"മഴ മോഹങ്ങള്‍..."

Wednesday, February 22, 2012

പാഥേയം
മെല്ലെ തുറന്ന കുഞ്ഞു വായിലേക്ക്-
അമൃതമിറ്റിച്ചു തന്ന-
അമ്മ എന്ന മുഖത്തിന്
അവന്‍ ആദ്യമായി കൊടുത്തു ഒരു ഭാഗം...
വെയില്‍  പൊള്ളിച്ച  നടവഴിയില്‍ നിന്നും-
തോളിലെടുത്തു നടന്ന
അച്ഛന്‍ എന്ന കരുതലിന് അവന്‍ കൊടുത്തു-
പിന്നേയുമൊരുഭാഗം
മഴപ്പെയ്ത്തില്‍  ചാലുകള്‍ വീണ-
നാട്ടുവഴിയില്‍ ഇടം കയ്യില്‍-
ഇറുകെ പിടിച്ച സ്നേഹിതന്‍ എന്ന-
ഇളം ചൂടിനും അവന്‍ കൊടുത്തു ഒരു ഭാഗം
തുറന്നു പിടിച്ച പുസ്തക താളിലേക്ക്  -
ആകാശക്കീറുകാണിക്കാതെ  -
പീലിത്തുണ്ട്  ഒളിപ്പിച്ചു തന്ന-
കൂട്ടുകാരിക്കും കൊടുത്തു ഒരു ഭാഗം..
വളരുന്ന വര്‍ഷങ്ങളോടൊപ്പം
ചിന്തകളും ആശയങ്ങളും വളര്‍ന്നതോടൊപ്പം-
വളരുന്ന സ്വപ്നങ്ങള്‍ക്കും കൊടുത്തു-
മോഹങ്ങള്‍ക്ക് വിളനിലമാകാന്‍ ഒരു ഭാഗം.
അഗ്നി സാക്ഷിയായി
വലതു കരം പിടിച്ചു കൂടെ വന്ന പെണ്ണിന്-
 നിറുകില്‍ മുകര്‍ന്നു കൊണ്ട് നല്‍കി-
 ഒരു വലിയ ഭാഗം.

ജീവാംശമായി പിറന്നു വീണ  -
മക്കളെന്ന  പ്രതീക്ഷയ്ക്കും  -
ശിഷ്ട്ട  ഭാഗം മുഴുവനായി -
പിതൃത്വത്തിന്റെ  അഹങ്കാരമായി കൊടുത്തു.. 

പിന്നെയും വളര്‍ന്ന വര്‍ഷങ്ങളില്‍ -
വളര്‍ന്ന മക്കളോടായി 
തനിക്കുള്ള ഭാഗത്തിനായി-
അവന്‍ കൈനീട്ടി..

കഥയറിയാത്ത പോല്‍  മക്കള്‍-
കൈ മലര്‍ത്തി..
പിന്നെ പിന്നെ 
തിരക്കുകളിലേക്കവര്‍  ഊളിയിട്ടു 

പിന്നീടെപ്പോഴോ 
മകന്റെ കൈത്താങ്ങില്‍-
വിരുന്നുകാരനായെത്തിയീ- 
വഴിയമ്പലത്തില്‍-

കണ്ടു പണ്ടെങ്ങോ കണ്ടു മറന്ന മുഖം പോല്‍-
പണ്ടു കേട്ടു മറന്ന സ്വരം പോല്‍-
ഇടതു കൈത്തണ്ടയില്‍ ഇളം ചൂടായി-
തിരിച്ചേല്‍പ്പിച്ചു സ്നേഹിതന്‍-
പണ്ടെന്നോ താന്‍ കൊടുത്ത ഭാഗം..

ഭാഗിച്ചു  കൊടുത്ത തും-
ബാക്കി വന്നതും-
തിരിച്ചു കിട്ടിയതും കുറിച്ചിടാത്ത-
തന്റെ  കണക്കു പുസ്തകത്തില്‍-

വീതിച്ചു  കൊടുത്ത പാഥേയമെന്നപോല്‍       -
പലര്‍ക്കായി ഭാഗിച്ചു  കൊടുത്ത മനസ്സിനെ-
കൂട്ടിയും കുറച്ചും നോക്കുവാന്‍-
പിന്നെയും-
വര്‍ഷങ്ങള്‍ വളര്‍ന്നു കൊണ്ടേ ഇരിക്കുന്നു...