"മഴ മോഹങ്ങള്‍..."

Wednesday, October 19, 2011

പ്രണയാതുരം ..

എനിക്ക് കേള്‍ക്കാം


നീ ചിരിക്കുകയാണ്

നിന്റെ നീണ്ട ദംഷ്ട്രകള്‍

ചിരിയുടെ ഉയര്‍ച്ച താഴ്ചകള്‍ക്ക-

നുസരിച്ചു കൂട്ടിയുരയുന്ന ശബ്ദം

എന്റെ അവസാന തുള്ളി-

രുധിരം രുചിക്കാന്‍ വെമ്പുന്ന-

നിന്റെ ചുണ്ടുകള്‍ ..

നിനക്ക് എന്നില്‍ ഇത്രയും പ്രണയമാണോ ?

നിന്നെ പുല്‍കാന്‍ ഞാന്‍ കണ്ണുമടച്ചു-

കാത്തുനിന്നപ്പോഴെല്ലാം-

നീ എന്നെ തിരിഞ്ഞു നോക്കാതെ പോയി..

ഇപ്പോള്‍ ഞാന്‍ എന്റെ കിളിവീടിനു-

ചായമടിക്കാന്‍ സ്നേഹപ്പച്ച-

ചാലിച്ച് കൊണ്ടിരിക്കുമ്പോള്‍-

നീ എന്നെ മാടി വിളിക്കുന്നു..

നിന്റെ ചിരിയാല്‍ ഭ്രമിപ്പിച്ചു കൊണ്ട്..

നിന്നിലെക്കെത്തുവാന്‍ ദൂരം-

കുറഞ്ഞു കുറഞ്ഞു വരുന്നു..

പക്ഷെ ഞാന്‍ ഒരു നിമിഷം എങ്കിലും-

നിന്റെ കൈക്കുള്ളില്‍ നിന്നും-

ഓടിയൊളിക്കാന്‍ വെമ്പുന്നു...

കാരണം നീ തിരിച്ചു വരവിനു-

അവസരം നിഷേധിക്കുന്ന-

മരണം ആണെന്ന് ആരൊക്കെയോ -

എന്നെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു..

ഞാന്‍ കരയാനും,സ്വപ്നം കാണാനും,

നൊമ്പരപ്പെടാനും പഠിച്ചിരിക്കുന്നു..

നിന്നോടുള്ള എന്റെ പ്രണയം -

ഭീതിയുടെ ഞൊറിവുകളില്‍ -

അഭയം തേടിയപ്പോള്‍-

നീ വന്നു... എന്റെ മുന്നില്‍ വന്നു-

എന്റെ കരം ഗ്രഹിക്കാന്‍ -

നിന്റെ മഞ്ഞു പോലെ തണുത്ത-

കൈകള്‍ നീട്ടിക്കൊണ്ട്..

എനിക്കിപ്പോള്‍ നിന്നോട്-

പ്രണയം തോന്നുന്നില്ല

പിന്നെയും നീ എന്തിനു -

എന്റെ നീല ഞെരമ്പുകള്‍-

തുടിക്കുന്നത് നോക്കി ചാരെ നില്‍ക്കുന്നു..

നിന്റെ നാവുകള്‍ നൊട്ടി നുണയുന്നത്-

കേട്ടെന്റെ കാതുകള്‍ നടുങ്ങുന്നു

നിന്നോട് പുറം തിരിഞ്ഞു നില്‍ക്കാന്‍-

ഞാന്‍ കൊതിച്ചു പോകുമ്പോഴേക്കും-

നിന്റെ നിശ്വാസം എന്നെ വന്നു-

പൊതിയുകയാണല്ലോ...

നീ പ്രണയാതുരനാകുന്നു..

നിറയുന്ന എന്റെ കണ്ണുകള്‍ കാണാതെ...