"മഴ മോഹങ്ങള്‍..."

Thursday, June 3, 2010

സാത്താനും... മനുഷ്യനും...

 പകലത്തെ  അലച്ചില്‍ കൊണ്ട് നന്നേ ക്ഷീണിച്ചിരുന്നു സാത്താന്‍.. എഴാം ക്ലാസ് കാരന്റെ കയ്യിലേക്ക് പെത്തഡിന്‍ നിറച്ച സിറിഞ്ച്  വച്ച് കൊടുക്കുന്ന കൂട്ടുകാരന്റെ ചിരി സാത്താന്‍ പിന്നെയും പിന്നെയും ഓര്‍ത്തു....  വെയിലും, പുകയും, പൊടിയും ഏറ്റു കരുവാളിച്ച മുഖം അമര്‍ത്തി തുടച്ച് സാത്താന്‍ റോഡിന്റെ വശം ചേര്‍ന്ന് നടന്നു.... കിതപ്പ് വറ്റിയ കണ്ണുകള്‍ പകലിന്റെ ചൂടില്‍ കൂടുതല്‍ തീക്ഷ്ണമായി തോന്നി...  ഒരു നോര്‍മല്‍ മനുഷ്യനെ പേടിപ്പിക്കാന്‍ ഇത്രേം മതി...സാത്താന്‍ മനസ്സില്‍ ചിരിച്ചു... 
              ഇരുട്ട് വീണു തുടങ്ങിയിട്ടേ ഉള്ളൂ.. വഴിയോരത്തെ കുറ്റി ചെടികളുടെ ഇടയിലൂടെ സാത്താന്‍ പതുക്കെ നടന്നു... അറിയാതെ കണ്ണുകള്‍ ചെന്ന് നിന്നത് ഒരു കിലുക്കം പെട്ടിയിലാണ്... സാത്താന്‍ കണ്ണുകള്‍ അമര്‍ത്തി തുടച്ചു.ആ പൂമ്പാറ്റയെ പേടിപ്പിക്കണം എന്ന് അവനു തോന്നിയില്ല.... 
         നാണയത്തുട്ടുകള്‍ നാളുകളായി കൂട്ടി വച്ച ഉണ്ടിക പാത്രം പൊട്ടിച്ചു കയ്യില്‍ ഇറുക്കിപ്പിടിച്ച ചില്ലറത്തുട്ടുകളും കൊണ്ട് തൊട്ടടുത്ത കളിപ്പാട്ട കടയിലേക്ക് അച്ഛന്റെയും അമ്മയുടെയും കണ്ണു വെട്ടിച് പാറി വന്ന ആ  പൂമ്പാറ്റക്ക്   ഒരു ആറ്‌ വയസ്സ്  പ്രായം കാണും.... 
   പൂമ്പാറ്റ ചിറകു പോലെ നനുത്ത കണ്‍ പീലികള്‍..... 
   മുത്തു പോലത്തെ കിന്നരി പല്ലുകള്‍..... 
സാത്താന് കവിത വരാന്‍ തുടങ്ങി.... നല്ല ഓമനത്തമുള്ള കുഞ്ഞ്‌....  
കയ്യിലെ നാണയത്തുട്ടുകള്‍ കടക്കാരനു നീട്ടി നീല കണ്ണുകളും , സ്വര്‍ണ തലമുടിയുമുള്ള പാവയ്ക്ക്  നേരെ വിരല്‍ ചൂണ്ടുമ്പോള്‍... ആ കുഞ്ഞുകണ്ണുകളില്‍  നിലാവുദിച്ചിരുന്നു..... 
        സാത്താന്‍ പെട്ടെന്ന് ആര്‍ദ്രനായിപ്പോയി... വികൃതമായ തന്റെ മുഖത്തെ അവന്‍ ആദ്യമായി ശപിച്ചു... കാരുണ്യത്തിന്റെ ഉറവ..., സ്നേഹത്തിന്റെ  വളപ്പൊട്ടുകള്‍ ... എല്ലാം  ഉള്ളില്‍ ഉണ്ടെങ്കിലും വികൃതമായ മുഖം സാത്താനെ നിരാശനാക്കി... തന്റെ കടമ മറന്ന് സാത്താന്‍ ആ കുഞ്ഞു കാലടികള്‍ക്ക് പിന്നിലായി നീങ്ങി.....  
        ഉല്‍സാഹതിമിര്‍പ്പില്‍  ഒരു നിമിഷം പാത മുറിച്ചു കടക്കുന്നിടത്ത് പൂ പോലത്തെ ആ മേനിയില്‍ പാഞ്ഞു വന്ന ഒരു വാഹനം ഇടിച്ചു നിര്‍ത്തി.. തെറിച്ചു വീണ ആ കുരുന്നിനെ തിരിഞ്ഞു നോക്കാതെ ആ വാഹനം മുന്നോട്ടു പോയപ്പോള്‍ സാത്താന്‍ ദൈവത്തെ ശപിക്കാന്‍ തുടങ്ങി.... 
        അവന്‍ ഓടിച്ചെന്നു കുഞ്ഞിനെ വാരിയെടുക്കാന്‍ നോക്കി. തന്റെ കടമകള്‍ മറന്ന് കരുണ കാണിക്കുന്നു എന്ന് പറഞ്ഞു സാത്താന്റെ നിയമങ്ങള്‍ അവനെ നോക്കി പല്ലിളിച്ചു.... വിഷമിക്കും തോറും വികൃതമാകുന്ന തന്റെ മുഖത്തെയും.., മാറ്റാന്‍ ആവാത്ത പ്രകൃതി നിയമങ്ങളെയും അവന്‍ വെറുത്തു..... നിസ്സഹായനായി നിന്നു... 
          അലക് ഷ്യം   ആയി  വന്ന ഒരു കാര്‍ കുഞ്ഞിനടുത്തെതി ബ്രേക്ക് ഇട്ടു നിന്നു... ജീവന്റെ തുടിപ്പ് അവളില്‍ അവശേഷിച്ചിരുന്നു.. നേര്‍ത്ത ശബ്ദത്തില്‍ "അമ്മേ.. അമ്മേ..." എന്ന് അവള്‍ വിളിച്ചിരുന്നു.... 
        കാറിലെത്തിയ ചെറുപ്പകാര്‍ കുഞ്ഞിനെ വാരിയെടുത്ത് കാറിലിട്ടു... വന്നതിലേറെ സ്പീഡില്‍ ഓടിച്ചു പോയി... കരുണ വറ്റാത്ത ഹൃദയം ഉള്ളവരാണ് മനുഷ്യര്‍ എന്ന് സാത്താന്‍ ആശ്വസിച്ചു. 
         മനസ്സില്‍ സന്തോഷം തികട്ടി വന്നു... പിന്നെ  വെറുതെ അവരുടെ കാറിനെ അവന്‍ പിന്തുടര്‍ന്നു...... ഇരുട്ട് കനത്ത വഴികള്‍ പിന്നിട്ട കാടിന്റെ ഉച്ചിയിലേക്ക് പായുന്ന കാറിനെ ചോദ്യഭാവത്തില്‍ സാത്താന്‍ നോക്കി.... 
     പിന്നെ ചവച്ച്‌ എറിയപ്പെട്ട   ആ കുഞ്ഞു പൂമ്പാറ്റയെ കണ്ടു  സാത്താന്‍ കണ്ണു പൊത്തി... ഇളം നിണം മണക്കുന്ന കാറ്റിനെ ഭയന്ന് സാത്താന്‍ തിരിച്ചു നടന്നു....  അപ്പോള്‍   ആത്മാര്‍ഥമായി  ദൈവത്തെ വിളിച്ചു.... തന്നെ സാത്താന്‍ ആക്കിയതില്‍   നന്ദി പറഞ്ഞു.... ഒരിക്കലും മനുഷ്യനായി സൃഷ്ട്ടിക്കാതെ ഇരുന്നതിനും....