"മഴ മോഹങ്ങള്‍..."

Friday, November 12, 2010

സ്വന്തം....


നിഴലും, നിലാവുമായിട്ടാണ് നമ്മള്‍ നടന്നത്-
സന്ധ്യ വീണുറങ്ങിയ നാട്ടു വഴികളില്‍..
മഞ്ഞു തണുപ്പിച്ച കൈകള്‍കൊണ്ട്
നീ എന്‍റെ കൈകള്‍ ഇറുക്കി പിടിച്ചിരുന്നു...

വിട്ടുകളഞ്ഞാല്‍ പോയ്പ്പോകുമെന്ന ഭയം പോലെ..
നിന്‍റെ കണ്ണുകളില്‍ കാമമായിരുന്നില്ല...
ഇരുളില്‍ പൊതിഞ്ഞു പിടിച്ച
കുഞ്ഞു മെഴുകുതിരി നാളം പോലെ
നീ എന്നെ പൊതിഞ്ഞു പിടിച്ചു..

എന്‍റെ നെറ്റിയില്‍ പതിഞ്ഞ നിന്‍റെ ചുണ്ടുകള്‍ക്ക്..
ഇളം ചൂടായിരുന്നു..
"ഒത്തിരി ഇഷ്ട്ടമാ നിന്നെ.." എന്ന് പറയുമ്പോള്‍-
നിന്‍റെ കണ്ണില്‍ കണ്ട അതേ സ്നേഹത്തിന്റെ ഊഷ്മളത..

എപ്പോഴൊക്കെയോ എവിടെവച്ചോ..,
എനിക്കും നിനക്കും കളഞ്ഞു കിട്ടിയ-
മാണിക്യം പോലെ ഒരു പ്രണയം..

നീ എന്‍റെ പ്രാണന്‍ ആണെന്ന്-
ഞാന്‍ പറയാതെ നീ അറിഞ്ഞതും..
"നീ എന്‍റെ പുണ്യം ആണെന്ന്..."
നീ എന്‍റെ കാതില്‍ പലവുരു പറഞ്ഞതും..;
ഞാന്‍ അറിയുകയായിരുന്നു നിന്‍റെ പ്രണയം..

ഇനി എങ്ങും പോകരുത്...
ഈ ജന്മവും, ഇനി വരും ജന്മങ്ങളും...
എന്‍റെ കൈകള്‍ക്ക് വിശ്രമിക്കാന്‍-
നിന്‍റെ ബലമേറിയ കൈത്തലം വേണം..
ഒരു ചെറു ചിരി കൊണ്ടു എന്‍റെ കണ്ണീരു തുടക്കുന്ന-
നിന്‍റെ മാന്ത്രികത വേണം...
പിന്നെ കരഞ്ഞു തളര്‍ന്നാല്‍ തല്പമാവാന്‍-
നിന്‍റെ ഹൃത്തടം എനിക്ക് സ്വന്തമാവണം

പിന്നെ നീ ഭയക്കുന്ന മരണം നമ്മെ-
വേര്‍പിരിക്കാതിരിക്കാന്‍..
ഒരേ തോണിയിലെ യാത്രികരായി നമ്മള്‍ക്ക്-
തുഴഞ്ഞു തുഴഞ്ഞു പോകണം..
എപ്പോഴും, എവിടെയും നിന്‍റെ കൂടെയില്ലേ ഞാന്‍..?
നിന്‍റെ നിഴലായി...
നിന്‍റെ ജീവശ്വാസമായി...
പിന്നെന്തിന് മരണം എന്ന കടംകഥ പറഞ്ഞു-
നീ എന്നെ പിന്തിരിപ്പിക്കുന്നു,,,?

ഒരു ചിപ്പിക്കുള്ളില്‍ ഒളിപ്പിച്ചു വെച്ച-
മുത്തു പോലെ നിന്‍റെ പ്രണയം എന്നെ ഭ്രമിപ്പിച്ചിരുന്നു..
ഇപ്പോള്‍ നീ എന്‍റെ സ്വന്തമല്ലേ...
മരണത്തിനു പോലും നിന്നെ അടര്‍ത്തിക്കളയാന്‍  ആവില്ല..
നിന്‍റെ പ്രണയം എന്‍റെ പ്രാണനില്‍ വിലയിച്ചിരിക്കുന്നു..
ഇനി എങ്ങും പോകരുത്...എങ്ങും...