"മഴ മോഹങ്ങള്‍..."

Thursday, November 18, 2010

കള്ളന്‍

ഇരുട്ടിന്റെ മറവില്‍ പതുങ്ങിയെത്തുമത്രേ കള്ളന്‍...
മുഖത്തും ദേഹത്തും കരിവാരി പൂശി-
എണ്ണ മിനുപ്പില്‍ തിളങ്ങുന്ന ദേഹത്ത്-
ഉണങ്ങി തുടങ്ങിയ മുറിപ്പാടുകളും-
കറുത്ത് വീതിയേറിയ നെറ്റിയിലും, മുഖത്തും-
വസൂരിക്കലകളും ...
മുത്തശ്ശി കഥകളില്‍ പറഞ്ഞ്‌ കേട്ട
കള്ളന്‍ അങ്ങനെ ആയിരുന്നു.


പക്ഷെ-
ആള്‍ തിരക്കില്‍ അപഹരിക്കപ്പെട്ട
പേഴ്സ് തിരഞ്ഞ യാത്രികന്റെ കണ്‍ വെട്ടത്ത്-
അങ്ങനെ ഒരാള്‍ ഇല്ലായിരുന്നു.


പിന്നെ ഒരു പുലര്‍വേളയില്‍-
അഭിഷേക ജലം നിറച്ച പാത്രം-
അന്ധാളിപ്പില്‍ താഴെയിട്ട് അലറിക്കരഞ്ഞ പോറ്റിയുടെ-
കണ്മുന്നില്‍ തെളിഞ്ഞ ഇരുട്ടില്‍-
കരുണാമയന്റെ തങ്ക വിഗ്രഹം ഇല്ലായിരുന്നു.
അന്വേഷണങ്ങള്‍ക്കൊടുവില്‍ കുനിഞ്ഞ ശിരസ്സുമായി-
നിന്ന അഭ്യസ്ഥവിദ്യനായ ചെറുപ്പക്കാരനും-
കള്ളന്റെ അലങ്കാരങ്ങള്‍ ഒന്നും ഇല്ലായിരുന്നു.


കല്യാണ രാത്രിയില്‍ ഉറങ്ങിക്കിടക്കുന്ന പ്രിയതമയെ-
ഉണര്‍ത്താതെ  നടന്നു മറഞ്ഞ പുതുമണവാളന്‍-
കയ്യിലെടുക്കാന്‍ മറന്നില്ല പൊന്നും, പണവും.
അയാള്‍ക്ക്‌ ചിരിക്കുന്ന ഓമനത്തമുള്ള  മുഖമായിരുന്നെന്നു-
പിറ്റേന്ന് അലമുറയിട്ടു പുതുപെണ്ണ് 
കള്ളന്‍ അവിടെയും പഴയ വേഷം മറന്നു..


മറവി വേഷത്തിനു മാത്രമാണെന്ന്-
ആശ്വസിക്കാം..(ആശ്വാസമോ..?
ഉം.. കള്ളനെ കണ്ട് പേടിക്കണ്ടല്ലോ)
കള്ളന്‍ ജോലി മറന്നില്ല-
അതും ഒരു ആശ്വാസം (കള്ളനു മാത്രം...)