"മഴ മോഹങ്ങള്‍..."

Thursday, September 9, 2010

ഭ്രാന്തി

          
    "എന്‍റെ മരണത്തിനു മറ്റാരും ഉത്തരവാദി അല്ല.. എനിക്ക് ജീവിക്കണം എന്ന് തോന്നാത്തത് കൊണ്ട് ഞാന്‍ പോകുന്നു.." എന്ന് ഒരു വാചകം എഴുതി വച്ചിട്ട്  മരിക്കാന്‍ എനിക്ക് ഒരു മടിയും തോന്നുന്നില്ല. പക്ഷെ എന്നെ തള്ളി പറയുന്നവര്‍ ആണെങ്കിലും  എന്നെ ആശ്രയിച്ചു ജീവിക്കുന്ന ജീവിതങ്ങളെ ഓര്‍ക്കുമ്പോള്‍ ഞാന്‍ ജീവിക്കുകയാണ്.. എന്തിനെന്നറിയാതെ..
        ആദ്യമായി മനസ്സ് തുറന്ന ആശ്വാസം ഒട്ടും മുഖത്ത് കാണിക്കാതെ പിന്നെയും എന്തൊക്കെയോ പറഞ്ഞ്‌ കൊണ്ടിരുന്ന എന്നെ കടന്നു നീ  മുന്നോട്ടു പോയപ്പോള്‍ ഞാന്‍ കരഞ്ഞില്ല. കണ്ണുനീര്‍ ഒരു തുള്ളി പോലും ഒഴുക്കി കളയാന്‍ എനിക്കില്ല എന്ന് പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ ഞാന്‍ കരയില്ല. എന്നെ തോല്‍പ്പിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് മുന്നില്‍ ചിരിച്ചു നില്‍ക്കണം...
          ചിരിച്ചു ഉറക്കെ...ഉറക്കെ...പിന്നെയും ഉറക്കെ... കണ്ട് നിന്നവര്‍ ചിലരൊക്കെ ഭ്രാന്തി എന്ന് അടക്കം പറഞ്ഞു. ഇന്നലെ വരെ അസൂയ കണ്ണുകള്‍  തുറന്നു വച്ചിരുന്നവര്‍ ആശ്വസിച്ചു.. "ഹോ അങ്ങനെ  അവളും ഒരു കഥയായി..."
          ഞാന്‍ കരയുന്നത് എന്തിനെന്നു ആരും ചോദിച്ചില്ല. ഞാന്‍ ചിരിച്ചപ്പോള്‍ കാകന്‍ കണ്ണുകള്‍ പറന്നു വന്നു കാരണം തേടി.. പിന്നെയും ഞാന്‍ ചിരിച്ചു.. തളര്‍ന്നു പോയ അമ്മയുടെ കൈ തലോടിക്കൊണ്ട് കുഞ്ഞ്‌ അനുജനെയും തന്നെയും വലിച്ചെറിഞ്ഞ് പോയ അച്ഛനെ ഓര്‍ത്തപ്പോഴും ഞാന്‍ ചിരിച്ചു.. പക്ഷെ ഉള്ളില്‍ ഞാന്‍ കരഞ്ഞിരുന്നു പലപ്പോഴും..
          പലപ്പോഴും തന്റെ ജീവിതം മറന്നു കൂടപിറപ്പിനും, അമ്മയ്ക്കും വേണ്ടി ജീവിച്ചവള്‍  എന്ന് സുഹൃത്തുക്കള്‍ അഭിമാനം കൊണ്ടപ്പോഴും ഞാന്‍ ചിരിച്ചു... അമ്മയുടെ കരയാത്ത കണ്ണുകള്‍ ഇനിയെങ്കിലും കാണും എന്ന ആശ്വാസം കൊണ്ട് മാത്രം..
      ഇപ്പോള്‍ ഈ  ഇരുട്ടില്‍ തപ്പുമ്പോള്‍ ഒരു കൈകളും നീട്ടാത്ത നിഴലുകള്‍ എന്‍റെ ചുറ്റും വളര്‍ന്നു നില്‍ക്കുന്നു.. അമ്മ കരഞ്ഞു കൊണ്ടേ ഇരിക്കുന്നു...  അമ്മക്ക് കരച്ചില്‍ കൂടപ്പിറപ്പാണ്. അമ്മ കരയുന്നതിനു ഞാന്‍ ഇനി വേദനിക്കില്ല. അതു എന്‍റെ പുതിയ തീരുമാനമായിരുന്നു. അനിയന്റെ ജീവിതത്തിനു പുതിയ അര്‍ഥങ്ങള്‍ വന്നപ്പോള്‍ അമ്മ ചിരിച്ചു. അവനൊരു ജീവിതമായി.. ഒപ്പം ഞാന്‍ പിന്നെയും ചിരിച്ചു.
    നാത്തൂന്‍ എന്‍റെ സ്വന്തം അനിയത്തിയാ ... പുതു മോടി കഴിഞ്ഞപ്പോഴും ഞാന്‍ പഴയ പല്ലവി ആവര്‍ത്തിച്ചു. ഒടുവില്‍ നാട്ടുകാരും, സുഹൃത്തുക്കളും അതു തിരുത്തിയപ്പോള്‍  ഞാന്‍ ചിരിച്ചു....വളിച്ച ചിരി..
     പലപ്പോഴും അനിയന് വേണ്ടി അമ്മ കരഞ്ഞു കൊണ്ടിരുന്നു.. ഞാന്‍ ചിരിക്കാന്‍ മറക്കാതിരിക്കാനും കഷ്ട്ടപ്പെട്ടു.
      "നിന്‍റെ നാത്തൂന്‍ ഇപ്പോള്‍ നിന്‍റെ അച്ഛന്റെ വീട്ടിലാ താമസം അല്ലേ..?"  സുഹൃത്തിന്റെ അപ്രതീക്ഷിതമായ ചോദ്യം കേട്ടു ഞാന്‍ ചിരിച്ചു.... വിഡ്ഢിച്ചിരി.
കൂടുതല്‍ അറിഞ്ഞു തുടങ്ങുമ്പോഴേക്കും കുടുംബ ബന്ധത്തിന്റെ ഒരു കണ്ണി അവിടെ വിളക്കി ചേര്‍ക്ക  പെട്ടിരിക്കുന്നു...
           ഒടുവില്‍ ഞാനും എന്‍റെ വാശിയും മാത്രം ബാക്കിയായി..
  എപ്പോഴൊക്കെയോ..ആരൊക്കെയോ എന്നെ തോല്‍പ്പിച്ചിരിക്കുന്നു.. ഇവിടെ ആരാണ് തെറ്റ് ചെയ്തത്..? ഞാനോ..? അതാണോ ഈ ബന്ധങ്ങള്‍ക്കിടയില്‍  ഞാന്‍ അന്ന്യയായി പോയത്..?
ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത അച്ഛന്‍ എന്ന വ്യക്തിത്വത്തിന് നേരെ മുഖം കൊടുക്കാതെ ഞാന്‍ തിരിച്ചു നടന്നത് ചിരിച്ചു കൊണ്ട് തന്നെയാണ്.. അമ്മ അപ്പോഴും കരഞ്ഞു കൊണ്ടിരുന്നു.. കരയുന്നത് മനസ്സിന്റെ കാഠിന്യം അലിയിച്ചുകളയും.. ഞാന്‍ കരഞ്ഞില്ല.. ചിരിച്ചു ...പിന്നെയും പിന്നെയും ...കണ്ണു നിറയുന്ന വരെ ചിരിച്ചു...
    എന്‍റെ ചിരിക്കൊടുവില്‍ ഈ ഏറ്റുപറച്ചില്‍  നീ എന്നെ ഭ്രാന്തി എന്ന് വിളിക്കാതിരിക്കാന്‍ ആണ്.. നീ മാത്രം...