍ പൊന്നിട്ടു കൊണ്ട് ആ ഭൂലോക രംഭ വന്നു കേറിയപ്പോഴേ ഇതെനിക്ക് തോന്നിയതാ.." ദാക്ഷായണി അമ്മയുടെ വാത്സല്യം എത്ര പെട്ടെന്നാണ് താപ കോപങ്ങളിലേക്ക് വഴി മാറിയത്. നന്ദന്‍ മൌനമായി തലകുനിച്ചിരുന്നു. 

"വരൂ ഡോക്ടര്‍ വിളിക്കുന്നു.."  നഴ്സ് വന്നു പറഞ്ഞപ്പോഴാണ് നന്ദന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്... കാബിനകത്തെക്ക് കയറുമ്പോള്‍ അവന്റെ കൈകാലുകള്‍ തളരുകയായിരുന്നു. 

നീലിമ ഒന്ന് പുറത്തിരിക്കു ഞാന്‍ നന്ദനോട് ഒന്ന് ചോദിക്കട്ടെ...ഡോക്ടര്‍ ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു.
"നന്ദന്‍..ഞാന്‍ നീലിമയുമായി സംസാരിച്ചു അവള്‍ക്കു യാതൊരു തരത്തിലുള്ള മാനസിക വിഷമങ്ങളും ഇല്ല എന്നാണ് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. പക്ഷെ ഇന്നലെ വൈകുന്നേരം  എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയണം എന്നാലെ ഒരു നിഗമനത്തില്‍ എത്താന്‍ കഴിയു.." 

"ഇന്നലെ ഞങ്ങള്‍ എല്ലാവരും വിഷുക്കണി ഒരുക്കാനുള്ള തയ്യാറെടുപ്പുകളില്‍ ആയിരുന്നു. നീലിമയുടെ വീട്ടില്‍ വര്‍ഷങ്ങളായി കണി ഒരുക്കല്‍ എന്ന ശീലം ഇല്ലായിരുന്നു അത് കൊണ്ട് അവള്‍ക്കു എല്ലാം പുതുമയായിരുന്നു.നല്ല സന്തോഷത്തില്‍ എല്ലാ കാര്യങ്ങളിലും അവള്‍ ഓടി നടന്നു. എല്ലാം ഒരുക്കിയപ്പോഴാണ് കൊന്നപ്പൂ വാങ്ങിയില്ലല്ലോ എന്നോര്‍ത്തത്. അത് മാത്രമായിട്ടു കുറയ്ക്കണ്ടാ   എന്ന് കരുതി. ഞാന്‍ മാര്‍കെറ്റിലേക്ക് പോയി.കൂട്ടുകാരുമായി സംസാരിച്ചൊക്കെ വന്നപ്പോഴേക്കും അമ്മ കിടന്നിരുന്നു.കണി ഒരുക്കിയതിന്റെ കൂടെ വച്ചേക്കു എന്ന് പറഞ്ഞു കൊന്നപ്പൂ നീലിമയുടെ കയ്യില്‍ കൊടുത്തതെ ഉള്ളൂ..പാക്കെറ്റ് തുറന്നതും അവള്‍ വെട്ടി വിറച്ചു വീഴുകയായിരുന്നു.."   നന്ദന്‍ പറഞ്ഞു നിര്‍ത്തി... 

"ഓക്കേ നീലിമയെ വിളിക്കു..." നീലിമ വന്നു ചോദ്യ ഭാവത്തില്‍ ഡോക്ടറെ നോക്കി... 
"നീലിമ എനിക്ക് തന്നോട് കുറച്ചു കാര്യങ്ങള്‍ കൂടി ചോദിക്കാന്‍ ഉണ്ട്.... വരൂ.. "

ശീതീകരിച്ച മുറിക്കുള്ളിലും നന്ദന്‍ വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു. ഹിപ്നോടിക് നിദ്രയില്‍ കിടക്കുന്ന നീലിമയുടെ ചാരെ ഡോക്ടറും നന്ദനും മാത്രം.. 

"നീലിമാ... തനിക്കു കേള്‍ക്കാമോ ഞാന്‍ പറയുന്നത്...?"
"കേള്‍ക്കാം.." പതിഞ്ഞ ശബ്ദത്തില്‍ നീലിമ പ്രതികരിച്ചു തുടങ്ങി.. 

"നീലിമ നമ്മള്‍ ഇപ്പോള്‍ നീലിമയുടെ തറവാട്ടു വീട്ടിലാണ് നീലിമ കോളേജില്‍ പോകുന്നു... പറയു  നീലിമയുടെ ദിവസങ്ങളെ കുറിച്ച് പറയു... "
ഒരു കൌമാരക്കാരിയുടെ പ്രസരിപ്പോടെ തന്റെ ദിനങ്ങളെ അവള്‍ എണ്ണിയെണ്ണിപ്പറഞ്ഞു. 

"നീലിമ ഇപ്പോള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു...പറയു വിഷുവിനു എന്തൊക്കെയായിരുന്നു നീലിമയുടെ വീട്ടില്‍ ഉണ്ടായിരുന്നത്..?" 
സ്കൂളിലെ നുറുങ്ങു തമാശകള്‍ അല്ലാതെ വിഷു എന്നല്ല ഒരു ആഘോഷവും അവരുടെ വീട്ടില്‍ ആഘോഷിച്ചിരുന്നില്ല എന്ന അറിവ് ഡോക്ടറേയും, നന്ദനെയും അമ്പരപ്പിച്ചു... 

"നീലിമയ്ക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പുഷ്പം ഏതാണ്..." 

"വൈറ്റ് റോസ്.. " അവള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഡോക്ടര്‍ ഒരു പിടി കൊന്നപ്പൂക്കള്‍ കയ്യില്‍ വാരി എടുത്തു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു... 

"നോക്കൂ നീലിമാ ഈ കൊന്നപ്പൂവുകള്‍ നിനക്ക് ഇഷ്ട്ടമല്ലേ..? ഭഗവാന്‍ കൃഷ്ണന്റെ പൊന്നരഞ്ഞാണം ആണത്രേ കൊന്നപ്പൂവായി പരിണമിച്ചത്‌... " പറഞ്ഞു നിര്‍ത്തുന്നതിനു മുന്‍പേ അവള്‍ വല്ലാതെ വെട്ടി വിറക്കാന്‍ തുടങ്ങി...മുഖം ഒരു വശത്തേക്ക് കോടി...ഒരു അപസ്മാര രോഗിയെ പോലെ കൈകാലിട്ടടിച്ചു... ശ്വാസം കഴിക്കാന്‍ നന്നേ ബുദ്ധിമുട്ടുന്നെന്നു തോന്നിച്ചു അവളുടെ ചേഷ്ടകള്‍...

അവളെ റിലാക്സ് ചെയ്യിച്ച ശേഷം ഡോക്ടര്‍ നന്ദനോടായി പറഞ്ഞു.  
"നന്ദന്‍ എനിക്ക് നീലിമയുടെ മാതാപിതാക്കളെ ഒന്ന് കണ്ടാല്‍ കൊള്ളാം എന്നുണ്ട്... "

കാബിനില്‍ നിന്നും പുറത്തിറങ്ങിയ നന്ദന്‍ നേരെ തലയുയര്‍ത്തി  നോക്കിയത് രാഘവന്‍ തമ്പിയുടെ മുഖത്തേക്കാണ്. ദാക്ഷായണി അമ്മയുടെ കുത്ത് വാക്കുകളാല്‍ പൊള്ളി നില്‍ക്കുകയായിരുന്നു രാഘവന്‍ തമ്പി എന്ന നീലിമയുടെ അച്ഛന്‍. 
"മോനെ നന്ദാ...എന്താ എന്റെ മോള്‍ക്ക്‌...?" അയാളുടെ ശബ്ദം ഇടറിയിരുന്നു... 
അയാളുടെ മുഖത്ത് നോക്കാതെ നന്ദന്‍ പറഞ്ഞു "ഡോക്ടര്‍ കാണണം എന്ന് പറഞ്ഞിട്ടുണ്ട്....ചെന്നോളൂ " 

" നന്ദനും വരൂ... " ഡോക്ടര്‍ ഇരുവരെയും അകത്തേക്ക് വിളിപ്പിച്ചു.. 
"നീലിമയ്ക്ക് മുന്‍പേ എപ്പോഴെങ്കിലും എന്തെങ്കിലും മാനസിക അസ്വാസ്ഥ്യം ഉണ്ടായതായി ഓര്‍മ്മയുണ്ടോ..?" 
കേട്ടതും രാഘവന്‍ തമ്പി വിതുമ്പിപ്പോയി. "ഇല്ല ഡോക്ടര്‍ എന്റെ മോള്‍ക്ക്‌ ഒരു അസുഖവും ഇല്ല.. "

"ഓക്കേ ഓക്കേ  വിഷമിക്കാതെ ഇരിക്കു... നിങ്ങള്‍ ഒരു ആഘോഷങ്ങളും ആഘോഷിക്കാറില്ല എന്ന് നീലിമയില്‍ നിന്നും ഞാന്‍ അറിഞ്ഞു. അത് എന്താണെന്ന് അറിഞ്ഞാല്‍ കൊള്ളാം..." 

ഒരു അമര്‍ത്തിയ തേങ്ങല്‍ ആയിരുന്നു അതിനുള്ള മറുപടി. 
                                *                    *                     *
  രാഘവന്‍ തമ്പിക്ക് രണ്ടു കുട്ടികള്‍ ആയിരുന്നു.അതും ഇരട്ടകള്‍. ആദ്യ പ്രസവത്തില്‍ തന്നെ  ആശിച്ച പോലെ ഒരാണ്‍ കുഞ്ഞിനേയും , പെണ്‍ കുഞ്ഞിനേയും  ദൈവം കയ്യിലേക്ക് വെച്ചുകൊടുത്തു . സ്വര്‍ഗതുല്യമായ നാളുകള്‍. എപ്പോഴും ഇരു ശരീരവും ഒരു മനസുമായി ഓടിക്കളിക്കുന്ന കുരുന്നുകള്‍. മിനിട്ടുകളുടെ ഇളപ്പം നീലിമയ്ക്കായിരുന്നു. അത് കൊണ്ട് തന്നെ ഏട്ടന്‍  ചമഞ്ഞു അനിയത്തിയുടെ എന്തു ആശയും നിറവേറ്റാന്‍ നീരജ് സദാ സന്നദ്ധനും ആയിരുന്നു. ഇത് പോലെ ഒരു വിഷുക്കാലം. കുട്ടികളെ രണ്ടു പേരെയും ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തിയ വര്‍ഷം.വേനലവധിക്ക് പൊന്‍ തിളക്കം പോലെ വിഷു വന്നെത്തി. 

ഓട്ടടയുടെ മധുരം ഓര്‍മ്മിച്ചും, കൈനീട്ടത്തിനെ കുറിച്ചോര്‍ത്തും തലേന്ന് തന്നെ കുട്ടികളുടെ ആഘോഷം തുടങ്ങിയിരുന്നു.വൈകുന്നേരം അയല്‍വീട്ടിലെ കുട്ടികളുടെ കൂടെ കൊന്നപ്പൂ പറിക്കാന്‍ അവര്‍ പോകും എന്ന് കരുതിയില്ല. ശ്രദ്ധിച്ചില്ല എന്ന് വേണം പറയാന്‍. അനങ്ങന്‍ മലയുടെ താഴ്വാരത്ത് നിന്നും കുറച്ചു മേലെയായി നിറയെ കൊന്നകള്‍ പൂത്തു നില്‍ക്കുന്നുണ്ട്. കുട്ടികളെവിടെ എന്ന് അന്വേഷിച്ചു തുടങ്ങുമ്പോഴാണ് ശങ്കരന്റെ മകന്‍ ഓടിക്കിതച്ച്‌ വന്നത് .

 "നീരജിന്റെ അമ്മേ.. നീരജ് പൂ പറിക്കുമ്പോള്‍ കാലു തെന്നി താഴെ വീണു ഓടിവായോ... "പറഞ്ഞതും അവന്‍ തിരിച്ചോടിക്കഴിഞ്ഞിരുന്നു. ഓടിക്കിതച്ചെത്തിയപ്പോള്‍  വീണു കിടക്കുന്ന സ്വര്‍ണ വര്‍ണമുള്ള പുഷ്പങ്ങള്‍ക്ക് മേലെ ഒരു ചുവന്ന ചിത്ര ശലഭം പോലെ നീരജ് രക്തത്തില്‍ കുളിച്ചു കിടക്കുന്നു... അടുത്ത് തന്നെ നീലിമ ബോധരഹിതയായി വീണു കിടക്കുന്നു.. 

"നീരജിന്റെ അമ്മേ.., ഈ നീലിമ ഈ മരത്തിലെ പൂ തന്നെ വേണം എന്ന് വാശി പിടിച്ചപ്പോഴാ നീരജ് മരത്തില്‍ കയറിയേ.. ഞങ്ങള്‍ പറഞ്ഞിട്ടും കേള്‍ക്കാതെ അവന്‍ കയറുകയായിരുന്നു. ചെറിയ ചില്ലകളില്‍ ഏതിലോ ചവിട്ടിയപ്പോള്‍ അത് അടര്‍ന്നു പോയി... " മുഴുവനും കേള്‍ക്കാന്‍ ആയില്ല രാഘവന്‍ തമ്പിക്കും, ഭാര്യക്കും.നീരജ് അപ്പോഴും ഒരു പിടി കൊന്നപ്പൂക്കള്‍ വലം കയ്യില്‍ ഇറുക്കിപ്പിടിച്ചിരുന്നു.  ആ കുഞ്ഞി കൈകള്‍ വിടുവിച്ചു  ആ കൊന്നപ്പൂക്കള്‍ എടുത്തു മാറ്റുമ്പോള്‍ രാഘവന്‍ തമ്പിയുടെ കണ്ണില്‍ നിന്നും ഒഴുകിയ കണ്ണുനീരിനു രക്തത്തിന്റെ കട്ടിയുണ്ടായിരുന്നു. 

അന്നേക്കു മൂന്നാം നാളിലാണ് നീലിമ ആ നീണ്ട ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്.ഒന്നും അവളെ അറിയിച്ചില്ല. പക്ഷെ കൂടെക്കൂടെ അവന്‍ ഏട്ടനെ കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു. പിന്നെ പിന്നെ അവള്‍ മറന്നു എല്ലാം.  

"അവിടെയാണ് നിങ്ങള്‍ക്ക് തെറ്റിയത് ..." ഡോക്ടര്‍ ശബ്ദമുയര്‍ത്തി.  "പിന്നീടങ്ങോട്ട് നിങ്ങള്‍ ആഘോഷങ്ങള്‍ക്ക് അവധി കൊടുത്തപ്പോള്‍ നീലിമയില്‍ അന്നത്തെ സംഭവത്തിന്റെ ഓര്‍മ്മകള്‍  ഉറങ്ങി കിടക്കുകയാണ് ചെയ്തത്. വര്‍ഷങ്ങള്‍ക്കു ശേഷം നീരജിന്റെ മരണത്തിന്റെ ഓര്‍മ്മ അവളിലേക്ക്‌ മടക്കി കൊണ്ടുവരികയായിരുന്നു ആ കൊന്നപ്പൂ.. ബോധരഹിതയായി അവള്‍ കഴിച്ചു കൂട്ടിയ മൂന്നു നാളുകളിലെ അതെ മനോനിലയിലൂടെയാണ് അവള്‍ കടന്നു പോയത്.. ഇപ്പോള്‍ അവള്‍ നോര്‍മലാണ് പഴയ സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന ഒന്നും അവളുടെ കണ്മുന്നില്‍ വരാത്തിടത്തോളം കാലം അവള്‍ അങ്ങനെ തന്നെ ഇരിക്കും..."ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി. 

"നന്ദാ എന്റെ മോള് പാവമാ.. അവള്‍ക്കു ഒന്നുമില്ല...ഒന്നും ഞങ്ങള്‍ അറിഞ്ഞിട്ടു മറച്ചു വെച്ചതും അല്ല...നീ അവളെ പഴിക്കരുത്.." കരഞ്ഞു പോയ രാഘവന്‍ തമ്പിയുടെ കൈകളില്‍ മുറുകെ പിടിക്കുമ്പോള്‍ നന്ദന്റെ കണ്ണുകള്‍ നിറഞ്ഞു തൂവി തുടങ്ങിയിരുന്നു.നീലിമയെ ചേര്‍ത്ത് പിടിച്ചു കൊണ്ട് ഹോസ്പിറ്റലില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍  നന്ദന്‍ തന്റെ വിഷുക്കാലത്തില്‍ നിന്നും കൊന്നപ്പൂക്കളെ ഇതളുകള്‍ ഒന്നൊഴിയാതെ തല്ലി കൊഴിക്കുകയായിരുന്നു.. 

കൊന്നപ്പൂക്കള്‍ ചിരിക്കാത്ത വിഷുക്കണി  ഓരോ വര്‍ഷത്തിലും നീലിമയ്ക്കായി ഒരുക്കുമ്പോള്‍ നന്ദന്‍ മനസ്സില്‍ ഒരു വിങ്ങലായി കൊഴിഞ്ഞു പോയ ആ കൊന്നപ്പൂവിനെ ചേര്‍ത്തുവച്ചു...അതിനെ നീരജ് എന്ന പേര് വിളിച്ചു കൊണ്ട്...