"മഴ മോഹങ്ങള്‍..."

Wednesday, June 30, 2010

ആത്മമിത്രം


ഇല്ല അവര്‍ എന്നെ ശ്രദ്ധിക്കുന്നു പോലുമില്ല... 
ഞാന്‍ ഇരുന്ന ഇരുപ്പില്‍ ഒന്ന് ദീര്‍ഘമായി നിശ്വസിച്ചു... പണ്ടൊക്കെ എന്തായിരുന്നു സ്ഥിതി... 
എന്നും വീടിന്റെ ഉമ്മറത്തെ സ്ഥാനം എനിക്കായിരുന്നല്ലോ.... 
കാരണവരുടെ ഉറ്റമിത്രം ആയതു  കൊണ്ട് ആരും ഭയ ഭക്തിയോടെ അല്ലാതെ തന്നെ   കണ്ടിട്ടില്ല.... 
വാസുദേവക്കൈമളുടെ  സ്ഥാനം.... ബഹു കേമം തന്നെ ആയിരുന്നേ.... പിന്നെ അയാളുടെ ഉറ്റ മിത്രത്തെ  പേടിക്കാതിരിക്ക്യെ....  ആനയെ  മാത്രല്ല തോട്ടിയേം പേടിച്ചിരുന്നു എന്ന് തന്നെ.... 


കസവ് കരയുള്ള മുണ്ടും സദാ മുറുക്കി ചുവപ്പിച്ച വായും... കണിശക്കാരന്‍ ആയിരുന്നെങ്കിലും ... പാവമായിരുന്നു  കൈമള്‍ ...  കൂട്ടുപുരികതിന്റെ  മുകളിലൂടെ  ചാട്ടുളി  പോലത്തെ  ദൃഷ്ട്ടിയുമായി  ഇളമുറക്കാരെ വിറപ്പിച്ചു   നിര്‍ത്തിയിരുന്ന  കൈമള്‍ ... കൈമള്‍ ഇല്ലാത്തപ്പോള്‍ വെറുതെ പൂമുഖത്ത്   അലസമായി സമയം കൊല്ലുന്ന എന്നെയും വണങ്ങിയിരുന്ന കൈമളുടെ പേരമക്കള്‍...  ഓര്‍മ്മകളില്‍ നിന്നും തിരിച്ചു വരാനേ തോന്നുന്നില്ല.... 

ഇപ്പോള്‍ ഈ ഇരുട്ടിലെക്കെന്നെ എറിഞ്ഞു കളഞ്ഞവരെ മനസ്സില്‍ ശപിച്ചു.... കൈമളെ വെള്ള പുതപ്പിച്ചു എന്‍റെ മുന്നില്‍ നീട്ടിക്കിടത്തിയപ്പോള്‍ എന്‍റെ ദേഹത്തോട്ട് ആദ്യം പാഞ്ഞു കയറിയത് ഇളയ മകളുടെ അരുമ സന്തതി... നിസ്സഹായനായി ഞാന്‍ നിന്നപ്പോഴും അവര്‍ എന്നെ കണ്ടതായി ഭാവിച്ചില്ല... കാരണവര്‍ പോയില്ലേ ഇനി നിനക്കെന്തിവിടെ കാര്യം എന്ന മട്ടായി കാര്യങ്ങള്‍.. പതിയെ പതിയെ ആരുമാരും ശ്രദ്ധിക്കാതെ ആയിത്തുടങ്ങി...  അടിച്ചു തളിക്കാരി ഒന്ന് മിണ്ടാനും പറയാനും വന്നാലായി അതും ഉമ്മറം അടിച്ചു വാരുന്ന നേരത്ത്.... 

അന്നും പതിവുപോലെ മുറ്റത്ത്‌ വീണു കിടന്ന മാമ്പൂക്കളെ പ്രാകി പറഞ്ഞിട്ട്  അടിച്ചു വാരുകയായിരുന്നു  ദമയന്തി.. നല്ല തടിച്ച ശരീരപ്രകൃതിയാണ് അവള്‍ക്കു... അടിച്ചു തളികാരി ആയതു കൊണ്ട് അവള്‍ക്കു തടി ഉണ്ടാവാന്‍ പാടില്ലേ..? ഇത് നല്ല കഥ... എന്നാലും എന്‍റെ ദമയന്തിയേ, .... എന്‍റെ കൈമള്‍ അദേഹത്തിനെ  കൊണ്ട് നീ കുറേ വായ്‌ നോക്കിപ്പിച്ചു... അറുപതിന്റെ നിറവിലും എന്‍റെ മേല്‍ ചാരിക്കിടന്നു ദമയന്തിയെ നോക്കിയിരുന്നില്ലെങ്കില്‍ അന്നത്തെ ദിവസം ശെരിയല്ല എന്നാ കൈമളുടെ പക്ഷം.... അതൊക്കെ ഒരു കാലം... ഇപ്പൊ ദമയന്തി മക്കളും പേരമക്കളും ഓക്കേ ആയി... "വയ്യാതായി അല്ലേ...? " ചോദിക്കണം എന്നുണ്ടായിരുന്നു ശബ്ദം തൊണ്ടയില്‍ കുരുങ്ങിപ്പോയി.... 

അടിച്ചു വാരിക്കഴിഞ്ഞു എന്‍റെ ചാരത്ത് വന്നവള്‍ കയ്യില്‍ മെല്ലെ തലോടി കണ്ണു നിറഞ്ഞു പോകുമോ എന്ന് ഞാന്‍ പേടിച്ചു...ഇല്ല അവള്‍ അപ്പോഴേക്കും പോയിക്കഴിഞ്ഞു....  

വെകേഷന്‍ ആയെന്നു കുട്ടിപ്പട്ടാളത്തിന്റെ വരവ് കണ്ടപ്പോഴേ മനസ്സിലായുള്ളൂ.. മുന്‍പൊക്കെ കൈമള്‍ അദേഹത്തിന്റെ വായില്‍ നിന്നു കേട്ടിരുന്ന കാര്യങ്ങള്‍.... ഇപ്പൊ കാലം എല്ലാം മാറിയില്ലേ.....  ഒഹ്...  വാനരപ്പട തന്നെ ഒരുത്തന്‍ ഇന്നലെ എന്നെ ഉരുട്ടിയിട്ടു വലതു കൈ ചെറുതായി ഒടിഞ്ഞു.... പരാതി പറഞ്ഞില്ല ആരോടും... മിണ്ടാതിരുന്നു.. ഇളയ മോളുടെ കൂര്‍ത്ത നോട്ടം കണ്ടില്ലാത്ത പോലെ നിന്നു.... "ഇങ്ങനെ മുടക്കാ ചരക്കായി ഇവിടെ കിടക്കണോ..?" എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ത്ഥം... അന്നത്തെ ചര്‍ച്ചാ വിഷയം ഞാന്‍ മാത്രമായിരുന്നല്ലോ അവര്‍ക്ക്... 


പിന്നെ മൂത്തപുത്രന്‍ ആദി എന്ന ആദിത്യന്റെ തീരുമാനം...അതാണിപ്പൊ എന്നെ ഈ ഇരുട്ടിലെക്കെത്തിച്ചത് ... മുറിഞ്ഞ വലതു കൈ മടിയില്‍ ചേര്‍ത്ത് വച് ഞാന്‍ കണ്ണുകളടച്ചു കിടന്നു.... ഇത്തിരി വെളിച്ചം കണ്ടിട്ട്   എത്രയോ നാളുകളായി.... പൊടിയുടെയും മാറാലക്കൂടുകളുടെയും  മടുപ്പിക്കുന്ന ഗന്ധം...  മുഷിഞ്ഞ ഉടുവസ്ത്രം... ഒരിക്കലും കൈമള്‍ എന്‍റെ വസ്ത്രം മുഷിയാന്‍ സമ്മതിച്ചിട്ടില്ല....അത്രക്കായിരുന്നു ആ ബന്ധം... ഇപ്പൊ കണ്ണു നിറഞ്ഞു.... ഓര്‍ക്കണ്ടായിരുന്നു ഒന്നും.... 


ഓര്‍മ്മകളിലെ വസന്തകാലം മനസ്സിനെ മുറിപ്പെടുത്തുന്നു... കൈമള്‍ ഇപ്പോഴും എന്‍റെ ദേഹത്തോട് ചാരി മയങ്ങുന്നു എന്ന് തോന്നുന്നു.... ഒരു ചാരുകസേരക്ക് ഇതില്‍ കൂടുതല്‍ എന്താ സന്തോഷം....? അല്ലേ..? 12 comments:

 1. ചാരുകസേര ഒരെണ്ണം പണീയിക്കണമെന്നു ഒന്നുകൂടി ഞാനിപ്പോള്‍ ഓര്‍ത്തു. ഇഷ്ടമാണെന്നേയ് അതില്‍ കാലുപൊക്കിവച്ചു ചാരിക്കിടക്കാന്‍
  :-)

  ReplyDelete
 2. ആര്‍ക്കും വേണ്ടാതെ അന്ധകാരത്തില്‍ തള്ളപ്പെട്ടിരിക്കുന്ന പുരാവസ്തുക്കളെല്ലാം ഒരു നാള്‍ പുതുമോടിയോടെ തിരികെയെത്തും...അതാ ലോകതത്വം...പക്ഷെ അന്ന് ബഹുമാനത്തെക്കാളേറെ അതിനോട് കൌതുകമാവും ആളുകള്‍ക്ക് തോന്നുക എന്ന് മാത്രം...വിശ്വാസമില്ലെങ്കില്‍ ഉപ്പുമാങ്ങ ഭരണി, വാര്‍പ്പ്, വെറ്റിലച്ചെല്ലം, ആഭരണപ്പെട്ടി, മുതലായവയുടെ ഇന്നത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ...
  എന്തായാലും ആ ചാരുകസേരയെ അതിന്റെ ഔന്നത്യത്തിലെത്തിച്ചത് ബഷീറായിരിക്കണം...അദ്ദേഹത്തിന് എന്റെ എല്ലാ സ്മരണാന്ജലിയും...

  ReplyDelete
 3. ..
  :)

  അങ്ങനെ എന്തെല്ലാം.. :)
  ..

  ReplyDelete
 4. ശരിക്കും ഒരു ആത്മമിത്രം തന്നെ. അങ്ങനെ വേറെന്തൊക്കെയോ ഉണ്ട് നമ്മുടെ അരികു ചേര്‍ന്ന്. ഇന്നുണ്ടോ അതൊക്കെ? അല്ലെങ്കില്‍ ആര്ക് വേണം അതൊക്കെ!
  നല്ല ചിന്ത കേട്ടോ.

  can u pls remove word veri..?

  ReplyDelete
 5. ബന്ധങ്ങളുടെ കണ്ണിയറ്റ് പോകുമ്പോള്‍ ബലം കുറഞ്ഞവയുടെ സ്ഥാനം കാലഹരണപ്പെട്ടവയോടൊപ്പമാകും. ഒപ്പം തലമുറകളുടെ പൊരുത്തക്കേടുകളും.

  ReplyDelete
 6. നന്നായിട്ടുണ്ട് ട്ടോ

  ReplyDelete
 7. aadhyamaaya ee vazi..
  ezuthu ishttayitoo...

  ReplyDelete
 8. ഒരു നാള്‍ വരും ഇപ്പോള്‍ ആ പഴയ കാലത്തേക്ക് ഉള്ള ഒരു മടക്ക യാത്രയിലാ ജനങ്ങള്‍ ഇനിയും പഴയപടി ഉമ്മറത്ത ചഹാര് കസേര കാണാം നമുക്ക് . എന്തായാലും കഥ നന്നായിരിക്കുന്നു.

  ReplyDelete
 9. സത്യത്തില്‍‌ ചാരുകസേര എന്ന തലക്കെട്ട് വായിക്കാതെയാണ്‌ വായിച്ചത്, ഒരു ആത്മമിത്രത്തിന്റെ കുറിപ്പുകളായി തന്നെ തോന്നി. നന്നായിട്ടുണ്ട്.

  ReplyDelete
 10. Upasana pettennu vangikku charukasera.... thnx..

  thank u... ചാണ്ടിക്കുഞ്ഞ്

  thanks ravi...

  thank u kannooraan...

  അനില്‍കുമാര്‍. സി.പി. thnxxx

  deepu pradeep thank u...

  ഒഴാക്കന് thanx

  thank u jayaraj..

  Prasanth Iranikulam thanxxx

  With Love....
  NISHA

  ReplyDelete
 11. ഒരു ചാരുകസേരക്ക് ഇതില്‍ കൂടുതല്‍ എന്താ സന്തോഷം....?
  ആദ്യ വരവാണ്..!
  എഴുത്ത് ഇഷ്ടമായി..!

  ReplyDelete
 12. നല്ല പ്രതീകമാണ്‌. പല രീതിയിൽ പ്രയോഗിക്കാം.
  Good one.

  ReplyDelete