"മഴ മോഹങ്ങള്‍..."

Thursday, November 25, 2010

എനിക്ക് സ്നേഹം തോന്നാറുണ്ട് ..

എനിക്ക് സ്നേഹം തോന്നാറുണ്ട് ...
ചിലപ്പോള്‍ എന്‍റെ മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകള്‍...
നിന്‍റെ വിരലുകള്‍ ഒതുക്കി വക്കുന്നു എന്ന് തോന്നുമ്പോള്‍...
മറ്റു ചിലപ്പോള്‍.... 
നീ പിന്നിട്ട മണല്തിട്ടിലെ കാല്‍പാടുകളില്‍ കാലമര്‍ത്തി  
ഞാന്‍ പുറകെ നടക്കുമ്പോള്‍...
പിന്നെയും ചിലപ്പോള്‍ ...
ഈറന്‍  മാറാത്ത  നെറ്റിയില്‍  നീ  
അധരത്തിനാല്‍ പൊട്ടു വക്കുന്നു എന്ന് തോന്നുമ്പോള്‍ ....
പിന്നെയും ചിലപ്പോള്‍... 
നീ കടിച്ച നെല്ലിക്കാ ഒന്നിനെ-
പതിയെ ഞാന്‍ ചുണ്ടോടു ചേര്‍ക്കുമ്പോള്‍
ഇതളടര്‍ന്നു പോകാതെ ഒരു മന്ദാര പുഷ്പത്തെ -
നീ എന്‍റെ മുടിയില്‍ തിരുകുന്നു എന്ന് തോന്നുമ്പോള്‍ ...
വെള്ളം ഇറ്റുന്ന മുടിയിഴകളെ വകഞ്ഞു മാറ്റി-
കാറ്റ് തഴുകുന്ന പോലെ-
എന്‍റെ കവിളില്‍ നീ മുഖം അമര്‍ത്തുമ്പോള്‍..
സ്വയം  മറന്നു  ചിരിച്ച  പാദസരങ്ങളെ -
നീ ചുംബിച്ചു  നിശ്ശബ്ദമാക്കുന്നു എന്നറിയുമ്പോള്‍...
പിന്നെ 
ഒരു സ്വപ്നത്തില്‍ നിന്നെന്നപോലെ ഞാന്‍ ഉണരുമ്പോള്‍-
നീ കണ്ട സ്വപ്‌നങ്ങള്‍ എല്ലാം നമുക്ക്-
അടുത്ത ജന്മത്തിലേക്കു മാറ്റി വക്കാം എന്ന്-
പതിയെ പതിയെ നീ പറയുമ്പോള്‍...
അപ്പോഴെല്ലാം... കഴിഞ്ഞു പോയ ഓരോ നിമിഷങ്ങളിലും-
എനിക്ക് സ്നേഹം തോന്നാറുണ്ട്.
എന്തിനെന്നറിയാതെ എന്നെ ഒരുപാട് സ്നേഹിക്കുന്ന നിന്നോട്-
പിന്നെ നീ ഒരുപാട് സ്നേഹിക്കുന്ന എന്നോട്-
നമ്മള്‍ കണ്ട സ്വപ്നങ്ങളോട്‌-
ഇനിയും വരാന്‍ പോകുന്ന ജന്മങ്ങളോട്... 

5 comments:

 1. എനിക്കും സ്നേഹം തോന്നാറുണ്ട്!!!! മനസ്സിനെ പ്രണയാര്‍ദ്രമാക്കുന്ന ഇത്തരം രചനകളിലൂടെ കടന്നു പോവുമ്പോള്‍... പ്രണയത്തിന്റെ മൂര്‍ത്ത നിമിഷങ്ങള്‍ ഒപ്പിയെടുത്ത രചന ......നന്നായി എഴുതി... ഭാവുകങ്ങള്‍ .....

  ReplyDelete
 2. സ്നേഹിക്കാന്‍ കൊതിക്കുന്ന വരികള്‍.

  ReplyDelete
 3. "എനിക്ക് സ്നേഹം തോന്നാറുണ്ട് ..."

  ReplyDelete
 4. ഏതൊരു കാമുകിയും പ്രണയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിച്ചെങ്കിലെന്ന് ഒരുപാടാശിക്കും...!!
  പണ്ട്... ഫലം .. നിഷ്ഫലം.
  ഇന്ന് ... ഫലം .. ഉറപ്പ്..!!

  നന്നായിരിക്കുന്നു...
  ആശംസകൾ..

  ReplyDelete