"മഴ മോഹങ്ങള്‍..."

Sunday, May 15, 2011

ഭാഗ്യദേവത...


ചൂട്ടുകറ്റ പടിക്ക് പുറത്ത് കുത്തിക്കെടുത്തി വാസു മുറ്റത്തേക്ക് കാലെടുത്തു വച്ചു. കാലു മുറ്റത്ത് കുത്തി കുത്തിയില്ല എന്നായതും അയാള്‍ ഒന്ന് ആഞ്ഞു. മുന്നിലോട്ടു മുഖം കുനിഞ്ഞു പോയ വാസു വല്ല വിധേനയും ഞെളിഞ്ഞൊന്ന് നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിച്ചു.. ദേ കിടക്കുന്നു.. തലയും കുത്തി താഴെ.. "പ്ധിം.." ചക്ക വെട്ടിയിട്ട പോലെ ശബ്ദം കേട്ടിടാവും ശാന്ത ഓടി വന്നു നോക്കി. ഒരു കൈ നിലത്തൂന്നി മറുകൈകൊണ്ട്‌ ഉടുമുണ്ടും വാരിപ്പിടിച്ചു എണീക്കാന്‍ പാടുപെടുന്നു വാസു...

"ഹെന്റെ മനുഷ്യാ... വല്ല കാര്യോമുണ്ടോ... പകലന്തിയാവോളം പണിയെടുത്തു കിട്ടണ കാശു ഷാപ്പില്‍ കൊടുക്കാനേ ഇങ്ങേര്‍ക്ക് നേരമുള്ളൂ... ന്റെ ഭഗവതീ ന്റെ വിധി..." 

പലതും പറഞ്ഞു കൊണ്ട് അയാളെ എണീപ്പിച്ചു നേരെ കിണറ്റിന്‍ കരയിലെത്തിച്ചു രണ്ടു തൊട്ടി വെള്ളം തലയിലൂടെ ഒഴിച്ച് അയാളെ കുളിപ്പിച്ചെടുത്തു കോലായില്‍ കൊണ്ടിരുത്തി... 
            പഠിച്ചു കൊണ്ടിരുന്ന പുസ്തകം മാറ്റി വച്ച് സൂരജ് എന്ന മൂത്ത പുത്രന്‍ വാതില്‍ക്കല്‍ തല കാണിച്ചു.. കൂടെ ഇളയവള്‍ സൂര്യയും ആര്യയും..കൂട്ടത്തില്‍ കറുമ്പി ആണെങ്കിലും ഐശ്വര്യമുള്ള വട്ടമുഖവും ചിരിക്കുമ്പോള്‍ നുണക്കുഴികള്‍ തെളിഞ്ഞു കാണുന്ന കുഞ്ഞു കവിളുകളും, മുന്തിരിപ്പഴം പോലെ തിളങ്ങുന്ന കുഞ്ഞു കറുത്ത കണ്ണുകളും ഉള്ള സൂര്യക്കുട്ടി.

"അച്ഛന്റെ പൊന്നു ഇങ്ങു വാടാ.." 
കോലായില്‍ കാലുകള്‍ നീട്ടിയിരുന്നു വാസു വിളിച്ചു.വിളിക്ക് കാതോര്‍ത്തു നിന്നതെന്ന പോലെ സൂരജ് ഓടിച്ചെന്നു.അച്ഛന്റെ അടുത്ത് ചേര്‍ന്നിരിക്കുമ്പോഴും അവന്‍ വലതു കയ്യുടെ തള്ള വിരല്‍ നൊട്ടി നുണച്ചു  കൊണ്ടിരുന്നു. 

"അഞ്ചു വയസ്സ് കഴിഞ്ഞു എന്നിട്ടും ചെക്കന് ഇള്ളക്കുട്ടി ആണെന്ന വിചാരം... തൊള്ളേല്‍ന്നു  കയ്യെടുക്കെടാ.." 
ശാന്തയുടെ ശകാരം കൂടി ആയപ്പോള്‍ അവന്‍ ഒന്ന് കൂടെ അച്ഛനോട് ചേര്‍ന്നിരുന്നു.  

"ഇയ്യ് ന്റെ കുട്ട്യോളെ പഠിപ്പിക്കണ്ട ഡീ... അവന്‍ എന്റെ മോനാ..നീ നോക്കിക്കോ ഇനി എന്റെ മക്കള് ഒരു വെലസു വെലസും." പാതി കുഴഞ്ഞതെങ്കിലും വാക്കുകള്‍ ഉറച്ചു തന്നെ പറയുന്നുണ്ടാരുന്നു വാസു.  

"ഓ പിന്നെ വെലസും... ഒരു നേരം കഞ്ഞി കുടിക്കാന്‍ പെടണ പാട് കണ്ടാലറിയാം വെലസും ന്നു.." ശാന്ത കൊള്ളിച്ചു പറഞ്ഞു..  

"അച്ഛന്റെ മക്കളിങ്ങു വാടാ.." മക്കളെ രണ്ടു കൈ കൊണ്ടും അരികില്‍ ചേര്‍ത്ത് പിടിച്ചിരുത്തി അയാള്‍ പറഞ്ഞു തുടങ്ങി... 
"അച്ഛന്റെ മക്കള്‍ക്ക്‌ എന്തൊക്കെയാടാ  അച്ഛന്‍ വാങ്ങി തരണ്ടേ..? മക്കള് പറ.." ..

"അച്ഛാ അച്ഛാ തിങ്കലായ്ച്ച ഇസ്ക്കൊളിലേക്ക് ഫീസ് കൊടുക്കാതെ കയറ്റില്ലെന്ന് പറഞ്ഞു ടീച്ചറ്.. " സൂരജ് അവന്റെ പ്രഥമ ആവശ്യം പറഞ്ഞു.  
"ആഹാ ഏതു ടീച്ചറാ ഡാ  ന്റെ പൊന്നുനോട് അങ്ങനെ പറഞ്ഞെ..? "

"എഡ് ടീച്ചറാ അച്ഛാ കണ്ണട വെച്ച വാസന്തി ടീച്ചറ്.." സൂരജ് പറഞ്ഞൊപ്പിച്ചു.  

"നാളെ മക്കള്‍ക്ക്‌ ഫീസ്‌ ഈ അച്ഛന്‍ തരുമെടാ..."  

"ഉം...ഉം... തരും തരും...കള്ളിന്റെ പൊറത്തുള്ള  ഉറപ്പല്ലേ "
ശാന്ത  കൌണ്ടെര്‍  ഡയലോഗ്സ് മുറയ്ക്ക് പറയുന്നുണ്ട്...  

"അച്ഛാ ഈ അമ്മയെ നമ്മക്ക് വേണ്ട ഈ അമ്മക്ക് പുളിക്കൂട്ടാന്‍ മാത്രേ ഉണ്ടാക്കാന്‍ അറിയൂ.." 
ചോറ് കഴിക്കാതെ തട്ടി മാറ്റിക്കൊണ്ട് സൂര്യക്കുട്ടി ചിണുങ്ങി... 

"പെണ്ണെ കിണ്‌ങ്ങാതെ വല്ലോം വാരിത്തിന്നു കെടക്കാന്‍ നോക്കെടീ.." ശാന്തയുടെ വെരട്ടല്‍ ഏറ്റില്ല എന്ന് മാത്രല്ല.. മുളംതണ്ട് ചീന്തും പോലെ കുഞ്ഞ്‌ കാറിത്തുടങ്ങി.. കുഞ്ഞി കണ്ണുകളില്‍ നിന്നും  മഴപ്പെയ്ത്ത്  പോലെ വെള്ളം ചാടിത്തുടങ്ങി. വാസു അവളെ വാരിയെടുത്ത്‌ മടിയിലിരുത്തി.  

"മോള് നോക്കിക്കോ ഈ അമ്മയെ നമുക്ക് കളയണം... അച്ഛന് നിറയെ കാശു കിട്ടട്ടെ നമുക്ക് എന്നും പായസോം, പപ്പടോം ഒക്കെ ഉണ്ടാക്കാം ട്ടോ.." വിതുമ്പുന്നതിനിടയിലൂടെ  കുഞ്ഞുരുളകള്‍ നുണഞ്ഞു ഇറക്കി കൊണ്ട് സൂര്യക്കുട്ടി തലയാട്ടുന്നുണ്ടാരുന്നു...
           
 "അല്ല എന്താ വിചാരം..? മക്കള്‍ക്ക്‌ നല്ല ഒരു ഉടുപ്പ് പോലും ഇല്ല. കാവിലെ ഉത്സവത്തിന്‌ പോകണം...പോരാത്തേന്  വിഷു ആയില്ലേ എന്തെങ്കിലും വേണ്ടേ..? അപ്പുറത്തെയും   ഇപ്പുറത്തെയും വീട്ടിലെ കുട്ട്യോളൊക്കെ ഇപ്പോഴേ ആഘോഷം തുടങ്ങി... " 

ഒന്നും മിണ്ടാതെ കിടക്കുകയായിരുന്ന വാസു ഒന്ന് തിരിഞ്ഞു കിടന്നു.  

"നീ പേടിക്കണ്ട ഡീ ഇത്തവണ എനിക്ക് നല്ല ഉറപ്പാ.. എല്ലാം നമ്മള്‍ വിചാരിച്ച പോലെ നടക്കും... ഈ വീടിന്റെ മേല്‍ക്കൂര ഒന്ന് പൊളിച്ചു മേയണം... ഹെയ്  എന്തിനാ അങ്ങനെ ആക്കുന്നെ... നമുക്ക് അങ്ങ് വാര്‍ത്തു കളയാം.പിന്നെ വര്‍ഷാവര്‍ഷം മേയുക എന്ന തലവേദന ഇല്ലാലോ... "
അയാളുടെ മുഖത്തേക്ക് അത്ഭുതത്തോടെ   നോക്കി കിടക്കുകയായിരുന്ന ശാന്തയോട്  അയാള്‍ തുടര്‍ന്നു.. 
"നിന്റെ കഴുത്തിലെ ഈ കറുത്ത ചരട് ആദ്യം ഒന്ന് മാറ്റണം. നിനക്കും വേണ്ടെടീ അപ്പുറത്തെ സരസൂന്റെ പോലെ ഒരു താലിമാല നീ പണ്ട് പറഞ്ഞിരുന്നതല്ലേ...? "

"ഒന്ന് പോ മനുഷ്യാ... പാതിരായ്ക്ക് പിച്ചും പേയും പറയാ..? " ശാന്ത കെറുവിച്ചു തിരിഞ്ഞു കിടന്നു.. 

"കുഞ്ഞുട്ട്യെ.." സ്നേഹം കൂടുമ്പോള്‍ വാസു വിളിക്കാറുള്ള വിളി... ശാന്തയ്ക്ക് മനസ് കുളിര്‍ത്തു.  സന്തോഷിക്കാനുള്ള എന്തോ വക ഉണ്ട് അല്ലാതെ മൂപ്പരിങ്ങനെ വിളിക്കേം, പറയേം ഇല്ല. 

"എടി ശാന്തേ... നീ നോക്കിക്കോ ഈ വാസു കുടുംബത്തിനു വേണ്ടി ഒന്നും ചെയ്യണില്ലാന്നു  പരാതി അല്ലെ നിന്റെ ആങ്ങളക്ക്...? എടി എടി..എന്റെ മക്കളുടെ ഭാവി ഓര്‍ത്തിട്ടാടീ..  നിന്റേം നമ്മുടെ മക്കളുടെം നല്ലതിനാടീ ഞാന്‍....." 
പറഞ്ഞത് മുഴുവനാക്കാതെ അയാള്‍ ഉറങ്ങിപ്പോയി... ഒരു കുഞ്ഞിനെ പോലെ ചെരിഞ്ഞു കിടന്നുറങ്ങുന്ന അയാളെ പുതപ്പിച്ചിട്ടു ശാന്ത വിളക്കണച്ചു.. 

 കാലത്തെ എണീറ്റ്‌ പല്ല് തേച്ചു കൊണ്ടിരിക്കുന്ന വാസുവിന്റെ അടുത്ത് ചെന്ന് ശാന്ത ശബ്ദം താഴ്ത്തി പറഞ്ഞു. 
"അതേയ് .. മിനിയാന്ന് ബാബു വന്നപ്പോ തന്നതാ ഒരു 100 രൂപ ഉണ്ട് എന്റേല്‍. വെക്കാന്‍ ഒരു മണി അരി ഇല്ല. ഇന്നത്തേക്ക് എങ്ങനെ എങ്കിലും കഴിച്ചു കൂട്ടാം. നാളെ കുട്ട്യോള്‍ക്ക് സ്കൂളില്‍ പോകണ്ടേ..? കൊണ്ടോവാന്‍ ഒന്നും ഇല്ല.മോന് ഫീസും കൊടുക്കണം. അരി വാങ്ങിയിട്ട് ബാക്കി ഫീസ് കൊടുക്കാല്ലോ.." 

അളിയന്റെ സഹായം വാങ്ങിയതില്‍ അവളെ തറപ്പിച്ചൊന്നു നോക്കി എങ്കിലും കാശുവാങ്ങി പോക്കറ്റിലിട്ടു പണി ആയുധങ്ങളുമായി വാസു ഇറങ്ങി. 

"അച്ഛാ മുട്ടായി..." ആര്യ പടിക്കല്‍ വരെ ചിനുങ്ങിക്കൊണ്ട് അനുഗമിച്ചു. 

ചായക്കടയില്‍ പത്രം നോക്കി കൊണ്ടിരിക്കുന്ന ദേവസിയുടെ കയ്യില്‍ നിന്നും തട്ടിപ്പറിച്ചാണ് വാസു അന്നത്തെ ഭാഗ്യക്കുറിയുടെ കോളത്തിലൂടെ കണ്ണോടിച്ചത്. 

"എന്താടാ വാസു അടിച്ചോ..?" പേപ്പര്‍ തിരിച്ചു കൊടുക്കുമ്പോള്‍ ദേവസി കളിയായി ചോദിച്ചു.  

"എന്റെ മാവും പൂക്കും അച്ചായാ... " പറഞ്ഞു കൊണ്ട് വാസു ഇറങ്ങി നടന്നു.. 
                                            *                 *                 *
അരി വാങ്ങി നേരത്തെ വീടെത്തണം. വാസു കാലുകള്‍ വലിച്ചു വെച്ച് നടന്നു. കള്ളുഷാപ്പിന്റെ അരികിലൂടെ നടന്നപ്പോള്‍ അറിയാതെ കാലുകള്‍ക്ക് ഭാരം വെച്ച പോലെ... മുന്നോട്ടു നടന്നെങ്കിലും ഏതോ ഉള്‍വിളി കൊണ്ടെന്ന പോലെ വാസു നേരെ ഷാപ്പിനകത്തേക്ക്...  

"ആ വന്നല്ലോ ഭാഗ്യവാന്‍ " ബെഞ്ചിന്റെ അറ്റത്തു ചാരിയിരുന്നു മോന്തുന്ന കേളു വളിച്ച ചിരി ചിരിച്ചു വാസുവിനെ സ്വാഗതം ചെയ്തു. 

"അല്ലെങ്കിലും നമ്മക്കൊക്കെ എങ്ങനെ ഭാഗ്യം വരാനാ അളിയാ.. എല്ലാം മായയല്ലേ...? " രാവിലത്തെ ഭാഗ്യക്കുറിയുടെ ഫലം ഉണ്ടാക്കിയ നിരാശ വാസൂനെ കൊണ്ട് കൂടുതല്‍ കുടിപ്പിച്ചു.  പതിവിലും വിപരീതമായി കിട്ടിയ കൂലിക്ക് മുഴുവന്‍ കുടിച്ചു. ചാഞ്ചാടിക്കൊണ്ട് കേശവേട്ടന്റെ പല ചരക്കുകടയിലേക്ക്. 
                    
"എന്താ വാസ്വേട്ടാ ഇപ്രാവശ്യത്തെ വിഷു ബമ്പര്‍ വേണ്ടേ..? " ട്യൂബ് ലെയിറ്റു പോലെ ചിരിച്ചുകൊണ്ട് രാജു. 

"ഓ എന്തോന്ന് വിഷു ബമ്പര്‍.. കുറെ കാലായില്ലെടാ എനിക്ക് ഫാഗ്യം ഇല്ല.." മുന്നോട്ടാഞ്ഞു കടയുടെ മുന്നിലെ മേശയില്‍ പിടിച്ചു നിന്ന് വാസു പറഞ്ഞു. 

"ഇങ്ങളെ പോലെ ഉള്ളവരൊക്കെ ഇങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ വാസ്വേട്ടാ.. ഇങ്ങള്‍ക്ക്‌ നല്ലൊരു വീട് വെക്കണ്ടേ..? ഇങ്ങളെ കുട്ട്യോളെ വല്യ നെലേല്‍ പഠിപ്പിക്കണ്ടേ..? " 

അതില്‍ വാസു വീണു... അവന്‍ തന്റെ മക്കളെ കുറിച്ച ഓര്‍ത്തു. ഇന്ന് തീപുകഞ്ഞിട്ടുണ്ടാവില്ല തന്റെ വീട്ടില്‍. വിശന്നു തളര്‍ന്നു ഉറങ്ങീട്ടുണ്ടാവും കുട്ടികള്‍.. തന്നെ കാത്തു ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ കാത്തിരിക്കുന്നുണ്ടാവും ശാന്ത. അവളൊരു പാവാ... കെട്ടി കൊണ്ട് വന്ന അന്ന് മുതല്‍ കഷ്ട്ടപ്പെടാന്‍ തുടങ്ങിയതാ. പിന്നെ തന്റെ ഒടുക്കത്തെ കുടിയും... കുടി തുടങ്ങിയത് മനപൂര്‍വം അല്ല. ഒരു ഓപ്പറേഷന്‍ നടത്തി ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ തന്നെ കൊണ്ട് കഴിയില്ല എന്ന് മനസിലാക്കിയപ്പോഴാണ് കുടിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു വിട്ടത്. ഒരുമിച്ച് ഒരു അന്‍പതിനായിരം രൂപ എവിടന്നുണ്ടാവാന്‍...  

"ഇങ്ങളെന്താണ്  ആലോചിക്കുന്നെ..? " രാജുവിന്റെ ചോദ്യം വാസുവിനെ ഉണര്‍ത്തി. വാസു പോക്കറ്റില്‍ പരതി. രാവിലെ ശാന്ത ഏല്‍പ്പിച്ച 100 രൂപ.അപ്പോള്‍ അരി വാങ്ങിക്കാന്‍...? വാസു ഒന്ന് ശങ്കിച്ചു... ഹെയ്..ഒരു ദിവസത്തെ കാര്യമല്ല എനിക്കെന്റെ മക്കളുടെ ഭാവിയാണ് പ്രധാനം... ഒന്നും മിണ്ടാതെ ആ രൂപ രാജുവിന്റെ കയ്യിലെക്കിട്ടുകൊടുത്ത്‌ വിഷു ബമ്പര്‍ ടിക്കറ്റുമായി  അയാള്‍ മടങ്ങി. 

       ഇല്ല ഈ പ്രാവശ്യം എനിക്ക് തെറ്റില്ല. ഒന്നാം സമ്മാനം എനിക്ക് തന്നെ. അത് കൊണ്ടൊരു വീട് വെക്കണം ആദ്യം. പിന്നെ ന്റെ മക്കളുടെ പേരില്‍ കുറച്ചു കാശു ബാങ്കില്‍ ഇടണം. ശാന്തക്കൊരു പട്ടു സാരി വാങ്ങിക്കൊടുക്കണം. കല്യാണത്തിനു ശേഷം നിറമുള്ള ഒരു തുണി ഉടുത്തു അവളെ താന്‍ കണ്ടിട്ടില്ല. കാതിലും കഴുത്തിലും നിറയെ പൊന്നിട്ട് അവളെ കൊണ്ട് അവളുടെ വീട്ടിലേക്കൊരു പോക്ക് പോകണം. തന്നെ ഇന്ന് പരിഹസിക്കുന്ന അളിയന്റെയും, അമ്മായിയച്ചന്റെയും മുന്‍പില്‍ തലയുയര്‍ത്തി ഒന്ന് നില്‍ക്കണം...

സ്വപ്നങ്ങളില്‍ അയാള്‍ പണിത സ്വര്‍ഗത്തിനെ കണ്ടു ദൈവം പോലും നാണിച്ചിരിക്കും..ഇടറുന്ന പാദങ്ങളില്‍ വേച്ചു വേച്ചു കൊണ്ടാണെങ്കിലും അയാള്‍ നടന്നു തല ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് തന്നെ... 

(ഈ കഥ അഷ്ട്ടിക്കു വകയില്ലാത്ത സമയത്ത് പോലും ലോട്ടറി ടിക്കറ്റ്‌ എന്ന ഭ്രമത്തില്‍ കുടുങ്ങി കുടുംബത്തെ പട്ടിണിയാക്കുന്ന (ഹത)ഭാഗ്യവാന്മാര്‍ക്ക് വേണ്ടി...ഭാഗ്യദേവത കടാക്ഷിക്കുന്ന  നാളെകളെ സ്വപ്നം കണ്ട് ജീവിക്കാന്‍ മറന്നുപോയ ഇന്നുകളെ ഓര്‍ക്കുക പോലും ചെയ്യാത്ത നിര്‍ഗുണപരബ്രഹ്മങ്ങള്‍ക്ക് വേണ്ടി...)

Saturday, May 14, 2011

കരിംപൂരാടം


ഇന്നെന്റെ കൂട്ട്; നിലാവിനെ ചുട്ടെരിക്കുന്നവര്‍-
നീലഭസ്മം നിലാവിന്റെ ചിതയില്‍ പരതുന്നവര്‍-
നേര്‍ത്ത മഞ്ഞിന്റെ വലയത്തിനുള്ളില്‍-
നിലാവൊളിപ്പിച്ച  ഹൃത്തിനെ തിരയുന്നവര്‍..
ഒരിക്കല്‍ പോലും ചുവന്ന രക്തമിറ്റുന്ന-
എന്റെ ഹൃദയത്തെ കാണാന്‍ ശ്രമിക്കാത്തവര്‍..
എന്റെ കൈകളിലേക്ക്  ഭാരം ഇറക്കി വച്ച്-
ജീവിതമെന്ന ഗേഹം വിട്ടൊഴിഞ്ഞു പോയവര്‍.. 
ആനന്ദലബ്ധിക്കായ് പോയവര്‍ക്കെല്ലാം-
പരിഹസിക്കാനോ പലതും പറഞ്ഞു ചിരിക്കാനോ ഞാന്‍..? 

ഞാന്‍ എന്ന വാക്കിന്റെ അര്‍ത്ഥവും-
ഞാന്‍ എന്ന വാക്കിന്റെ നിലനില്‍പ്പും-
നിലാവുപോലെ ആകുന്നു..
നാള്‍ക്കുനാള്‍ ക്ഷയിച് അമാവാസിയിലേക്കുള്ള യാത്രപോല്‍. 
പൂരാടം നാള്‍ കറുത്ത പക്ഷത്തില്‍ ജനിച്ചവള്‍ക്ക്-
ജീവിതം ബാക്കി വെക്കുന്നതും കറുപ്പ്.
എന്റെ രക്തത്തിനും കൊഴുത്ത കറുപ്പാണ് നിറം.
മണമോ മടുപ്പിന്റെ ഗന്ധകപ്പുകയുടേതും 
എന്റെ കണ്ണുകള്‍ അഗ്നിയിലെരിഞ്ഞ ശിശുക്കളെ പോലെ-
നിര്‍ജീവവും കരുണയാചിക്കുന്നതും.

ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെടുന്നതെന്റെ ആനന്ദം-
തൊണ്ടക്കുള്ളില്‍ കുരുക്കിയിട്ട കരച്ചിലിനെ തോല്‍പ്പിച്ചു-
ചിരിച്ചു ചിരിച്ചു കണ്ണ് നിറക്കുന്നതെന്റെ വിജയം-
പക്ഷെ എന്നിട്ടും എന്നിട്ടും ഞാന്‍ തോറ്റു കൊണ്ടിരിക്കുന്നു.
ഒരു രാവു പുലരുമ്പോള്‍  അസ്തമിക്കണം എന്നതോര്‍ക്കാത്ത-
വെറുമൊരു നിലാവിന്റെ ചീളായിപ്പോയി ഞാന്‍-
അമാവാസിയിലേക്ക് നടന്നു മറയുന്ന-
കറുത്ത പാദങ്ങളും കറുത്ത രാവുകളും സ്വന്തമായുള്ള-
ജന്മം കരഞ്ഞു തീര്‍ക്കാന്‍ ജാതകം വിധിച്ച 
കരിംപൂരാടത്തില്‍ പിറന്ന  സന്തതി.

Friday, April 22, 2011

മറക്കാതിരിക്കുക...


ജീവിതത്തില്‍ നിന്നും ഓരോ ഇതളുകള്‍ ആയി 
അടര്‍ത്തി കളയാന്‍ തോന്നുന്നു... 
ഓരോ തിരിയും കെടുത്തിക്കൊണ്ട് -
ഇരുട്ടിലെക്കൊളിക്കാന്‍ തോന്നുന്നു... 
നിന്നെ എനിക്കേറെ പ്രിയമെന്നതിനാല്‍-
നിന്നെ ഓര്‍ക്കുമ്പോള്‍ മാത്രം കണ്‍ കലങ്ങുന്നു.

അര്‍ത്ഥമില്ലായ്മക്ക് നിറം പിടിപ്പിക്കാന്‍ -
ഞാന്‍ വൃഥാ ശ്രമിച്ചതാണെന്‍  ജീവിതം..
പലപ്പോഴും നീ എന്റെ ഉള്ളു കാണുന്നു-
എന്റെ ഹൃദയത്തിന്റെ ഉരുക്കങ്ങളില്‍-

ജയാ, എന്റെ കൂട്ടുകാരീ...
ഏതിരുട്ടിലും നിന്റെ സ്നേഹം ഞാന്‍ അറിയുന്നു..
നീ എന്റെ പുണ്യമാണ്...
നന്ദി... ഒരായിരം നന്ദി... 
മറക്കാതിരിക്കുക...  

ഓര്‍മ്മിക്കുവാന്‍ ഒന്നും ഇല്ലാതിരിക്കിലും-
നിന്റെ ഓര്‍മ്മകളില്‍ ഞാനുമുണ്ടാകുമെന്നു-
വൃഥാ എങ്കിലും നീ എന്റെ കുഴിമാടത്തിനരികില്‍-
രണ്ടിറ്റു  കണ്ണുനീരായി നിന്റെ പ്രിയമോതുക.

എന്റെ ബാല്യത്തില്‍ എനിക്ക്  നഷ്ടമായതോ-
പൂര്‍വ ജന്മത്തില്‍ എന്റെ കൂടെ നിന്നതോ-
എനിക്കെന്തെല്ലാമോ ആണ് നീ...
വെറും വാക്കല്ലാത്ത എന്റെ മനസ്സാണിത്.. 
നിന്റെ സൌഹൃദം ഞാന്‍ ആഗ്രഹിക്കുന്നു..
വരും ജന്മങ്ങളിലും...  

Wednesday, April 20, 2011

പുണ്യത്തിന്റെ വഴിയിലൂടെ...




പാലക്കാട്‌  : മക്കളെ പരിചരിച്ചു കുടുംബം നടത്തേണ്ട പ്രായത്തില്‍ രോഗക്കിടക്കയെ ആശ്രയിക്കേണ്ട ദുര്‍ വിധിയാണ് നിര്‍മ്മലയ്ക്ക്.  

            29 വയസ്സുള്ള ഈ യുവതി ഒരു വര്‍ഷമായി വൃക്കാരോഗത്തിന്റെ ദുരിതങ്ങളില്‍ ജീവിതം തള്ളി നീക്കുകയാണ്. രണ്ടു വൃക്കയും തകരാറിലായി ജീവന്‍ നില നിര്‍ത്താന്‍ ഡയാലിസിസിനെ   ആശ്രയിക്കുന്ന നിര്‍മ്മലയുടെ സങ്കടങ്ങള്‍ക്ക് സാക്ഷി ഭര്‍ത്താവ് മുരളിയും ആരും നാലും വയസ്സുള്ള കുഞ്ഞുമക്കളും ആണ്. 
          കുഴല്‍മന്ദത്തു കുളപ്പെട്ടി ആലടിക്കാട് താമസിക്കുന്ന ഇവര്‍ നിത്യ ചെലവിനു പോലും ക്ലേശിക്കുകയാണ്. കൂലിപ്പണി ചെയ്തു മുരളി കൊണ്ടുവരുന്ന വരുമാനമാണ് കുടുംബത്തിനു ആശ്രയം. അതിനിടെയാണ് നിര്‍മ്മല രോഗബാധിതയായത്. 
                     മാസത്തില്‍ എട്ടു ഡയാലിസിസ് ചെയ്താണ് നിര്‍മ്മല രോഗത്തിനെതിരെ പിടിച്ചു നില്‍ക്കുന്നത്. 12000 രൂപയോളം ചികിത്സക്ക് പ്രതിമാസ ചെലവു വരും. വൃക്ക മാറ്റി വെച്ചാല്‍ നിര്‍മ്മലയുടെ ജീവന്‍ രക്ഷിക്കാന്‍ ആവും എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വൃക്ക ദാനം ചെയ്യാന്‍ നിര്‍മ്മലയുടെ സഹോദരന്‍ തയ്യാറുമാണ്. എന്നാല്‍ ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കും വേണ്ടത് നാലര ലക്ഷം രൂപയാണ്. ഇത് മുരളി വിചാരിച്ചാല്‍ സ്വരൂപിക്കാവുന്ന തുകയല്ല. 
                     കുടുംബത്തിന്റെ ദൈന്യാവസ്ഥ കണ്ടു നാട്ടുകാര്‍ മുന്‍കയ്യെടുത്ത് ചികിത്സാ സഹായ നിധി രൂപവത്കരിച്ചു. കുഴല്‍മന്ദം സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍  S .B  അക്കൌണ്ട് തുറന്നിട്ടുണ്ട്. 
നമ്പര്‍ : 4077 .

നിര്‍മ്മലയുടെ ഭര്‍ത്താവ് മുരളിയുടെ ഫോണ്‍ നമ്പര്‍ : 9747027167


(മാതൃഭൂമി ദിനപത്രം 2011 ഏപ്രില്‍ 17 , ഞായര്‍ ആഴ്ച, നാട്ടു വര്‍ത്തമാനം പേജ് , പാലക്കാട് എഡിഷന്‍. )


ഇത് മാതൃ ഭൂമി ദിന പത്രത്തില്‍ വന്ന വാര്‍ത്തയാണ്. 


ഈ ന്യൂസ്‌ ഞാന്‍ വിശദമായി  അന്വേഷിച്ചു. 


ഇപ്പോള്‍ പാലക്കാട്‌ തങ്കം ഹോസ്പിറ്റലില്‍ ,  ഡോക്ടര്‍ മോഹന്‍കുമാര്‍ ന്റെ പരിചരണത്തിലാണ്നിര്‍മ്മല . 



കുഴല്‍മന്ദം കുളപ്പെട്ടി എന്ന സ്ഥലത്ത് ആലടിക്കാട്  വീട്ടില്‍ ആണ്  നിര്‍മ്മലയും , ഭര്‍ത്താവ് മുരളിയും, കുട്ടികളും സ്ഥിര താമസം. 
ഇപ്പോള്‍ ചികിത്സാ ആവശ്യങ്ങള്‍ക്ക് വേണ്ടി കിനാശ്ശേരി തണ്ണീര്‍പ്പന്തലില്‍ ഉള്ള ഭാര്യ വീട്ടില്‍ ആണ് താമസം. 


അവര്‍ കാണിച്ച ഇത്രയും details  സത്യമാണ്. ഞാന്‍ ഹോസ്പിറ്റലിലും വിളിച്ചു കണ്ഫേം ചെയ്തതാണ് .
ഞാന്‍ വിളിച്ചപ്പോള്‍ അവര്‍ ഇന്ന് ഡയാലിസിസ് കഴിഞ്ഞു ഇറങ്ങുകയായിരുന്നു ഹോസ്പിറ്റലില്‍ നിന്നും ഹോസ്പിറ്റലില്‍ അന്വേഷിച്ചു അവിടെ നിന്നും അതെ വിവരം തന്നെ ആണ് തന്നത് .

പാലക്കാട്ടെ വിദഗ്ധ ചികിത്സ സൗകര്യം ഉള്ള ഹോസ്പിറ്റലില്‍ ഒന്നാണ് തങ്കം ഹോസ്പിറ്റല്‍(http://thangampmrc.com/index.html).
(ഹോസ്പിറ്റല്‍ നമ്പര്‍ ഇതാണ് :  04912515717 നിങ്ങള്‍ക്ക് വേണമെങ്കില്‍ ഹോസ്പിറ്റലില്‍ വിളിച്ച്  
ഡയാലിസിസ് വിഭാഗവുമായി ബന്ധപ്പെട്ടാല്‍ ഈ രോഗി അവിടെ ചികിത്സയില്‍ ആണോ എന്ന് കണ്ഫേം ചെയ്യാന്‍ സാധിക്കും.
മാസത്തില്‍ 2 ഡയാലിസിസ് വീതം അവിടെയാണ് ചെയ്യുന്നത് ഇപ്പോള്‍. )

നമ്മെ കൊണ്ട് കഴിയുന്ന സഹായം ഈ കുടുംബത്തിനു ചെയ്യാന്‍ കഴിഞ്ഞാല്‍ അത് ഒരു നന്മ ആയിരിക്കും എന്നാണു എന്റെ തോന്നല്‍... 
ഞാന്‍ അധികം വൈകാതെ തന്നെ അവരെ കാണുകയും കൂടുതല്‍ വിവരങ്ങളും, ഫോട്ടോയും നിങ്ങള്‍ക്ക് എത്തിക്കുകയും ചെയ്യുന്നതാണ്... 
സ്നേഹപൂര്‍വ്വം...
സ്വന്തം...
നിച്ചു... 



ഇന്ന് (29 /05 /2011 ) എനിക്കേറെ സന്തോഷവും, അഭിമാനവും തോന്നിയ ദിവസമാണ്. ഈ കുടുംബത്തിന് ഞാന്‍ കൂടെ അംഗമായ സ്നേഹ സാന്ത്വനം എന്ന ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിലെ സുഹൃത്തുക്കള്‍ അവരുടെ കൂട്ടായ ശ്രമം കൊണ്ട് സ്വരൂപിച്ച 20000 രൂപ ഇന്ന് കൊണ്ട് പോയി കൊടുത്തു. പാലക്കാട്‌ തണ്ണീര്‍ പന്തലില്‍ ഉള്ള നിര്‍മ്മല ചേച്ചിയുടെ തറവാട്ടു വീട്ടിലാണ് അവരിപ്പോള്‍. എന്തായാലും എന്നെ പോലെ ചിന്തിക്കുന്ന കുറച്ചു നല്ല മനസുകള്‍ എന്റെ കൂടെ ഉണ്ട് എന്നതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. സൌഹൃദവും, സന്തോഷവും എല്ലാം ഉള്ളതിന്റെ കൂടെ അല്‍പ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടെ ചെയ്യുന്നു എന്നതിനാല്‍ ആ സൈറ്റിന്റെ ഭാരവാഹികള്‍ക്കും ഈ കുടുംബത്തിനെ സഹായിക്കാന്‍ സന്മനസ്സു കാണിച്ച എല്ലാവര്‍ക്കും എത്ര നന്ദി പറഞ്ഞാലും തീരില്ല...  നല്ല കാര്യങ്ങള്‍ ആണ്  മാതൃകയാക്കേണ്ടത്. മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഇത്തരം കാര്യങ്ങളില്‍ കൂടി ശ്രദ്ധിച്ചെങ്കില്‍  നന്നായിരുന്നു.



Wednesday, April 13, 2011

നീലിമയുടെ വിഷുക്കണി..

    കണ്ണുകള്‍ ഇറുക്കിയടച്ചു തുടരെത്തുടരെ വെട്ടി വിറച്ചു കൊണ്ടിരുന്നു നീലിമ. കഴുത്തിലെ ഞെരമ്പുകള്‍ വലിഞ്ഞു മുറുകി അവള്‍ ശ്വാസമെടുക്കാന്‍ നന്നേ വിഷമിക്കുന്നുണ്ടായിരുന്നു. കയ്യിലിരുന്ന പൊതിക്കെട്ടു ബെഡ്ഡിലേക്കിട്ടു  അവളെ കോരിയെടുത്ത് നന്ദന്‍ കോണിപ്പടികള്‍ ഓടിയിറങ്ങി. 

"എന്തു പറ്റി മോനെ..? " ദാക്ഷായണി അമ്മയുടെ ചോദ്യത്തിനു മറുപടി പറയാതെ നന്ദന്‍ നീലിമയെ കാറില്‍ കയറ്റി ഓടിച്ചു പോയി. വെല്‍ കെയര്‍ ഹോസ്പിറ്റലിലെ വാര്‍ഡില്‍ ഇളം നീല വിരിപ്പിട്ട ബെഡ്ഡില്‍ നീലിമ വാടിയ താമരത്തണ്ട് പോലെ വിളര്‍ത്തു വാടി കിടന്നു. 

  "എന്തു പറ്റി നന്ദാ..എങ്ങോട്ടാ നീ പോയത് ഒന്നും പറയാതെ..?" ഫോണിന്റെ അങ്ങേ തലക്കല്‍ ദാക്ഷായണിഅമ്മ കരയുകയായിരുന്നു. "ഒന്നുമില്ല നീലിമയ്ക്ക് ഒരു തലകറക്കം പോലെ..ഞങ്ങള്‍ ഹോസ്പിറ്റലില്‍ ഉണ്ട് ഉടനെ വരാം.." നന്ദന്‍ ഫോണ്‍ കട്ട് ചെയ്തിട്ട് ഡോക്ടറുടെ കാബിനിലേക്ക്‌ കയറിച്ചെന്നു. ഡ്യൂട്ടി ഡോക്ടര്‍ വിശ്വനാഥന്‍ നന്ദന്റെ അടുത്ത സുഹൃത്ത്‌ കൂടി ആണ്. 

"ഇരിക്ക് നന്ദന്‍..  നീലിമക്ക് ഇതാദ്യമാണോ ഇങ്ങനെ ഒരു മാറ്റം..? മുപേ എപ്പോഴെങ്കിലും ഇങ്ങനെ എന്തെങ്കിലും...?" 
"ഹേയ്... ഇല്ല ഡോക്ടര്‍.. ആദ്യമായിട്ടാ അവള്‍ വല്ലാതെ എന്തൊക്കെയോ കാണിച്ചു കൂട്ടി... അപസ്മാരം ബാധിച്ചവളെ പോലെ..."

"നന്ദന്‍.. നീലിമയ്ക്ക് അപസ്മാരത്തിന്റെ ഒരു ലക്ഷണങ്ങളും ഇല്ല.. ഇത് മറ്റെന്തോ ആണ്... നിങ്ങള്‍ തമ്മില്‍ വഴക്കോ മറ്റോ ഉണ്ടായോ...? ഐ മീന്‍ ചെറിയ സൌന്ദര്യപ്പിണക്കങ്ങള്‍   എന്തെങ്കിലും.... "

"ഇല്ല ഡോക്ടര്‍... വിവാഹം കഴിഞ്ഞു ആറുമാസം കഴിയുന്നെ ഉള്ളൂ.. ആദ്യത്തെ വിഷുവാണ് ഞങ്ങള്‍  അതിന്റെ ഒരുക്കങ്ങളില്‍ ആയിരുന്നു... അവള്‍ സന്തോഷവതിയും ആയിരുന്നു.. "

"പിന്നെ ഇപ്പോള്‍...." ഡോക്ടര്‍ ചിന്താധീനനായി.. " നീലിമക്ക് ചെറിയ ഒരു ഷോക്ക്‌ കൊണ്ടുണ്ടായ മെന്റല്‍ ടെന്‍ഷന്‍ മാത്രമേ ഉള്ളൂ...ആ ഒരു കാര്യം ചെയ്യാം നന്ദന്‍ ഡോക്ടര്‍ മാധവനെ ഒന്ന് കാണിച്ചേക്കൂ "

"ശെരി ഡോക്ടര്‍...." നന്ദന്‍ എണീറ്റു. നീലിമ ആലസ്യം വിട്ട് ഉണര്‍ന്നിരുന്നു. നന്ദന്‍ ചെല്ലുമ്പോള്‍ അവള്‍ ജനല്‍ കമ്പിയില്‍ പിടിച്ചു  വെളിയിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു.അവന്‍ കടന്നു ചെല്ലുന്നത് കണ്ടിട്ടാവും അവള്‍ അവന്റെ അടുത്തേക്ക് വന്നു..
"ഇപ്പൊ എങ്ങനെ ഉണ്ട്...?" അവന്‍ അവളുടെ നെറ്റിയില്‍ കൈ വച്ച് നോക്കി..."ഏയ്‌ പനിയൊന്നും  ഇല്ല. ടെന്‍ഷന്‍ കയറിയിട്ടാണെന്നാ  ഡോക്ടര്‍ പറഞ്ഞെ.. എന്താടോ എന്തു പറ്റി..?" 

നന്ദന്‍ പറയുന്നതൊക്കെ അവിശ്വസനീയമായ എന്തോ കേള്‍ക്കുന്ന പോലെ അവള്‍ കേട്ട് നിന്നു... "എന്താ നന്ദേട്ടാ, എനിക്കെന്താ പറ്റിയത്..? "

"ആഹാ...അപ്പോള്‍ തനിക്കൊന്നും ഓര്‍മ്മയില്ലേ..? " നന്ദന്‍ പാതി കളിയായിട്ട് എന്ന പോലെ പറഞ്ഞു. "എന്തൊക്കെയാ കാണിച്ചു കൂട്ടിയെ...വെറുതെ ആളെ പേടിപ്പിച്ചു..." 

നീലിമയുടെ മുഖം വാടി. 

"ഞാന്‍ ചുമ്മാ പറഞ്ഞതാ...താനൊന്നു ചിരിക്കടോ... നാളെ നല്ലൊരു ദിവസായിട്ട് താന്‍ ഇങ്ങനെ മൂഡ്‌ ഓഫ്‌ ആയാലോ..?"നന്ദന്‍ മെല്ലെ അവളുടെ കവിളില്‍ തലോടി. ഒരു മണിക്കൂര്‍ കൊണ്ട് അവള്‍ ഒരുപാട് പരിക്ഷീണയായ പോലെ തോന്നി അവന്.

മാധവന്‍ ഡോക്ടറെ വെയ്റ്റ് ചെയ്യുമ്പോള്‍ നന്ദന്‍ എന്തൊക്കെയോ ആലോചിച്ചു കൂട്ടി. പലതും ചോദിച്ചു കൊണ്ടിരുന്ന നീലിമയ്ക്ക് മൂളലുകളില്‍ ഉത്തരം ഒതുക്കി അവന്‍ തന്റെ ടോക്കണ്‍ നമ്പര്‍ കാത്തു നിന്നു. ടോക്കണ്‍ നമ്പര്‍ 24 നീലിമ നന്ദന്‍. പ്രസന്നമായ മുഖത്തോടു കൂടി നീലിമ കാബിനകത്തേക്ക്  കയറി പുറകെ ചിന്താധീനവും, ആശങ്കാകുലവും ആയ മുഖത്തോടെ നന്ദനും... 

"എന്താ നന്ദന്‍ താന്‍ ഈ നീലിമയെ ടെന്‍ഷന്‍ ആക്കുന്നുണ്ടോ..?" തമാശയിലാണ് ഡോക്ടര്‍ തുടങ്ങിയത്. അന്തരീക്ഷത്തിനു ഒരല്പം അയവ് വരട്ടെ എന്ന് കരുതിക്കാണും. പക്ഷെ നന്ദന്‍ യാതൊരു ഭാവമാറ്റവും ഇല്ലാതെ ഇരുന്നു.അയാളുടെ മനസ്സ് വളരെ കലുഷമാണെന്ന് മുഖം വിളിച്ചു പറയുന്നുണ്ടാരുന്നു 

"എന്താടോ ടെന്‍ഷന്‍ തനിക്കാണെന്ന് തോന്നുന്നല്ലോ കണ്ടിട്ട് ...? താന്‍ ഒന്ന് പുറത്തിരിക്ക് ഞാന്‍ വിളിക്കാം." ഒന്നും പറയാതെ നന്ദന്‍ വെളിയിലേക്ക് ഇറങ്ങി നിന്നു...

"ഹും കണ്ടില്ലേ... ഒരു അസുഖക്കാരി പെണ്ണിനെയാ തലേല്‍ വെച്ച് തന്നിരിക്കുന്നത്. സ്ത്രീധനം ചോദിക്കാഞ്ഞിട്ടും 101 പവന്‍ പൊന്നിട്ടു കൊണ്ട് ആ ഭൂലോക രംഭ വന്നു കേറിയപ്പോഴേ ഇതെനിക്ക് തോന്നിയതാ.." ദാക്ഷായണി അമ്മയുടെ വാത്സല്യം എത്ര പെട്ടെന്നാണ് താപ കോപങ്ങളിലേക്ക് വഴി മാറിയത്. നന്ദന്‍ മൌനമായി തലകുനിച്ചിരുന്നു. 

"വരൂ ഡോക്ടര്‍ വിളിക്കുന്നു.."  നഴ്സ് വന്നു പറഞ്ഞപ്പോഴാണ് നന്ദന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്... കാബിനകത്തെക്ക് കയറുമ്പോള്‍ അവന്റെ കൈകാലുകള്‍ തളരുകയായിരുന്നു. 

നീലിമ ഒന്ന് പുറത്തിരിക്കു ഞാന്‍ നന്ദനോട് ഒന്ന് ചോദിക്കട്ടെ...ഡോക്ടര്‍ ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു.
"നന്ദന്‍..ഞാന്‍ നീലിമയുമായി സംസാരിച്ചു അവള്‍ക്കു യാതൊരു തരത്തിലുള്ള മാനസിക വിഷമങ്ങളും ഇല്ല എന്നാണ് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. പക്ഷെ ഇന്നലെ വൈകുന്നേരം  എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയണം എന്നാലെ ഒരു നിഗമനത്തില്‍ എത്താന്‍ കഴിയു.." 

"ഇന്നലെ ഞങ്ങള്‍ എല്ലാവരും വിഷുക്കണി ഒരുക്കാനുള്ള തയ്യാറെടുപ്പുകളില്‍ ആയിരുന്നു. നീലിമയുടെ വീട്ടില്‍ വര്‍ഷങ്ങളായി കണി ഒരുക്കല്‍ എന്ന ശീലം ഇല്ലായിരുന്നു അത് കൊണ്ട് അവള്‍ക്കു എല്ലാം പുതുമയായിരുന്നു.നല്ല സന്തോഷത്തില്‍ എല്ലാ കാര്യങ്ങളിലും അവള്‍ ഓടി നടന്നു. എല്ലാം ഒരുക്കിയപ്പോഴാണ് കൊന്നപ്പൂ വാങ്ങിയില്ലല്ലോ എന്നോര്‍ത്തത്. അത് മാത്രമായിട്ടു കുറയ്ക്കണ്ടാ   എന്ന് കരുതി. ഞാന്‍ മാര്‍കെറ്റിലേക്ക് പോയി.കൂട്ടുകാരുമായി സംസാരിച്ചൊക്കെ വന്നപ്പോഴേക്കും അമ്മ കിടന്നിരുന്നു.കണി ഒരുക്കിയതിന്റെ കൂടെ വച്ചേക്കു എന്ന് പറഞ്ഞു കൊന്നപ്പൂ നീലിമയുടെ കയ്യില്‍ കൊടുത്തതെ ഉള്ളൂ..പാക്കെറ്റ് തുറന്നതും അവള്‍ വെട്ടി വിറച്ചു വീഴുകയായിരുന്നു.."   നന്ദന്‍ പറഞ്ഞു നിര്‍ത്തി... 

"ഓക്കേ നീലിമയെ വിളിക്കു..." നീലിമ വന്നു ചോദ്യ ഭാവത്തില്‍ ഡോക്ടറെ നോക്കി... 
"നീലിമ എനിക്ക് തന്നോട് കുറച്ചു കാര്യങ്ങള്‍ കൂടി ചോദിക്കാന്‍ ഉണ്ട്.... വരൂ.. "

ശീതീകരിച്ച മുറിക്കുള്ളിലും നന്ദന്‍ വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു. ഹിപ്നോടിക് നിദ്രയില്‍ കിടക്കുന്ന നീലിമയുടെ ചാരെ ഡോക്ടറും നന്ദനും മാത്രം.. 

"നീലിമാ... തനിക്കു കേള്‍ക്കാമോ ഞാന്‍ പറയുന്നത്...?"
"കേള്‍ക്കാം.." പതിഞ്ഞ ശബ്ദത്തില്‍ നീലിമ പ്രതികരിച്ചു തുടങ്ങി.. 

"നീലിമ നമ്മള്‍ ഇപ്പോള്‍ നീലിമയുടെ തറവാട്ടു വീട്ടിലാണ് നീലിമ കോളേജില്‍ പോകുന്നു... പറയു  നീലിമയുടെ ദിവസങ്ങളെ കുറിച്ച് പറയു... "
ഒരു കൌമാരക്കാരിയുടെ പ്രസരിപ്പോടെ തന്റെ ദിനങ്ങളെ അവള്‍ എണ്ണിയെണ്ണിപ്പറഞ്ഞു. 

"നീലിമ ഇപ്പോള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു...പറയു വിഷുവിനു എന്തൊക്കെയായിരുന്നു നീലിമയുടെ വീട്ടില്‍ ഉണ്ടായിരുന്നത്..?" 
സ്കൂളിലെ നുറുങ്ങു തമാശകള്‍ അല്ലാതെ വിഷു എന്നല്ല ഒരു ആഘോഷവും അവരുടെ വീട്ടില്‍ ആഘോഷിച്ചിരുന്നില്ല എന്ന അറിവ് ഡോക്ടറേയും, നന്ദനെയും അമ്പരപ്പിച്ചു... 

"നീലിമയ്ക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പുഷ്പം ഏതാണ്..." 

"വൈറ്റ് റോസ്.. " അവള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഡോക്ടര്‍ ഒരു പിടി കൊന്നപ്പൂക്കള്‍ കയ്യില്‍ വാരി എടുത്തു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു... 

"നോക്കൂ നീലിമാ ഈ കൊന്നപ്പൂവുകള്‍ നിനക്ക് ഇഷ്ട്ടമല്ലേ..? ഭഗവാന്‍ കൃഷ്ണന്റെ പൊന്നരഞ്ഞാണം ആണത്രേ കൊന്നപ്പൂവായി പരിണമിച്ചത്‌... " പറഞ്ഞു നിര്‍ത്തുന്നതിനു മുന്‍പേ അവള്‍ വല്ലാതെ വെട്ടി വിറക്കാന്‍ തുടങ്ങി...മുഖം ഒരു വശത്തേക്ക് കോടി...ഒരു അപസ്മാര രോഗിയെ പോലെ കൈകാലിട്ടടിച്ചു... ശ്വാസം കഴിക്കാന്‍ നന്നേ ബുദ്ധിമുട്ടുന്നെന്നു തോന്നിച്ചു അവളുടെ ചേഷ്ടകള്‍...

അവളെ റിലാക്സ് ചെയ്യിച്ച ശേഷം ഡോക്ടര്‍ നന്ദനോടായി പറഞ്ഞു.  
"നന്ദന്‍ എനിക്ക് നീലിമയുടെ മാതാപിതാക്കളെ ഒന്ന് കണ്ടാല്‍ കൊള്ളാം എന്നുണ്ട്... "

കാബിനില്‍ നിന്നും പുറത്തിറങ്ങിയ നന്ദന്‍ നേരെ തലയുയര്‍ത്തി  നോക്കിയത് രാഘവന്‍ തമ്പിയുടെ മുഖത്തേക്കാണ്. ദാക്ഷായണി അമ്മയുടെ കുത്ത് വാക്കുകളാല്‍ പൊള്ളി നില്‍ക്കുകയായിരുന്നു രാഘവന്‍ തമ്പി എന്ന നീലിമയുടെ അച്ഛന്‍. 
"മോനെ നന്ദാ...എന്താ എന്റെ മോള്‍ക്ക്‌...?" അയാളുടെ ശബ്ദം ഇടറിയിരുന്നു... 
അയാളുടെ മുഖത്ത് നോക്കാതെ നന്ദന്‍ പറഞ്ഞു "ഡോക്ടര്‍ കാണണം എന്ന് പറഞ്ഞിട്ടുണ്ട്....ചെന്നോളൂ " 

" നന്ദനും വരൂ... " ഡോക്ടര്‍ ഇരുവരെയും അകത്തേക്ക് വിളിപ്പിച്ചു.. 
"നീലിമയ്ക്ക് മുന്‍പേ എപ്പോഴെങ്കിലും എന്തെങ്കിലും മാനസിക അസ്വാസ്ഥ്യം ഉണ്ടായതായി ഓര്‍മ്മയുണ്ടോ..?" 
കേട്ടതും രാഘവന്‍ തമ്പി വിതുമ്പിപ്പോയി. "ഇല്ല ഡോക്ടര്‍ എന്റെ മോള്‍ക്ക്‌ ഒരു അസുഖവും ഇല്ല.. "

"ഓക്കേ ഓക്കേ  വിഷമിക്കാതെ ഇരിക്കു... നിങ്ങള്‍ ഒരു ആഘോഷങ്ങളും ആഘോഷിക്കാറില്ല എന്ന് നീലിമയില്‍ നിന്നും ഞാന്‍ അറിഞ്ഞു. അത് എന്താണെന്ന് അറിഞ്ഞാല്‍ കൊള്ളാം..." 

ഒരു അമര്‍ത്തിയ തേങ്ങല്‍ ആയിരുന്നു അതിനുള്ള മറുപടി. 
                                *                    *                     *
  രാഘവന്‍ തമ്പിക്ക് രണ്ടു കുട്ടികള്‍ ആയിരുന്നു.അതും ഇരട്ടകള്‍. ആദ്യ പ്രസവത്തില്‍ തന്നെ  ആശിച്ച പോലെ ഒരാണ്‍ കുഞ്ഞിനേയും , പെണ്‍ കുഞ്ഞിനേയും  ദൈവം കയ്യിലേക്ക് വെച്ചുകൊടുത്തു . സ്വര്‍ഗതുല്യമായ നാളുകള്‍. എപ്പോഴും ഇരു ശരീരവും ഒരു മനസുമായി ഓടിക്കളിക്കുന്ന കുരുന്നുകള്‍. മിനിട്ടുകളുടെ ഇളപ്പം നീലിമയ്ക്കായിരുന്നു. അത് കൊണ്ട് തന്നെ ഏട്ടന്‍  ചമഞ്ഞു അനിയത്തിയുടെ എന്തു ആശയും നിറവേറ്റാന്‍ നീരജ് സദാ സന്നദ്ധനും ആയിരുന്നു. ഇത് പോലെ ഒരു വിഷുക്കാലം. കുട്ടികളെ രണ്ടു പേരെയും ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തിയ വര്‍ഷം.വേനലവധിക്ക് പൊന്‍ തിളക്കം പോലെ വിഷു വന്നെത്തി. 

ഓട്ടടയുടെ മധുരം ഓര്‍മ്മിച്ചും, കൈനീട്ടത്തിനെ കുറിച്ചോര്‍ത്തും തലേന്ന് തന്നെ കുട്ടികളുടെ ആഘോഷം തുടങ്ങിയിരുന്നു.വൈകുന്നേരം അയല്‍വീട്ടിലെ കുട്ടികളുടെ കൂടെ കൊന്നപ്പൂ പറിക്കാന്‍ അവര്‍ പോകും എന്ന് കരുതിയില്ല. ശ്രദ്ധിച്ചില്ല എന്ന് വേണം പറയാന്‍. അനങ്ങന്‍ മലയുടെ താഴ്വാരത്ത് നിന്നും കുറച്ചു മേലെയായി നിറയെ കൊന്നകള്‍ പൂത്തു നില്‍ക്കുന്നുണ്ട്. കുട്ടികളെവിടെ എന്ന് അന്വേഷിച്ചു തുടങ്ങുമ്പോഴാണ് ശങ്കരന്റെ മകന്‍ ഓടിക്കിതച്ച്‌ വന്നത് .

 "നീരജിന്റെ അമ്മേ.. നീരജ് പൂ പറിക്കുമ്പോള്‍ കാലു തെന്നി താഴെ വീണു ഓടിവായോ... "പറഞ്ഞതും അവന്‍ തിരിച്ചോടിക്കഴിഞ്ഞിരുന്നു. ഓടിക്കിതച്ചെത്തിയപ്പോള്‍  വീണു കിടക്കുന്ന സ്വര്‍ണ വര്‍ണമുള്ള പുഷ്പങ്ങള്‍ക്ക് മേലെ ഒരു ചുവന്ന ചിത്ര ശലഭം പോലെ നീരജ് രക്തത്തില്‍ കുളിച്ചു കിടക്കുന്നു... അടുത്ത് തന്നെ നീലിമ ബോധരഹിതയായി വീണു കിടക്കുന്നു.. 

"നീരജിന്റെ അമ്മേ.., ഈ നീലിമ ഈ മരത്തിലെ പൂ തന്നെ വേണം എന്ന് വാശി പിടിച്ചപ്പോഴാ നീരജ് മരത്തില്‍ കയറിയേ.. ഞങ്ങള്‍ പറഞ്ഞിട്ടും കേള്‍ക്കാതെ അവന്‍ കയറുകയായിരുന്നു. ചെറിയ ചില്ലകളില്‍ ഏതിലോ ചവിട്ടിയപ്പോള്‍ അത് അടര്‍ന്നു പോയി... " മുഴുവനും കേള്‍ക്കാന്‍ ആയില്ല രാഘവന്‍ തമ്പിക്കും, ഭാര്യക്കും.നീരജ് അപ്പോഴും ഒരു പിടി കൊന്നപ്പൂക്കള്‍ വലം കയ്യില്‍ ഇറുക്കിപ്പിടിച്ചിരുന്നു.  ആ കുഞ്ഞി കൈകള്‍ വിടുവിച്ചു  ആ കൊന്നപ്പൂക്കള്‍ എടുത്തു മാറ്റുമ്പോള്‍ രാഘവന്‍ തമ്പിയുടെ കണ്ണില്‍ നിന്നും ഒഴുകിയ കണ്ണുനീരിനു രക്തത്തിന്റെ കട്ടിയുണ്ടായിരുന്നു. 

അന്നേക്കു മൂന്നാം നാളിലാണ് നീലിമ ആ നീണ്ട ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്.ഒന്നും അവളെ അറിയിച്ചില്ല. പക്ഷെ കൂടെക്കൂടെ അവന്‍ ഏട്ടനെ കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു. പിന്നെ പിന്നെ അവള്‍ മറന്നു എല്ലാം.  

"അവിടെയാണ് നിങ്ങള്‍ക്ക് തെറ്റിയത് ..." ഡോക്ടര്‍ ശബ്ദമുയര്‍ത്തി.  "പിന്നീടങ്ങോട്ട് നിങ്ങള്‍ ആഘോഷങ്ങള്‍ക്ക് അവധി കൊടുത്തപ്പോള്‍ നീലിമയില്‍ അന്നത്തെ സംഭവത്തിന്റെ ഓര്‍മ്മകള്‍  ഉറങ്ങി കിടക്കുകയാണ് ചെയ്തത്. വര്‍ഷങ്ങള്‍ക്കു ശേഷം നീരജിന്റെ മരണത്തിന്റെ ഓര്‍മ്മ അവളിലേക്ക്‌ മടക്കി കൊണ്ടുവരികയായിരുന്നു ആ കൊന്നപ്പൂ.. ബോധരഹിതയായി അവള്‍ കഴിച്ചു കൂട്ടിയ മൂന്നു നാളുകളിലെ അതെ മനോനിലയിലൂടെയാണ് അവള്‍ കടന്നു പോയത്.. ഇപ്പോള്‍ അവള്‍ നോര്‍മലാണ് പഴയ സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന ഒന്നും അവളുടെ കണ്മുന്നില്‍ വരാത്തിടത്തോളം കാലം അവള്‍ അങ്ങനെ തന്നെ ഇരിക്കും..."ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി. 

"നന്ദാ എന്റെ മോള് പാവമാ.. അവള്‍ക്കു ഒന്നുമില്ല...ഒന്നും ഞങ്ങള്‍ അറിഞ്ഞിട്ടു മറച്ചു വെച്ചതും അല്ല...നീ അവളെ പഴിക്കരുത്.." കരഞ്ഞു പോയ രാഘവന്‍ തമ്പിയുടെ കൈകളില്‍ മുറുകെ പിടിക്കുമ്പോള്‍ നന്ദന്റെ കണ്ണുകള്‍ നിറഞ്ഞു തൂവി തുടങ്ങിയിരുന്നു.നീലിമയെ ചേര്‍ത്ത് പിടിച്ചു കൊണ്ട് ഹോസ്പിറ്റലില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍  നന്ദന്‍ തന്റെ വിഷുക്കാലത്തില്‍ നിന്നും കൊന്നപ്പൂക്കളെ ഇതളുകള്‍ ഒന്നൊഴിയാതെ തല്ലി കൊഴിക്കുകയായിരുന്നു.. 

കൊന്നപ്പൂക്കള്‍ ചിരിക്കാത്ത വിഷുക്കണി  ഓരോ വര്‍ഷത്തിലും നീലിമയ്ക്കായി ഒരുക്കുമ്പോള്‍ നന്ദന്‍ മനസ്സില്‍ ഒരു വിങ്ങലായി കൊഴിഞ്ഞു പോയ ആ കൊന്നപ്പൂവിനെ ചേര്‍ത്തുവച്ചു...അതിനെ നീരജ് എന്ന പേര് വിളിച്ചു കൊണ്ട്... 

Thursday, April 7, 2011

ഊളാമ്പാറയിലേക്കുള്ള വഴി...


          എല്ലാവരും ഒരു യാത്രയില്‍ ആയിരുന്നു. പരസ്പരം കളി പറഞ്ഞും, ചിരിച്ചും, ചെറുതായി കലഹിച്ചും, പൊട്ടിച്ചിരിച്ചും ഉള്ള ഒരു യാത്രയില്‍.. പലരുടെയും കയ്യില്‍ പലവര്‍ണ്ണ കൂടകള്‍..ചിലരുടേത് സാമാന്യം വലുതായിരുന്നു...  മറ്റു ചിലതാകട്ടെ കൊച്ചു ചെപ്പുകള്‍ പോലെ ചെറുതും...ഓരോരുത്തര്‍ ഓരോ ഇടവേളകളിലായി കൂടകള്‍ തുറന്നു പല വര്‍ണ്ണത്തിലുള്ള പഴങ്ങള്‍... പല വലുപ്പത്തില്‍...പല നിറത്തില്‍... പല രുചിയില്‍...അങ്ങനെ അങ്ങനെ ..


       നുകരുന്നവരെ ചിരിപ്പിക്കുന്ന പഴങ്ങള്‍ മാത്രം കൂട തുറന്നു എടുത്തു വച്ച് കൊണ്ടിരുന്നു ചിലര്‍. അത് രസിച്ചവര്‍ പഴങ്ങള്‍ക്ക് പകരമായി കുറെ മുത്തുകള്‍ സമ്മാനിച്ചു. അതും പല നിറത്തിലും, വലിപ്പത്തിലും ഉള്ള മുത്തുകള്‍. പലരെയും കരയിപ്പിക്കുന്ന പഴങ്ങള്‍ മറ്റു ചിലര്‍ എടുത്തു വിതറി. അവര്‍ക്കും കിട്ടി പല വര്‍ണ്ണത്തിലുള്ള മുത്തുകള്‍. മറ്റു ചിലര്‍ ചിന്തിപ്പിക്കുന്ന പഴങ്ങള്‍ മറ്റുള്ളവര്‍ക്ക് വിരുന്നാക്കി. രുചിച്ചും, ചിന്തിച്ചും ബോധമണ്ഡലങ്ങളില്‍ പുതിയ വെളിച്ചം നിറച്ച ആസ്വാദകര്‍  അവര്‍ക്കും സമ്മാനിച്ചു മഴവില്ലു പാകിയ മുത്തുകള്‍.
   
       മറ്റു ചിലര്‍ തുടക്കക്കാരായിരുന്നു ആദ്യമായി കയ്യില്‍ കരുതിയ കൂടകളില്‍ എന്താണെന്ന് അവര്‍ക്ക് പോലും നല്ല നിശ്ചയം ഇല്ലായിരുന്നു. എങ്കിലും അവരും പഴങ്ങള്‍ കയ്യില്‍ കിട്ടുന്നത് എടുത്തു വിളമ്പി. ചിലതൊക്കെ വക്കു പൊട്ടിയിരുന്നു മറ്റു ചിലത് പാകമായിരുന്നില്ല. രുചിച്ചവര്‍ സ്നേഹത്തോടെ തന്നെ തങ്ങളുടെ കയ്യില്‍ നിന്നും വെള്ളി വെളിച്ചം വിതറുന്ന മുത്തുകള്‍ അവര്‍ക്ക് സമ്മാനിച്ചു. ആ വെളിച്ചത്തില്‍ ഇരുന്നു പഴങ്ങളില്‍  നല്ലതും ചീത്തയും വേര്‍തിരിക്കാനും, പാകമാവാത്തവയെ തിരഞ്ഞെടുത്തു പാകപ്പെടുത്താനും അവര്‍ ഉപദേശിച്ചു. ചിലര്‍ ആ വെള്ളി വെളിച്ചം പാകുന്ന മുത്ത്‌ ഹൃദയത്തിലെടുത്തു വച്ച് ആ വെളിച്ചത്തില്‍ പഴങ്ങളെ വേര്‍തിരിച്ചു, പാകമാവത്തവയെ മാറ്റി വച്ചു... പിന്നെയും പഴങ്ങള്‍ക്ക് മാധുര്യം കൂട്ടുവാന്‍ അവര്‍ വഴികള്‍ ആലോചിച്ചു...
    
           ഒരാള്‍ മാത്രം ആ കൂട്ടത്തില്‍ നിന്നും മാറി നടന്നു.. തന്റെ കയ്യിലേക്ക് കൂടെയുള്ളവര്‍ വച്ചു തന്ന വെള്ളി വെളിച്ചം പാകുന്ന മുത്തുകള്‍ അയാള്‍ ചെളിയില്‍ പുതച്ച് അവര്‍ക്ക് നേരെ തന്നെ  തിരിച്ചെറിഞ്ഞു. വ്യത്യസ്ഥനാവാന്‍ വേണ്ടി അയാള്‍ വഴി തെറ്റി നടന്നു. അയ്യോ അങ്ങോട്ട്‌ പോകല്ലേ അത് ഊളാമ്പാറയിലേക്കുള്ള വഴിയാ.. കൂടെ ഉള്ളവര്‍ വിളിച്ചു പറഞ്ഞത് കേള്‍ക്കാതെ അയാള്‍ കാലുകള്‍ വലിച്ചു വച്ചു നടന്നു. പോകുന്ന വഴിക്കൊക്കെ പാകമാവാത്ത പഴങ്ങള്‍ വാരി വിതറിക്കൊണ്ട് തന്റെ നേരെ വരുന്ന സ്നേഹത്തിന്റെ വെള്ളി മുത്തുകളെ അലക്ഷ്യമായി  ചവിട്ടി ഞെരിച്ചു കൊണ്ട്...

Thursday, March 31, 2011

വിജയി...

     
                 "സമയം ഒത്തിരിയായി. ഒടുവിലത്തെ ട്രെയിനും ചൂളം വിളിച്ചു അകന്നു പോകുന്നത് ആദിത്യന്‍ കേട്ടു.  ഇപ്പോള്‍ വീട്ടില്‍ അമ്മ ഉറങ്ങിക്കാണും. അനുജത്തി പഠിച്ചു കൊണ്ടിരുന്ന പുസ്തകത്തിലേക്ക് തലപൂഴ്ത്തി ഉറക്കം തുടങ്ങിക്കാണും. മുറ്റത്ത്‌ അച്ഛന്റെ അസ്ഥിതറയോടു ചേര്‍ന്ന് നില്‍ക്കുന്ന നന്ത്യാര്‍വട്ടം വെളുത്ത പൂക്കള്‍ വിതിര്‍ത്തു കൊണ്ട് മഞ്ഞിന്റെ തണുപ്പില്‍ പല്ല് കൂട്ടിയിറുമ്മി നില്‍പ്പുണ്ടാകും.. ഓര്‍ത്തപ്പോള്‍ ആദിയുടെ കണ്ണ് നിറഞ്ഞു. ആ നന്ത്യാര്‍ വട്ടം തന്റെ ചെറുപ്പത്തിലെ ഉണ്ട് അങ്ങനെ ഒരു മരം പോലെ പടര്‍ന്ന് നിറയെ പൂത്തുലഞ്ഞ്.. നന്ദൂട്ടിയുടെ കൂടെ മണ്ണപ്പം ചുട്ടു കളിച്ചിരുന്നതും അവിടെയായിരുന്നു.. തന്നെക്കാള്‍  അഞ്ചു വയസ്സിനു ഇളപ്പമുള്ള തന്റെ കുഞ്ഞനുജത്തി.അവള്‍ക്കു അഞ്ചു വയസ്സുള്ളപ്പോള്‍ തളര്‍ന്നു വീണ അച്ഛന്‍. കരിങ്കല്‍ ക്വാറിയില്‍ ചുമടെടുത്ത് അച്ഛന് താങ്ങായി നിന്ന് അമ്മ ആദിയെയും നന്ദൂട്ടിയെയും ഊട്ടി... രാത്രികാലങ്ങളില്‍ കഫത്തിന്റെ അസ്കിത കൊണ്ട് ചുമച്ചു ശ്വാസം മുട്ടി വില്ല് പോലെ വളഞ്ഞു പോകുന്ന അമ്മ എപ്പോഴും ഉറക്കമിളച്ചു അച്ഛന്റെ കാല്‍ച്ചുവട്ടില്‍ തന്നെ ഉണ്ടായിരുന്നു. ആദിയുടെ പതിനഞ്ചാം വയസ്സില്‍ അച്ഛന്റെ പട്ടടയ്ക്കു തീ കൊളുത്തുമ്പോള്‍ ജീവിതം ഒരു ചോദ്യ ചിഹ്നം പോലെ മുന്നില്‍ തൂങ്ങിയാടി... "
                         ഉറക്കം വന്നപ്പോള്‍ അവന്‍ വായിച്ചിരുന്ന നോവല്‍ മടക്കി വച്ച് എണീറ്റു. ജനല്‍ പാളികള്‍ തുറന്നിട്ടു.. കാറ്റ്  അവന്റെ കവിളുകളില്‍ ഉരസി മുറിയിലേക്കിറങ്ങി എന്തൊരു ചുളു ചുളുപ്പന്‍ കാറ്റ്. മലയെ ചുറ്റി വരുന്ന കാറ്റ് കാട്ടു ചെമ്പകത്തിന്റെ ഗന്ധം കൊണ്ട് അവനെ പുണര്‍ന്നു.. വല്ലാത്ത ഗന്ധം തന്നെ.. ഉറക്കം വരുന്നും ഇല്ല. അവന്‍ പതിയെ വാതില്‍ തുറന്നു പുറത്തിറങ്ങി.. റെയില്‍ പാളത്തിലൂടെ മെല്ലെ നടന്നു.. കാറ്റ് മുഖത്ത് വീശിയടിച്ചു കൊണ്ടിരുന്നു മനസ്സും ശരീരവും ഒരുപോലെ തണുത്തു.... ഇനി ഒന്ന് ഉറങ്ങാം..
തിരിച്ചു നടക്കുമ്പോള്‍ അറിയാതെയാണ് കണ്ണുകള്‍ അങ്ങോട്ട്‌ പാറി വീണത്‌. അല്ല അവള്‍ അവന്റെ  ദൃഷ്ട്ടിയെ കവര്‍ന്നെടുക്കുകയായിരുന്നു.. അര്‍ദ്ധ നഗ്ന മേനിയില്‍ നിന്നും അഴിഞ്ഞു വീഴാന്‍ പാകത്തില്‍ ഉടുപുടവ... കസവ് കരയുള്ള പുടവ തോള്‍വശം ഒട്ടിക്കിടക്കുന്നു.... അഴിഞ്ഞുലഞ്ഞ  മുടി പുറം  നിറഞ്ഞു കവിഞ്ഞു താഴെക്കൂര്‍ന്നു കിടക്കുന്നു.. വല്ലാതെ ചുവന്നു തുടുത്ത അധരങ്ങള്‍... പാതിയടഞ്ഞ കരിങ്കൂവള  നയനങ്ങള്‍.. നീണ്ട നാസിക.. നെറ്റിതടത്തില്‍ പതിഞ്ഞു കാണുന്ന കുങ്കുമപ്പൊട്ട്. താമരയിതളുകളെ തോല്‍പ്പിക്കുന്ന വെളുത്തു തുടുത്ത പാദങ്ങള്‍... അവന്‍ ഉമിനീരിറക്കി... നാലുപാടും മിഴികള്‍ പായിച്ചു...പുറകിലോട്ടു ചാരി അര്‍ദ്ധ സുഷുപ്തിയില്‍ എന്ന പോലെ ഉള്ള അവളുടെ ഇരിപ്പില്‍ അവനൊരു രസം തോന്നി. അധിക സമയം അങ്ങനെ നോക്കി നില്‍ക്കുന്നത് അപകടം ആണെന്ന് അവനു തോന്നി. ആരെങ്കിലും കണ്ടാല്‍.... പിന്നെ അവന്‍ ഒന്നും ചിന്തിച്ചില്ല. അവളെ മാറോട് ചേര്‍ത്ത് പിടിച്ച് അല്പം പരിഭ്രാന്തിയില്‍ തന്നെ മുറിയിലേക്ക്  നടന്നു. നടക്കുകയല്ല ഒരര്‍ത്ഥത്തില്‍ അവന്‍ ഓടുകയായിരുന്നു.കാറ്റു തണുപ്പിച്ച അവന്റെ ശരീരം വിയര്‍പ്പു ചാലുകളാല്‍ കുതിര്‍ന്നു. ശ്വാസഗതി ഉച്ചത്തിലായിക്കൊണ്ടിരുന്നു. റൂമില്‍ എത്തിയപ്പോഴേക്കും അവന്‍ അണച്ചു. മുറിയുടെ വാതില്‍ പെട്ടെന്ന് തന്നെ അടച്ചു സാക്ഷാ നീക്കി അവന്‍ അവളെ കട്ടിലിലേക്ക് കിടത്തി... അവള്‍ അപ്പോഴും ഏതോ സ്വപ്നത്തിലെന്ന വണ്ണം ഇരുന്നു...

നേരം കുറെ ആയി...ഒരു സാധനം വച്ചാല്‍ വച്ചിടത്ത് കാണില്ല... അവന്‍ ആ മുറി മുഴുവന്‍ അരിച്ചു പെറുക്കി കട്ടില്‍ കാലിനോട് ചേര്‍ന്ന് കിടന്നിരുന്ന ഹാമര്‍ അവന്‍ എടുത്തു. പണ്ട് താമസിച്ചിരുന്നവന്‍ ഉപേക്ഷിച്ചു പോയതാണ് ഇപ്പോള്‍ അത് കൊണ്ടൊരു ഉപകാരം ആയി. അവന്‍ ഉള്ളില്‍ ചിരിച്ചു.. അവനു മനസാലെ നന്ദി പറഞ്ഞു. ജനല്‍ പടിയില്‍ രണ്ടു മൂന്നു ആണികള്‍ ഇരിക്കുന്നുണ്ടെന്നു ഓര്‍മ്മ ഉണ്ടായിരുന്നതിനാല്‍ അത് അത്രയൊന്നും തിരയേണ്ടി വന്നില്ല. കട്ടിലില്‍ കയറി നിന്ന് അവന്‍ കട്ടിലിന്റെ ബലം ഒന്ന് നോക്കി. ഹും... ചുമ്മാ കിടന്നു ഉറങ്ങുമ്പോള്‍ ഒരു കുഴപ്പവും ഇല്ല. കയറി നിന്നപ്പോള്‍ ആട്ടം തുടങ്ങി. ഒരു കാല്‍ കട്ടില്‍ പടിയില്‍ കയറ്റി വച്ച് അവന്‍ ചുവരില്‍ ആ ആണിയടിച്ചിറക്കി. കുറെ കാലമായി ഒരു രവി വര്‍മ ചിത്രം വാങ്ങണം എന്ന് കരുതിയിട്ട്. വാങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ നഷ്ട്ടമായേനെ. എന്തായാലും ഫ്രെയിം ചെയ്തു ഭിത്തിയില്‍ തൂക്കാന്‍ പാകത്തില്‍ കയ്യില്‍ കിട്ടിയത് നന്നായി. ആരോ മറന്നു വെച്ചതാ. ആരും കണ്ടില്ല ഭാഗ്യം. അവളെ എടുത്ത് ഭിത്തിയില്‍ തൂക്കി അവന്‍ ഒന്ന് കൂടി മുഖം ചെരിച്ച് നോക്കി... അതേ മുഖം....  അതേ ഭാവം... അവന്‍ കട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടന്നു ഒരു വിജയിയെപ്പോലെ... കാട്ടുചെമ്പകത്തിന്റെ മണമുള്ള കാറ്റ് അപ്പോഴും അവിടെ ചൂഴ്ന്നു നില്‍ക്കുന്നുണ്ടായിരുന്നു... 

Sunday, December 19, 2010

ഭ്രമം..

ഞാന്‍ ഒരു നീര്‍ക്കുമിളയാണ്-
നിന്‍റെ മുന്നില്‍ നിന്നെ പ്രതിഫലിപ്പിച്ചു-
നിന്നപ്പോഴൊക്കെയും നീ എന്‍റെ ഹൃദയത്തിലായിരുന്നു.
ഏതു നിമിഷത്തിലും ഉടഞ്ഞു പോയേക്കാവുന്ന-
എന്നിലാണ് നീ മഴവില്ല് പാകിയത്‌.
ഏതു കാറ്റിലും പൊലിഞ്ഞു പോയേക്കാവുന്ന-
എന്നിലാണ് നീ നിശ്വാസമായി ഉറങ്ങിയത്.
നീ എന്‍റെ ഹൃദയരക്തമാണ്-
എന്‍റെ ഹൃദയത്തിന്റെ ഉള്ളറകളിലും-
എന്‍റെ മരവിച്ച ഓര്‍മ്മകളിലും പടര്‍ന്നൊഴുകിയത്
നീ മാത്രമാണ്.
എന്നിട്ടും നീ എന്നെ വേദനിപ്പിക്കുന്നു.
എന്‍റെ പ്രാണന്‍ പറിച്ചെടുക്കുന്ന നോവില്‍-
കരഞ്ഞു തളര്‍ന്ന് ഒതുങ്ങുമ്പോഴും-
നീ എന്ന സ്വപ്നം എന്നെ ജീവിക്കാന്‍ ആശിപ്പിക്കുന്നു.
നീ ഇല്ലാതെയാകുന്നത് എന്‍റെ ജീവിതത്തില്‍ നിന്നാണെന്ന്-
എന്‍റെ ഉള്ളില്‍ പുകയുന്ന ചിന്തയില്‍-
ഞാന്‍ ഞാന്‍ അല്ലാതെയാകുന്നു.
പ്രാണന്‍ അകന്നാല്‍ ദേഹത്തിനെന്തു വില..?
നീ എന്‍റെ ദേഹിയാണ്.
എന്റേത് മാത്രമാണെന്ന് നൂറാവര്‍ത്തി-
എഴുതി ചേര്‍ത്തതാണ് നീ എന്‍റെ ചിന്തകളില്‍.
ഇന്നെന്റെ ചിന്തകള്‍ക്കും കത്തുന്ന ചിതയുടെ ഗന്ധം.
എന്‍റെ പ്രാണന്‍ ഒടുങ്ങാത്ത സ്വപ്നങ്ങളെ കുരുതി കൊടുത്ത്-
നിനക്കായി മാത്രം ജീവിച്ചു തീര്‍ത്ത ദിനങ്ങളുടെ-
നോവും, നൊമ്പരവും മാത്രം കയ്യില്‍ ഇറുക്കിപ്പിടിച്ചു-
പടിയിറങ്ങിക്കോട്ടേ  ഞാന്‍...?
നിന്‍റെ നിശ്വാസം ചൂട് പകരാത്ത എന്‍റെ ജീവിതത്തില്‍ നിന്നും-
ഒരു യാത്രാമൊഴി പോലും പറയാതെ.
പടിയിറക്കപ്പെട്ട  മോഹങ്ങള്‍ കൊഞ്ഞനം കുത്തുന്നു-
കടലെടുത്തു പോയ സ്വപ്‌നങ്ങള്‍ പരിഹസിക്കുന്നു-
വയ്യ ഇനിയും നിന്‍റെ കൈത്തലത്തിന്റെ ചൂടില്‍-
എന്‍റെ ദുഖങ്ങളെ ഉരുക്കി കളയാം എന്ന വ്യാമോഹം എനിക്കില്ല.
ഈ രാത്രി വെളുപ്പിച്ചു കിട്ടിയാല്‍ പിന്നെയും ഉദിക്കുന്ന പകലുകള്‍-
നിന്‍റെ വിരഹവും, നിന്‍റെ ഓര്‍മ്മകളും എന്നിലേക്ക്‌-
തിരികെ കൊണ്ട് വരുന്ന നരച്ച പകലുകളും-
നിന്നെ ഓര്‍ത്തു കണ്ണീരൊഴുക്കാന്‍ വിധിക്കപ്പെട്ട-
കരി പുരണ്ട രാവുകളും-
ഇനിയും എനിക്ക് വയ്യ-
നീ എന്റെതല്ലെന്നു ചിലക്കുന്ന നാവുകളെ-
നിശബ്ദമാക്കാന്‍ എനിക്ക് കഴിവില്ല.
ഞാന്‍ പൊയ്ക്കോട്ടേ...?
നീ പിന്തുടരാനില്ലാത്ത വഴികളിലൂടെ-
പക്ഷെ എവിടെ പോയാലും ഞാന്‍-
നിന്റേതു മാത്രമാണല്ലോ...
മനസ്സ് മടുക്കുന്നു നീ കളഞ്ഞിട്ടു പോയ-
കളിപ്പമ്പരം പോലെ ഞാന്‍.
രാത്രിയുടെ അവസാന യാമത്തിലും-
നിന്നെ ഓര്‍ത്തു വേദനിക്കാന്‍-
എനിക്കുള്ളത് നിന്‍റെ നാമം ജപിക്കുന്ന-
നിലതെറ്റി മിടിക്കുന്ന ഒരു ഹൃദയമാണ്.
നിനക്കു പോലും വേണ്ടെന്നു ഞാന്‍-
എന്നെത്തന്നെ വിശ്വസിപ്പിച്ചു കൊണ്ടിരിക്കുന്ന-
എന്‍റെ പാവം ഹൃദയം..

Thursday, December 16, 2010

ചുരം കയറുന്നവര്‍..

ചുരം കയറുന്നവര്‍..
കിതച്ചും, തളര്‍ന്നും...
കൈ കുത്തി ഇഴഞ്ഞും ചിലര്‍..
തോളില്‍ താങ്ങിയും, കൈ പിടിച്ചും മറ്റു ചിലര്‍..
പലവര്‍ണ്ണക്കൂടുകളില്‍ സ്വപ്‌നങ്ങള്‍-
കൊരുത്തിട്ടിരുന്ന ചുരത്തിന്റെ അവസാനം..
എല്ലാവരെയും മാടി വിളിച്ചു കൊണ്ടിരുന്നു..
ചുമലില്‍ കയറിയവര്‍ വഹിക്കുന്നവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു-
വഴി മദ്ധ്യേ താങ്ങി ക്ഷീണിച്ചവര്‍ തളര്‍ന്നു പോയപ്പോള്‍-
കിതപ്പാറ്റിയവര്‍  അവരെ തിരിഞ്ഞു നോക്കാതെ-
ചുരം കയറിപ്പോയി. .
ആദ്യമെത്തിയവര്‍ പിന്‍ഗാമികളെ നോക്കി മുഖം ചുളിച്ചു
ദുരയില്ലാത്ത കണ്ണുകള്‍ കാണ്മാന്‍ ഇല്ലെന്നു പരിതപിച്ചു.
വഴിയില്‍ ഉപേക്ഷിക്കപ്പെട്ടവരും ചുരം കയറിക്കൊണ്ടിരുന്നു-
ഊന്നുവടികള്‍ ഇല്ലാത്തവരും, ഉള്ളവരും..
ജന്മനാ അന്ധരായവരും, ദുര കാഴ്ച മറച്ചവരും-
തോട്ടിയും, കൂലിവേലക്കാരനും, യാചകനും-
തെരുവില്‍ മാംസം വിലപേശി വില്‍ക്കുന്ന വേശ്യയും-
പച്ചനോട്ടുകള്‍ക്കിടയില്‍ കൂര്‍ക്കം വലിക്കുന്ന ധനികനും-
കള്ളനും, തെമ്മാടിയും, നീതിപാലകരും-
പൂജാരിയും, പാതിരിയും, പണ്ഡിതരും-
എച്ചില്‍ കൂനയില്‍ കിടന്നു ഉറുമ്പരിച്ച ചോരക്കുഞ്ഞും-
എല്ലാരുമെല്ലാരും ചുരം കയറിക്കൊണ്ടേ ഇരിക്കുന്നു..
ദൂരം ഏറെയാണ്‌ എന്നറിഞ്ഞിട്ടും-
കൂടെ ആരും ഇല്ലെന്നറിഞ്ഞിട്ടും..

Monday, December 13, 2010

ആവര്‍ത്തനം..



മെഴുകുതിരിയോടു എപ്പോഴാണ് പ്രണയം തോന്നിയത്..?
വെറുതെ ഇരിക്കുമ്പോള്‍ തീപ്പെട്ടിക്കൊള്ളി ചിന്തിച്ചു..

എന്തു കൊണ്ടാണ് തീപ്പെട്ടിക്കൊള്ളിയോടു-
അറിയാതെ ഒരിഷ്ട്ടം തോന്നിയത്...?
ഒറ്റക്കിരിക്കുമ്പോള്‍ മെഴുകുതിരി ഓര്‍ത്തു നോക്കി..

പല വട്ടം ചിന്തിച്ചിട്ടും ഒടുവില്‍ കണ്ടുമുട്ടുമ്പോള്‍-
സ്വയം ജ്വലിച്ച് ആ വെട്ടം മെഴുകുതിരിക്കു പകര്‍ന്നു-
കൊടുത്തിട്ട് തീപ്പെട്ടിക്കൊള്ളി ചാരമായി...
ഏറ്റുവാങ്ങിയ വെട്ടത്തിനെ നെഞ്ചില്‍ സൂക്ഷിച്-
ഉരുകി ഉരുകി മെഴുകു തിരിയും അലിഞ്ഞില്ലാതെയായി...

പിന്നെയും പ്രണയിച്ചു-
കണ്ടുമുട്ടുന്ന ഓരോ മെഴുകുതിരിയും, തീപ്പെട്ടിക്കൊള്ളിയും..
അലിഞ്ഞില്ലാതെയാകുന്ന അവസാന കണം വരെ....
പരസ്പരം പകര്‍ന്ന അഗ്നി അണക്കാതെ...

Friday, December 10, 2010

എന്‍റെ പ്രണയവും, ഞാനും.



ഇവിടെ....
ഇരുട്ട് പതിയെ ജനല്‍ വഴി തണുത്ത കൈകള്‍ നീട്ടി തൊടുന്ന നേരത്ത്-
ഞാന്‍ നിന്‍റെ ചിരിക്കുന്ന മുഖം മാത്രം നോക്കി കിടക്കയാണ്...
ആ ചിരിക്കു പിന്നിലൊളിപ്പിച്ച വിഷാദത്തിന്റെ-
ഒരു സ്പടിക കൂടാണ് നീയെന്നു പലപ്പോഴും പറഞ്ഞതാണ് നീ..

എന്നിട്ടും എപ്പോഴും ഞാന്‍ നിന്നെ മാത്രം ഓര്‍ക്കുന്നു..
നിന്നെ മാത്രം സ്വപ്നം കാണുന്നു..
നിന്‍റെ കൈവിരലുകളില്‍ തൂങ്ങി-
സ്വപ്‌നങ്ങള്‍ മഞ്ഞായി പെയ്യുന്ന താഴ്വരയിലേക്ക്-
ചിരകാല പുണ്യമായ എന്‍റെ പ്രണയവും, ഞാനും..

എന്‍റെ സ്വപ്‌നങ്ങള്‍ നിന്നെ വേദനിപ്പിക്കാതിരിക്കുവാന്‍-
നിന്‍റെ തീരുമാനങ്ങള്‍ക്ക് പിറകെ ഞാന്‍ നടന്നു നിഴലായി...
ഒരിക്കലും എന്‍റെ കണ്ണുകള്‍ നിറയരുത് എന്ന്  നീ ശഠിച്ചു-
പക്ഷെ...,
ക്ഷമിക്കു... ഓരോ നിമിഷത്തിലും നിന്നെ ഓര്‍ത്തു ഞാന്‍-
കരഞ്ഞു കൊണ്ടിരിക്കുന്നു...

നീ എന്നിലെക്കൊഴുക്കി വിട്ടത്-
ഈ ഒരു ജന്മത്തിലേക്കു മാത്രമുള്ള പ്രണയമല്ല-
ഈ ഒരു ജന്മത്തിലേക്കു മാത്രമുള്ള കരുതലല്ല..
ഒരായിരം ജന്മങ്ങള്‍ കൂടെ വേണമെന്ന്-
ഞാന്‍ ആഗ്രഹിച്ചു പോകുമ്പോള്‍-
അരുതാത്തത് ആഗ്രഹിക്കുന്നു എന്ന് മനസ്സിനെ വിലക്കി-
എണ്ണപ്പെട്ട ദിവസങ്ങളെ നീ ഓര്‍മ്മിപ്പിക്കുന്നു..

എന്‍റെ അവസ്വാന ശ്വാസം വരെ നീ കൂടെ കാണും എന്നത്-
എന്‍റെ മനസ്സിന്റെ ഉറപ്പാണ്‌..
എന്‍റെ പ്രാര്‍ഥനയാണ്..
എന്നെ കൈ വിടില്ല ഞാന്‍ കൈവിടാതെ കാക്കുന്ന വിശ്വാസങ്ങള്‍.

ഓര്‍മ്മകളിങ്ങനെ ഇങ്ങനെ എന്നെ-
എങ്ങോട്ടൊക്കെയോ ഒഴുക്കി കൊണ്ട് പോകുന്നു-
ഒടുവിലൊരുനാള്‍ ഒരു താലിച്ചരടിന്റെ ബലത്തില്‍-
എന്നെ നിന്‍റെ ജീവിതത്തിലെക്കാനയിക്കും എന്ന്-
എന്‍റെ ചെവിയിലുമ്മ വച്ച് നീ പതിയെ പറഞ്ഞപ്പോള്‍-
നിന്‍റെ കൈ വിരലുകളില്‍ ഞാന്‍ മുറുകെ പിടിച്ചിരുന്നു-
ഈ ജന്മത്തില്‍ എന്നല്ല, ഒരു ജന്മത്തിലും വിട്ടു കളയാതിരിക്കാന്‍...

Thursday, November 25, 2010

എനിക്ക് സ്നേഹം തോന്നാറുണ്ട് ..

എനിക്ക് സ്നേഹം തോന്നാറുണ്ട് ...
ചിലപ്പോള്‍ എന്‍റെ മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകള്‍...
നിന്‍റെ വിരലുകള്‍ ഒതുക്കി വക്കുന്നു എന്ന് തോന്നുമ്പോള്‍...
മറ്റു ചിലപ്പോള്‍.... 
നീ പിന്നിട്ട മണല്തിട്ടിലെ കാല്‍പാടുകളില്‍ കാലമര്‍ത്തി  
ഞാന്‍ പുറകെ നടക്കുമ്പോള്‍...
പിന്നെയും ചിലപ്പോള്‍ ...
ഈറന്‍  മാറാത്ത  നെറ്റിയില്‍  നീ  
അധരത്തിനാല്‍ പൊട്ടു വക്കുന്നു എന്ന് തോന്നുമ്പോള്‍ ....
പിന്നെയും ചിലപ്പോള്‍... 
നീ കടിച്ച നെല്ലിക്കാ ഒന്നിനെ-
പതിയെ ഞാന്‍ ചുണ്ടോടു ചേര്‍ക്കുമ്പോള്‍
ഇതളടര്‍ന്നു പോകാതെ ഒരു മന്ദാര പുഷ്പത്തെ -
നീ എന്‍റെ മുടിയില്‍ തിരുകുന്നു എന്ന് തോന്നുമ്പോള്‍ ...
വെള്ളം ഇറ്റുന്ന മുടിയിഴകളെ വകഞ്ഞു മാറ്റി-
കാറ്റ് തഴുകുന്ന പോലെ-
എന്‍റെ കവിളില്‍ നീ മുഖം അമര്‍ത്തുമ്പോള്‍..
സ്വയം  മറന്നു  ചിരിച്ച  പാദസരങ്ങളെ -
നീ ചുംബിച്ചു  നിശ്ശബ്ദമാക്കുന്നു എന്നറിയുമ്പോള്‍...
പിന്നെ 
ഒരു സ്വപ്നത്തില്‍ നിന്നെന്നപോലെ ഞാന്‍ ഉണരുമ്പോള്‍-
നീ കണ്ട സ്വപ്‌നങ്ങള്‍ എല്ലാം നമുക്ക്-
അടുത്ത ജന്മത്തിലേക്കു മാറ്റി വക്കാം എന്ന്-
പതിയെ പതിയെ നീ പറയുമ്പോള്‍...
അപ്പോഴെല്ലാം... കഴിഞ്ഞു പോയ ഓരോ നിമിഷങ്ങളിലും-
എനിക്ക് സ്നേഹം തോന്നാറുണ്ട്.
എന്തിനെന്നറിയാതെ എന്നെ ഒരുപാട് സ്നേഹിക്കുന്ന നിന്നോട്-
പിന്നെ നീ ഒരുപാട് സ്നേഹിക്കുന്ന എന്നോട്-
നമ്മള്‍ കണ്ട സ്വപ്നങ്ങളോട്‌-
ഇനിയും വരാന്‍ പോകുന്ന ജന്മങ്ങളോട്...