"മഴ മോഹങ്ങള്‍..."

Saturday, August 7, 2010

വിന്‍സെന്റ് വാന്‍ഗോഗ്...പ്രിയപ്പെട്ട വാന്‍ഗോഗ്
നിന്‍റെ സൂര്യകാന്തി പൂക്കള്‍...
എന്നത്തേയും പോലെ പ്രകാശം പരത്തുന്നു..
ജീവസ്സുറ്റ പൂക്കള്‍...
മഞ്ഞയും പച്ചയും കലര്‍ന്ന
ഇതിഹാസത്തിന്റെ കയ്യൊപ്പ്...
കണ്ണുകള്‍ അറിയാതെ
മറ്റൊരു സൂര്യകാന്തി യാവുന്നു...
കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ...

മുറിച്ചു മാറ്റപ്പെട്ട നിന്‍റെ ഒറ്റക്കാതിനെ..
ഓര്‍ത്തു ഞാന്‍ വേദനിക്കുന്നു...
നിന്‍റെ പ്രേയസിക്ക് പ്രിയം...
ചോരയിറ്റുന്ന ആ ഒറ്റക്കാതായിരുന്നെന്നോ...?


മുപ്പത്തി ഏഴു വര്‍ഷങ്ങളില്‍ ..
അസ്തമയത്തിലേക്ക് നടന്നു മറഞ്ഞത് .....
മാന്ത്രികത കാന്‍വാസില്‍ പടര്‍ത്തുന്ന..
മായാവിരലുകളാണ്...
നിന്‍റെ ഭ്രാന്തന്‍ ചിന്തകളില്‍ എവിടെയൊക്കെയോ 
ദൈവത്തിന്റെ കൈപ്പാടുകള്‍ പതിഞ്ഞതാകുന്നു.. 
നീ പലപ്പോഴായി  കോറിയിട്ട ചിത്രങ്ങള്‍.. 


നിന്‍റെ സ്മരണകള്‍ എന്നില്‍ ഓരോ-
സൂര്യകാന്തി  പൂക്കളെയും
ഇതള്‍ അടര്‍ത്തി കടന്നു പോകുന്നു...
ഒരു സൂര്യകാന്തി  വസന്തം മുഴുവന്‍
പെയ്തോഴിയിച് നീ എവിടെയോ മറഞ്ഞിരിക്കുന്നു.. 


മറവിയുടെയും, വിഭ്രാന്തിയുടേയും 
ഭ്രമണ പഥത്തില്‍ നിന്നു കൊണ്ട്...
നീ വരച്ചു തീര്‍ത്ത "നക്ഷത്ര രാത്രിയും... "
നിരാശയും, പരാജയങ്ങളും.. 
നിരന്തരമായി കൂട്ടായ ദിനങ്ങളില്‍.. 
നീ നിന്നെ നഷ്ട്ടപ്പെടുത്താന്‍ ഒരുങ്ങിയ  നിമിഷവും... 
നെഞ്ചില്‍ ചേര്‍ത്ത് വച്ച തോക്കിന്‍ കുഴല്‍
നിന്നെ നിര്‍ദാക്ഷിന്ന്യം  കയ്യൊഴിഞ്ഞു... 
വെറും രണ്ടു ദിവസത്തേക്ക് മാത്രം.. 


ഒരേ ഒരു ചിത്രം മാത്രം വിറ്റു തീര്‍ത്തിട്ട്
ഒടുവില്‍ നീ ഇല്ലാതെയായപ്പോള്‍...
നിന്നെ പ്രശംസിച്ച നാക്കുകളില്‍... 
ഇപ്പോള്‍ ഞാനും... 
പ്രിയപ്പെട്ട വാന്‍ഗോഗ്..
നിന്‍റെ ചിത്രങ്ങളെ ഞാന്‍ പ്രണയിക്കുന്നു.. 
ദൈവം തൊട്ട നിന്‍റെ കൈ വിരലുകളെ... 
ഞാന്‍ പൂജിക്കുന്നു...
നീ ഒടുങ്ങരുതായിരുന്നു
നക്ഷത്രങ്ങള്‍  പെയ്തിറങ്ങിയ ഈ രാത്രി 
നിന്നെ പ്രകീര്‍ത്തിക്കുന്നത് കേള്‍ക്കാതെ... 
മേഘമാലകള്‍ക്കുള്ളില്‍ 
ഒളിക്കരുതായിരുന്നു...