"മഴ മോഹങ്ങള്‍..."

Sunday, August 14, 2011

ആശ്വാസം...

        മീറ്റിംഗ്ന്‍റെ  ബോറടി മാറ്റാന്‍ ഏക ആശ്രയം ഇടയ്ക്കിടെ ഉള്ള ടീ ബ്രേക്സ്‌ ആണ്.  കപ്പിലുള്ള ചൂട് ചായ ആസ്വദിച്ചു കൊണ്ട് ഞാന്‍ ഒരു മൂലയ്ക്ക് ഒതുങ്ങി.. കാരണം ഒന്നുമല്ല ആകെയുള്ള പെണ്‍തരി ഞാനാ എന്‍റെ ഡിവിഷനില്‍.പിന്നെ പുതുതായി ജോയിന്‍ ചെയ്ത കുറെ പയ്യന്മാര്‍ ഉണ്ട് ഒന്നിനേം പരിചയം ഇല്ല. അപ്പോള്‍ പിന്നെ മൌനം അങ്ങ് ഭൂഷണം ആക്കി. സെകണ്ട് ഡിവിഷന്റെ ടീ ബ്രേക്ക് ആയതും രാജേഷ്‌ ചായ കൊണ്ട് മുന്നില്‍ വന്നു നിന്നതും ഞാന്‍ അറിഞ്ഞില്ല. "എന്താ ചേച്ചീ.. ചായ നോക്കി തണുപ്പിക്ക്യാണോ..?" പെട്ടെന്നവന്‍ ചോദിച്ചപ്പോ ഞാന്‍ ഒന്ന് ഞെട്ടി.. "കൊരങ്ങന്‍.. ഞാന്‍ ഒരു കാര്യം ഓര്‍ക്കുവാരുന്നെടാ...നീ കേട്ടില്ലേ നമ്മുടെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഒരു പയ്യന്‍റെ കാര്യം..? ടീ ബ്രേക്ക് നു തൊട്ടു മുന്‍പ് പറഞ്ഞത്...?"
സ്വതസിദ്ധമായ നിഷ്കളങ്ക ഭാവത്തില്‍ അവന്‍ ചോദിച്ചു...
" അത് ചേച്ചീ ജോലിക്കിടെ വണ്ടിക്കടിയില്‍ പോയ ആളിന്‍റെ അല്ലെ..? "
എനിക്ക് ചെറുതായി ദേഷ്യം വന്നു... എന്‍റെ അനിയനെ പോലെ എനിക്ക് തല്ലു കൂടാന്‍ ഉള്ള ഒരു കൂട്ടാണ് അവന്‍. വിനുവിന്‍റെ  അതേ  പ്രായം.. അതേ പോലെ കുസൃതിയും.. "ഡാ നീ പറയുന്ന കേള്‍ക്കു... അയാളുടെ കുടുംബത്തിനു നാല് ലക്ഷം രൂപ കമ്പനി കൊടുത്തു ഡാ..." ഞാന്‍ ആശ്ചര്യം ഒട്ടും കളയാതെ പറഞ്ഞു..
"ന്നിട്ടെന്താ നിങ്ങളും വണ്ടിക്കു അടീല്‍ പെടാന്‍ നിക്ക്വാണോ..? വെറുതെ വേണ്ടാത്തതിനു നില്‍ക്കണ്ടാ.. നിങ്ങള്‍ക്ക് രണ്ടായിരം  പോലും കിട്ടില്ല... മന്ദബുദ്ധികള്‍ക്ക് കുറച്ചു കാഷെ കിട്ടുകയുള്ളൂ.." പറഞ്ഞതും ചായക്കപ്പ് മേശമേല്‍ വച്ച് അവന്‍ ഓടി മീറ്റിംഗ്ഹാളില്‍ കയറി..
അവനറിയാം ഇനി എന്‍റെ വായീന്ന് വല്ലതും കേള്‍ക്കും ..
ഞാനും പതിയെ എന്‍റെ ഡിവിഷന്റെ ഹാളില്‍ കയറി.. ഓരോ ബ്രേക്ക് തീര്‍ന്നാലും ഇരിപ്പിടം മാറണം അതൊരു നിര്‍ബന്ധമാ. അത് എന്തിനാന്നു എനിക്കിപ്പോഴും മനസ്സിലായില്ല. ഓരോ സ്ഥലത്ത് ഇരിക്കുമ്പോഴും ഓരോ തരം പോയിന്റ്‌ ഓഫ് വ്യൂ ആണെന്നൊക്കെ  ആരൊക്കെയോ പറഞ്ഞു.. പുതിയ ഐഡിയാസ്  എവിടെ ഇരുന്നാലാണാവോ തലയില്‍ ഉദിക്കുക... എന്തായാലും ഞാന്‍ മാറി ഇരുന്നു... ഇനി അതിനും കൂടെ വഴക്ക് കേള്‍ക്കണ്ടാ..

മീറ്റിംഗ് കഴിഞ്ഞു പോരുമ്പോഴും എനിക്ക് അത് തന്നെ ആയിരുന്നു ചിന്ത. നാല് ലക്ഷം രൂപ.. ഞാന്‍ എന്‍റെ കടങ്ങള്‍ എല്ലാം ഒന്ന് കൂട്ടി നോക്കി എല്ലാം കൂടെ മൂന്നു ലക്ഷം രൂപയോളം വരും എന്നാലും ബാക്കി ഒരു ലക്ഷം കാണും. ബാങ്കില്‍ ഇട്ടാല്‍ അമ്മക്ക് ബാക്കി കാലം ജീവിക്കാം. 

ഓട്ടോയില്‍ റെയില്‍വേ സ്റ്റെഷനിലേക്ക് പോകുമ്പോള്‍ ഞാന്‍ രാജേഷിനോട് പിന്നെയും ചോദിച്ചു..
" ഡാ.. ആ കാര്യം ഉള്ളത് തന്നേയ്..? "
"ഏതു കാര്യം..?" അവന്‍ വാ പൊളിച്ചു...
"എടാ മധുരയിലെ കാര്യം.."
"ഹാ അതോ..? നിങ്ങളിപ്പോഴും അത് ആലോചിച്ചിരിക്ക്യ..?  കാശൊക്കെ കിട്ടും ചേച്ചീ പക്ഷെ... മരിക്കണം..നിങ്ങള്‍ പറയുന്ന പോലെ ഉറക്ക ഗുളിക കഴിച്ചു മരിച്ചാലൊന്നും പോരാ.. അസ്സല് പാണ്ടി ലോറിക്കടീല്‍  തവള പെട്ട പോലെ മരിക്കണം.." അവന്‍ ദേഷ്യപ്പെട്ട പോലെ തിരിഞ്ഞിരുന്നു...

***                                                       ***                                                   ***

"ഇത് ശെരിയാവില്ലെടോ..  താന്‍ ഒരു വണ്ടിയെടുക്ക്.." ചാറ്റല്‍ മഴയില്‍ കുടയും പിടിച്ചു ടി. എം. എസ്. നമ്പൂതിരി ഡോക്ടറെ കാണാന്‍ പോകുന്ന വഴിക്ക് മാനേജര്‍  കലാനാഥന്‍ സാര്‍ പറഞ്ഞു. പിന്നെ സാറിന്‍റെ വക ഒരു പ്രഭാഷണം ആയിരുന്നു വണ്ടി എടുത്താല്‍ ഉള്ള ഗുണകരമായ മാറ്റങ്ങളെ കുറിച്ചുള്ള നീണ്ട വിവരണം.. ഇതിലൊന്നും പെടാത്ത ഒരു കാര്യം ഓര്‍ത്തിട്ടു വെറുതെ എന്‍റെ മനസ്സില്‍ ഒരു ലെഡ്ഡു  പൊട്ടി... " നാല് ലക്ഷം.. "

പിറ്റേ ദിവസം കഷ്ട്ടകാലത്തിനാണ് (അതോ നല്ല കാലത്തിനോ..?) മുന്‍പത്തെ ഡിവിഷന്റെ ഫൈനല്‍ സെറ്റില്‍മെന്‍റ് ചെക്ക് വന്നത്. എല്ലാം കൂടെ നോക്കിയപ്പോള്‍ നല്ല അന്തരീക്ഷം എങ്കി ആ സല്‍കര്‍മ്മം അങ്ങ് ചെയ്യാം. അടുത്ത ടി. വി . എസ് ഷോറൂമില്‍ കയറി  സംസാരിച്ചു ഒരു ധാരണയില്‍ എത്തി.ചെക്ക് മാറി വന്നാല്‍ ഉടനെ തന്നെ  ഒരു സ്കൂട്ടി അങ്ങ് എടുത്തേക്കാം.
ഉടനെ കാര്യം മാനേജരെ വിളിച്ചും പറഞ്ഞു. അങ്ങേര്‍ക്കു സന്തോഷം.. എനിക്കോ ഒരു എല്‍ .ഐ. സി പോളിസി എടുത്ത ആശ്വാസം...

കൃഷ്ണപ്രിയ


ഒരു സ്വപ്നത്തിന്റെ 
ഉണര്‍ച്ചയിലും, ഉറക്കത്തിലുമായി-
ഞാന്‍ നിന്റെ ശബ്ദത്തിനു പിറകെ-
ഒരു സ്വപ്നാടകയെപ്പോലെ....

കണ്ണടച്ചു കാതോര്‍ക്കവേ-
കരളില്‍ അമൃതവര്‍ഷിണിയായി-
പെയ്തു നിറയുന്ന നിന്‍ സ്വരം-
ഞാന്‍ എന്നെ മറന്നു പോകുന്നു...

ഹൃദയസ്പന്ദനങ്ങളില്‍-
ഓളങ്ങള്‍ ഇളക്കി നീ-
പുതു വര്‍ഷം പോലെ-
എന്നില്‍ പെയ്തു തോരുന്നു... 

സ്വയമറിയാതെ കണ്ണുകള്‍ -
കൂമ്പിയടഞ്ഞ മാത്രയില്‍-
ഒരശ്രുവായ്-
നിന്റെ സ്വരത്തിനോടെന്റെ പ്രണയം-
കവിളുകളെ ഉരുമ്മി താഴേക്ക്‌... 

നനുത്ത മഴയുടെ-
വിരല്‍ കൊണ്ടെന്ന പോലെ-
നിന്‍ സ്വരം എന്നെ തഴുകി കടന്നുപോകുന്നു...
പെയ്യാന്‍ തുടങ്ങുന്ന മിഴികളുമായി-
ഞാനും നിന്റെ ശബ്ദത്തിനു പിറകെ-
ഒരു സ്വപ്നാടകയെപ്പോലെ.. 

എന്റെ കാതുകള്‍ പുണ്യം ചെയ്തവയാണ്..
ഇന്നെന്റെ കാതുകളില്‍ മുഴങ്ങുന്നത്-
നീയെന്ന പല്ലവിയും, അനുപല്ലവിയുമാണ്...
ഒരു പുനര്‍ജനീ മന്ത്രം പോലെ....

നിന്റെ നാദധാരയില്‍-
സ്പന്ദിക്കാന്‍ പലപ്പോഴും-
മറന്നു പോകുന്ന എന്റെ ഹൃദയം 
നിന്‍ സ്വരസാന്നിധ്യത്താല്‍ 
പവിത്രമായിരിക്കുന്നു.. 

ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറച്ച്-
ഞാന്‍ നിനക്കായി കാതോര്‍ക്കുന്നു..
രാത്രിയുടെ അവസാന യാമങ്ങളില്‍-
നിന്നെ കേട്ടു കേട്ട് ഞാനുറങ്ങുന്നു..

പുലര്‍ വേളകളില്‍ 
സ്വപ്നമായ് വന്നു നീ-
എന്നെ വിളിച്ചുണര്‍ത്തുന്നു  
നിന്റെ ശബ്ദത്തില്‍ അലിഞ്ഞലിഞ്ഞ്-
ഞാന്‍ ഇല്ലാതെയായെങ്കില്‍...
പലപ്പോഴും ആശിച്ചു പോകുന്നു....

കൃഷ്ണാ എന്നോട് പരിഭവിക്കല്ലേ..
നീ അനുഗ്രഹിച്ച ഈ പുല്ലാംകുഴലിനോട്-
പലപ്പോഴും നിന്നെക്കാള്‍-
ഈ കൃഷ്ണപ്രിയക്ക്‌ പ്രണയം തോന്നുന്നു...