"മഴ മോഹങ്ങള്‍..."

Tuesday, November 23, 2010

പൊയ്മുഖം. .

പകല്‍ കഴിയുവോളം അവള്‍-
ഉലയിലൂതി പഴുപ്പിച്ചു കൊണ്ടിരുന്നു.
അവനരികെ വരുമ്പോള്‍ മുഖം തിരിക്കാന്‍-
അവന്റെത്‌ മാത്രമാകണമെന്നു-
അവളാഗ്രഹിച്ച മനസ്സ്.

അസ്തമന സൂര്യന്റെ ചിറകുകള്‍ക്ക് താഴെ
ഇരുട്ടിന്റെ മറവില്‍ സ്നേഹം പുരട്ടിയ-
ചിരിയുടെ കോണില്‍ ഒളിപ്പിച്ചു വെച്ച-
ദാഹത്തിന്റെ ദംഷ്ട്രകളുമായി
അവന്‍ അന്നും വന്നു.

അഴിഞ്ഞുലഞ്ഞ മുടിയില്‍-
അവന്‍ ചൂടിച്ച മുല്ലപ്പൂക്കള്‍ക്ക്-
കരിഞ്ഞ ശവങ്ങളുടെ മടുപ്പിക്കുന്ന-
ഗന്ധമാണ് എന്നത് പലപ്പോഴായി-
അവള്‍ അറിഞ്ഞു കൊണ്ടേ ഇരുന്നു.
മറുത്തൊന്നും പറയാതെ-
അവന്റെ ശ്വാസതാളങ്ങളില്‍-
വാടിപ്പോയ മുഷിഞ്ഞ നിശാഗന്ധികളായി-
മയങ്ങിക്കിടന്നു അവളുടെ കണ്ണുകള്‍.

അവളുടെ കണ്ണുകളില്‍
പഴയപോലെ സൂര്യനുദിക്കുന്നില്ല എന്ന്-
അവന്‍ പഴിച്ചു കൊണ്ടിരുന്നു.
അവന്‍ കെടുത്തിയിട്ട സൂര്യ വെളിച്ചത്തിനെ-
ഓര്‍ത്തിട്ട്  ഒരിക്കലും അവള്‍-
ഉള്ളു പൊള്ളിച്ചില്ല.

വെറുപ്പിന്റെ അവസാന കണം-
ചുണ്ടില്‍ ഒളിപ്പിച്ചു വച്ചിട്ട്-
അവന്‍ അവളില്‍ ഇനിയും ഉദിക്കാത്ത സൂര്യന്റെ-
കനലുകള്‍ തിരഞ്ഞു കൊണ്ടിരുന്നു.
ഇളം ചൂടുള്ള മേനിക്കൊഴുപ്പിന്റെ ഉള്ളില്‍-
തുടിക്കുന്ന ഹൃദയമുണ്ടെന്നത്-
അവന്‍ സൌകര്യ പൂര്‍വ്വം മറന്നു.

കടല്‍ പലപ്പോഴായി കടമെടുത്ത-
തന്റെ കണ്ണുനീരിനെ അവള്‍ ശപിച്ചു.
ഒരിക്കലെങ്കിലും ഒന്ന് കരയാന്‍-
മടുപ്പിക്കുന്ന ശവം നാറിപ്പൂക്കളെക്കാള്‍
ഒരു മഞ്ഞു തുള്ളിയുടെ വിശുദ്ധി മതി-
തനിക്കെന്നു ഉറക്കെ പറയാന്‍-

പതിവ് പോലെ കൈക്കുള്ളില്‍ ഒതുക്കിയ -
മുല്ലപ്പൂക്കളുമായി  അവന്‍ പടികേറി വന്നപ്പോള്‍-
ഒറ്റവാതിലുള്ള വീടിന്റെ കഴുക്കോലില്‍-
വാടിയ മുല്ലമാല പോലെ അവള്‍ തൂങ്ങിക്കിടന്നു.

തിരിച്ചിറങ്ങുമ്പോള്‍ അവന്റെ കണ്ണുകളില്‍-
കനല്‍ തേടുന്ന ദുരയുണ്ടായിരുന്നു.
കരിവളകള്‍ ചിരിച്ചു കൊണ്ടേ ഇരിക്കുന്ന-
കൈക്കുള്ളിലേക്ക് മുല്ലപ്പൂക്കളെ വച്ച് കൊടുക്കുമ്പോള്‍-
അവന്റെ കണ്ണില്‍ കനലുകള്‍ കത്തി-
ഇരയെ കാണുന്ന ചിലന്തിയെപ്പോലെ
അവന്‍ നേര്‍ത്ത വലക്കണ്ണികള്‍ കൊണ്ടു-
കുട്ടിത്തം മാറാത്ത കണ്ണുകളില്‍-
പുതിയ സൂര്യോടയങ്ങള്‍ക്ക്
ഇടം തേടിക്കൊണ്ടേ  ഇരുന്നു..

4 comments:

  1. ഒറ്റവാതിലുള്ള വീടിന്റെ കഴുക്കോലില്‍-
    വാടിയ മുല്ലമാല പോലെ അവള്‍ തൂങ്ങിക്കിടന്നു.

    വിഷാദമെങ്കിലും സുന്ദരമായ വരികള്‍ വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  2. ആശയം മനോഹരമായി വരികളിലൂടെ പകര്‍ന്നു തരാന്‍ സാധിച്ചിരിയ്ക്കുന്നു...

    നന്നായിട്ടുണ്ട്. റാംജി മാഷ് ക്വോട്ട് ചെയ്ത വരികളാണ് ഞാനും എടുത്തെഴുതണമെന്ന് കരുതിയിരുന്നത്

    ReplyDelete
  3. എവിടെ തിരഞ്ഞാലും പൊയ്മുഖം മാത്രം !!

    ReplyDelete
  4. മനോഹരമായിട്ടുണ്ട്...ഭാവുകങ്ങള്‍ !!

    ReplyDelete