"മഴ മോഹങ്ങള്‍..."

Thursday, March 31, 2011

വിജയി...

     
                 "സമയം ഒത്തിരിയായി. ഒടുവിലത്തെ ട്രെയിനും ചൂളം വിളിച്ചു അകന്നു പോകുന്നത് ആദിത്യന്‍ കേട്ടു.  ഇപ്പോള്‍ വീട്ടില്‍ അമ്മ ഉറങ്ങിക്കാണും. അനുജത്തി പഠിച്ചു കൊണ്ടിരുന്ന പുസ്തകത്തിലേക്ക് തലപൂഴ്ത്തി ഉറക്കം തുടങ്ങിക്കാണും. മുറ്റത്ത്‌ അച്ഛന്റെ അസ്ഥിതറയോടു ചേര്‍ന്ന് നില്‍ക്കുന്ന നന്ത്യാര്‍വട്ടം വെളുത്ത പൂക്കള്‍ വിതിര്‍ത്തു കൊണ്ട് മഞ്ഞിന്റെ തണുപ്പില്‍ പല്ല് കൂട്ടിയിറുമ്മി നില്‍പ്പുണ്ടാകും.. ഓര്‍ത്തപ്പോള്‍ ആദിയുടെ കണ്ണ് നിറഞ്ഞു. ആ നന്ത്യാര്‍ വട്ടം തന്റെ ചെറുപ്പത്തിലെ ഉണ്ട് അങ്ങനെ ഒരു മരം പോലെ പടര്‍ന്ന് നിറയെ പൂത്തുലഞ്ഞ്.. നന്ദൂട്ടിയുടെ കൂടെ മണ്ണപ്പം ചുട്ടു കളിച്ചിരുന്നതും അവിടെയായിരുന്നു.. തന്നെക്കാള്‍  അഞ്ചു വയസ്സിനു ഇളപ്പമുള്ള തന്റെ കുഞ്ഞനുജത്തി.അവള്‍ക്കു അഞ്ചു വയസ്സുള്ളപ്പോള്‍ തളര്‍ന്നു വീണ അച്ഛന്‍. കരിങ്കല്‍ ക്വാറിയില്‍ ചുമടെടുത്ത് അച്ഛന് താങ്ങായി നിന്ന് അമ്മ ആദിയെയും നന്ദൂട്ടിയെയും ഊട്ടി... രാത്രികാലങ്ങളില്‍ കഫത്തിന്റെ അസ്കിത കൊണ്ട് ചുമച്ചു ശ്വാസം മുട്ടി വില്ല് പോലെ വളഞ്ഞു പോകുന്ന അമ്മ എപ്പോഴും ഉറക്കമിളച്ചു അച്ഛന്റെ കാല്‍ച്ചുവട്ടില്‍ തന്നെ ഉണ്ടായിരുന്നു. ആദിയുടെ പതിനഞ്ചാം വയസ്സില്‍ അച്ഛന്റെ പട്ടടയ്ക്കു തീ കൊളുത്തുമ്പോള്‍ ജീവിതം ഒരു ചോദ്യ ചിഹ്നം പോലെ മുന്നില്‍ തൂങ്ങിയാടി... "
                         ഉറക്കം വന്നപ്പോള്‍ അവന്‍ വായിച്ചിരുന്ന നോവല്‍ മടക്കി വച്ച് എണീറ്റു. ജനല്‍ പാളികള്‍ തുറന്നിട്ടു.. കാറ്റ്  അവന്റെ കവിളുകളില്‍ ഉരസി മുറിയിലേക്കിറങ്ങി എന്തൊരു ചുളു ചുളുപ്പന്‍ കാറ്റ്. മലയെ ചുറ്റി വരുന്ന കാറ്റ് കാട്ടു ചെമ്പകത്തിന്റെ ഗന്ധം കൊണ്ട് അവനെ പുണര്‍ന്നു.. വല്ലാത്ത ഗന്ധം തന്നെ.. ഉറക്കം വരുന്നും ഇല്ല. അവന്‍ പതിയെ വാതില്‍ തുറന്നു പുറത്തിറങ്ങി.. റെയില്‍ പാളത്തിലൂടെ മെല്ലെ നടന്നു.. കാറ്റ് മുഖത്ത് വീശിയടിച്ചു കൊണ്ടിരുന്നു മനസ്സും ശരീരവും ഒരുപോലെ തണുത്തു.... ഇനി ഒന്ന് ഉറങ്ങാം..
തിരിച്ചു നടക്കുമ്പോള്‍ അറിയാതെയാണ് കണ്ണുകള്‍ അങ്ങോട്ട്‌ പാറി വീണത്‌. അല്ല അവള്‍ അവന്റെ  ദൃഷ്ട്ടിയെ കവര്‍ന്നെടുക്കുകയായിരുന്നു.. അര്‍ദ്ധ നഗ്ന മേനിയില്‍ നിന്നും അഴിഞ്ഞു വീഴാന്‍ പാകത്തില്‍ ഉടുപുടവ... കസവ് കരയുള്ള പുടവ തോള്‍വശം ഒട്ടിക്കിടക്കുന്നു.... അഴിഞ്ഞുലഞ്ഞ  മുടി പുറം  നിറഞ്ഞു കവിഞ്ഞു താഴെക്കൂര്‍ന്നു കിടക്കുന്നു.. വല്ലാതെ ചുവന്നു തുടുത്ത അധരങ്ങള്‍... പാതിയടഞ്ഞ കരിങ്കൂവള  നയനങ്ങള്‍.. നീണ്ട നാസിക.. നെറ്റിതടത്തില്‍ പതിഞ്ഞു കാണുന്ന കുങ്കുമപ്പൊട്ട്. താമരയിതളുകളെ തോല്‍പ്പിക്കുന്ന വെളുത്തു തുടുത്ത പാദങ്ങള്‍... അവന്‍ ഉമിനീരിറക്കി... നാലുപാടും മിഴികള്‍ പായിച്ചു...പുറകിലോട്ടു ചാരി അര്‍ദ്ധ സുഷുപ്തിയില്‍ എന്ന പോലെ ഉള്ള അവളുടെ ഇരിപ്പില്‍ അവനൊരു രസം തോന്നി. അധിക സമയം അങ്ങനെ നോക്കി നില്‍ക്കുന്നത് അപകടം ആണെന്ന് അവനു തോന്നി. ആരെങ്കിലും കണ്ടാല്‍.... പിന്നെ അവന്‍ ഒന്നും ചിന്തിച്ചില്ല. അവളെ മാറോട് ചേര്‍ത്ത് പിടിച്ച് അല്പം പരിഭ്രാന്തിയില്‍ തന്നെ മുറിയിലേക്ക്  നടന്നു. നടക്കുകയല്ല ഒരര്‍ത്ഥത്തില്‍ അവന്‍ ഓടുകയായിരുന്നു.കാറ്റു തണുപ്പിച്ച അവന്റെ ശരീരം വിയര്‍പ്പു ചാലുകളാല്‍ കുതിര്‍ന്നു. ശ്വാസഗതി ഉച്ചത്തിലായിക്കൊണ്ടിരുന്നു. റൂമില്‍ എത്തിയപ്പോഴേക്കും അവന്‍ അണച്ചു. മുറിയുടെ വാതില്‍ പെട്ടെന്ന് തന്നെ അടച്ചു സാക്ഷാ നീക്കി അവന്‍ അവളെ കട്ടിലിലേക്ക് കിടത്തി... അവള്‍ അപ്പോഴും ഏതോ സ്വപ്നത്തിലെന്ന വണ്ണം ഇരുന്നു...

നേരം കുറെ ആയി...ഒരു സാധനം വച്ചാല്‍ വച്ചിടത്ത് കാണില്ല... അവന്‍ ആ മുറി മുഴുവന്‍ അരിച്ചു പെറുക്കി കട്ടില്‍ കാലിനോട് ചേര്‍ന്ന് കിടന്നിരുന്ന ഹാമര്‍ അവന്‍ എടുത്തു. പണ്ട് താമസിച്ചിരുന്നവന്‍ ഉപേക്ഷിച്ചു പോയതാണ് ഇപ്പോള്‍ അത് കൊണ്ടൊരു ഉപകാരം ആയി. അവന്‍ ഉള്ളില്‍ ചിരിച്ചു.. അവനു മനസാലെ നന്ദി പറഞ്ഞു. ജനല്‍ പടിയില്‍ രണ്ടു മൂന്നു ആണികള്‍ ഇരിക്കുന്നുണ്ടെന്നു ഓര്‍മ്മ ഉണ്ടായിരുന്നതിനാല്‍ അത് അത്രയൊന്നും തിരയേണ്ടി വന്നില്ല. കട്ടിലില്‍ കയറി നിന്ന് അവന്‍ കട്ടിലിന്റെ ബലം ഒന്ന് നോക്കി. ഹും... ചുമ്മാ കിടന്നു ഉറങ്ങുമ്പോള്‍ ഒരു കുഴപ്പവും ഇല്ല. കയറി നിന്നപ്പോള്‍ ആട്ടം തുടങ്ങി. ഒരു കാല്‍ കട്ടില്‍ പടിയില്‍ കയറ്റി വച്ച് അവന്‍ ചുവരില്‍ ആ ആണിയടിച്ചിറക്കി. കുറെ കാലമായി ഒരു രവി വര്‍മ ചിത്രം വാങ്ങണം എന്ന് കരുതിയിട്ട്. വാങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ നഷ്ട്ടമായേനെ. എന്തായാലും ഫ്രെയിം ചെയ്തു ഭിത്തിയില്‍ തൂക്കാന്‍ പാകത്തില്‍ കയ്യില്‍ കിട്ടിയത് നന്നായി. ആരോ മറന്നു വെച്ചതാ. ആരും കണ്ടില്ല ഭാഗ്യം. അവളെ എടുത്ത് ഭിത്തിയില്‍ തൂക്കി അവന്‍ ഒന്ന് കൂടി മുഖം ചെരിച്ച് നോക്കി... അതേ മുഖം....  അതേ ഭാവം... അവന്‍ കട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടന്നു ഒരു വിജയിയെപ്പോലെ... കാട്ടുചെമ്പകത്തിന്റെ മണമുള്ള കാറ്റ് അപ്പോഴും അവിടെ ചൂഴ്ന്നു നില്‍ക്കുന്നുണ്ടായിരുന്നു... 

9 comments:

  1. അടിപൊളി കഥ.
    അവന്‍ ഒന്നും ചിന്തിച്ചില്ല. അവളെ മാറോട് ചേര്‍ത്ത് പിടിച്ച് അല്പം പരിഭ്രാന്തിയില്‍ തന്നെ മുറിയിലേക്ക് നടന്നു. നടക്കുകയല്ല ഒരര്‍ത്ഥത്തില്‍ അവന്‍ ഓടുകയായിരുന്നു.
    കുറെ കാലമായി ഒരു രവി വര്‍മ ചിത്രം വാങ്ങണം എന്ന് കരുതിയിട്ട്. വാങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ നഷ്ട്ടമായേനെ. എന്തായാലും ഫ്രെയിം ചെയ്തു ഭിത്തിയില്‍ തൂക്കാന്‍ പാകത്തില്‍ കയ്യില്‍ കിട്ടിയത് നന്നായി. ആരോ മറന്നു വെച്ചതാ. ആരും കണ്ടില്ല ഭാഗ്യം. അവളെ എടുത്ത് ഭിത്തിയില്‍ തൂക്കി.
    ആദ്യം ഓര്‍ത്തു അത് പെണ്ണാണെന്ന്. പിന്നെ ബാക്കി കൂടി വായിച്ചപ്പോള്‍ അല്ലെ മനസിലായത് അത് ചിത്രം ആയിരുന്നു എന്ന് ..!!!!!!!


    സമയം കിട്ടുമ്പോള്‍ അത് വഴി വരുമല്ലോ
    http://niracharthu-jayaraj.blogspot.com

    ReplyDelete
    Replies
    1. ഹ ഹ സന്തോഷം... നന്ദി

      Delete
  2. സോറീട്ടൊ...
    ഞാൻ വല്ലാതെ തെറ്റിദ്ധരിച്ചു....!!

    ReplyDelete
    Replies
    1. ഹ ഹ തെറ്റിദ്ധരികണ്ട കേട്ടോ... നന്ദി

      Delete
  3. ഒരു ചാണ്ടി സ്റ്റൈല്‍ സസ്പെന്‍സ് :-) രസകരമായി...

    ReplyDelete
  4. കഥ നന്നായിരിക്കുന്നു.... തുടര്ന്നും എഴുതുക... ആശംസകള്‍...

    ReplyDelete
  5. Where to play Baccarat in Boston | UrbanDaddy
    The first dealer worrione card game with Baccarat. deccasino a number of casino games, including blackjack, roulette, and baccarat tables. Baccarat 제왕카지노 is played with two

    ReplyDelete