"മഴ മോഹങ്ങള്‍..."

Saturday, August 27, 2011

വഴിയോരകാഴ്ച

ഒറ്റക്കിരിക്കുമ്പോഴൊക്കെയും

കണ്‍മുന്നിലാ കുഞ്ഞു കൈകള്‍...

ചിത്തത്തിലെപ്പോഴും കനലിടും പോലെ-

കണ്‍കളില്‍ ദൈന്യവും, ചുണ്ടില്‍ വിലാപവും,

തങ്ങിയ പൈതലില്‍ ചിത്രം..


എപ്പോഴോ കണ്ടതാണാ മുഖം-

തിരക്കിട്ടു പായും ശകടത്തിന്‍-

ജാലകകാഴ്ചയാണാ മുഖം..

എങ്കിലും മനസ്സില്‍ തറഞ്ഞു പോയാ മുഖം.


കുഞ്ഞു കണ്ണുകള്‍ പാടെ തളര്‍ന്നു-

ഇരു ഗുഹാമുഖത്തെ ധ്വനിപ്പിച്ചു നിന്നു-

ഉച്ചവെയില്‍ പൊള്ളിച്ചു വാടിയ കവിളുകള്‍-

ഇറ്റു മഴ തേടും വയല്‍ കാഴ്ച പോല്‍.


പാല്‍ മണം മാറാത്ത ചുണ്ടുകള്‍-

കൊഞ്ചല്‍ മറന്നു പോയെന്നതാവാം

വല്ലാതെ നൊന്ത വിശപ്പിനാല്‍-

കരയാന്‍ പഠിച്ചതാവാം.


വിശപ്പിനാല്‍ നീട്ടിയ കൈകളില്‍-

തീക്കൊള്ളി വച്ചു പൊള്ളിച്ച പഥികനും,

എച്ചില്‍ക്കൂനയില്‍ പരതവേ

പാതിവിരല്‍ കണ്ടിച്ചെടുത്ത പേപ്പട്ടിയും-

തുല്യരെന്‍ പൊന്നു കുഞ്ഞേ നിന്റെ കണ്‍കളില്‍...


കണ്മഷി കലരേണ്ട കണ്‍ കോണുകള്‍-

കണ്ണീര്‍ കലങ്ങി ചുവന്നു പോയോ...?

കരിവളകള്‍ തഴുകേണ്ട കുഞ്ഞിക്കൈകള്‍ -

കനിവില്ലാ നോവില്‍ പിടഞ്ഞു പോയോ..?


എന്നുമെന്‍ ജാലക കാഴ്ചയില്‍-

കണ്ടു കണ്ടന്നേ ഇരുന്നൊരാ മുഖം

കാഴ്ചയില്‍ വന്നു നിന്നെന്റെ-

കരള്‍നുള്ളി വേദനിപ്പിച്ചൊരാ മുഖം

മെല്ലെ മെല്ലെ പരതി ഞാന്‍ ഇന്നും-

കാഴ്ചവട്ടത്തിലെങ്ങാന്‍ അവളുണ്ടാമോ.?


ചെറ്റു മാറിയായ് കാണ്മൂ ,

എന്നുമില്ലാക്കൂട്ടമൊന്നിന്നായ്-

കണ്‍കള്‍ പാറി നടന്നു പോല്‍-

എന്തെന്ന ചോദ്യം മുഴങ്ങി പോല്‍-


ശകടം മുന്നോട്ടു നീങ്ങവേ-

ഒരു നോക്കു കൂടി ഞാന്‍ നോക്കവേ-

കുഞ്ഞു പാവാട തുമ്പിലും

കുടിയേറും ചോണനുറുമ്പുകള്‍

കളി ചിരി അറിയാത്ത കണ്‍ കളില്‍-

കദനം കനലിട്ട കൈവിരല്‍ തുമ്പില്‍-

മെല്ലെ തുറന്ന കുഞ്ഞിളം വായ്‌ മലരില്‍-

പതിയെ നടന്നു കേറുന്നു-

മൃതിയിന്‍ ചോണനുറുമ്പുകള്‍.


അടച്ചിടട്ടെ എന്‍ ജാലക വാതിലും-

എന്റെ കണ്‍കളും, മനസിന്റെ വാതിലും-

കദനം വിങ്ങുന്നു മലരേ-

നീ പൊഴിയാതിരുന്നിരുന്നെങ്കില്‍..

9 comments:

 1. ലളിതം, താളാത്മകം.

  ആശംസകള്‍ .

  ReplyDelete
  Replies
  1. നന്ദി അനില്‍കുമാര്‍ . സി.പി

   Delete
 2. nice.........
  welcome to my blog
  blosomdreams.blogspot.com
  if u like it follow and support me........

  ReplyDelete
 3. കാണാന്‍ മറക്കുന്ന ഈ കാഴ്ച്ചകള്‍ കണ്ണില്‍ കുരുക്കി , മനസ്സില്‍ പതിപ്പിച്ച്‌ ബ്ളോഗില്‍ പകര്‍ത്തിയതിനു അഭിനന്ദനങ്ങള്‍..........

  ReplyDelete
  Replies
  1. വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി അനീഷ്‌ ജി

   Delete
 4. This comment has been removed by the author.

  ReplyDelete
 5. ശ്രീമതി നിഷ,
  കവിതകള്‍ വാക്കുകളില്‍ നിന്ന് പറന്നുയരണം.നല്ല ആശയസ്വീകാര്യതയുണ്ട്. പക്ഷേ ഭാവനയെ വാക്കുകളുടെ തടവറ യില്‍ തളച്ചിട്ടിരിക്കയാണ്.എഴുതൂ. ആശംസകള്‍

  ReplyDelete
  Replies
  1. ആദ്യം തന്നേ സംബോധനയിൽ ഒരു തിരുത്ത് പറഞ്ഞോട്ടെ... ഞാൻ ശ്രീമതി അല്ല... അത് കൊണ്ട് നിഷ എന്ന് മാത്രം വിളിച്ചാൽ മതിയാകും... Kattil Abdul Nissar താങ്കളുടെ നിർദ്ദേശങ്ങള്ക്കും അഭിപ്രായത്തിനും നന്ദി.. തീർച്ചയായും ഇനി എഴുതുമ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നതാണ്

   Delete