"മഴ മോഹങ്ങള്‍..."

Sunday, August 14, 2011

കൃഷ്ണപ്രിയ


ഒരു സ്വപ്നത്തിന്റെ 
ഉണര്‍ച്ചയിലും, ഉറക്കത്തിലുമായി-
ഞാന്‍ നിന്റെ ശബ്ദത്തിനു പിറകെ-
ഒരു സ്വപ്നാടകയെപ്പോലെ....

കണ്ണടച്ചു കാതോര്‍ക്കവേ-
കരളില്‍ അമൃതവര്‍ഷിണിയായി-
പെയ്തു നിറയുന്ന നിന്‍ സ്വരം-
ഞാന്‍ എന്നെ മറന്നു പോകുന്നു...

ഹൃദയസ്പന്ദനങ്ങളില്‍-
ഓളങ്ങള്‍ ഇളക്കി നീ-
പുതു വര്‍ഷം പോലെ-
എന്നില്‍ പെയ്തു തോരുന്നു... 

സ്വയമറിയാതെ കണ്ണുകള്‍ -
കൂമ്പിയടഞ്ഞ മാത്രയില്‍-
ഒരശ്രുവായ്-
നിന്റെ സ്വരത്തിനോടെന്റെ പ്രണയം-
കവിളുകളെ ഉരുമ്മി താഴേക്ക്‌... 

നനുത്ത മഴയുടെ-
വിരല്‍ കൊണ്ടെന്ന പോലെ-
നിന്‍ സ്വരം എന്നെ തഴുകി കടന്നുപോകുന്നു...
പെയ്യാന്‍ തുടങ്ങുന്ന മിഴികളുമായി-
ഞാനും നിന്റെ ശബ്ദത്തിനു പിറകെ-
ഒരു സ്വപ്നാടകയെപ്പോലെ.. 

എന്റെ കാതുകള്‍ പുണ്യം ചെയ്തവയാണ്..
ഇന്നെന്റെ കാതുകളില്‍ മുഴങ്ങുന്നത്-
നീയെന്ന പല്ലവിയും, അനുപല്ലവിയുമാണ്...
ഒരു പുനര്‍ജനീ മന്ത്രം പോലെ....

നിന്റെ നാദധാരയില്‍-
സ്പന്ദിക്കാന്‍ പലപ്പോഴും-
മറന്നു പോകുന്ന എന്റെ ഹൃദയം 
നിന്‍ സ്വരസാന്നിധ്യത്താല്‍ 
പവിത്രമായിരിക്കുന്നു.. 

ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറച്ച്-
ഞാന്‍ നിനക്കായി കാതോര്‍ക്കുന്നു..
രാത്രിയുടെ അവസാന യാമങ്ങളില്‍-
നിന്നെ കേട്ടു കേട്ട് ഞാനുറങ്ങുന്നു..

പുലര്‍ വേളകളില്‍ 
സ്വപ്നമായ് വന്നു നീ-
എന്നെ വിളിച്ചുണര്‍ത്തുന്നു  
നിന്റെ ശബ്ദത്തില്‍ അലിഞ്ഞലിഞ്ഞ്-
ഞാന്‍ ഇല്ലാതെയായെങ്കില്‍...
പലപ്പോഴും ആശിച്ചു പോകുന്നു....

കൃഷ്ണാ എന്നോട് പരിഭവിക്കല്ലേ..
നീ അനുഗ്രഹിച്ച ഈ പുല്ലാംകുഴലിനോട്-
പലപ്പോഴും നിന്നെക്കാള്‍-
ഈ കൃഷ്ണപ്രിയക്ക്‌ പ്രണയം തോന്നുന്നു... 

No comments:

Post a Comment