"മഴ മോഹങ്ങള്‍..."

Saturday, August 27, 2011

വഴിയോരകാഴ്ച

ഒറ്റക്കിരിക്കുമ്പോഴൊക്കെയും

കണ്‍മുന്നിലാ കുഞ്ഞു കൈകള്‍...

ചിത്തത്തിലെപ്പോഴും കനലിടും പോലെ-

കണ്‍കളില്‍ ദൈന്യവും, ചുണ്ടില്‍ വിലാപവും,

തങ്ങിയ പൈതലില്‍ ചിത്രം..


എപ്പോഴോ കണ്ടതാണാ മുഖം-

തിരക്കിട്ടു പായും ശകടത്തിന്‍-

ജാലകകാഴ്ചയാണാ മുഖം..

എങ്കിലും മനസ്സില്‍ തറഞ്ഞു പോയാ മുഖം.


കുഞ്ഞു കണ്ണുകള്‍ പാടെ തളര്‍ന്നു-

ഇരു ഗുഹാമുഖത്തെ ധ്വനിപ്പിച്ചു നിന്നു-

ഉച്ചവെയില്‍ പൊള്ളിച്ചു വാടിയ കവിളുകള്‍-

ഇറ്റു മഴ തേടും വയല്‍ കാഴ്ച പോല്‍.


പാല്‍ മണം മാറാത്ത ചുണ്ടുകള്‍-

കൊഞ്ചല്‍ മറന്നു പോയെന്നതാവാം

വല്ലാതെ നൊന്ത വിശപ്പിനാല്‍-

കരയാന്‍ പഠിച്ചതാവാം.


വിശപ്പിനാല്‍ നീട്ടിയ കൈകളില്‍-

തീക്കൊള്ളി വച്ചു പൊള്ളിച്ച പഥികനും,

എച്ചില്‍ക്കൂനയില്‍ പരതവേ

പാതിവിരല്‍ കണ്ടിച്ചെടുത്ത പേപ്പട്ടിയും-

തുല്യരെന്‍ പൊന്നു കുഞ്ഞേ നിന്റെ കണ്‍കളില്‍...


കണ്മഷി കലരേണ്ട കണ്‍ കോണുകള്‍-

കണ്ണീര്‍ കലങ്ങി ചുവന്നു പോയോ...?

കരിവളകള്‍ തഴുകേണ്ട കുഞ്ഞിക്കൈകള്‍ -

കനിവില്ലാ നോവില്‍ പിടഞ്ഞു പോയോ..?


എന്നുമെന്‍ ജാലക കാഴ്ചയില്‍-

കണ്ടു കണ്ടന്നേ ഇരുന്നൊരാ മുഖം

കാഴ്ചയില്‍ വന്നു നിന്നെന്റെ-

കരള്‍നുള്ളി വേദനിപ്പിച്ചൊരാ മുഖം

മെല്ലെ മെല്ലെ പരതി ഞാന്‍ ഇന്നും-

കാഴ്ചവട്ടത്തിലെങ്ങാന്‍ അവളുണ്ടാമോ.?


ചെറ്റു മാറിയായ് കാണ്മൂ ,

എന്നുമില്ലാക്കൂട്ടമൊന്നിന്നായ്-

കണ്‍കള്‍ പാറി നടന്നു പോല്‍-

എന്തെന്ന ചോദ്യം മുഴങ്ങി പോല്‍-


ശകടം മുന്നോട്ടു നീങ്ങവേ-

ഒരു നോക്കു കൂടി ഞാന്‍ നോക്കവേ-

കുഞ്ഞു പാവാട തുമ്പിലും

കുടിയേറും ചോണനുറുമ്പുകള്‍

കളി ചിരി അറിയാത്ത കണ്‍ കളില്‍-

കദനം കനലിട്ട കൈവിരല്‍ തുമ്പില്‍-

മെല്ലെ തുറന്ന കുഞ്ഞിളം വായ്‌ മലരില്‍-

പതിയെ നടന്നു കേറുന്നു-

മൃതിയിന്‍ ചോണനുറുമ്പുകള്‍.


അടച്ചിടട്ടെ എന്‍ ജാലക വാതിലും-

എന്റെ കണ്‍കളും, മനസിന്റെ വാതിലും-

കദനം വിങ്ങുന്നു മലരേ-

നീ പൊഴിയാതിരുന്നിരുന്നെങ്കില്‍..