"മഴ മോഹങ്ങള്‍..."

Thursday, June 24, 2010

മഞ്ഞുരുകുവോളം...


എന്‍റെ ഹൃദയമാണ് ഞാന്‍
നിന്‍റെ മുന്നിലേക്കിട്ടു തന്നത്...
ഒരു ചിത്ര ശലഭത്തിന്റെ
ചിറകിനേക്കാള്‍ നനുത്ത
നിന്‍റെ വിരലുകളാല്‍ തൊടുവാന്‍...
എന്‍റെ ഹൃദയം കാത്ത്‌ കിടക്കുന്നു....


മരീചിക മാത്രമെന്ന് നീ എന്‍റെ സ്വപ്നങ്ങളെ-
തള്ളിക്കളയുമെന്നു ഞാന്‍ ഭയക്കുന്നു....
നീ കാണാതെ പോകുന്ന എന്‍റെ സ്വപ്ന വഴികള്‍
എനിക്ക് മാത്രം തീര്‍ക്കുന്നു തടവറകള്‍...
നിന്‍റെ ഓര്‍മ്മകള്‍ സൌരഭമായ് നിറയുന്ന
സ്നേഹം മണക്കുന്ന തടവറകള്‍...


എന്നിട്ടും നീ എന്നെ തനിച്ചാക്കുന്നു...
ഒരു മഴത്തുള്ളി പോലെ
നിന്‍റെ മാറില്‍ പറ്റിക്കിടക്കാന്‍ മാത്രമാണ്
മഴ പെയ്തു തോര്‍ന്ന വഴികളില്‍...
ഞാന്‍ കാത്തു നിന്നത്....


നീ മറന്നു പോയേക്കാവുന്ന വഴികളിലൊക്കെ...
നിന്‍റെ വിരല്‍ത്തുമ്പു പിടിച്ച്‌-
മാനസ സഞ്ചാരം നടത്തുമ്പോള്‍...
നീ ഒരിക്കലെങ്കിലും മുഖമുയര്‍ത്തി-
എന്നെ ഒന്ന് നോക്കിയിരുന്നെങ്കില്‍-
എന്ന് ഞാന്‍ ആശിച്ചു പോയി...


നിന്‍റെ അസാന്നിധ്യത്തില്‍...
ഉറഞ്ഞു കൂടുന്ന മൌനമാകുന്നു ഞാന്‍...
പറഞ്ഞിട്ടും പറഞ്ഞിട്ടും ഞാന്‍ എന്തൊക്കെയോ...
ബാക്കി വെക്കുന്നു....
നിനക്കു വായിചെടുക്കാമായിരുന്നു...
എന്‍റെ മൌനത്തിനിടയില്‍ വിങ്ങി നില്‍ക്കുന്നത്...
നിന്‍റെ ഹൃദയത്തോട് ചേരുവാനുള്ള കൊതിയാണെന്ന്...


പലതും കണ്ടില്ലെന്നു നടിച്ച്...നീ-
ഏതോ അകലത്തിലെക്കെന്നെ എറിഞ്ഞു കളയുമെന്ന്...
ഞാന്‍ ഓരോ ഇടവേളകളിലും
ഭയന്ന് കൊണ്ടേ ഇരിക്കുന്നു...


നിന്നെ നഷ്ട്ടമാകാതിരിക്കാന്‍...
എന്‍റെ പ്രണയത്തെ ഞാന്‍ മറന്നു കളയണമെന്ന്
ഏതെങ്കിലും നിമിഷത്തില്‍ നീ പറയുമോ എന്ന്...
ഞാന്‍ പിടഞ്ഞു കൊണ്ടേ ഇരിക്കുന്നു...


ഞാന്‍ തിരികെ ചോദിക്കുന്നത്...
എന്‍റെ ഹൃദയമാണ്...
നിന്‍റെ സ്നേഹമുദ്ര പതിപ്പിച്...
അതെനിക്ക് തിരികെ തന്നാലും...
ഞാന്‍ കാത്തു വച്ചോളാം
എനിക്കും നിനക്കും ഇടയിലെ മഞ്ഞുരുകുന്നത് വരെ...
നീ എന്‍റെ പ്രണയം തിരിച്ചറിയുന്നത്‌ വരെ....