"മഴ മോഹങ്ങള്‍..."

Sunday, May 30, 2010

യാത്രയിലെ മഴ.........." അനൂ... നീ കേള്‍ക്കുന്നുണ്ടോ ഡാ ഞാന്‍ പറയുന്നത്? അതോ ചുമ്മാ മൂളിക്കൊണ്ടിരിക്ക്യാണോ? എനിക്കെന്തോ കഥകള്‍ ഒന്നും കിട്ടുന്നില്ല. ഇന്ന് എന്‍റെ ഊഴമല്ലേ കഥ പറയാന്‍... ഞാന്‍ എന്താ ഡാ പറയുക? ഒരു കഥയും വരണില്ല.... എല്ലാം നീ പറഞ്ഞു തീര്ത്തില്ലേ...? കണ്ണന്‍ വെണ്ണ കട്ടതും...ഗജേന്ദ്ര മോക്ഷവും എല്ലാം...
പിന്നിപ്പോ... മ് മ് ഒരു കാര്യം ചെയ്യാം.... ഞാന്‍ എന്‍റെ യാത്രയിലെ മഴയെക്കുറിച്ച് പറയാം ഇരുപത്തേഴു വര്‍ഷത്തെ മഴയെക്കുറിച്..
ഇന്ന് എന്‍റെ വര്‍ക്ക് പാലക്കാടായിരുന്നു. നല്ല രസമാ ഒന്നര മണിക്കൂര്‍ യാത്ര... ഒന്നും ശ്രദ്ധിക്കാതെ ഒരുപാട് ഓര്‍ത്ത്‌ കൊണ്ട്... മെല്ലെ കണ്ണടച് പുറകിലോട്ടു ചാരിക്കിടന്നു...തണുത്ത കാറ്റിന്റെ തലോടലില്‍ തെന്നിത്തെന്നി ഓര്‍മ്മകളുടെ കൂട്ടിലേക്ക്....

* * * * * * * * * * * *

" ഇങ്ങനെ ഒരു മഴപ്രാന്തി " അമ്മയുടെ ചീത്ത വിളിയാണ് . ശാസിച്ചിട്ടു കാര്യമില്ലെന്ന് അറിയും അമ്മക്ക്.. എനിക്ക് ചിരി വന്നു ഞാന്‍ പ്രാന്തി തന്നെയാ എന്നാലും എന്‍റെ പ്രാന്ത് മഴയോടല്ലേ?
പണ്ട് മുതലേ ഓര്‍ക്കാന്‍ ഒരുപാടുണ്ട്.... എന്‍റെ ഇഷ്ട്ടങ്ങള്‍.... മഴയോടുള്ള പ്രണയം... മഴയ്ക്ക് എന്നോടും...
കുഞ്ഞുന്നാളില്‍ ഒഴുക്കി കളഞ്ഞ കടലാസു വഞ്ചികള്‍ ഓര്‍മ്മയുടെ തിരയിളക്കത്തില്‍ ചാഞ്ചാടി ക്കൊണ്ടിരുന്നു......
മഴ തീര്‍ത്ത ചാലുകളില്‍ നിന്നും കയ്യെത്തിച് മഴത്തുള്ളിയെ പിടിച്ച്‌ വലിക്കുന്ന നീര്‍ കുമിളകള്‍... വാ നമുക്ക് ഒരുമിച്ച് ഒഴുകി നടക്കാം എന്ന് പറയുന്ന പോലെ.....

മഴ മുറ്റത്ത്‌ വിതറിയിട്ട മാമ്പൂക്കളും, ചെമ്പകപ്പൂക്കളും പിന്നെ മണ്ണിന്റെ ഗന്ധവും ......
പിറ്റേന്ന് മുറ്റമടിക്കാന്‍ അമ്മ കാണിക്കുന്ന ദേഷ്യം കാണുമ്പോള്‍ മഴയ്ക്ക് മുഖം കറുക്കും... നനുത്ത കുഞ്ഞു വിരലുകള്‍ കൊണ്ട് ഞാന്‍ തഴുകി ആശ്വസിപ്പിച്ചിരുന്നോ അന്ന് മഴയെ..?
ചെറിയ ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് നിറയെ പുള്ളികളുള്ള കുടയുമായി സ്കൂളിലെക്കൊരു പോക്കുണ്ട്... ഹോ എന്തായിരുന്നു അഹങ്കാരം... " നോക്കണ്ട.. എനിക്ക് തന്നെ ആയിരുന്നു അഹങ്കാരം " വൈകീട്ട് എന്‍റെ നെഞ്ചൊപ്പം വെള്ളമുള്ള പാടം കടന്നു പോരാന്‍ സുബ്രു ഏട്ടന്റെ കൈ പിടിച്ച്‌ പേടിച്ചു പേടിച്ചു വന്നിരുന്ന ഞാന്‍.... " അപ്പൊ അഹങ്കാരം ഇല്ലാരുന്നു ട്ടോ " വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നത്തക്കകള്‍ ദേഹത്ത് മുട്ടി കടന്നു പോകുമ്പോള്‍ ഞാന്‍ കാറി വിളിക്കും....
അമ്മയുടെ നാട്ടിലായിരുന്നു മഴ ഞാന്‍ അധികവും അറിഞ്ഞത്‌. അത് പക്ഷെ കുഞ്ഞുന്നാളിലായിരുന്നു. ഇപ്പൊ ഓര്‍ക്കാനേ പറ്റുന്നുള്ളൂ... നുറുങ്ങിപ്പോയ വളപ്പൊട്ടുകള്‍ പോലെ മുറിഞ്ഞു പോകുന്ന ഓര്‍മ്മകള്‍....

സന്ധ്യക്ക്‌ കുടുംബ ക്ഷേത്രത്തില്‍ വിളക്ക് വെക്കാന്‍ അമ്മച്ചന്റെ കൂടെപ്പോകാന്‍ എനിക്കായിരുന്നു ഏറ്റവും ഉത്സാഹം. കുളിച്ചു ഈറന്‍ ഉടുത്തുവേണം പോകാന്‍ .. കുഞ്ഞല്ലേ രാത്രി തണുപ്പത്ത് കുളിക്കണ്ടാ എന്ന് പറഞ്ഞാല്‍ ഞാന്‍ വാശി പിടിക്കുമായിരുന്നത്രേ .... എണ്ണയും കരിയും പിടിച്ച കല്‍ വിളക്കിലെ വെള്ളം തെറ്റിക്കളഞ്ഞു എണ്ണയും തിരിയും വച്ച് കഴിയുമ്പോഴേക്കും അമ്മച്ചന്‍ അമ്പലത്തിനകത്തെ വിളക്കൊക്കെ തെളിയിക്കുമായിരുന്നു. ചാറ്റല്‍ മഴയില്‍ കെടാതെ പൊതിഞ്ഞു പിടിച്ച്‌ പോയ എണ്ണത്തിരികള്‍ എത്ര തവണ എന്‍റെ വിരലുകള്‍ പൊള്ളിച്ചിരിക്കുന്നു..
പിന്നെ മഴക്കാലം വരുന്നതിനു മുന്നേ തെങ്ങെല്ലാം വൃത്തിയാക്കുമായിരുന്നു. തെങ്ങിന്റെ മണ്ടയിലെ അഴുക്കും , കോച്ചാടയും എല്ലാം മാറ്റി തടിയൊക്കെ ഉരച്ചു വൃത്തിയാക്കും. ആദ്യത്തെ മഴയ്ക്ക് ശേഷം വാഴപ്പോള കൊണ്ട് തെങ്ങിന്റെ തടിയില്‍ കുറച്ചു മേലേക്കായി ഒരു കേട്ടു കെട്ടും. നീട്ടിയിട്ട തുമ്പിലൂടെ മഴ പെയ്യുമ്പോള്‍ വെള്ളം ടാപ്പിലൂടെ എന്ന പോലെ വരും അത് നല്ല വെള്ളം ആണത്രേ...
അമ്മയുടെ നാട്ടില്‍ നിറയെ കുടപ്പനകള്‍ ഉണ്ടായിരുന്നു. പനയോല കൊണ്ടുണ്ടാക്കുന്ന തൊപ്പിക്കുട വച്ചിട്ടായിരുന്നു അവിടത്തെ ആളുകളൊക്കെ മഴയത്ത് നടക്കുക. തോപ്പിക്കുടക്ക് മേലെ ചരല്‍ വീഴുന്ന പോലെ മഴത്തുള്ളികള്‍ വീഴുന്നത് അമ്മച്ചന്റെ ഒക്കത്തിരുന്നു ഞാന്‍ കേള്‍ക്കുമായിരുന്നു..
പിന്നെ അച്ഛന്റെ നാട്ടിലേക്കുള്ള പറിച്ചു നടീല്‍... ഇവിടത്തെ മഴയും കാതില്‍ കഥ പറയുന്നത് ആയിരുന്നു... കവിളില്‍ ഉമ്മ വെച്ച് കളിയാക്കി ചിരിക്കുന്ന മഴ...
" അനൂ ഒരു കാര്യം പറയാം ഞാന്‍ നീ ചിരിക്കല്ലേ... ഞാന്‍ ഒന്നാം ക്ലാസ്സില്‍ രണ്ടു വര്ഷം പഠിച്ചിട്ടുണ്ട്. അതോണ്ടാവും സ്കോളര്‍ഷിപ്പും കിട്ടിയിട്ടുണ്ട്... മ് ഹും.... വേണ്ടാ കളിയാക്കി ചിരിക്കല്ലേ ഡാ... "
സ്കൂളിലേക്കുള്ള യാത്രകള്‍ ഇപ്പോഴും ഓര്‍ക്കാന്‍ രസമാണ്... ആദ്യമൊക്കെ കൂട്ടുകാരുടെ ഇടയില്‍ വച്ച് മുകളിലോട്ടു കാറ്റടിച്ചു മടങ്ങുന്ന കുട നാണക്കേടായിരുന്നു.. പിന്നെപ്പിന്നെ എതിര്‍ ദിശയിലേക്കു വീശി കുട മുകളിലേക്ക് മടക്കുന്നത് ഒരു രസമായി..ഒടിഞ്ഞ കുടക്കമ്പികള്‍ കാറ്റുകൊണ്ടു മുറിഞ്ഞതാണെന്നു കള്ളം പറഞ്ഞു... "കണ്ടോ.. ഞാന്‍ അന്നേ കള്ളിയാ..."
ഞങ്ങടെ അന്നത്തെ വാടക വീടിന്റെ ഒരു വശം മുഴുവന്‍ പാടമാണ്. അരികിലൂടെ ഒഴുകുന്ന തോട്. മുന്നില്‍ത്തന്നെ തോട്ടുപാലം. മുന്നിലുള്ള റോഡിന്റെ എതിര്‍വശത്ത് നാരായണന്‍ കുട്ട്യച്ചന്റെ വാഴത്തോട്ടം..
" വാഴത്തോട്ടത്തില്‍ മഴയത്ത് നില്ക്കാന്‍ നല്ല രസമാണ്. നിനക്കു അറിയോ? " മമ്മയുടെ വീട്ടിനടുത്ത് ശിവേട്ടന്റെ വാഴത്തോട്ടമുണ്ട്. ഞാനും ദാസേട്ടനും കുഞ്ഞായിരിക്കുമ്പോള്‍ അവിടെപ്പോയിട്ടാ കുളിച്ചിരുന്നത്. വാഴയ്ക്ക് മോട്ടോര്‍ വച്ച് വെള്ളമടിക്കുമ്പോള്‍ അതിലായിരുന്നു കുളി. അവിടെ വാഴത്തോട്ടത്തിനരികെ നിറയെ ഉമ്മത്തിന്‍ കായകള്‍ ഉള്ള ചെടികള്‍...
പിന്നെ വാഴത്തോട്ടത്തില്‍ മഴ പെയ്യുന്ന കാര്യം.... വാഴയിലക്ക്‌ കീഴെ പെരുമഴയത്ത് പോലും നനയാതെ നില്‍ക്കാം. പട പടാന്ന് ഇലയ്ക്ക് മീതെ മഴ പെയ്യുന്നത് കേട്ട്‌....
മഴതോര്‍ന്നു തുടങ്ങുമ്പോള്‍ മുറ്റത്തുള്ള ആര്യ വേപ്പിന്റെ ചോട്ടിലേക്ക് വിളിച്ച്‌ മഴയത്ത്‌ മുളച്ച പുതിയ കൂണ്‍ കാണണോ.. ഓറഞ്ച് നിറത്തില്‍ പുള്ളികളുള്ള ......എന്നൊക്കെ പറഞ്ഞ്‌ മരക്കൊമ്പുലച്ച്ച് എന്നെ നനക്കുന്ന ദാസേട്ടനും... മഴക്കാലങ്ങള്‍ കടന്നു പോകുന്നത്തിനൊപ്പം വലുതായി ഒപ്പം ഞാനും..ഇപ്പൊ മുതിര്‍ന്നവര്‍ക്ക് കളി ചിരി പാടില്ലാലോ..
മ് ഹും....
മഴ പെയ്ത നാട്ടു വഴികളിലെ പുല്ത്തലപ്പില്‍ ഒക്കെ തങ്ങി നില്‍ക്കുന്ന മഴത്തുള്ളികളെ തട്ടിത്തൂത്ത് തളം കെട്ടിക്കിടക്കുന്ന വെള്ളം തെറ്റി തെറുപ്പിച് സ്കൂള്‍ വിട്ടു വരുന്ന യാത്രകള്‍....
പിന്നെ കാമ്പസ് ദിനങ്ങളില്‍ കവിതകളില്‍ നിറഞ്ഞു നിന്ന മഴ... പട്ടാമ്പി സംസ്കൃത കോളേജില്‍ ക്യാമ്പസ്‌ മുറ്റം നിറയെ വലിയ മരങ്ങള്‍ ഉണ്ട്... മഴ മരങ്ങള്‍... മഴപെയ്തു തോര്‍ന്നാല്‍ പെയ്ത്ത് തുടങ്ങുന്ന മഴമരങ്ങള്‍... അവിടെയായിരുന്നു ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒത്തുകൂടാറുള്ളത്...ചാറ്റല്‍ മഴയും, മരം പെയ്യുന്ന മഴയും കൊണ്ടങ്ങനെ മൂന്നു വര്‍ഷം.....
" പിന്നിപ്പോ ജോലിത്തിരക്കായപ്പോഴും മഴ ഞാന്‍ അറിയുന്നുണ്ട്... പക്ഷെ... ഇന്ന് ചെയ്തതിനു ആരും കുറ്റം പറയണ്ടാ.... നല്ല മഴക്കോള് കണ്ടപ്പോള്‍ വര്‍ക്ക് നിര്‍ത്തി വേഗം വീട്ടിലേക്കു തിരിച്ചു... അതൊരു കുറ്റമല്ലല്ലോ..? എന്‍റെ ബാഗ് നനയില്ലേ? കമ്പനി വല്യ വെല കൊടുത്തു വാങ്ങിയ ബാഗാ...എന്തായാലും നനക്കാന്‍ വയ്യ..
സീറ്റില്‍ ഇങ്ങനെ ചാരിക്കിടന്നു ചെര്‍പ്പുളശ്ശേരി എത്താം ....ഒന്നര മണിക്കൂര്‍... മഴ കണ്ടു കൊണ്ട് പോകാം... മഴ ചാറ്റല്‍ തുടങ്ങി.... മഴത്തുള്ളികള്‍ കാറ്റിനൊപ്പം മുഖത്തേക്ക് പാറി വീണു....കണ്ണടച്ച് തന്നെ ചാരിക്കിടക്കാന്‍ നല്ല സുഖം.... സുഖമുള്ള ഓര്‍മ്മകള്‍...മഴ തണുത്ത വിരലുകള്‍ കൊണ്ട് മുഖം തലോടിക്കൊണ്ടിരുന്നു....
ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങുമ്പോഴേക്കും മഴ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങി... ഇടിയും...മിന്നലും.... ബസ് ഇറങ്ങി ഓടുന്നവരുടെ ഇടയില്‍ ഞാന്‍ മാത്രം പതിയെ നടന്നു.... മഴ നനഞ്ഞു അങ്ങനെ
അങ്ങനെ.................