"മഴ മോഹങ്ങള്‍..."

Sunday, December 19, 2010

ഭ്രമം..

ഞാന്‍ ഒരു നീര്‍ക്കുമിളയാണ്-
നിന്‍റെ മുന്നില്‍ നിന്നെ പ്രതിഫലിപ്പിച്ചു-
നിന്നപ്പോഴൊക്കെയും നീ എന്‍റെ ഹൃദയത്തിലായിരുന്നു.
ഏതു നിമിഷത്തിലും ഉടഞ്ഞു പോയേക്കാവുന്ന-
എന്നിലാണ് നീ മഴവില്ല് പാകിയത്‌.
ഏതു കാറ്റിലും പൊലിഞ്ഞു പോയേക്കാവുന്ന-
എന്നിലാണ് നീ നിശ്വാസമായി ഉറങ്ങിയത്.
നീ എന്‍റെ ഹൃദയരക്തമാണ്-
എന്‍റെ ഹൃദയത്തിന്റെ ഉള്ളറകളിലും-
എന്‍റെ മരവിച്ച ഓര്‍മ്മകളിലും പടര്‍ന്നൊഴുകിയത്
നീ മാത്രമാണ്.
എന്നിട്ടും നീ എന്നെ വേദനിപ്പിക്കുന്നു.
എന്‍റെ പ്രാണന്‍ പറിച്ചെടുക്കുന്ന നോവില്‍-
കരഞ്ഞു തളര്‍ന്ന് ഒതുങ്ങുമ്പോഴും-
നീ എന്ന സ്വപ്നം എന്നെ ജീവിക്കാന്‍ ആശിപ്പിക്കുന്നു.
നീ ഇല്ലാതെയാകുന്നത് എന്‍റെ ജീവിതത്തില്‍ നിന്നാണെന്ന്-
എന്‍റെ ഉള്ളില്‍ പുകയുന്ന ചിന്തയില്‍-
ഞാന്‍ ഞാന്‍ അല്ലാതെയാകുന്നു.
പ്രാണന്‍ അകന്നാല്‍ ദേഹത്തിനെന്തു വില..?
നീ എന്‍റെ ദേഹിയാണ്.
എന്റേത് മാത്രമാണെന്ന് നൂറാവര്‍ത്തി-
എഴുതി ചേര്‍ത്തതാണ് നീ എന്‍റെ ചിന്തകളില്‍.
ഇന്നെന്റെ ചിന്തകള്‍ക്കും കത്തുന്ന ചിതയുടെ ഗന്ധം.
എന്‍റെ പ്രാണന്‍ ഒടുങ്ങാത്ത സ്വപ്നങ്ങളെ കുരുതി കൊടുത്ത്-
നിനക്കായി മാത്രം ജീവിച്ചു തീര്‍ത്ത ദിനങ്ങളുടെ-
നോവും, നൊമ്പരവും മാത്രം കയ്യില്‍ ഇറുക്കിപ്പിടിച്ചു-
പടിയിറങ്ങിക്കോട്ടേ  ഞാന്‍...?
നിന്‍റെ നിശ്വാസം ചൂട് പകരാത്ത എന്‍റെ ജീവിതത്തില്‍ നിന്നും-
ഒരു യാത്രാമൊഴി പോലും പറയാതെ.
പടിയിറക്കപ്പെട്ട  മോഹങ്ങള്‍ കൊഞ്ഞനം കുത്തുന്നു-
കടലെടുത്തു പോയ സ്വപ്‌നങ്ങള്‍ പരിഹസിക്കുന്നു-
വയ്യ ഇനിയും നിന്‍റെ കൈത്തലത്തിന്റെ ചൂടില്‍-
എന്‍റെ ദുഖങ്ങളെ ഉരുക്കി കളയാം എന്ന വ്യാമോഹം എനിക്കില്ല.
ഈ രാത്രി വെളുപ്പിച്ചു കിട്ടിയാല്‍ പിന്നെയും ഉദിക്കുന്ന പകലുകള്‍-
നിന്‍റെ വിരഹവും, നിന്‍റെ ഓര്‍മ്മകളും എന്നിലേക്ക്‌-
തിരികെ കൊണ്ട് വരുന്ന നരച്ച പകലുകളും-
നിന്നെ ഓര്‍ത്തു കണ്ണീരൊഴുക്കാന്‍ വിധിക്കപ്പെട്ട-
കരി പുരണ്ട രാവുകളും-
ഇനിയും എനിക്ക് വയ്യ-
നീ എന്റെതല്ലെന്നു ചിലക്കുന്ന നാവുകളെ-
നിശബ്ദമാക്കാന്‍ എനിക്ക് കഴിവില്ല.
ഞാന്‍ പൊയ്ക്കോട്ടേ...?
നീ പിന്തുടരാനില്ലാത്ത വഴികളിലൂടെ-
പക്ഷെ എവിടെ പോയാലും ഞാന്‍-
നിന്റേതു മാത്രമാണല്ലോ...
മനസ്സ് മടുക്കുന്നു നീ കളഞ്ഞിട്ടു പോയ-
കളിപ്പമ്പരം പോലെ ഞാന്‍.
രാത്രിയുടെ അവസാന യാമത്തിലും-
നിന്നെ ഓര്‍ത്തു വേദനിക്കാന്‍-
എനിക്കുള്ളത് നിന്‍റെ നാമം ജപിക്കുന്ന-
നിലതെറ്റി മിടിക്കുന്ന ഒരു ഹൃദയമാണ്.
നിനക്കു പോലും വേണ്ടെന്നു ഞാന്‍-
എന്നെത്തന്നെ വിശ്വസിപ്പിച്ചു കൊണ്ടിരിക്കുന്ന-
എന്‍റെ പാവം ഹൃദയം..

12 comments:

 1. “നീ എന്റെതല്ലെന്നു ചിലക്കുന്ന നാവുകളെ-
  നിശബ്ദമാക്കാന്‍ എനിക്ക് കഴിവില്ല.
  ഞാന്‍ പൊയ്ക്കോട്ടേ...?”

  എന്തിനാ കുട്ടി ഇത്തരം അനാവശ്യ ചിന്തകൾ..
  നമ്മുടെ ജിവിതം അതായത് മനുഷ്യ ജീവിതം ഒരു പ്രാവശ്യമല്ലെ കിട്ടൂ...!

  ‘കിട്ടാത്ത മുന്തിരിയുടെ കഥ കേട്ടിട്ടില്ലെ..?’ ആ മുന്തിരി പുളിക്കുമെങ്കിൽ പിന്നെന്തിന്....?

  തനിക്കായി വിധിച്ചിട്ടുള്ളത് തനിക്കു മാത്രമേ കിട്ടൂ.മറ്റാർക്കും ദൈവം കൊടുക്കില്ല.

  അങ്ങനെ ഒരു ശുപാപ്തിവിശ്വാസം
  കൊണ്ടുനടക്കുന്നവരാണ് ഞാനുൾ‌പ്പടെയുള്ളവർ.
  അതു കൊണ്ടു തന്നെ യാതൊരു വിധ വ്യാകുല ചിന്തകൾക്കും ഞങ്ങളുടെ മനസ്സിൽ സ്ഥാനമില്ല. കുട്ടിയും അതു പൊലെ ശുപാപ്തി വിശ്വാസം കൈവരിക്കൂ.....

  ആശംസകൾ...

  ReplyDelete
  Replies
  1. ദൈവമേ ഇതൊക്കെ ഞാൻ ഇപ്പോഴാണല്ലോ കാണുന്നെ... സത്യത്തിൽ എനിക്ക് തോന്നുന്നത് ബ്ലോഗ്‌ ഉണ്ടാക്കി ഇട്ടു എന്നല്ലാതെ അന്ന് വേറെ എ.ബി.സി.ഡി ഒന്നും അറിയില്ലാരുന്നു എന്നാണ്... ഈ വിലപ്പെട്ട വാക്കുകൾക്ക് നന്ദി

   Delete
 2. സ്നേഹത്തിന്റെ കൂടണയാറായി എന്നു കരുതുമ്പോഴേയ്ക്കും മറ്റൊരു ദുരന്തത്തിലേയ്ക്കെടുത്തെറിയപ്പെടുന്ന തോമസ്സ്‌ ഹാര്‍ഡിയുടെ ടെസ്സ്‌ എന്ന നായികയെ അറിയുമോ?

  കവിതയുടെ ശോകഭാവം മനോഹരമായിരിയ്ക്കുന്നു..

  എന്നാലും ഹെമിംഗ്‌ വേയുടെ അജയ്യമായ ആ വരികളെ ഞാന്‍ കൂടുതല്‍ സ്നേഹിക്കുന്നു..

  "നിങ്ങള്‍ക്ക്‌ ഒരു മനുഷ്യനെ നശിപ്പിയ്ക്കന്‍ കഴിയും ..
  പക്ഷെ..തോല്‍പ്പിയ്ക്കാനാവില്ല"

  ആശംസകളോടെ..

  ReplyDelete
 3. നല്ല ആശയം ,നല്ല കവിത

  ReplyDelete
  Replies
  1. നന്ദി... സന്തോഷം

   Delete
 4. വളരെ നന്നായിരിക്കുന്നു

  ReplyDelete
 5. മാഷേ മനോഹരമായിട്ടുണ്ട്...എന്‍റെ പാവം ഹൃദയം.. ഹ ഹ ...പാവമല്ലേ ഞാന്‍ ...എനിക്ക് ആ ടീച്ചറോട് ഇപ്പോ ആരാതന തോന്നുന്നു....

  ReplyDelete
  Replies
  1. സുവീ വേണ്ടാ ട്ടാ ടീച്ചർ എന്റെ മാത്രം ചേച്ചിയാ...സന്തോഷം സുവീ

   Delete