"മഴ മോഹങ്ങള്‍..."

Thursday, December 13, 2012

എന്റെ മാനസപുത്രിക്ക്...നീയെനിക്കൊരാണ്‍  കുഞ്ഞിനെ തരിക.
എന്റെ ചിതയിലൊരു കൊള്ളി വെക്കാന്‍-
എനിക്ക് വായ്ക്കരിയിടാന്‍-
പിന്നെ എന്റെ തലമുറയെ ജനിപ്പിക്കാന്‍.
ഒട്ടിക്കിടന്ന വയറില്‍ തെല്ലൊന്നുമ്മവെച്ചും-
കണ്ണില്‍ പ്രണയത്തിന്റെ തീ നിറച്ചും-
അവനെന്റെ കണ്ണുകളിലേക്ക്-
അവന്റെ ആശയറിയിച്ചു.
എപ്പോഴോ മനസ്സില്‍ കാത്തുവെച്ച-
കുഞ്ഞു പാദസരത്തിന്റെ കൊഞ്ചല്‍-
പിന്നെ വന്നെന്റെ ഓര്‍മ്മയെ പൊള്ളിക്കവേ-
ഒരു പെണ്‍കുഞ്ഞിനായി ഞാന്‍ കൈ നീട്ടി..
കത്തുന്ന കണ്ണോടെ നീ എന്തിനെന്റെ-
കുഞ്ഞു സ്വപ്നത്തിന്റെ കഴുത്തു ഞെരിക്കുന്നു..?
അരുതരുത്‌ നീ ആശിക്ക വേണ്ടതെന്ന് 
സ്വരമിന്നുയര്‍ത്തി കയര്‍ക്കുന്നു ?
ഓര്‍മ്മയില്‍ ഒരു കുഞ്ഞുടുപ്പിന്റെ ഞൊറികളില്‍-
വെറുതെ തെരുപ്പിടിച്ചിരുന്നു ഞാനും.
കനവില്‍ ഞാനാശിച്ച കനക ചിലമ്പുകള്‍-
കെട്ടിയാടാന്‍ വരാത്ത കുഞ്ഞു പാദങ്ങളും.
കുഞ്ഞു കണ്‍കോണില്‍ വാലിട്ടെഴുതുവാന്‍-
സ്നേഹക്കണ്മഷി ചാലിച്ചിരുന്നെന്നാലും-
എന്തിനെന്‍ കുഞ്ഞേ എന്റെ ഓര്‍മ്മയില്‍-
മാത്രമെന്‍ മകളായി നീ...
നിന്റെ നോട്ടവും , പരിഭവവും, ചിണുക്കങ്ങളും-
കാണാതെ അറിയുന്നീ അമ്മ 
എന്റെ മനസ്സിന്റെ ഗര്‍ഭപാത്രത്തില്‍-
പിറക്കുവാന്‍ അനുമതിയില്ലാതെ നീയും...
മടിയിലിരുത്തി ഊട്ടുവാന്‍-
കുഞ്ഞിക്കൈ പിടിച്ചു നടത്തുവാന്‍-
ആട്ടവും, പാട്ടും പഠിപ്പിക്കുവാന്‍-
എന്നേ നിനച്ചതാണമ്മ..
നീളന്‍ ചുരുള്‍ മുടി രണ്ടായ് മെടഞ്ഞിട്ടു-
നീണ്ട നെറ്റിയിലൊരു പൊട്ടുകുത്തിത്തരാന്‍..
ചന്തം തികഞ്ഞോരെന്‍ പോന്നോമനയ്ക്ക്-
കണ്ണുപെടാതിരിപ്പാനൊരു കവിള്‍ പൊട്ടും 
ഓര്‍മ്മയിലൂട്ടി എന്‍ മകളെ നിനക്കു ഞാന്‍ 
കണ്ണീര്‍ നിറഞ്ഞോരെന്‍ സ്നേഹം 
ദീര്‍ഘ ചുംബനം കൊണ്ടു പൊട്ടുവച്ചെന്റെ-
ഇനിയും പിറക്കാ പെണ്മണിയ്ക്കായ് 
ജീവിതവഴികളില്‍ ജയിച്ചു വന്നെന്നാലും-
ഭീതിയാണിന്നെനിക്കെന്‍  മകളെ-
നീയീ മണ്ണില്‍ പിറന്നു വീഴും മുന്നെ-
നിന്റെ ജീവന്‍ പറിച്ചെറിയേണ്ടി വന്നാലോ 
ഉള്ളിളിരുന്നായിരം വട്ടം നീ-
എന്തമ്മേ കരയുന്നു എന്ന് ചോദിപ്പുവോ ?
 നിന്നെയോര്‍ത്തമ്മ കരഞ്ഞോട്ടെ-
എങ്കിലും നിന്നച്ഛന്നു സന്താപമേകാ..
പെണ്ണായ് പിറന്നു ഞാനെന്തിന് 
ഒരു പെണ്‍കുഞ്ഞിനു ജന്മംകൊടുക്കാനാവാതെ..?
ആ ഇളം പുഞ്ചിരി കാണാനാവാതെ -
അറിയുന്നു ഇതെന്റെ  നിരര്‍ഥകമായ ജന്മം...

8 comments:

 1. എല്ലാം മാറിവരും.
  നേരെ തിരിഞ്ഞു കാര്യങ്ങള്‍ സംഭവിക്കും എന്നത് വിദൂരമല്ല.
  വരികള്‍ നന്നായിരിക്കുന്നു.

  ReplyDelete
 2. റാംജി സര്‍ നന്ദി...വന്നതിനും വായനക്കും....

  ReplyDelete
 3. ദീര്‍ഘ ചുംബനം കൊണ്ടു പൊട്ടുവച്ചെന്റെ-
  ഇനിയും പിറക്കാ പെണ്മണിയ്ക്കായ്
  ജീവിതവഴികളില്‍ ജയിച്ചു വന്നെന്നാലും-

  വരികള്‍ ഇഷ്ടായി നിഷാ.... ആശംസകള്‍......

  ReplyDelete
  Replies
  1. സന്തോഷം.. നന്ദി Asha

   Delete
 4. വരികളും വാക്കുകളും നന്ന്
  ഇനിയും വരാം

  ReplyDelete
  Replies
  1. വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി അജിത്‌ ജി

   Delete
 5. മനസ്സില്‍ ഇനിയും പിറക്കാത്ത എന്റെ കുഞ്ഞിനായി ഞാനും കാത്തു വെച്ചത് ഇതെല്ലമയിരുന്നില്ലേ??

  ReplyDelete
  Replies
  1. സന്തോഷം.. നന്ദി പെണ്‍കുട്ടി.

   Delete